ADVERTISEMENT

ഇതുവരെ കാണാത്തൊരു ഹണി റോസിനെയാണ് ‘റേച്ചൽ’ ടീസറിൽ പ്രേക്ഷകർ കണ്ടത്. പുതുമുഖസംവിധായികയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ ഇറങ്ങിയപ്പോൾ തന്നെ ഹണി റോസിന്റെ മേക്കോവർ കണ്ട ഞെട്ടലിലായിരുന്നു ആരാധകർ. വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും വെളിപ്പെടുത്തുന്നത്. മലയാളത്തിനു പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്ന ഹണി റോസിന്റെ ആദ്യ പാൻ ഇന്ത്യൻ റിലീസ് ആണ് റേച്ചൽ. ആ സിനിമയ്ക്കായി ഇറച്ചി വെട്ടുകാരി ആയി മാറിയ അനുഭവം പറയുകയാണ് ഹണി റോസ്. സിനിമയിൽ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആദ്യമായാണ് 'ഹണി റോസ് ഇൻ ആൻഡ് ആസ്' എന്ന ടാഗ് ലൈനിൽ ഒരു സിനിമ ചെയ്യുന്നതെന്ന സന്തോഷവും താരം പങ്കുവയ്ക്കുന്നു....

ഇത് എന്റെ സ്വന്തം സിനിമ 

ഒരു  ചെറുകഥയിൽ നിന്ന് എഴുതിയ സ്ക്രിപ്റ്റ് ആണ് റേച്ചലിന്റേത്. ആനന്ദിനി കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് റേച്ചലിനോട് താൽപര്യം തോന്നി. അന്നു പറഞ്ഞത് ആ ചെറുകഥയാണ്. അതിനു ശേഷമാണ് സ്ക്രിപ്റ്റ് എഴുതുന്നത്. അന്നുമുതൽ ആ സിനിമയോടൊപ്പം മുഴുവൻ സമയവും ഞാൻ ഉണ്ട്. സാധാരണ സിനിമ ചെയ്യുമ്പോൾ, എന്നോട് പറയുന്ന കഥാപാത്രം അഭിനയിച്ചിട്ട് പോവുകയാണ് പതിവ്. പക്ഷേ, ആദ്യം മുതൽ ഒരു സിനിമയോടൊപ്പം കൂടുന്നത് എന്റെ ആദ്യത്തെ അനുഭവമാണ്. അതുകൊണ്ട് തന്നെ ഇത് എന്റെ സ്വന്തം സിനിമയാണ്. റേച്ചലിനോട് എനിക്ക് വൈകാരികമായ ഒരു അടുപ്പവും ഉണ്ട്. ഈ സിനിമയുടെ എല്ലാ കാര്യത്തിലും ഞാനും ഒപ്പമുണ്ടായിരുന്നു. സിനിമയോടൊപ്പം പ്രവർത്തിച്ചവർ എല്ലാം ഒരു കുടുംബം പോലെ ആത്മാർഥമായി പ്രവർത്തിച്ച സിനിമയാണ് റേച്ചൽ. 

   

ഇറച്ചിവെട്ടുകാരി റേച്ചൽ 

ഈ സിനിമയിൽ ഞാൻ ഇറച്ചിവെട്ടുകാരി ആയാണ് അഭിനയിക്കുന്നത്. അത്തരംകഥാപാത്രം ആയതുകൊണ്ട് തന്നെ ഒരൊറ്റ ദിവസം കൊണ്ട്  ഓടിപ്പോയി അഭിനയിക്കാൻ പറ്റില്ല. ഇറച്ചി വെട്ടുന്നവർ എല്ലാം, ആ ജോലി ചെറുപ്പം മുതൽ കണ്ടു വളർന്നു വരുന്നവരാണ്. അതുകൊണ്ടു തന്നെ അത്തരം ആളുകളെ കണ്ട് പഠിക്കേണ്ടി വന്നു. ഞാൻ സഞ്ചരിക്കുന്ന വഴിയിൽ എവിടെ ഇറച്ചിക്കട കണ്ടാലും അവിടെ വണ്ടി നിർത്തി, അവർ ചെയ്യുന്നത് കണ്ടു പഠിക്കുമായിരുന്നു. ഇത് ചെയ്യുന്ന ഓരോ ആളിനും അവരുടേതായ ഒരു സ്റ്റൈലും കൈവഴക്കവുമൊക്കെ ഉണ്ട്. സിനിമയുടെ അണിയറക്കാർ ഇറച്ചി വെട്ടുന്ന ഒരു ചേട്ടനെ പരിചയപ്പെടുത്തി തന്നു. ഞങ്ങൾ കശാപ്പ് ശാലയിൽ പോയി, ആ ചേട്ടൻ അവിടെ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടു പഠിച്ചു. അതിനു ശേഷം ഞാനും ഇറച്ചി വെട്ടി പ്രാക്ടീസ് ചെയ്തു. 

പല ദിവസത്തെ പ്രാക്ടീസ് കഴിഞ്ഞിട്ടാണ് ക്യാമറയ്ക്കു മുന്നിൽ എത്തിയത്. പ്രാക്ടീസിന്റെ സമയത്ത് രാവിലെ കുറെ ഇറച്ചി ഇങ്ങനെ കൊണ്ട് വയ്ക്കും. ഞാൻ നിന്നു വെട്ടും. അവസാനം, വെട്ടി വെട്ടി ഇറച്ചി പേസ്റ്റ് ആകും. ഇറച്ചി കഷണങ്ങളാക്കി മുറിച്ചാണ് എനിക്ക് തരിക അതുകൊണ്ട് ചോര തെറിക്കാൻ പാകത്തിന് ഉണ്ടാകില്ല. നമ്മൾ ഇറച്ചി വാങ്ങാൻ പോകുമ്പോൾ, അവിടെ വിൽക്കാൻ വച്ചിരിക്കുന്ന ഇറച്ചി അല്ലേ കാണുന്നുള്ളൂ. ഇറച്ചിവെട്ടുകാരി ആകുമ്പോൾ വെട്ടുന്ന മൃഗത്തിന്റെ പല ഭാഗങ്ങൾ, തല, നാക്ക്, വാല്, ആന്തരിക അവയവങ്ങൾ ഒക്കെ എടുത്തു വച്ചിരിക്കുന്നത് കാണേണ്ടി വരും. ആദ്യമൊക്കെ ഒരു അറപ്പ് തോന്നിയിരുന്നു. പിന്നെ പിന്നെ അതു മാറി. അങ്ങനെ പരിചയമില്ലാത്ത കുറെ കാര്യങ്ങൾ ചെയ്ത ഒരു സിനിമയാണ് റേച്ചൽ.  

honey-rose2

ബ്ലൗസും പാവാടയും അണിഞ്ഞ് ലുക്ക് ടെസ്റ്റ് 

ഈ കഥാപാത്രം ഞാൻ ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നെ ലുക്ക് ടെസ്റ്റ് നോക്കി. ഒരു ബ്ലൗസും പാവാടയും ഇട്ട് നോക്കി. അതാണ് റേച്ചലിന്റെ വേഷം. അത് ഇട്ടുകണ്ടപ്പോൾ എല്ലാവരും ഓക്കേ പറഞ്ഞു. പിന്നെ ഒരു ഫോട്ടോഷൂട്ട് ചെയ്തു. അതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നത്. മേക്കപ്പ് ഇല്ലാതെയാണ് ചെയ്തത്. എന്റെ കളർ ചെയ്ത മുടി കറുപ്പാക്കി ചുരുട്ടി കെട്ടി വച്ചു. ഒരു ബ്ലൗസും പാവാടയും ഇട്ടു. ആകെ അതാണ് ചെയ്തത്. റേച്ചൽ വളരെ ഓമനിച്ച് വളർത്തപ്പെട്ട പെൺകുട്ടി ആണ്. ഒരു സാഹചര്യം വരുമ്പോഴാണ് ഈ ജോലിയിലേക്ക് ഇറങ്ങിയത്. അതുകൊണ്ട് ജോലി ചെയ്തു വളർന്ന ഒരു ലുക്ക് ആക്കേണ്ട ആവശ്യമില്ലായിരുന്നു. മേക്കപ്പ് ഒന്നും ചെയ്തില്ല. റേച്ചൽ ആയി കഴിഞ്ഞ് കണ്ണാടിയിലും വിഷ്വലിലും  ഒക്കെ നോക്കിയപ്പോൾ എനിക്ക് എന്നെ കാണാൻ കഴിഞ്ഞില്ല. അത് റേച്ചൽ തന്നെ ആയിരുന്നു. സാധാരണ ഏതു സിനിമയിലായാലും കഥാപാത്രം കാണുമ്പൊൾ എന്നെപോലെ തന്നെ ഇരിക്കും. പക്ഷേ, റേച്ചൽ പൂർണമായും വ്യത്യസ്തയാണ്.

raechel-honey-rose

'ഹണി റോസ് ഇൻ ആൻഡ് ആസ്' 

ടീസർ ഇറങ്ങിയപ്പോൾ 'ഹണി റോസ് ഇൻ ആൻഡ് അസ്' എന്ന് എഴുതി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിൽ അങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല. ഞാൻ ഒരുപാട് പാഷനോടെ കാണുന്ന ഒരു ജോലിയാണ് സിനിമ അഭിനയം. പക്ഷേ, ഇതുവരെ സ്ത്രീ പ്രാധാന്യമുള്ള ഒരു സിനിമ കിട്ടിയിട്ടില്ല.  റേച്ചൽ ഒരു ഭാഗ്യമായി കാണുന്നു. നമ്മൾ ചെയ്യുന്ന കാര്യത്തിൽ നൂറു ശതമാനം ആത്മസമർപ്പണം ഉണ്ടെങ്കിൽ ഏറ്റവും മികച്ചത് നമ്മെ തേടിയെത്തും. ഈ സിനിമ അങ്ങനെയാണ്. ദൈവത്തിന്റെ കയ്യൊപ്പുള്ള സിനിമയാണ് ഇതെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ആനന്ദിനി ബാല ആണ് റേച്ചൽ സംവിധാനം ചെയ്യുന്നത്. ബാദുഷ ആണ് സിനിമ നിർമിക്കുന്നത്. എബ്രിഡ് ഷൈൻ സർ ആണ് സിനിമ പ്രസന്റ് ചെയ്യുന്നത്. സിനിമയുടെ നിർമാണത്തിൽ ഉടനീളം അദ്ദേഹം ഉണ്ടായിരുന്നു.   

honey-rose-fashion4

റേച്ചൽ ഒരു പാൻ ഇന്ത്യൻ പ്രോജക്ട് 

എന്റെ ആദ്യത്തെ പാൻ ഇന്ത്യൻ പ്രോജക്ട് ആണ് റേച്ചൽ. അഞ്ചു ഭാഷയിൽ ആണ് സിനിമ ഇറങ്ങുന്നത്. മലയാളത്തിൽ ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. ഹിന്ദിയിൽ ഞാൻ ഡബ്ബ് ചെയ്തു നോക്കി. അത് ഭീകര പരാജയമായിരുന്നു. അന്യഭാഷകളിലെ ഒരു സ്ലാങ് നമുക്ക് പിടിക്കാൻ പറ്റില്ല. അതുകൊണ്ട് അവിടെയുള്ളവരൊക്കെ തന്നെയാണ് ഡബ്ബ് ചെയ്തത്. അഞ്ചു ഭാഷകളിലെയും ടീസർ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. തെലുങ്ക് ഇൻഡസ്ട്രിയിൽ സിനിമ ചെയ്തിട്ടുള്ളതുകൊണ്ട് വലിയ സ്വീകാര്യതയാണ് അവിടെ കിട്ടുന്നത്. വീരസിംഹ റെഡ്ഢി റിലീസ് സമയത്താണ് മോൺസ്റ്റർ ഇവിടെ റിലീസ് ചെയ്തത്. അത് കണ്ടിട്ട് അവിടെ ഭയങ്കര അഭിപ്രായമായിരുന്നു. മോൺസ്റ്ററിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യാൻ പറ്റി. കുറെ അടരുകളുള്ള ഒരു കഥാപാത്രമായിരുന്നു അത്. മോഹൻലാൽ സാറിന്റെ ഒരു സിനിമയിൽ അത്രയും നല്ലൊരു വേഷം കിട്ടിയതിൽ സന്തോഷമുണ്ട്.  

honey-rose-fashion

റേച്ചലിനെ എല്ലാവരും ഏറ്റെടുക്കണം 

ബാബുരാജ് ചേട്ടൻ, ഷാജോൺ ചേട്ടൻ സലിം കുമാർ ചേട്ടന്റെ മകൻ ചന്തു, റോഷൻ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, പൗളി വിൽസൺ തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങൾ. ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമായ സിനിമയാണ്. എല്ലാവരും ഒന്നിനൊന്ന് മികച്ചതായി അഭിനയിച്ചിട്ടുണ്ട്.  ഈ സിനിമയിൽ നിങ്ങൾക്ക് ഹണി റോസിനെ കാണാൻ കഴിയില്ല. റേച്ചലിനെ മാത്രമെ കാണാൻ പറ്റൂ. ഈ റേച്ചൽ നിങ്ങളെ രസിപ്പിക്കും. എന്റെ ഹൃദയത്തോടൊപ്പം ചേർന്ന് നിൽക്കുന്ന സിനിമയാണ്. എല്ലാവരും ഈ സിനിമയോടൊപ്പം നിൽക്കുകയും സിനിമ തിയറ്ററിൽ വരുമ്പോൾ കണ്ട് അഭിപ്രായം പറയുകയും വേണം.    

    

ചാലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ

എനിക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ എല്ലാം ചെയ്യണം എന്ന് ആഗ്രഹമുണ്ട്. അനുയോജ്യമായ വേഷങ്ങൾ ഏതായാലും ചെയ്യണം. ഒരു നടി എന്ന നിലയിൽ എന്നെ ചാലഞ്ച് ചെയ്യുന്ന, റേച്ചലിനെ പോലെ സ്ത്രീ പ്രാധാന്യമുള്ള സിനിമകൾ ചെയ്യണം. അടുത്തത് ഒരു തെലുങ്ക് സിനിമയാണ്. സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങും.

English Summary:

Chat With Honey Rose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com