എന്റെ പവി ദിലീപ് തന്നെ: തിരക്കഥാകൃത്ത് രാജേഷ് രാഘവൻ അഭിമുഖം
Mail This Article
വായനയുടെ തുടര്‍ച്ചയിൽ നിന്ന് എഴുത്തിലേക്ക് കടന്നപ്പോഴേക്കും രാജേഷ് രാഘവൻ മാധ്യമപ്രവർത്തനം ഉപേക്ഷിച്ചിരുന്നു. നാലു സിനിമകൾക്ക് ശേഷം രാജേഷ് എഴുതിയ ‘അരവിന്ദന്റെ അതിഥികള്‍’ തിയറ്ററിൽ മനസ്സുകൾ കീഴടക്കിയാണ് വിജയ ചിത്രമായത്. വീണ്ടും ‘പവി കെയർടേക്കർ’ എന്ന ചിത്രവുമായി രാജേഷ് രാഘവൻ എത്തുമ്പോൾ തരുന്ന ഉറപ്പും അതുതന്നെയാണ്, ഒരു മനുഷ്യസ്നേഹിയുടെ സ്‌നേഹസ്പര്‍ശിയായ കഥ. തന്റെ കഥകളിലെ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ മിക്കതും തന്നെ കടന്നുപോകുന്ന സാധാരണക്കാരായ മനുഷ്യരാണെന്നാണ് രാജേഷ് പറയുന്നത്. ഉള്ളിൽ കദനങ്ങളുടെ പെരുങ്കടലും മുഖം നിറയെ ഒഴുകിപ്പരക്കുന്ന ചിരിയുമായി ഒരിക്കൽ മുന്നിൽ വന്നുപെട്ട ചെറുപ്പക്കാരനിൽ നിന്നാണ് ‘പവി കെയർടേക്കറും’ ഉദയം കൊണ്ടതെന്ന് രാജേഷ് പറയുന്നു. സ്‌നേഹസ്പര്‍ശിയായ പവിയുടെ കഥയ്ക്കു പിന്നിലെ കഥയുമായി മനോരമ ഓൺലൈനിനോട് സംവദിക്കുകയാണ് തിരക്കഥാകൃത്ത് രാജേഷ് രാഘവൻ.
അരവിന്ദന്റെ അതിഥികൾ കഴിഞ്ഞുള്ള ഗ്യാപ്പ് ബോധപൂർവമല്ല
‘അരവിന്ദന്റെ അതിഥി’കൾക്ക് ശേഷം വന്ന ഗാപ് ബോധപൂർവം ഉണ്ടായതല്ല. അതിനു ശേഷം ഞാൻ ഒരുപാടു കഥകൾ ആലോചിച്ചു. പക്ഷേ എനിക്ക് അരവിന്ദനെക്കാൾ ആത്മവിശ്വാസമുള്ള ഒരു തിരക്കഥയിലേക്ക് എത്തിച്ചേരാൻ കുറച്ചു സമയമെടുത്തു. ആറുമാസത്തിനുള്ളിൽ ഞാൻ പവി കെയർടേക്കറിന്റെ തിരക്കഥയിൽ എത്തിയിരുന്നു. പക്ഷേ ഇതിനിടയിൽ ആണ് കോവിഡ് എന്ന മഹാമാരി വന്നത്. അത് നമ്മുടെ പ്ലാനിങ് മുഴുവൻ തകർത്തുകളഞ്ഞു. രണ്ടരവർഷമാണ് കോവിഡ് കൊണ്ടുപോയത്. അതിനു ശേഷം പടം തുടങ്ങാനിരിക്കുമ്പോൾ ദിലീപേട്ടൻ നേരത്തെ സൈൻ ചെയ്തിരുന്ന പല പ്രോജക്ടുകളും തീരാതെ വന്നു. ഈ തിരക്കഥ തന്നെ ചെയ്യണം എന്ന് ഉറപ്പിച്ച് ഞാൻ കാത്തിരുന്നു.
എല്ലാവരും മറന്ന അരവിന്ദന്റെ വിജയം
അരവിന്ദന്റെ വിജയം ഇൻഡസ്ട്രി വേണ്ടവിധം അംഗീകരിച്ചില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആരും തന്നെ എന്നെ പ്രോത്സാഹിപ്പിച്ചില്ല, ഞാൻ ഒരു ലൂപ്പിൽ പെട്ടതുപോലെ ആയിരുന്നു. ഈ കാലം അതിജീവിച്ചതുപോലും എനിക്ക് ഒരു കഥയുടെ ത്രെഡ് ആയി മാറി. എന്റെ ജീവിതം താനെ ഞെക്കിപ്പിഴിഞ്ഞെടുത്ത സമയമാണ് ഈ അഞ്ചു വർഷം. പക്ഷേ ഞാൻ അതിനെ വളരെ മത്സരബുദ്ധിയോടെ എടുത്ത് മനസ്സിലുള്ള കഥയെല്ലാം വൺ ലൈൻ ആയി എഴുതിവച്ചു.
അഞ്ചുവർഷത്തെ പഠനം
ഞാനൊരു മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആളാണ്. സിനിമയ്ക്കു പിന്നിൽ സഞ്ചരിക്കാൻ വേണ്ടി ജോലി ഉപേക്ഷിച്ചു ഒടുവിൽ സിനിമയും ഇല്ലാത്ത അവസ്ഥ വന്നു. സിനിമ എന്നു തുടങ്ങാൻ പറ്റും എന്നുപോലും അറിയാത്ത അവസ്ഥ എന്നെ വല്ലാത്ത മാനസികാവസ്ഥയിലേക്ക് കൊണ്ടുപോയി. അതിൽ നിന്ന് രക്ഷപെടാൻ എനിക്ക് പുതിയ പുതിയ കഥകൾ വേണമായിരുന്നു.
കുറെ വായനകൾ നടത്തി, കുറെ സിനിമ കണ്ടു, എന്റെ തന്നെ ക്രാഫ്റ്റിനെ കൂടുതൽ മിനുക്കി എടുത്തു. ഇതിനിടയിൽ വേണമെങ്കിൽ എനിക്ക് ഒരു പടം കൂടി ചെയ്യാമായിരുന്നു. പക്ഷേ ഞാൻ ഈ അഞ്ചുവർഷം ഒരു പഠനകാലമാക്കി. എഴുത്തുകാരുടെ കഥാ ചേരുവകൾ നമ്മുടെ അനുഭവങ്ങൾ കൂടി ആയിരിക്കുമല്ലോ. ഞാൻ എന്റെ ജീവിതത്തിൽ വളരെ കഷ്ടപ്പെട്ട് ഒരുപാട് ബുദ്ധിമുട്ടിൽ കൂടി കടന്നുവന്ന ആളാണ്. പക്ഷേ അപ്പോഴൊന്നും എനിക്ക് ഒരു കുടുംബമില്ലായിരുന്നു. ഇപ്പോൾ എന്നെ ആശ്രയിക്കുന്ന ഒരു കുടുംബമുണ്ട്. അതുകൊണ്ടു അവർക്ക് വേണ്ടി ഞാൻ പണിയെടുത്തേ മതിയാകൂ. എന്റെ ഉത്തരവാദിത്ത ബോധം കൂടുതൽ ഊർജസ്വലതയോടെ വായിക്കാനും എഴുതാനും എന്നെ പ്രേരിപ്പിച്ചു.
പ്രകാശം പരത്തുന്ന ചെറുപ്പക്കാരൻ
നമ്മുടെ ജീവിത പശ്ചാത്തലവും നമ്മുടെ അനുഭവങ്ങളും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരിലേക്ക് ഒരു നോട്ടം എത്തിക്കും. ആഘോഷങ്ങളിൽ ഒന്നും പെടാതെ മാറി നിൽക്കുന്ന ചില മനുഷ്യരുണ്ട് അവരിലേക്കാണ് എന്റെ ശ്രദ്ധ പോകുന്നത്. അങ്ങനെ ഒരിക്കൽ കണ്ട ഒരു മനുഷ്യനാണ് പവി കെയർടേക്കറിന്റെ പ്രചോദനം. ഒരിക്കൽ ലുലു മാളിനടുത്തുള്ള ഒരു തട്ടുകടയിൽ ഞാൻ ചായ കുടിച്ചുകൊണ്ട് നിൽക്കുമ്പോൾ എന്റെ തൊട്ടടുത്ത് ഒരാള് കുളിച്ച് ഫ്രഷ് ആയി ചന്ദനക്കുറിയൊക്കെ തൊട്ട് സെക്യൂരിറ്റി യൂണിഫോമിൽ വന്നിട്ട് ഒരു കട്ടൻ ചായയും ഒരു പാക്കറ്റ് ബിസ്ക്കറ്റും വാങ്ങുന്നു.
ഈ സമയത്ത് ഇയാൾക്ക് ഒരു ഫോൺ കോൾ വന്നു. ഇദ്ദേഹം സംസാരിക്കുന്നത് അമ്മയോടാണ്. ഇദ്ദേഹം പറഞ്ഞു ‘‘അമ്മേ ഞാൻ ഊണ് കഴിച്ചുകൊണ്ടിരിക്കുകയാണ്, ഊണ് കഴിച്ചിട്ട് വിളിക്കാം’’. എന്റെ തൊട്ടടുത്ത് നിന്ന് പറയുകയാണ്. രണ്ടാമതും അദ്ദേഹം ഉറപ്പിച്ചു പറയുകയാണ് അമ്മെ ഞാൻ ഊണ് കഴിച്ചിട്ട് വിളിക്കാം. ആ സമയത്ത് ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കി അദ്ദേഹം എന്നെ നോക്കി ഒരു ചിരി ചിരിച്ചു. പോകാൻ നേരം അയാൾ എന്നോട് പറഞ്ഞു, ‘‘നമ്മൾ ഒരു ഊണൊക്കെ കഴിച്ച് സുഖമായി ഇരിക്കുകയാണെന്ന് അമ്മ കരുതിക്കോട്ടെ.’’ അതിനകത്ത് എല്ലാം അടങ്ങിയിട്ടുണ്ട്. ആ മനുഷ്യന്റെ ജീവിതവും കഷ്ടപ്പാടും വിഹ്വലതകളും എല്ലാമുണ്ട്.
അത്രയും വലിയൊരു കഥ എന്റെ മുന്നിൽ വന്നു നിന്നിട്ട് ഞാൻ അത് എഴുതാതെ വിടുന്നതെങ്ങനെ. അന്ന് പോയി കിടന്നിട്ട് പിറ്റേന്ന് ഞാൻ എഴുന്നേൽക്കുന്നത് ഈ സിനിമയുടെ കഥയുടെ വൺ ലൈനും കൊണ്ടാണ്. എഴുത്തുകാർക്ക് ചില കഥാപാത്രങ്ങളെ വിധി കൊണ്ട് തരുന്നതാണ് അതൊരു ഭാഗ്യമാണ്. അരവിന്ദനും എന്റെ ഒരുയാത്രക്കിടയിൽ ഞാൻ കണ്ട ഒരു ചെറുപ്പക്കാരനാണ്. ഈ മനുഷ്യരൊക്കെ ജീവിക്കുന്ന ജീവിതത്തിൽ ഒരു സത്യസന്ധതയുണ്ട്, അതൊക്കെ ഞാൻ ഈ കഥകളിൽ കാണിച്ചിട്ടുണ്ട്. ടി. പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി ഇല്ലേ എനിക്ക് ഇയാളെ കണ്ടപ്പോ അതാണ് തോന്നിയത്. ഒരു പ്രകാശം പരത്തുന്ന മനുഷ്യൻ, എനിക്കിപ്പോഴും അയാളുടെ ചിരി മറക്കാൻ പറ്റിയിട്ടില്ല.
എന്റെ പവി ദിലീപ് തന്നെ
ഞാൻ ത്രെഡ് എന്റെ മനസ്സിൽ കുറിച്ചിട്ടപ്പോഴേ ആ മനുഷ്യനെയും ഞാൻ സങ്കൽപിച്ചു നോക്കിയിരുന്നു. ആ കഥ എന്റെ മനസ്സിൽ വളരുന്നതേ ദിലീപ് ആയിട്ടായിരുന്നു. കുളിച്ച് ഒരു സൈഡിലേക്ക് മുടി ചീകി ശുഭ്രവസ്ത്രം ധരിച്ചു എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്ന ഒരാൾ. എനിക്ക് പവിയായി വേറെ ആരെയും സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ വേറൊരു താരത്തിലേക്ക് പോകാത്തത്. ഈ സിനിമ നടക്കാതെ ഇരിക്കുന്ന സമയത്ത് കഥ നല്ലതാണെന്ന് അറിഞ്ഞിട്ട് നമുക്ക് ചെയ്താലോ എന്ന് ചോദിച്ച് പലരും എന്നെ സമീപിച്ചിരുന്നു. പക്ഷേ അതിനോട് എനിക്കൊട്ടും യോജിക്കാൻ പറ്റില്ലായിരുന്നു. വിനീതിനോട് പറഞ്ഞപ്പോൾ വിനീതിനും എതിരഭിപ്രായം ഉണ്ടായില്ല. ചോദിച്ചവരോടെല്ലാം ഞങ്ങൾ പറഞ്ഞു ഞങ്ങളുടെ പവി ദിലീപ് തന്നെയാണ് ദിലീപ് തന്നെ ഈ സിനിമ ചെയ്യും. ‘ഏഴരക്കൂട്ടം’ എന്ന സിനിമയിൽ ആണ് ഞാൻ ദിലീപേട്ടനെ ആദ്യമായി ശ്രദ്ധിച്ചത്. അന്ന് മുതൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ഒരു ഗംഭീര നടൻ ഈ മനുഷ്യനിൽ ഉണ്ടെന്ന് ഞാൻ അന്നേ മനസ്സിൽ കുറിച്ചിട്ടിരുന്നു.
വിനീത് താളബോധമുള്ള സംവിധായകൻ
ഞാൻ മനസ്സിൽ കണ്ട പവിയുടെ കഥ എന്റെ മനസ്സിൽ ഉള്ളതുപോലെ തന്നെ വിനീത് സിനിമയാക്കിയിട്ടുണ്ട്. വിനീത് നല്ല ഹാർഡ് വർക്ക് ചെയ്യുന്ന സിസ്റ്റമാറ്റിക് ആയി വർക്ക് ചെയ്യുന്ന സംവിധായകനാണ്. എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ട്. സിനിമയുടെ എല്ലാ മേഖലയെപ്പറ്റിയും വിനീതിന് അറിയാം. വിനീത് ഒരു ക്ലാസ്സിക്കൽ ഡാന്സറാണ്. നല്ല താളബോധമുണ്ട് അതിന്റെ ഗുണങ്ങൾ ഈ സിനിമയുടെ പാട്ടിന്റെ ചിത്രീകരണത്തിൽ ഉണ്ട്. ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും കംഫോര്ട്ടബിൾ ആയ സംവിധായകൻ ആണ് വിനീത്. അതുകൊണ്ട് തന്നെ ഞങ്ങൾ ഒരുമിച്ച് ഇനിയും സിനിമകൾ സംഭവിക്കാം.
സന്തോഷം നൽകുന്ന സിനിമകൾ
നമ്മുടെ എല്ലാ സിനിമകളും ആളുകളിലേക്ക് എത്തണം വിജയിക്കണം എന്നായിരിക്കുമല്ലോ ആഗ്രഹം, അതുപോലെ തന്നെ പവി കെയർടേക്കറും വിജയിക്കട്ടെ. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന സിനിമകൾ എഴുതാനാണ് എനിക്കിഷ്ടം. ഒരിക്കൽ ചേരാനല്ലൂർ ഫെഡറൽ ബാങ്കിലെ ക്ലർക്ക് എന്നെ പരിചയപ്പെട്ടപ്പോൾ പറഞ്ഞത് എല്ലാ ദിവസവും രാത്രി പത്തുമുതൽ പതിനൊന്ന് മണിവരെ അരവിന്ദന്റെ അതിഥികൾ എന്ന സിനിമ കാണും എന്നാണ്. ഒരു നാല്പത് വയസ്സ് വരുന്ന ഒരാളാണ്. ഞാൻ ചോദിച്ചു എന്ത് പറ്റി ഇങ്ങനെ എന്നും കാണാൻ. അദ്ദേഹം പറഞ്ഞത്, ‘‘എനിക്ക് സന്തോഷം തരുന്ന ഒരു സിനിമയാണ് അത്’’ എന്നാണ്. ആ വാക്ക് എന്നെ ഭയങ്കരമായി കൊളുത്തി വലിച്ചു. ഈ സിനിമയുടെ കഥ എഴുതുമ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു നമുക്ക് മറ്റുള്ളവർക്ക് സന്തോഷം കൊടുക്കാൻ പറ്റുമെങ്കിൽ അത് വലിയ കാര്യമാണ്. മനുഷ്യർ എല്ലാവരും നെട്ടോട്ടം ഓടുന്നത് സന്തോഷത്തിന് വേണ്ടിയാണ്. എന്റെ എഴുത്തിന് അത് കൊടുക്കാൻ പറ്റുമെങ്കിൽ അതിലും വലിയ കാര്യം വേറെയുണ്ടോ.