ADVERTISEMENT

‘ബാവ് രാ മൻ ദേഖ്നേ ചലാ ഏക്‌ സപ്നാ’ എന്ന വരികൾ മൂളി ‘മായാനദി’ കടന്നെത്തിയ ദർശന രാജേന്ദ്രൻ പിന്നീടങ്ങോട്ട് ശക്തമായ ഒരുപിടി സ്ത്രീകഥാപാത്രങ്ങളിലൂടെ മായാത്ത അഭിനയവിസ്മയങ്ങളാണു പ്രേക്ഷകർക്കു മുന്നിലൊരുക്കിയത്. പുരുഷപ്രേതത്തിലെ സൂസൻ, ജയ ജയ ജയ ജയ ഹേയിലെ ജയ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളെ മികവുറ്റതാക്കി പാരഡൈസിലെ അമൃതയിലെത്തി നിൽക്കുന്ന ദർശനയുടെ വിശേഷങ്ങൾ.

∙ ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ ഒരുക്കുന്ന പാരഡൈസ് എന്ന സിനിമ നൽകിയ ഓർമകൾ?

വിവാഹവാർഷികം ആഘോഷിക്കാനായി ശ്രീലങ്കയിലേക്ക് എത്തുന്ന ദമ്പതികൾ നേരിടുന്ന ചില പ്രതിസന്ധികളാണ് പാരഡൈസിന്റെ പ്രമേയം. പൂർണമായും ശ്രീലങ്കയിലായിരുന്നു ഷൂട്ടിങ് നടന്നത്. 2022ൽ ശ്രീലങ്ക നേരിട്ട സാമ്പത്തികമാന്ദ്യവും തുടർന്നുള്ള കലാപങ്ങളും ജനജീവിതവും പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. 

∙ ശ്രീലങ്കയിലെ അനുഭവങ്ങൾ?

സാമ്പത്തികമാന്ദ്യത്തിൽ പ്രയാസമനുഭവിക്കുന്ന ശ്രീലങ്കയുടെ ഗ്രൗണ്ട് റിയാലിറ്റി നേരിട്ട് അനുഭവിക്കാനായി. 2023 ഫെബ്രുവരിയിൽ ഒരു മാസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. നമ്മുടെ നാടിനോട് ഏറെ സമാനതകളുള്ള ഭൂപ്രദേശമാണിവിടം. എന്നാൽ ഉള്ളിലേക്ക് നോക്കുമ്പോൾ വ്യത്യാസങ്ങളുമേറെയാണ്. 

∙ പാരഡൈസിലെ അമൃത എന്ന കഥാപാത്രം

വാക്കുകളിലൂടെയല്ല ഇമോഷൻസിലൂടെ സംസാരിക്കുന്ന കഥാപാത്രമാണവൾ. അവൾക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളോടുള്ള വാക്കുകൾക്ക് അപ്പുറമുള്ള ഓരോ പ്രതികരണങ്ങളും അഭിനേത്രി എന്ന നിലയിൽ ഏറെ സാധ്യതകൾ തുറന്നുതന്നിരുന്നു. വ്ലോഗറായി ജോലി ചെയ്യുന്ന അമൃത നോവൽ എഴുതാൻ ആഗ്രഹിക്കുന്ന ഒരാളാണ്.

∙ മുപ്പതിലേറെ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ ചിത്രമാണല്ലോ പാരഡൈസ്. ചലച്ചിത്രമേളകളിൽ പങ്കെടുത്ത അനുഭവം?

ബുസാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് (Kim Jiseok) അവാർഡ്, സ്പെയിനിലെ ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളാണു സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ആദ്യമായിട്ടായിരുന്നു ഞാൻ രാജ്യാന്തര ചലച്ചിത്രമേളകളിൽ പങ്കെടുക്കുന്നത്. 

∙ ആവേശം ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ അമ്മയുമിപ്പോൾ താരമാണല്ലോ.

അമ്മ നീരജ രാജേന്ദ്രൻ അൻപതോളം സിനിമകളിൽ അഭിനയിച്ചു. ഒട്ടേറെ പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ചെയ്തിട്ടുമുണ്ട്. എന്നാൽ, ആവേശം സിനിമയിലെ ‘ബിബിമോൻ ഹാപ്പിയല്ലേ’ എന്ന ‍ഡയലോഗുമായെത്തിയ കഥാപാത്രമാണ് അമ്മയെ ഇപ്പോൾ ഏറെ പ്രശസ്തയാക്കിയിരിക്കുന്നത്. അമ്മയ്ക്കു ലഭിക്കുന്ന സ്നേഹം ഏറെ സന്തോഷിപ്പിക്കുന്നു. പുതിയ ചിത്രമായ പാരഡൈസിലും അമ്മയൊരു റോൾ ചെയ്തിട്ടുണ്ട്. എന്റെ കഥാപാത്രം വീട്ടിലേക്ക് വിഡിയോകോൾ ചെയ്യുന്ന സീനിൽ സ്വന്തം അമ്മ തന്നെ അഭിനയിച്ചാൽ മതി എന്ന് നിർദേശിച്ചത് ഛായാഗ്രാഹകൻ രാജീവ് രവിയായിരുന്നു. അച്ഛൻ രാജേന്ദ്രനും സഹോദരി ഭാവനയുമെല്ലാം അഭിനയരംഗത്ത് സജീവമാണ്.

∙ പുതിയ സിനിമകൾ

ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ് ആണ് അടുത്ത് റിലീസ് ആകുന്നത്. ക്രിഷാന്ത് സംവിധാനം ചെയ്യുന്ന സംഭവവിവരണം നാലര സംഘം എന്ന വെബ് സീരിസിലുമുണ്ട്. ലൗ കാവേരി എന്ന തമിഴ് ചിത്രവും ഒരുങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com