ADVERTISEMENT

ടർബോ സിനിമയിൽ രാജ്.ബി.ഷെട്ടി അവതരിപ്പിച്ച വെട്രിവേൽ ഷൺമുഖ സുന്ദരത്തിന്റെ ഇൻട്രോയ്ക്കു മുൻപ് ഒരു കർട്ടൺ റെയ്സർ പോലെ ആ കഥാപാത്രത്തിന്റെ കരുത്തും ക്രൂരതയും വെളിപ്പെടുത്തുന്ന ഒരു കൊലപാതക സീനുണ്ട്. ഒരു കൊച്ചു പേനാക്കത്തി ക്രൂരമായ വില്ലത്തരം കാണിച്ചു പ്രേക്ഷകരെ വിറപ്പിച്ച ആ അഭിനേതാവിനെ സിനിമ കണ്ടവരാരും മറക്കാനിടയില്ല. ഒരു ഡയലോഗ് പോലും ഇല്ലെങ്കിലും ആ കഥാപാത്രത്തിന്റെ സാന്നിധ്യം സ്ക്രീനിൽ ഭയം നിറയ്ക്കും. മേപ്പടിയാൻ, കാപ്പ, ഷെഫീഖിന്റെ സന്തോഷം, ക്രിസ്റ്റി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലെത്തി പ്രേക്ഷകരെ രസിപ്പിച്ച നൗഷാദ് ഷാഹുലാണ് ടർബോയിലെ വെട്രിവേലിന്റെ വലം കൈ ആയ സൈലന്റ് കില്ലറെ ഗംഭീരമാക്കിയത്. പാഠം ഒന്ന്, ഒരു വിലാപം എന്ന ചിത്രം മുതൽ മലയാള സിനിമയ്ക്കൊപ്പമുണ്ട് നൗഷാദ്. എന്നാൽ, ഈയടുത്ത കാലത്താണ് നല്ല വേഷങ്ങൾ നൗഷാദിനെ തേടിയെത്തിയത്. ടർബോയിലെ സൂപ്പർഹിറ്റ് വേഷത്തെക്കുറിച്ചുള്ള വിശേഷങ്ങളുമായി നൗഷാദ് ഷാഹുൽ മനോരമ ഓൺലൈനിൽ. 

ഇത്ര വലിയ വേഷം പ്രതീക്ഷിച്ചില്ല

സംവിധായകൻ വൈശാഖുമായുള്ള അടുപ്പവും സൗഹൃദവുമാണ് ടർബോയിൽ ഇത്രയും നല്ലൊരു വേഷം കിട്ടാനുള്ള പ്രധാന കാരണം. സിനിമയിൽ എത്തുന്നതിനു മുൻപെ ഞങ്ങൾ സുഹൃത്തുക്കളാണ്. അദ്ദേഹം ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോൾ (പോക്കിരിരാജ) ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി അതിലുണ്ടായിരുന്നു. അഭിനയമായിരുന്നു എന്റെ ലക്ഷ്യം എന്നുള്ളതുകൊണ്ട്, പിന്നീട് അദ്ദേഹത്തിനൊപ്പം സംവിധാന സഹായി ആയി തുടർന്നില്ല. ഞാൻ അഭിനയത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. ചെറിയ വേഷങ്ങൾ കിട്ടി. അപ്പോഴാണ് വൈശാഖ് മധുരരാജ ചെയ്തത്. അതിൽ എനിക്ക് സർക്കിൾ ഇൻസ്പെക്ടറുടെ വേഷം തന്നു. ഇപ്പോൾ ടർബോയിലും അഭിനയിച്ചു. വലിയ ക്യാൻവാസിലുള്ള സിനിമകളാണ് വൈശാഖ് ചെയ്യുന്നത്. ടർബോയിൽ എനിക്കൊരു കഥാപാത്രമുണ്ടെന്നു പറഞ്ഞപ്പോൾ ഇത്രയും വലിയ ഒരു വേഷമാണെന്ന് കരുതിയില്ല. അതിലെ റിയൽ എക്സൈറ്റ്മെന്റ് ഫാക്ടർ മമ്മൂക്കയാണ്. അദ്ദേഹത്തിന് എതിരു നിന്ന് അഭിനയിക്കുക എന്നത് വലിയൊരു അവസരമാണ്. ഫൈറ്റ് അടക്കമുള്ള കാര്യങ്ങൾ വരുന്നുണ്ടല്ലോ. 

noushad-shahul-actor
നൗഷാദ് ഷാഹുൽ (Photo: Special Arrangement)

വൈശാഖ് തന്ന പവർ

അഭിനയത്തിന്റെ മർമം അറിയുന്ന സംവിധായകനാണ് വൈശാഖ്. അദ്ദേഹത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന കാലം മുതലെ ഇക്കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആർടിസ്റ്റുകൾക്ക് സീൻ പറഞ്ഞുകൊടുക്കുമ്പോഴും കഥാപാത്രത്തെ വിവരിക്കുമ്പോഴും ഒരു 'പവർ' അവരിലേക്ക് പടരും. അദ്ദേഹത്തിന്റെ സിനിമകളും നന്നായി എനർജി പമ്പ് ചെയ്യുന്ന സിനിമയാണല്ലോ. എന്റെ കഥാപാത്രത്തിന് സ്ക്രീനിൽ പവർ ഉള്ളതായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതു തീർച്ചയായും വൈശാഖിൽ നിന്നു കിട്ടിയ പവർ കൂടിയാണ്.  സിനിമയിൽ ആദ്യം കാണുന്ന സീക്വൻസ് തന്നെയാണ് ആദ്യം ഷൂട്ട് ചെയ്തതും. കോയമ്പത്തൂർ ആയിരുന്നു ലൊക്കേഷൻ. മൂന്നു രാത്രി വേണ്ടി വന്നു അതു ഷൂട്ട് ചെയ്തെടുക്കാൻ! 

സിനിമയിൽ എന്റെ കഥാപാത്രം ഉപയോഗിക്കുന്ന ഒരു സൂചിക്കത്തിയുണ്ട്. അതുപയോഗിച്ചാണ് ആ കഥാപാത്രം കൊലപാതകം നടത്തുന്നത്. ഞാൻ ഷൂട്ടിനായി കോസ്റ്റ്യൂമും മേക്കപ്പും ഇട്ടു തയാറായി സംവിധായകൻ വൈശാഖിനെ പോയി കണ്ടു. അദ്ദേഹം ആ കത്തി കയ്യിൽ വച്ചു തന്നിട്ടു പറഞ്ഞത്, "കൊടും ക്രൂരത ചെയ്യുന്ന കണ്ണിച്ചോരയില്ലാത്ത ഒരാളാണ് ഇപ്പോൾ നൗഷാദ്. നൗഷാദ് അതാണ്. ആ മട്ടിൽ വേണം ഇനി ഇവിടെ നിൽക്കാൻ," എന്നായിരുന്നു. ആ മൂഡിൽ വേണം അവിടെ നിൽക്കാനെന്ന് എന്നെ അദ്ദേഹം ഓർമിപ്പിച്ചു കൊണ്ടിരുന്നു. ആ കഥാപാത്രത്തെക്കുറിച്ച് എനിക്കു കിട്ടിയ ഏറ്റവും ലളിതമായ വിവരണം അതായിരുന്നു.  അതിൽപ്പിന്നെ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമായി. രാജ്.ബി.ഷെട്ടിയുടെ സന്നിധ്യം പിന്നീട് ആ കഥാപാത്രത്തിന്റെ തുടർച്ചയ്ക്ക് ഒരുപാടു സഹായിച്ചു. ശരിക്കും ഒരു 'പവർ' തന്നു. 

ടർബോയിലെ സൈലന്റ് കില്ലർ

ഈ വേഷം ഉറപ്പിച്ചതിനു ശേഷം പറഞ്ഞത്, എന്നോടു താടിയും മുടിയും വെട്ടരുത് എന്നായിരുന്നു. മേക്കപ് ടെസ്റ്റിൽ ഇപ്പോൾ സിനിമയിൽ കാണുന്ന ലുക്ക് അല്ലാതെ വേറെയും ലുക്കുകൾ ചെയ്തു നോക്കിയിരുന്നു. ഒടുവിലാണ് ഈ ലുക്കിലേക്ക് എത്തിയത്. റഷീദ് അഹമ്മദ് ആയിരുന്നു മേക്കപ് ആർടിസ്റ്റ്. കട്ട വില്ലൻ ലുക്കിൽ വരുന്നൊരു മേക്കപ് ചെയ്തു നോക്കിയിരുന്നു. പക്ഷേ, ഷൂട്ടിലുടനീളം ആ ലുക്ക് പിടിക്കാൻ മേക്കപ്പിന് സമയമെടുക്കും. അതുകൊണ്ട്, ആ ലുക്ക് വേണ്ടെന്നു വച്ചു. ആ കഥാപാത്രമാകാൻ മേക്കപ്പും നന്നായി സഹായിച്ചു. മേക്കപ് കൂടി വന്നപ്പോൾ എന്റെ നോർമൽ ലുക്കിൽ നിന്നു ശരിക്കും വേറെ ഒരാളായി. അതുകൊണ്ട്, സ്ക്രീനിൽ കണ്ടപ്പോൾ പലർക്കും എന്നെ മനസിലായില്ല. ഏതോ തമിഴ് അല്ലെങ്കിൽ തെലുങ്കു ആർടിസ്റ്റ് ആണെന്നു കരുതിയവരുണ്ട്. 

noushad-shahul
നൗഷാദ് ഷാഹുൽ (Photo: Special Arrangement)

ഞാൻ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിയുന്ന ചില സുഹൃത്തുക്കളുണ്ട്. അവർക്കു മാത്രമാണ് എന്നെ സിനിമയിൽ തിരിച്ചറിയാനായത്. അല്ലാത്തവർക്ക് എന്നെ കണ്ടുപിടിക്കാൻ പോലും കഴിഞ്ഞില്ല. ഞാൻ പറയുമ്പോൾ അദ്ഭുതത്തോടെയാണ് അവർ ആ കഥാപാത്രത്തെ ഓർത്തെടുത്തത്. എന്റെ നോർമൽ ലുക്കും സിനിമയിലെ ലുക്കും തമ്മിൽ അത്രയും അന്തരമുണ്ട്. ടർബോയിൽ എനിക്ക് ഡയലോഗ് ഇല്ല. ഒരക്ഷരം മിണ്ടുന്നില്ല. ഡയലോഗ് ഇല്ലാത്തതുകൊണ്ട് ഈ കഥാപാത്രം ചെയ്യുന്ന ക്രൂരതയുടെ തീവ്രത കൂടുതലായി അനുഭവവേദ്യമാകുന്നുണ്ട്. ഒന്നു ചിരിക്കുന്നതു പോലുമില്ല. അതൊരു ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പലരും എന്റെ കഥാപാത്രത്തെ സൈലന്റ് കില്ലർ എന്നാണ് വിശേഷിപ്പിച്ചത്.

ടെൻഷൻ ഫ്രീ ആക്കുന്ന മമ്മൂക്ക മാജിക്  

മമ്മൂക്കയുമായി പോക്കിരിരാജ മുതൽ അറിയാം. സഹപ്രവർത്തകരെ വലിയ തോതിൽ പരിഗണിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റേതുപോലുള്ള ഒരു പൊസിഷനിൽ നിൽക്കുന്ന വ്യക്തി എന്നെപ്പോലെയുള്ള ചെറിയ ആർടിസ്റ്റുകളെ അല്ലെങ്കിൽ ചലച്ചിത്രപ്രവർത്തകരെ പരിഗണിക്കുന്നത് വലിയ കാര്യമാണ്. അത് ഞങ്ങൾക്ക് വലിയ ഊർജ്ജം തരും. ഉദാഹരണത്തിന് അദ്ദേഹം സെറ്റിൽ വരുമ്പോൾ ഓരോരുത്തരെയും നോക്കി, ശ്രദ്ധിച്ചു തന്നെ, വളരെ ഭംഗിയുള്ള ചിരി തരും. ഒട്ടും അലസമായ ചിരിയല്ല. ആ ദിവസം മുഴുവൻ ജോലി ചെയ്യാനുള്ള ഊർജ്ജം ആ ചിരിയിൽ നിന്നു തന്നെ കിട്ടും. മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച നിമിഷങ്ങളിൽ ഒരിക്കലും മറക്കാൻ കഴിയില്ല. 

ഞാൻ മേക്കപ് റൂമിൽ ഇരിക്കുകയാണെങ്കിലും മമ്മൂക്കയുമായിട്ടാണ് എന്റെ അടുത്ത സീക്വൻസ് എങ്കിൽ, എനിക്ക് കടുത്ത ടെൻഷനാണ്. ഈ സീൻ ഒന്നു കഴിഞ്ഞു കിട്ടിയാൽ മതിയെന്ന തരത്തിലുള്ള ടെൻഷനാണ് അനുഭവിക്കുക. അടുത്ത സീൻ മമ്മൂക്കയ്ക്കൊപ്പമാണെന്ന ബോധം സമ്മർദ്ദം വർധിപ്പിക്കും. പൊസിഷൻ തരാൻ നിന്ന അസിസ്റ്റന്റ് ഡയറക്ടറോ ഫൈറ്റ് അസിസ്റ്റന്റോ മാറി മമ്മൂക്ക വന്നു നിൽക്കുന്ന ആ നിമിഷം മുതൽ എന്താണെന്ന് അറിയില്ല ഞാൻ വളരെ കൂൾ ആകും. എല്ലാ ടെൻഷനും പോകും. ഹൃദയമിടിപ്പ് സാധാരണ പോലെയാകും. മമ്മൂക്ക എന്നൊരു ഭാരം മനസിനു തോന്നില്ല. അവിടെയെന്തോ മാജിക് സംഭവിക്കുന്നതു പോലെ തോന്നും. ആദ്യമൊന്നും ഇതെന്റെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നെയാണ് ഞാനിക്കാര്യം തിരിച്ചറിയുന്നത്. മമ്മൂക്ക വന്നു നിൽക്കുന്നതു മുതൽ ആ ഷോട്ട് തീരുന്നതു വരെ ഞാൻ ടെൻഷൻ ഫ്രീയാണ്. അതാണ്, ഞാൻ പറഞ്ഞ മമ്മൂക്ക മാജിക്. 

ഫൈറ്റിൽ പരിശീലനം

എനിക്ക് ഫൈറ്റ് ചെയ്തു പരിചയമില്ലെന്നു സംവിധാകൻ വൈശാഖിന് അറിയാം. ഫൈറ്റ് കൊറിയോഗ്രഫിക്ക് വേണ്ടി കുറച്ചു ദിവസം നീക്കി വച്ചിരുന്നു. ആ സമയത്താണ് എല്ലാ ഫൈറ്റുകളും ഡിസൈൻ ചെയ്തത്. അതു മുഴുവൻ ഷൂട്ട് ചെയ്തെടുത്തു. അതിന്റെ റഫറൻസ് വച്ചാണ് ഒറിജനൽ ഫൂട്ടേജ് എടുത്തത്. കോപ്ലക്സ് ക്യാമറ മൂവ്മെന്റ്സ് വരുന്നുണ്ട് സിനിമയിൽ. റഫറൻസ് ഷൂട്ട് നടക്കുന്ന സമയത്തു തന്നെ വൈശാഖ് എന്നെ ഫൈറ്റ് മാസ്റ്റർ ഫീനിക്സ് പ്രഭുവിനു പരിചയപ്പെടുത്തി. ഈ സമയത്ത് എനിക്ക് പരിശീലനം തരാൻ ഒരാളെയും ഏർപ്പെടുത്തി. അങ്ങനെ എന്നെ ഒരുക്കിയെടുത്താണ് മമ്മൂക്കയുടെ അടുത്തേക്ക് എന്നെ വിടുന്നത്. കാരണം, ഞാൻ കത്തി വീശേണ്ടതും ഫൈറ്റ് ചെയ്യേണ്ടതും മമ്മൂക്കയുടെ നേരെയാണല്ലോ. അദ്ദേഹത്തിന്റെ സുരക്ഷ ശ്രദ്ധിക്കണമല്ലോ. അങ്ങനെയൊരു പരിശീലനം കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ വിറച്ചു പോയെനെ! 

രസികനാണ് രാജ്.ബി.ഷെട്ടി

ഞാൻ രാജ്.ബി.ഷെട്ടിയുടെ ആരാധകനാണ്. അദ്ദേഹത്തിന്റെ ഗരുഡഗമന ഋഷഭവാഹന എന്ന സിനിമയാണ് എന്നെയും അദ്ദേഹത്തിന്റെ ആരാധകനാക്കിയത്. ഓരോ സിനിമയിലും വൈവിധ്യമാർന്ന വേഷങ്ങൾ! അതിനു പുറമെ, അദ്ദേഹം സംവിധായകനാണ്, നിർമാതാവാണ്, എഴുത്തുകാരനുമാണ്. ഒരു ചലച്ചിത്ര പ്രതിഭ! അദ്ദേഹമാണ് സിനിമയിലെ പ്രധാന വില്ലൻ. അദ്ദേഹത്തിന്റെ പ്രധാന കൂട്ടാളിയായിട്ടാണ് ചെയ്യേണ്ടതെന്ന് അറിഞ്ഞപ്പോൾ ത്രില്ലിലായി. എങ്ങനെയായിരിക്കും ഷെട്ടി സർ എന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷേ, ലൊക്കേഷനിൽ കണ്ട രാജ്.ബി ഷെട്ടി വേറെ ലെവൽ മനുഷ്യനായിരുന്നു. പരമ രസികനായ സിംപിൾ മനുഷ്യൻ. സെറ്റിലെ എല്ലാവരോടും ഓടി നടന്നു തമാശ പറഞ്ഞു നടക്കുന്ന കക്ഷിയാണ് അദ്ദേഹം. ലൊക്കേഷൻ ശരിക്കും ഫൺ ആയിരുന്നു. 

noushad-with-raj-anjana
രാജ്.ബി.ഷെട്ടിക്കും അഞ്ജന ജയപ്രകാശിനും ഒപ്പം നൗഷാദ്

ക്ലൈമാക്സ് ഫൈറ്റ് കുറെ ദിവസം ഷൂട്ട് ഉണ്ടായിരുന്നു. ഞാനും ഷെട്ടി സാറും അഞ്ജനയുമായിട്ടായിരുന്നു ആ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത്. അങ്ങനെ ഞങ്ങൾ നല്ല കൂട്ടായി. ഒരുപാടു കാര്യങ്ങൾ സംസാരിച്ചു. സിനിമ, ജീവിതം, പുസ്തകങ്ങൾ, അങ്ങനെ പല വിഷയങ്ങൾ സംസാരത്തിന്റെ ഭാഗമായി. ഞാൻ സിനിമയിൽ ഫൈറ്റ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഷെട്ടി സാറിന് നന്നായി ഫൈറ്റ് അറിയാം. സിനിമയിൽ സ്ഥിരം ആവശ്യം വരുന്ന ഒന്നു രണ്ടു ആക്ഷൻ മൂവ്മെന്റ്സ് അദ്ദേഹം എനിക്കു പറഞ്ഞു തന്നു. ആദ്യം കാണിച്ചു തന്നപ്പോൾ എനിക്കതു ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് പ്രാക്ടീസ് ചെയ്താണ് അതു പഠിച്ചെടുത്തത്. മൂന്നാം ദിവസം ഞാൻ ആ മൂവ്മെന്റ് ചെയ്തു കാണിച്ചു കൊടുത്തു. അദ്ദേഹത്തിനു വലിയ സന്തോഷമായി. ആക്ഷൻ കൊറിയോഗ്രഫി കാണിച്ചു തരുമ്പോൾ കാലിന്റെ ചലനങ്ങൾ കൂടി നോക്കണമെന്ന് അദ്ദേഹമാണ് പറഞ്ഞു തന്നത്. കാലിന്റെ മൂവ്മെന്റ്സ് ആണ് പ്രധാനമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഷെട്ടി സർ പറഞ്ഞു തന്നത് എനിക്ക് വളരെ പ്രയോജനപ്പെട്ടു.

വഴിത്തിരിവായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്

കളമശേരി ഗവ.പോളി ടെക്നിക്കിൽ നിന്ന് കംപ്യൂട്ടർ എൻജീനയറിങ് ഡിപ്ലോമ പൂർത്തിയാക്കി. പക്ഷേ, അതിൽ അധികകാലം തുടർന്നില്ല. സിനിമ തന്നെയായിരുന്നു എക്കാലത്തേയും ആഗ്രഹം. നടനാവുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. സിനിമ അക്കാലത്ത് തീർത്തും അസാധ്യമായിരുന്നു എനിക്ക്. അതുകൊണ്ട്, ടെലിവിഷനിൽ ജോലി ചെയ്യുക എന്ന വഴി ഞാൻ തിരഞ്ഞെടുത്തു. തിരുവനന്തപുരത്തെ എൻടിവി പ്രൊഡക്ഷൻ ഹൗസിൽ ജോലി നോക്കി. തുടർന്ന് സ്വകാര്യ ടെലിവിഷൻ ചാനലുകളിലും സ്വതന്ത്രമായും പ്രവർത്തിക്കാൻ തുടങ്ങി. അതിനു സമാന്തരമായി അഭിനയിക്കാനുള്ള സാധ്യതകളും തിരഞ്ഞു. 

ആദ്യം മുഖം കാണിച്ചത് ടി.വി ചന്ദ്രൻ സാറിന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലാണ്. ഒരു കള്ളുചെത്തുകാരന്റെ വേഷമായിരുന്നു. മാമുക്കോയയുമായിട്ടായിരുന്നു ആദ്യ സീൻ. ആ സിനിമയുടെ കഥാകൃത്തും നിർമാതാവുമായ ആര്യാടൻ ഷൗക്കത്ത് വഴിയാണ് എനിക്ക് ആ വേഷം ലഭിക്കുന്നത്. എന്റെ സുഹൃത്ത് രതീഷ് നായരാണ് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് രസികൻ ചെയ്തു. ഒന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഞാനെന്റെ ശ്രമം തുടർന്നു. 2107ലാണ് സിനിമയിൽ ഒരു നല്ല കഥാപാത്രത്തെ ലഭിക്കുന്നത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിലൂടെ ഞാൻ അഭിനയ‌ത്തിൽ സജീവമായി. അതിലൊരു പൊലീസ് വേഷമായിരുന്നു. ജയസൂര്യയുമായി കോംബിനേഷൻ ഒക്കെയുണ്ടായിരുന്നു. പിന്നീട് ഞാൻ മേരിക്കുട്ടി എന്ന സിനിമ സംഭവിച്ചു. 

ഭൂതകാലത്തിലെ വേഷമാണ് മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം. ഷെയ്ൻ നിഗത്തിന്റെ അയൽവാസി ആയിട്ടാണ് ചെയ്തത്. അതും ശ്രദ്ധിക്കപ്പെട്ടു. മേപ്പടിയാൻ, കാപ്പ, ഷെഫീഖിന്റെ സന്തോഷം, ക്രിസ്റ്റി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഥ ഇന്നു വരെ, വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവയാണ് ഇനി ഇറങ്ങാനുള്ള പ്രൊജക്ടുകൾ. ഭാര്യ ശബാനി സോഫഫ്ട് വെയർ എൻജിനീയറാണ്. രണ്ടു മക്കളുണ്ട്. തിരുവനന്തപുരത്താണ് വീട്.

English Summary:

From assistant director to actor: Naushad Shahul’s journey to his breakout role in Turbo. Read about his character transformation and acting process.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com