‘രാവിലെ ഷൂട്ട് തുടങ്ങും മുൻപ് തൊഴുതു പ്രാർഥന, ഭണ്ഡാരപ്പെട്ടിയിൽ നാണയത്തുട്ട്’
Mail This Article
ഏലൂരിൽ ഉയർന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ സെറ്റ് കണ്ടവർ കൈകൂപ്പി തൊഴുതു, കൃഷ്ണാ, ഗുരുവായൂരപ്പാ! ഗുരുവായൂർ ക്ഷേത്രം കളമശേരി ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ടിലെത്തിച്ചാണു സംവിധായകൻ വിപിൻദാസ് തന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്! ക്ഷേത്രത്തിന്റെ നീളവും വീതിയും ഉയരവും എടുപ്പുകളും എല്ലാം കിറുകൃത്യമായി കണക്കാക്കി, കോടികൾ മുടക്കി ഒരു എമണ്ടൻ സെറ്റ്. അഞ്ചു മാസമെടുത്തു സെറ്റ് നിർമാണത്തിനു മാത്രം. നിർമാണം പൂർത്തിയായ ‘ക്ഷേത്രം’ കണ്ടവരുടെ കണ്ണിലൂറിയ വിസ്മയം ആർട് ഡയറക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ എടുത്ത പണി വെറുതെയായില്ലെന്ന് ഉറപ്പാക്കി. ചുറ്റമ്പലവും കൊടിമരവും നടപ്പന്തലും മേൽപത്തൂർ ഓഡിറ്റോറിയവും ഉൾപ്പെടെ എല്ലാം കിറുകൃത്യം. ആയിരത്തിലേറെ പേർ ഒരുമിച്ചു കയറി നിന്നാലും തരിമ്പും ഇളകില്ല എന്നുറപ്പാക്കിയ കരുത്തുറ്റ ആ സെറ്റ് ‘ഗുരുവായൂരമ്പലനടയിൽ’ എന്ന തന്റെ സിനിമയ്ക്ക് അത്യന്താപേക്ഷിതമായിരുന്നെന്നു വിപിൻദാസ് പറയുന്നു. സെറ്റിനെപ്പറ്റിയും ചിത്രത്തെപ്പറ്റിയുമുള്ള വിപിൻദാസിന്റെ വാക്കുകളിലേക്ക്.
‘ഗുരുവായൂർ ക്ഷേത്രത്തിൽ’ വച്ചുള്ള ഷൂട്ടിങ് ആദ്യവസാനം ഭക്തിനിർഭരമായിരുന്നു. ക്ഷേത്രത്തിന്റെ അതേ ഫീൽ കൊണ്ടുവരാൻ സെറ്റിനു കഴിഞ്ഞു. രാവിലെ ഷൂട്ടിങ് തുടങ്ങും മുൻപ് അണിയറക്കാരിലെ പ്രായമുള്ളവരിലേറെയും ദീപസ്തംഭത്തിനു ചുവട്ടിൽ വന്നു തൊഴുതു പ്രാർഥിക്കും. ഭണ്ഡാരപ്പെട്ടിയിൽ നാണയത്തുട്ടുകളുമിടും. യഥാർഥ ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്രനേരം നിന്നു പ്രാർഥിക്കാൻ കഴിയില്ലല്ലോ എന്നാണു ചോദിച്ചാലുള്ള മറുപടി!’
ഗുരുവായൂർ അമ്പലനടയിൽ?
കുടുംബമായി ചിരിച്ചു കളിച്ചു വന്നു ഗുരുവായൂരിൽ കല്ല്യാണം കൂടി മടങ്ങിപ്പോകുന്ന ഒരു ഫീൽ പ്രേക്ഷകർക്കു കിട്ടണം. അതായിരുന്നു ചിത്രമൊരുക്കുമ്പോൾ എന്റെ ലക്ഷ്യം. ചിത്രം കണ്ടിറങ്ങുന്നവരുടെ പ്രതികരണങ്ങൾ ആ ലക്ഷ്യം നേടി എന്നതിനു തെളിവാണ്. വലിയ സന്തോഷം. ജയ ജയ ജയ ജയഹേയുടെ ഡയറക്ടർ ഇങ്ങനെയൊരു സിനിമയെടുത്തു എന്ന വിമർശനം ഞാൻ പ്രതീക്ഷിച്ചിരുന്നു. പോപ് കോൺ കഴിക്കുന്ന മൂഡിൽ വന്നിരുന്ന് ആസ്വദിച്ചു കണ്ടു മടങ്ങാവുന്ന ചിത്രമാണിതെന്നു ഞങ്ങൾ ആവർത്തിച്ചു പറഞ്ഞതും ഈ പേടി കൊണ്ടാണ്. എന്നാൽ, മലയാളി പ്രേക്ഷകർ വളരെ വ്യത്യസ്തരാണ്. മഞ്ഞുമ്മൽ ബോയ്സ് എങ്ങനെ കാണണമെന്നും ആവേശം എങ്ങനെ കാണണമെന്നും ഗുരുവായൂരമ്പല നടയിൽ എങ്ങനെ കാണണമെന്നുമുള്ള കൃത്യമായ ധാരണ അവർക്കുണ്ട്.
ഫ്രെയിമിൽ കൊള്ളാത്തത്ര ആളുകൾ ചില സീനുകളിലുണ്ടല്ലോ...
ഒരു കല്ല്യാണമാകുമ്പോൾ അച്ഛൻ, അമ്മ, ബന്ധുക്കൾ തുടങ്ങി എല്ലാവരും വരില്ലേ? എന്തായാലും പത്തിരുന്നൂറു പേരെങ്കിലും ഉണ്ടാകും. അതിൽ ഒരു 30 പേരെയെങ്കിലും കാണിക്കേണ്ടേ. അത്രയും പേരെ ഇൻട്രൊഡ്യൂസ് ചെയ്തു വന്നപ്പോൾ തന്നെ സിനിമയുടെ ഇന്റർവെൽ ആയി! പക്ഷേ, അവരെല്ലാം കല്ല്യാണത്തിന് ആവശ്യമുള്ളവരാണ്. ഗുരുവായൂർ വിവാഹങ്ങളുടെ തിരക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ചിത്രത്തിലെ ആൾത്തിരക്കുള്ള രംഗങ്ങൾ അങ്ങനെയുണ്ടായതാണ്.
കോമഡിയിലേക്ക് മാറുകയാണോ?
കോമഡി ഇഷ്ടമാണ്. എന്നാൽ, ഏതെങ്കിലും ഒരു ജോണർ മുൻകൂട്ടി തീരുമാനിച്ചു ചിത്രം ചെയ്യുന്ന പതിവില്ല. കഥയിഷ്ടപ്പെട്ടു കഴിഞ്ഞാൽ അതിനെ എങ്ങനെ വ്യത്യസ്തമായി പ്രസന്റ് ചെയ്യാം എന്നാണ് ആലോചിക്കാറ്. ആ ആലോചന വിവിധ ജോണറുകളിലേക്കോ അവയുടെ ബ്ലെൻഡിലേക്കോ ഒക്കെ എത്തുകയാണു പതിവ്. മുദുഗൗവും അന്താക്ഷരിയും ജയ ജയ ജയ ജയഹേയും ഒക്കെ അങ്ങനെ തന്നെയായിരുന്നു. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന എന്തെങ്കിലും ഒന്ന് എന്റെ ചിത്രത്തിൽ ഉണ്ട് എന്നുറപ്പാക്കാൻ വേണ്ടി ഏറെ പരിശ്രമിക്കാറും പരീക്ഷണങ്ങൾ നടത്താറുമുണ്ട്.
ബേസിലുമൊത്തു രണ്ടാം ചിത്രം?
ബേസിലിന്റെ കാലിബർ ഒന്നൊന്നായി പുറത്തു വരുന്നേയുള്ളൂ. ഞങ്ങൾ തമ്മിൽ അടുത്ത സൗഹൃദമുണ്ട്. സിനിമയുടെ മൊത്തത്തിലുള്ള നിലവാരത്തെപ്പറ്റി ചിന്തിക്കുന്ന നടനാണ്. തന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടുതൽ വേണം എന്ന ചിന്താഗതിയില്ല. പകരം ചിത്രത്തിന്റെ വിജയത്തിന് അത് എത്രത്തോളം വേണമോ അതു നൽകുന്നതിനാണു ബേസിൽ പ്രാധാന്യം നൽകാറ്.
പൃഥ്വി ഉൾപ്പെടെ രണ്ടു സംവിധായക നടൻമാരാണു പ്രധാന റോളുകളിൽ. ചിത്രത്തിന്റെ മേക്കിങ്ങിൽ അതു സഹായിച്ചോ അതോ സമ്മർദമായിരുന്നോ?
അവരെ അഭിനയിപ്പിക്കുന്നതാണ് ഏറ്റവും എളുപ്പം. അനാവശ്യമായ ഇടപെടലുകൾ രണ്ടു പേരിൽ നിന്നുമുണ്ടായില്ല. അവരുടേതായ റോളുകൾ മെച്ചപ്പെടുത്താൻ എന്തു ചെയ്യണം എന്ന ചിന്ത മാത്രമാണുണ്ടായിരുന്നത്. ഞാൻ എന്തെങ്കിലും ചോദിച്ചാൽ മാത്രമേ പലപ്പോഴും അഭിപ്രായം പോലും പറയാറുണ്ടായിരുന്നുള്ളൂ. പലരും പറയും പോലെ റഫ് ആൻഡ് ടഫ് ആയി പൃഥ്വിയെ തോന്നിയതേ ഇല്ല. ഞാനും ബേസിലുമൊക്കെയൊത്തുള്ള തമാശകളിലേക്ക് രാജു ഇറങ്ങി വന്നു എന്നതു കൗതുകമായിരുന്നു.