ADVERTISEMENT

‘ആവേശം’ എന്ന ഫഹദ് ഫാസിൽ സിനിമയിൽ ഹോസ്റ്റൽ വാർഡനായി വന്ന് പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് ശ്രീജിത്ത് ബാബു.  മഹേഷിന്റെ പ്രതികാരത്തിലെ ചെരുപ്പ് കടക്കാരനായി വന്ന് ആവേശത്തിൽ എത്തി നിൽക്കുമ്പോൾ നിരവധി ഹിറ്റ് ചിത്രങ്ങൾ ശ്രീജിത്തിന്റെ കരിയറിന്റെ ഭാഗമായി ചേർത്തുവയ്ക്കാനുണ്ട്.  സമീർ താഹിറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി അവിചാരിതമായി മഹേഷിന്റെ ചെരുപ്പുകടക്കാരായ ശ്രീജിത്ത് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വേഷപ്പകർച്ചയുടെ മിടുക്കുകൊണ്ട് അധികമാരും തിരിച്ചറിയാറില്ല. ഗപ്പി, അമ്പിളി, മായാനദി, രോമാഞ്ചം, ആർഡിഎക്സ്, ആവേശം എന്നിങ്ങനെ ശ്രീജിത്ത് ഉണ്ടെങ്കിൽ പടം ഹിറ്റ് ആകും എന്നാണ് സിനിമാ സൗഹൃദക്കൂട്ടായ്മകളുടെ ഇടയിൽ ഇപ്പോൾ തമാശയായി പറയുന്നത്. ‘ആവേശ’ത്തിലെ ഹോസ്റ്റൽ വാർഡനിലൂടെ ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്ന ശ്രീജിത്ത് ബാബു മനോരമ ഓൺലൈനിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

‘‘ചേട്ടാ ഒരു എട്ടിന്റെ ലൂണാർ’’ 

ചാനൽ പരിപാടികളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി കരിയർ തുടങ്ങി. അതിനു ശേഷം സമീർ ഇക്കയുടെ (സമീർ താഹിർ) ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന പടത്തിലൂടെ സിനിമയിലേക്ക്. ആ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. ഗപ്പി, അമ്പിളി അങ്ങനെ കുറെ ചിത്രങ്ങളിൽ ജോൺ പോളിനൊപ്പം വർക്ക് ചെയ്തു. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവർക്കൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്.  അതിൽ ഫഹദ് ഫാസിൽ ചെരുപ്പ് വാങ്ങാൻ വന്ന കട നടത്തുന്നത് ഞാൻ ആണ്. അവിചാരിതമായാണ് അഭിനയത്തിലേക്കെത്തുന്നത്. ദിലീഷ് ഏട്ടൻ പടം തുടങ്ങുന്ന സമയത്ത് ‘റാണി പദ്മിനി’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഉണ്ടായിരുന്നു അത് ചെയ്യാൻ എനിക്ക് നിൽക്കേണ്ടി വന്നു അപ്പോൾ പോത്തേട്ടന്റെ കൂടെ എനിക്ക് വർക്ക് ചെയ്യാൻ പറ്റിയില്ല, അതിനു പകരമായി പോത്തേട്ടൻ തന്ന ഗിഫ്റ്റ് ആണ് മഹേഷിന്റെ പ്രതികാരം. 

sreejith-aavesham233

സിനിമാതാരമാകാൻ മോഹിച്ചു വന്നതാണ് 

ചെറുപ്പം മുതൽ മിമിക്രി, നാടകം തുടങ്ങിയ കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. സിനിമയിൽ അഭിനയിക്കണം എന്ന് തന്നെയായിരുന്നു മോഹം. എങ്കിലും സിനിമയുടെ എല്ലാ മേഖലകളും പഠിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.  അങ്ങനെയാണ് അസിസ്റ്റന്റ് ഡയറക്ടർ ആയി കൂടിയത്. മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് വന്ന്, ‘‘ചേട്ടാ ഒരു എട്ടിന്റെ ലൂണാർ’’ എന്നു പറയുന്നത് എന്റെ കടയിൽ ആണ്. ആ കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. 

sreejith-babu23

ഹിറ്റ് ചിത്രങ്ങളുടെ സഹയാത്രികൻ 

ചെറിയ കഥാപാത്രങ്ങൾ ആണ് ചെയ്തതെങ്കിലും ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു.  ചില സുഹൃത്തുക്കൾ തമാശക്ക് പറയാറുണ്ട്, ‘‘എടാ നീ ഉണ്ടെങ്കിൽ പടം ഹിറ്റ് ആകും’’. മഹേഷിന്റെ പ്രതികാരം, മായാനദി, മാറഡോണ, ഗപ്പി, ആർഡിഎക്സ്, രോമാഞ്ചം, ആവേശം അങ്ങനെ കുറെ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.  മഹേഷ് കണ്ടിട്ടാണ് ആർഡിഎക്‌സിൽ എന്നെ വിളിക്കുന്നത്. അതിൽ ഞാൻ ഒരു രാഷ്ട്രീയക്കാരൻ ആണ്. എന്നെ സ്കെച് ചെയ്താണ് ഈ പരിപാടി തുടങ്ങുന്നത് തന്നെ. അതിൽ ആകെ ഇടിയും ബഹളവുമാണെങ്കിലും മരണപ്പെടുന്നത് എന്റെ കഥാപാത്രം മാത്രമാണ്.

sreejith-babu

മഹേഷിന്റെ പ്രതികാരത്തിലെ ബിനോയ്‌യുടെ ചേട്ടൻ

ജിത്തുവിനോട് നേരത്തെ തന്നെ എനിക്ക് അടുപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തുകൊണ്ടിരുന്നതാണ്. ജിത്തു പറയുമായിരുന്നു ഞാൻ പടം ചെയുമ്പോൾ നിനക്ക് അതിൽ കഥാപാത്രമുണ്ടാകുമെന്ന്. അങ്ങനെയിരിക്കെയാണ് ജിത്തു രോമാഞ്ചം ചെയ്യുന്നത്. രോമാഞ്ചത്തിലെ മത്തി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതൽപം നെഗറ്റിവ് ഷെയ്ഡ് ഉള്ള വേഷമായിരുന്നു.

sreejith-aavesham3

മഹേഷിന്റെ പ്രതികാരത്തിലെ ബിനോയ് എന്ന കഥാപാത്രത്തിന്റെ ചേട്ടൻ എന്നു പറയാൻ പറ്റുന്ന കഥാപാത്രമാണ് ആവേശത്തിലെ ഹോസ്റ്റൽ വാർഡൻ.  എല്ലാ കുശുമ്പും കുന്നായ്മയും ഉള്ള കഥാപാത്രം. ബിനോയുടെ വേറൊരു വേർഷൻ ആണ് ഇയാൾ. കോളജിൽ വരുന്ന കുട്ടികളെ കോളേജ് ഹോസ്റ്റൽ കൊള്ളില്ല എന്നു പറഞ്ഞ് വളച്ച് അയാളുടെ ലോഡ്ജിലേക്ക് കൊണ്ടുവരുന്നു. എന്നിട്ട് പിള്ളേരെ കൊണ്ട് ഓരോന്ന് ചെയ്യിക്കുകയാണ്. 

sreejith-babu33

ആവേശത്തിൽ ഫഹദിനോടൊപ്പം കോമ്പിനേഷൻ സീൻ ഇല്ല എങ്കിലും ഫഹദ് ഉള്ള സീനുകളിൽ ഞാൻ ഉണ്ടായിരുന്നു. ഫഹദ് കോളജിൽ വന്ന് പിള്ളേരെ അടിക്കുന്ന സീനിലും ഞാനുണ്ട്.  കോളജിലെ ഫൈറ്റ് സീൻ ഒക്കെ ഭയങ്കര ആവേശം ഉണ്ടാക്കുന്ന സീനാണ്.

മഹേഷ് മുതൽ ആവേശം വരെ 

ഫഹദിനെക്കുറിച്ച് ഞാൻ ഒന്നും പറയേണ്ട കാര്യമില്ലല്ലോ. മഹേഷിന്റെ പ്രതികാരം മുതൽ തുടങ്ങിയ സുഹൃത്ത് ബന്ധമാണ്. എന്നോട് നല്ല അടുപ്പമുണ്ട്. ഭയങ്കര കാര്യമായിട്ടാണ് പെരുമാറുന്നത്. അന്നും ഇന്നും എന്നും ഒരുപോലെ ഒരുമാറ്റവുമില്ലാതെ പെരുമാറുന്ന ആളാണ് ഫഹദ്. ഫഹദിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമയാണ് മഹേഷിന്റെ പ്രതികാരം. അതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞു, ഇപ്പോൾ ഫഹദിന്റെ കരിയറിലെ നാഴികക്കല്ലായ ആവേശത്തിലും അഭിനയിക്കാൻ കഴിഞ്ഞു അതൊരു വലിയ ഭാഗ്യമായി കരുതുന്നു.  ഫഹദ് അഭിനയിക്കുന്നത് നേരിട്ട് കണ്ടു നിൽക്കുന്നത് തന്നെ രസമാണ്. സെറ്റിൽ കൂളായി നിൽക്കുന്ന ആള് കഥാപാത്രമായി മാറുമ്പോൾ നമുക്ക് അദ്ഭുതം തോന്നും. ഒരു സിനിമയിൽ പോലും കഴിഞ്ഞുപോയ സിനിമയിലെ കഥാപാത്രത്തിന്റെ ഒരു ട്രേസ് പോലും കാണാൻ കഴിയില്ല.  അത്രയ്ക്ക് ബ്രില്യന്റ് ആക്ടർ ആണ് ഫഹദ്.

sreejith-aavesham

തിരിച്ചറിയപ്പെടുന്നില്ല, എങ്കിലും ദുഃഖമില്ല 

കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്നെ ആളുകൾ തിരിച്ചറിയുന്നില്ല, അതിനു കാരണം എനിക്ക് ഓരോ സിനിമയിലും ഓരോ ലുക്ക് ആണ്.  മഹേഷിന്റെ പ്രതികാരത്തിൽ ഒരു ലുക്ക്, മായാനദിയിലും ഗപ്പിയിലും, ആർഡിഎക്‌സിലും ആവേശത്തിലും രോമച്ചത്തിലുമൊക്കെ ഓരോ ലുക്ക്.  മേക്കപ്പ് ചെയ്യുമ്പോൾ മുഖം മാറും ഞാൻ വേറൊരാളായി മാറും. അതുകൊണ്ട് ഒരാൾ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് അധികം ആർക്കും അറിയില്ല.  പക്ഷേ അത് കുഴപ്പമില്ല. ചിലർ പറയുന്നത് പല ആളുകളായി തോന്നുമ്പോൾ ആളുകൾക്ക് ഒരേ ആളിനെ കണ്ടു മടുക്കില്ലല്ലോ എന്നാണ്. നമ്മളെ തിരിച്ചറിയുന്നതിനേക്കാൾ സംവിധായകന് ആവശ്യമുള്ളത് കൊടുക്കുകയും നല്ല സിനിമകളുടെ ഭാഗമാവുകയുമാണ് ഞാൻ ഏറ്റവും പ്രധാനമായി കരുതുന്നത്. ആവേശത്തിലെ കഥാപാത്രത്തെ എല്ലാവരും തിരിച്ചറിഞ്ഞു വിളിക്കുന്നുണ്ട്.  

sreejith-babu3

തരുൺ മൂർത്തി-മോഹൻലാൽ ചിത്രം  

അടുത്തത് തരുൺ മൂർത്തിയുടെ മോഹൻലാൽ ചിത്രമാണ്. അതിലും വളരെ ചെറിയ വേഷമാണ്. എന്നാലും ഞാൻ പ്രതീക്ഷയോടെ കാണുന്ന ഒരു ചിത്രമാണ് അത്.  ആ ചിത്രവും ഹിറ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നു.

English Summary:

Chat with Aavesham Actor Sreejith Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com