ഇതൾ പറിക്കും പോലെ കുറ്റാന്വേഷണം; ത്രില്ലടിപ്പിക്കുന്ന 'ഗോള'ത്തിന് പിന്നിൽ ഇവർ
Mail This Article
ഇടവേളയ്ക്കു പിരിയുമ്പോൾത്തന്നെ കൊലപാതകി ആരാണെന്ന് ഏകദേശ രൂപം കിട്ടും. പക്ഷേ എങ്ങനെ കൊല നടത്തിയെന്നറിയാൻ രണ്ടാം പകുതിക്കുവേണ്ടി കാത്തിരുന്നേ മതിയാകൂ. എത്രയും വേഗം തിയറ്ററിലെ സീറ്റിൽ മടങ്ങിയെത്താൻ കാണികളെ പ്രേരിപ്പിക്കുന്ന ഈ ചരടാണ് ഗോളം എന്ന സിനിമയുടെ വിജയം. എവിടെയും ഇഴ പൊട്ടാതെ ആ ചരട് കാഴ്ചക്കാരെ സിനിമയുടെ അവസാനം വരെ കൂട്ടിക്കൊണ്ടുപോകുന്നു. ആദ്യപകുതി അർധവൃത്തമാണ്. രണ്ടാം പകുതിയോടെ അത് പൂർണമാകുന്നു, ഗോളം. ക്രൈം ത്രില്ലറിന്റെ മുഴുവൻ ദുരൂഹതയും ടെൻഷനും നിലനിർത്തി ഈ സർക്കിൾ അവർ പൂർണമാക്കുന്നു, പുതുമുഖങ്ങളായ സംജാദും പ്രവീണും. സംജാദിന്റെ ആദ്യ സംവിധാന സംരംഭമാണിതെന്ന് തോന്നുകയേ ഇല്ല, അത്രമാത്രം പെർഫെക് ഷൻ. എവിടെയും വിള്ളൽ വീഴാത്ത തിരക്കഥ ഒരുക്കിയത് സംജാദും പ്രവീൺ വിശ്വനാഥും ചേർന്ന്. ഈ തിരക്കഥ ഒറ്റയ്ക്കെന്ന പോലെ തോളിലേറ്റി മുന്നോട്ടു കൊണ്ടുപോകുകയാണ് കുറ്റാന്വേഷണ പൊലീസ് ഓഫിസർ എ എസ് പി സന്ദീപ് കൃഷ്ണയുടെ റോളിലൂടെ രഞ്ജിത് സജീവ് എന്ന നടൻ. ഈ വൃത്തം ഇവിടംകൊണ്ടു തീരുന്നില്ല. അത് വീണ്ടും കറങ്ങും. ജിബ്സൺ എന്ന സണ്ണി വെയ്നിന്റെ കഥാപാത്രം, മരിച്ചു പോയ കമ്പനി പാർട്ണറുടെ കസേരയിൽ അമർന്നിരുന്ന് ഒരു സിഗരറ്റിനു തീ കൊളുത്തുന്നതോടെ. അത് ഗോളത്തിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള യാത്രയാണ്.
രണ്ടാം ഭാഗമുണ്ട്
രണ്ടാം ഭാഗത്തിന്റെ വൺ ലൈൻ തയാറാണ്. പക്ഷേ സിനിമ എന്നായിരിക്കുമെന്ന് ഇപ്പോൾ പറയുന്നില്ല- സംജാദും പ്രവീണും വ്യക്തമാക്കുന്നു. ഈ കൊലപാതകത്തിലെ ജിബ്സണിന്റെ ഇടപെടലായിരിക്കുമോ ഗോളം 2ന്റെ പ്രമേയം. അതോ ജിബ്സണെ മുൻനിർത്തി കാണാച്ചരട് തിരയുകയോ..?
കോട്ട വെറുതെ, പുഴു രൂപത്തിൽ മരണം
വലിയ കോട്ട പണിതു സുരക്ഷിതനാകാൻ ശ്രമിച്ചിട്ടും പരീക്ഷിത് രാജാവ് തക്ഷകനെന്ന സർപ്പത്തിന്റെ കടിയേറ്റു മരിച്ചെന്നു പുരാണകഥ. പഴത്തിനുള്ളിലെ പുഴുവായി കോട്ടയ്ക്കകത്തു കയറിയ തക്ഷകൻ, രാജാവിനെ കൊന്നു. ഏതു ലെവലിൽ വിഹരിക്കുന്നവനാണെങ്കിലും കൊല്ലണമെന്നു കരുതി ആരെങ്കിലും ഒരുമ്പെട്ടിറങ്ങിയാൽ അതു നടപ്പായതു തന്നെ. കാരണം അവന്റെ പരീക്ഷണം ഒരു കത്തിക്കുത്തുപോലെ അവരുടെ ഹൃദയങ്ങളെ പിളർത്തിക്കൊണ്ടിരിക്കുകയാണ്. സിനിമ പകുതിയാകുമ്പോൾ ആരാണ് കൊലപാതകിയെന്ന് വ്യക്തമാകുമെങ്കിലും എങ്ങനെ നടപ്പാക്കിയെന്നതറിയാൻ ബാക്കി പകുതിയിലേക്ക് ഗോളം കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ക്രൈം ത്രില്ലറിലേക്ക് മികച്ചൊരു സിനിമകൂടി. ആക്ഷനെന്ന സ്ഥിരം ചേരുവയില്ലാതെ നൈസായി ഒരു ത്രില്ലർ പിറക്കുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ സംജാദ് എന്ന സംവിധായകൻ ഞെട്ടിക്കുകയാണ്. തിരക്കഥയൊരുക്കിയ പ്രവീൺ ചിത്രത്തിലെ അഭിനേതാവുകൂടിയാണ്. മലയാള സിനിമയുടെ പൂക്കാലമായി ക്രൈം ജോണർ മാറുമ്പോൾ കഥയൊഴുക്കിന്റെ വ്യത്യസ്തതയുമായി സംജാദ് – പ്രവീൺ പുതുമുഖ ജോടികൾ വരവറിയിക്കുന്നു.
14 വർഷത്തെ സൗഹൃദം, ഏഴാമത്തെ തിരക്കഥ
14 വർഷത്തെ സൗഹൃദമാണ് സംജാദും പ്രവീണും തമ്മിലുള്ളത്. ഇരുവരും ചേർന്നെഴുതിയ ഏഴാമത്തെ തിരക്കഥയാണിത്. ആദ്യമെഴുതിയ ആറെണ്ണം ഇപ്പോഴും വീട്ടിൽ ഭദ്രം. പതിനെട്ടോളം ഹ്രസ്വചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ളൊരു പരീക്ഷണ സിനിമ തന്നെയെടുത്തു, നിർമാതാക്കളെ കണ്ടെത്താൻ. സിനിമയുടെ വഴിയിലേക്കെത്താൻ കുറച്ചൊന്നുമല്ല ഇരുവരും സഹിച്ചത്. ഗൾഫിലായിരുന്നു ഇരുവർക്കും ജോലി. വിഷ്വൽ കമ്മ്യൂണിക്കേഷൻ സ്ഥാപനത്തിൽ ആനിമേറ്റർ കം എഡിറ്ററായിരുന്നു പെരുമ്പാവൂർ സ്വദേശിയായ സംജാദ്. സേഫ്റ്റി ഓഫിസറായിരുന്നു പ്രവീൺ. സിനിമാ മോഹം എങ്ങുമെത്താതെ പോയതോടെയാണ് ഇരുവരും ഗൾഫിലേക്കു പോയത്. ഇടവേളകളിൽ നാട്ടിലെത്തുമ്പോൾ ഹ്രസ്വചിത്ര നിർമാണം മുടക്കമില്ലാതെ തുടർന്നു. കോവിഡ് സമയത്ത് സംജാദ് ഗൾഫ് ഉപേക്ഷിച്ചു. അതിനും കുറച്ചു കാലം മുൻപേ പ്രവീൺ നാട്ടിലെത്തി. രണ്ടു ജോലിയും ഒരുമിച്ചു കൊണ്ടു പോകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും ഒരേ സമയം ജോലി ഉപേക്ഷിച്ച് സിനിമയുടെ ലോകത്തേക്കിറങ്ങി. അടുത്ത സുഹൃത്തുക്കൾക്കും വീട്ടുകാർക്കും കൂട്ടുകാർക്കും ഭാര്യക്കുമെല്ലാം ഗോളത്തിന്റെ തിരക്കഥ വായിക്കാൻ കൊടുത്തു. അവർക്കെല്ലാം ഇഷ്ടമായി. അങ്ങനെയാണ് ഈ തിരക്കഥ ഓണാകുന്നതും സിനിമയാകുന്നതും. പ്രവീൺ ഈ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്.
രഞ്ജിത്തിന്റെ പൊലീസ് തിളക്കം
ഓഫിസ് സമയത്ത് വി ടെക് ഇന്റർനാഷനൽ എന്ന കോർപറേറ്റ് സ്ഥാപനത്തിന്റെ എംഡി ബാത്ത് റൂമിൽ കൊലചെയ്യപ്പെടുന്നതും പ്രതികളിലേക്കുളള യാത്രയുമാണ് ഗോളം. സിനിമയുടെ ഭൂരിഭാഗം സമയവും ക്യാമറ കറങ്ങിയിരുന്നത് ഓഫിസിന്റെ നാലു ചുമരുകൾക്കുള്ളിലാണെങ്കിലും തിരക്കഥയുടെ കരുത്ത് അതിന്റെയൊക്കെ പരിമിതികൾ മറികടന്നു. മൈക്ക്, ഖൽബ് എന്നതടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ച രഞ്ജിത് സജീവ്, വാർത്തെടുത്ത പോലെയുള്ള പൊലീസ് യൂണിഫോമിലേക്ക് തികച്ചും ഫിറ്റ്. സിനിമയുടെ ആകർഷണത്തിന്റെ വലിയ പങ്ക് രഞ്ജിത്തിന്റെ വൺമാൻ ഷോയ്ക്കാണ്. ആദ്യ സംരംഭമായതിനാൽ അഭിനേതാക്കൾക്കായി ഒരുപാട് പണം ചിലവഴിക്കാവുന്ന അവസ്ഥയിലായിരുന്നില്ല സംവിധായകനടക്കമുള്ളവർ. അങ്ങനെയിരിക്കെയാണ് രഞ്ജിത് ഇവർക്കു മുന്നിലെത്തുന്നത്. സ്ഥിരം മുഖങ്ങൾക്കു പകരം ഓർത്തിരിക്കാവുന്ന ഗ്രാവിറ്റിയിലൊരു കാക്കി വേഷം, അതാണ് എ എസ് പി സന്ദീപ്. സിദ്ദീഖും ദിലീഷ് പോത്തനും അലൻസിയറുമൊന്നും വിശദീകരണം വേണ്ടാത്ത നടന്മാർ. കാതൽ ഫെയിം സുധി കോഴിക്കോടും ചെറിയൊരു വേഷത്തിലുണ്ട്.
അടുത്തത് മിസ്റ്ററി ത്രില്ലർ
ഓഫിസ് മുറിയുടെ തണുപ്പിൽ കമ്പനിയുടെ പാർട്ണർ, പുതിയ എംഡിയായി കസേരയിലമരുന്നതോടെ പ്രേക്ഷകർക്കു മുൻപിലുള്ള കാഴ്ചകൾ തീരുന്നു. എന്നാൽ സിനിമ അവിടെ തീരുന്നില്ല. കാരണം 'മിസ്റ്ററി കണ്ടിന്യൂസ്' എന്ന വാക്കുകൾ 'ഗോളം2' ലേക്കുള്ള വാതിലാണ്. എന്നാൽ അതിനും മുൻപേ മറ്റൊരു മിസ്റ്ററി ത്രില്ലർ സിനിമയുമായി ഇരുവരുമെത്തും. അതിന്റെ ഒരുക്കത്തിലാണ് സംജാദും പ്രവീണും.