തടി കൂട്ടി, പകരക്കാരിയായി; ‘മന്ദാകിനി’യിലെ മാസ് അമ്മായിയമ്മ; സരിത കുക്കു അഭിമുഖം
Mail This Article
സരിത കുക്കു, രാജലക്ഷ്മിയായി മാറാൻ രണ്ടാഴ്ച കൊണ്ട് കൂട്ടിയ ശരീരഭാരം ആറ് കിലോഗ്രാമാണ്. അതിനു മുൻപ് രാജലക്ഷ്മിയായി സംവിധായകൻ വിനോദ് ലീലയ്ക്കു മുന്നിൽ നിന്നപ്പോൾ അദ്ദേഹം സരിതയുടെ മുഖത്തു നോക്കി പറഞ്ഞിരുന്നു -ശരിയാവില്ല. അപ്പോഴാണ് നിർമാതാവ് സഞ്ജു എസ്. ഉണ്ണിത്താൻ അടക്കമുള്ളവർ ലുക്ക് ടെസ്റ്റ് നടത്തിയാലോ എന്ന നിർദേശം വച്ചത്. അത് മതിയെന്ന് സരിതയും പറഞ്ഞു. ആരുടെയും ശുപാർശ വേണ്ട. ലുക്ക് ടെസ്റ്റ് നടത്തി പൂർണ തൃപ്തി വന്നാൽ മാത്രം ഞാൻ രാജലക്ഷ്മിയാകാം. അല്ലെങ്കിൽ ഞാനീ പടത്തിൽ അഭിനയിക്കുകയേ ഇല്ല.
ഒടുവിൽ ആ പരീക്ഷണത്തിനു ശേഷം വിനോദ് പറഞ്ഞു, ഇത് സരിതയല്ല, എന്റെ രാജലക്ഷ്മിയാണ്. അങ്ങനെ ശാരീരികമായും മാനസികമായും കുറച്ചേറെ ബുദ്ധിമുട്ടിയ ശേഷമാണ് ഒരൊറ്റ പെഗ് വലിച്ചു കുടിച്ച് മന്ദാകിനിയിലെ രാജലക്ഷ്മിയെന്ന സരിത കുക്കു, സുജിത് വാസുവിന്റെ നെഞ്ചിലൊരു ചവിട്ടു കൊടുക്കാൻ ഡ്രൈവിങ് സ്കൂളിന്റെ ജീപ്പുമായി പായുന്നത്.
.12 വർഷം, ഒരുപാട് സിനിമകൾ
മന്ദാകിനിയിലെ രാജലക്ഷ്മിയെന്ന തന്റേടിയായ വീട്ടമ്മയെ കാഴ്ചക്കാർ സ്നേഹത്തോടെ സ്വീകരിച്ചു കഴിഞ്ഞു. ഇവർ പുതിയ നടിയാണോയെന്ന് ശരാശരി പ്രേക്ഷകൻ ചോദിക്കുന്നുണ്ടെങ്കിലും സിനിമയെ അടുത്തറിയുന്നവർക്ക് സരിത ഏറെ പരിചിതയാണ്. പന്ത്രണ്ടു വർഷമായി സിനിമയിൽ സജീവം. അഭിനയിച്ച ആദ്യ സിനിമയ്ക്കു തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം. ചെറിയ റോളുകളിലാണെങ്കിലും കൊത്തി വലിക്കുന്ന നോട്ടം കൊണ്ട് കഥാപാത്രത്തെ ഓർമയിൽ കുത്തിനിർത്തുന്ന അഭിനയത്താൽ ശ്രദ്ധേയ. പക്ഷേ പലപ്പോഴും നാമിപ്പോഴും സമാന്തര സിനിമയെന്നു പേരിട്ടു വിളിക്കുന്ന ചിത്രങ്ങളിലായിരുന്നു സരിതയുടെ പ്രകടനമെല്ലാം. മറ്റൊരു സ്ട്രീമിലുള്ള മന്ദാകിനിയിലെ മുഴുനീള കഥാപാത്രത്തിലെത്തിയതോടെ സരിത കുക്കുവെന്ന കണ്ണൂരിലെ കരിവെള്ളൂർക്കാരി കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. ഏറെ വിവാദം സൃഷ്ടിച്ച പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2012 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സരിതയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്.
.പകരക്കാരി, പക്ഷേ കലക്കി
സിനിമയുടെ കാസ്റ്റിങ്ങിൽ അവസാന ആളായാണ് സരിതയെത്തുന്നത്, പകരക്കാരിയായിത്തന്നെ. മഞ്ജു പിള്ള അവതരിപ്പിക്കാനിരുന്ന കഥാപാത്രമായിരുന്നു ഇത്. പ്രത്യേക സാഹചര്യം കൊണ്ട് അവർക്ക് ഒഴിവാകേണ്ടി വന്നു. അതോടെ പടത്തിന്റെ നിർമാണം സഞ്ജു ഏറ്റെടുത്തു. ഏറെക്കാലമായി സരിതയെ അടുത്തറിയാവുന്ന സഞ്ജു ഈ റോളിന്റെ കാര്യം പറഞ്ഞു. തമാശ പറയുന്നതാണെന്നാണ് ആദ്യം കരുതിയത്. സ്ക്രിപ്റ്റ് അയച്ചു കൊടുത്തു, വായിക്കാൻ പറഞ്ഞു. അപ്പോഴാണ് യാഥാർഥ്യമാണെന്നു മനസ്സിലായത്. കഥാപാത്രത്തെ ഇഷ്ടമായി.
പക്ഷേ തന്നെക്കൊണ്ട് ഇതു ചെയ്യാൻ സാധിക്കുമോയെന്ന് സംശയമായി. ഈ ആശങ്കയുമായി ചെന്നപ്പോഴാണ് നവാഗത സംവിധായകനായ വിനോദ് ലീലയും ഒറ്റനോട്ടത്തിൽ പറ്റില്ലെന്നു പറഞ്ഞത്. പിന്നീടാണ് ലുക്ക് ടെസ്റ്റും ഭാരം കൂട്ടലുമെല്ലാം നടത്തി ഓക്കെയാകുന്നത്. ഇപ്പോൾ ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ ഒറ്റനോട്ടത്തിൽ കണ്ടാൽ പലരും തിരിച്ചറിയുന്നില്ല. പിന്നീട് സംശയത്തോടെ വന്നു ചോദിക്കും - നിങ്ങളല്ലേ രാജലക്ഷ്മിയെന്ന്. നായികാ നായകന്മാരായ അനാർക്കലിയുടെയും അൽത്താഫിന്റെയും നട്ടെല്ലായി നിലകൊണ്ട് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്ന രണ്ട് കഥാപാത്രങ്ങളാണ് രാജലക്ഷ്മിയും ഉണ്ണി അളിയൻ എന്ന വിനീത് തട്ടിലും. ആണിനൊപ്പം സ്ത്രീ കഥാപാത്രത്തിനും വ്യക്തിത്വം നൽകുന്ന സിനിമയുടെ കരുത്തായി സരിത കുക്കു തിളങ്ങുന്നു.
.വരവ് നാടകത്തിൽ നിന്ന്
ആദ്യ ഇഷ്ടം നാടകത്തോടായിരുന്നു. യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും മറ്റും മികച്ച നടിയായി മാറിയതോടെ അതൊരു പാഷനായി. സ്റ്റെപ് എന്ന പേരിൽ നാടക സംഘമുണ്ടാക്കി കുറേ അമച്വർ നാടകങ്ങൾ ചെയ്തു. പലയിടങ്ങളിൽ നിന്നുള്ളവരായിരുന്നു പ്രവർത്തകർ. കോവിഡ് വന്നതോടെ അത് നിലച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടുമൊരു നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് മന്ദാകിനി വരുന്നത്. ദീപൻ ശിവരാമന്റെ തടക്കമുള്ള നാടകങ്ങളുമായും തൃശൂരിലെ രാജ്യാന്തര നാടകോത്സവമായ ഇറ്റ് ഫോക്കുമായെല്ലാം സഹകരിച്ചിട്ടുണ്ട്.
പാപ്പിലിയോ ബുദ്ധയ്ക്കു ശേഷം ഇയ്യോബിന്റെ പുസ്തകത്തിലെ ചീരുവെന്ന കഥാപാത്രമടക്കം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ആഷിഖ് അബുവിന്റെ റാണി പത്മിനി, ഡോ. ബിജുവിൻ്റെ വെയിൽ മരങ്ങൾ, ആഭാസം, കാറ്റ്, വൃത്താകൃതിയിലുള്ള ചതുരം, വെളുത്ത രാത്രി, ജിബൂട്ടി അങ്ങനെ നിരവധി ചിത്രങ്ങൾ. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ ബെസ്റ്റ് ആർട്ടിസ്റ്റിക് പുരസ്കാരം നേടിയ ചിത്രമായ വെയിൽ മരങ്ങളിൽ പ്രധാന കഥാപാത്രമായിരുന്നു. ഷാങ്ഹായ് മേളയിൽ ആദ്യമായൊരു പുരസ്കാരം നേടുന്ന ഇന്ത്യൻ ചലച്ചിത്രമാണ് ഇന്ദ്രൻസ് നായകനായ വെയിൽ മരങ്ങൾ.
. സരിതയെന്നാണ് ഔദ്യോഗിക പേര്
വീട്ടിൽ കുക്കുവെന്നു വിളിക്കും. സുഹൃത്തുക്കളാരോ ആണ് ഫെയ്സ്ബുക്കിൽ കുറേക്കാലം മുൻപ് സരിതയെ സരിത കുക്കു വാക്കിയത്. പിന്നീടത് മാറ്റാൻ പോയില്ല. ഇനിയാരെങ്കിലും ഇതോടൊപ്പം രാജലക്ഷ്മി എന്ന് കൂട്ടിച്ചേർക്കുമോയെന്നറിയില്ല..!