ADVERTISEMENT

വലിയ ബഹളങ്ങളില്ലാതെ തിയറ്ററലെത്തി പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയാണ് നവാഗതനായ സംജാദ് സംവിധാനം ചെയ്ത ഗോളം. മൈക്ക്, ഖൽബ് എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ രഞ്ജിത് സജീവ് പൊലീസ് വേഷത്തിലെത്തിയ ചിത്രം അവതരണത്തിലെ പുതുമയും പ്രകടനത്തിലെ മികവും കൊണ്ടാണ് മൗത്ത് പബ്ലിസിറ്റി നേടിയെടുത്തത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി രഞ്ജിത് സജീവ് 

പൊലീസ് വേഷം എന്ന ചാലഞ്ച്

എന്നിലെ അഭിനേതാവിന് വലിയൊരു ചാലഞ്ച് ആയിരുന്നു ഗോളത്തിലെ എസിപി സന്ദീപ് കൃഷ്ണ എന്ന കഥാപാത്രം. ഞാൻ മുൻപ് ചെയ്ത മൈക്ക്, ഖൽബ് എന്നീ സിനിമകളിൽ 'ലവർ ബോയ്' എന്നൊരു ഇമേജ് ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ നിന്നു അൽപം പക്വത ആവശ്യപ്പെടുന്ന കഥാപാത്രമാണ് ഗോളത്തിലേത്. 'കോൾഡ് ആൻഡ് കാൽകുലേറ്റീവ്' ആയി കേസ് അന്വേഷിക്കുന്ന ഒരു യുവ പൊലീസ് ഓഫിസർ. അത് എനിക്ക് ഒരു ക്രിയേറ്റീവ് ചലഞ്ച് ആയിരുന്നു. എന്റെ ഒരു ഫ്ലേവർ ആ കഥാപാത്രത്തിനു കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഞാനും സംവിധായകൻ സംജാദും എഴുത്തുകാരൻ പ്രവീണും ചേർന്നിരുന്നാണ് ഈ കഥാപാത്രത്തെ വികസിപ്പിച്ചെടുത്തത്. അവർക്ക് ഞാൻ ഇതു ചെയ്താൽ നന്നാകും എന്ന ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു അവർ എന്നെ സമീപിച്ചതും. മൈക്ക് കണ്ടിട്ടാണ് അവർ എന്നെ ഗോളത്തിലേക്ക് ക്ഷണിക്കുന്നത്. 

ഓരോ സീൻ എടുക്കുന്നതിനു മുൻപും കൃത്യമായ തയാറെടുപ്പുകൾ ഉണ്ടായിരുന്നു. ചെയ്യുന്ന കഥാപാത്രങ്ങളുമായി വ്യക്തിപരമായി കണക്ട് സ്ഥാപിച്ചെടുത്താണ് ഞാൻ വേഷത്തിലേക്ക് കേറുന്നത്. മൈക്കിലെ ആന്റണി ജോൺ ആണെങ്കിലും ഖൽബിലെ കാൽപ്പോ ആണെങ്കിലും അത്തരത്തിൽ വ്യക്തിപരമായി കണക്ട് ചെയ്തെടുത്താണ് ഞാൻ അവതരിപ്പിച്ചത്. ഗോളത്തിൽ ആ പ്രോസസ് അൽപം ചാലഞ്ചിങ് ആയിരുന്നുവെന്ന് മാത്രം. കാരണം, എന്റെ യഥാർഥ ജീവിതവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത കഥാപാത്രമാണ് എസിപി സന്ദീപ് കൃഷ്ണ. 

ranjith-sajeev33

രണ്ടാഴ്ച നീണ്ട ഒരുക്കം

സിനിമയിലെ മൊത്തം അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമായി രണ്ടാഴ്ച നീണ്ടു നിന്ന ഒരു വർക് ഷോപ് നടത്തിയിരുന്നു. എല്ലാവരും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സ്ക്രിപ്റ്റ് വായിക്കുന്നതായിരുന്നു അതിലെ പ്രധാന കാര്യം. എല്ലാവരും അവരവരുടെ കഥാപാത്രത്തിന്റെ ഡയലോഗ് പറയും. റഫറൻസ് മ്യൂസിക് ഇട്ടാണ് പലപ്പോഴും ഈ സ്ക്രിപ്റ്റ് റീഡിങ് സെഷൻ നടക്കുക. ഈ കൂടിയിരിക്കലും വായനയും അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രി പരുവപ്പെടുന്നതിന് സഹായകരമായി. ഷൂട്ടിങ്ങിലും ഈ അനുഭവം വളരെയേറെ ഗുണം ചെയ്തു. സത്യത്തിൽ ഷൂട്ടിങ് എളുപ്പമാക്കിയത് ആ സ്ക്രിപ്റ്റ് റീഡിങ് സെഷനായിരുന്നു. ഡയലോഗ് ഡെലിവറി മെച്ചപ്പെടുത്തുന്നതിനും ഈ വർക് ഷോപ് സഹായിച്ചു. 

 

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

പോത്തേട്ടൻ ബ്രില്യൻസ്

അഭിനേതാവ് എന്ന നിലയിൽ ഏറെ പരിവർത്തനങ്ങൾക്കു വിധേയമാകുന്ന സമയമാണ് ഇത്. മൂന്നാമത്തെ സിനിമയിൽ തന്നെ ദിലീഷ് പോത്തൻ, സിദ്ദീഖ് എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരുപാടു കാര്യങ്ങൾ നേരിട്ടു മനസിലാക്കാൻ സഹായിച്ചു. ദിലീഷേട്ടനോടു സംസാരിച്ചതു മുഴുവനും സിനിമയായിരുന്നു. എല്ലാ സിനിമകളും കാണുന്ന വ്യക്തിയാണ് അദ്ദേഹം. നടനും സംവിധായകനുമായതിനാൽ ക്രിയാത്മകമായ ഉൾക്കാഴ്ച നൽകുന്നതായിരുന്നു അദ്ദേഹവുമായിട്ടുള്ള വർത്തമാനങ്ങൾ. 

ടിപ്സ് തരുന്ന സിദ്ദീഖ് ഇക്ക

ഖൽബിൽ സിദ്ദീഖ് ഇക്കയുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതു ഗോളത്തിൽ ഉപകരിച്ചു. വലിയ ഡയലോഗുകൾ ഉള്ള രംഗങ്ങളാണ് ഞങ്ങൾക്കുള്ളത്. ഡയലോഗുകൾ മുൻകൂട്ടി പഠിച്ചാണ് ഞാൻ സെറ്റിലെത്തുക. എന്റെ രീതിയിൽ പഠിച്ചാണ് ഞാൻ എത്തുന്നത്. പക്ഷേ, അതിൽ ചില തിരുത്തലുകൾ സിദ്ദീഖ് ഇക്ക പറഞ്ഞു തരും. പഠിച്ചതിൽ നിന്നു മാറി ചെയ്യുന്നത് എനിക്ക് ടെൻഷനുണ്ടാക്കുന്ന സംഗതിയാണ്. പക്ഷേ, അദ്ദേഹം ധൈര്യം തരും. ഒടുവിൽ സീൻ എടുത്തു കഴിഞ്ഞ് സ്പോട്ട് എഡിറ്റഡ് ക്ലിപ് കാണുമ്പോൾ അദ്ദേഹം പറഞ്ഞ രീതിയായിരുന്നു ശരിയെന്ന് തിരിച്ചറിയും. അങ്ങനെ കുറെ തരത്തിൽ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ശരിക്കും കൈ പിടിച്ചു നടത്തുക, എന്നൊക്കെ പറയില്ലേ. അങ്ങനെയായിരുന്നു അദ്ദേഹം. 

ranjith-sajeev3

ആ അനുഭവം സമ്മാനിക്കൽ എളുപ്പമല്ല

സിനിമ വലിയൊരു അനുഭവമാണ്. റിയൽ ലോകത്തിലെ പ്രശ്നങ്ങളിൽ നിന്നും ടെൻഷനിൽ നിന്നുമൊക്കെ ആളുകളെ കുറച്ചു നേരത്തേക്കെങ്കിലും മാറ്റി നിറുത്താൻ സഹായിക്കുന്ന വലിയൊരു മാധ്യമമാണ് സിനിമ. സിനിമ കാണുന്ന രണ്ടു രണ്ടര മണിക്കൂർ സ്വന്തം പ്രശ്നങ്ങൾ പ്രേക്ഷകർ മറക്കും. സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്ക് കിട്ടുന്നത് റിഫ്രഷ്ഡ് എനർജിയാണ്. അത്രയും കരുത്തുള്ള മാധ്യമമാണ് സിനിമ. അതാണ് എന്നെ ഇതിലേക്ക് ആകർഷിച്ചതും. സിവിൽ എനിജിനീയറിങ്ങിലാണ് ബിരുദമെങ്കിലും പെർഫോമൻസ് ആർട്സിനോട് എന്നും ഒരു ഇഷ്ടമുണ്ടായിരുന്നു. പഠനത്തിനൊപ്പം ഈ ഇഷ്ടവും കൈവിട്ടില്ല. ഭാഗ്യത്തിന് സിനിമയിൽ അവസരം ലഭിച്ചു. കിട്ടുന്ന അവസരങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. പ്രേക്ഷകർ ഓർത്തിരിക്കുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് എന്റെ സ്വപ്നം. സിനിമയെ മികച്ചതാക്കുന്നത് അഭിനേതാക്കൾ മാത്രമല്ല. മികച്ച സാങ്കേതികപ്രവർത്തകരുടെ കൂട്ടായ പരിശ്രമം ഉണ്ടെങ്കിലേ തിയറ്ററിൽ സിനിമ ഒരു അനുഭവമാകൂ. ഈ അനുഭവം മാത്രമാണ് പ്രേക്ഷകർ പരിഗണിക്കുന്നത്. ആ അനുഭവത്തിന് പിന്നിൽ വലിയൊരു സംഘത്തിന്റെ പരിശ്രമമുണ്ട്. ആ ശ്രമങ്ങൾക്ക് അംഗീകാരം കിട്ടുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. 

ഗോളം 2 വരും

തുടക്കം മുതൽ തന്നെ ഗോളത്തിന് ഒരു തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു. സംജാദും പ്രവീണും അത്രയേറെ ഹോംവർക്ക് ചെയ്താണ് ഈ തിരക്കഥ ഒരുക്കിയത്. സാങ്കേതികമായ കുറ്റമറ്റ രീതിയിലുള്ള ത്രില്ലർ ഒരുക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്. കുറ്റാന്വേഷണ രീതിയും കുറ്റകൃത്യം നടക്കുന്ന രീതിയുമെല്ലാം പുതുമ നിറഞ്ഞതാണ്. വലിയ സ്റ്റാർ വാല്യൂ ഇല്ലാത്ത സിനിമയായിട്ടും നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും കിട്ടിയത്. ക്വാളിറ്റി കണ്ടന്റ് കൊടുത്താൽ മലയാളി പ്രേക്ഷകർ ഹാപ്പിയാണ്. സാങ്കേതികമായി അറിവുള്ളവരാണ് അവർ. എന്തായാലും ഗോളം 2, ഇതിനേക്കാൾ വലുതും മികച്ചതും ആകും. ഉറപ്പായും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന പരിപാടിയാകും.  

English Summary:

Chat with actor Ranjith Sajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com