ADVERTISEMENT

മിത്തും പുരാണവും തമ്മിലുള്ള നിതാന്ത അടുപ്പവും അകൽച്ചയും ചർച്ചയാകുന്ന പുതിയ കാലത്ത്, ശാസ്ത്രവും ഭൂതവും ഭാവിയും ചേർന്ന പുതിയതരം സിനിമയാണ് ‘കൽക്കി 2898 എ‍ഡി. പല ഭാഷകളിലായി പുറത്തിറങ്ങിയ സിനിമ മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് നീരജ അരുൺ എന്ന കോഴിക്കോട്ടുകാരിയാണ്. മനോരമ ഓണലൈനിനോട് നീരജ സംസാരിക്കുന്നു.

പരിഭാഷയുടെ ഭംഗി 

ഒരുപാട് ആസ്വദിച്ചാണ് ഈ ജോലി ചെയ്യുന്നത്. സിനിമയുടെ സാങ്കേതികത അറിയാതിരുന്ന കാലത്ത് സിനിമയുടെ പരിഭാഷയുടെ ശരിതെറ്റുകൾ ചിന്തിച്ചിരുന്നു. ഈ മേഖലയിൽ വളരെ പ്രശസ്തനായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ സാറിനെ പോലുള്ളവരുടെ വിവർത്തനങ്ങളുള്ള ഇതരഭാഷ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും, സാധാരണ ഡബ്ബിങ് സിനിമകൾ കാണുന്നതിൽ വലിയ ഇഷ്ടമില്ലായിരുന്നു. ഭാഷകൾ അറിയാവുന്ന സിനിമകളെല്ലാം അതിന്റെ ഭാഷയിൽ മാത്രം കാണുന്നതായിരുന്നു എനിക്ക് ഇഷ്ടം. 

എന്നാൽ ഇന്ന് ഡബ്ബിങ് സിനിമകളുടെ ട്രെൻഡ് മാറിയല്ലോ. ഡബ്ബിങ് സ്ക്രിപ്റ്റുകൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. നല്ല തിരക്കഥയല്ല എഴുതിക്കൊടുക്കേണ്ടത്. ഡബ്ബ് ചെയ്യുമ്പോൾ കാണുന്നവർക്കും അഭംഗി തോന്നാത്ത തരത്തിൽ പരിഭാഷ ചെയ്യണം. നല്ല സിനിമകളുടെ മാത്രം ഭാഗമായാൽ മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ട് വളരെ സമയമെടുത്താണ് ഈ രംഗത്തേക്ക് ഇറങ്ങിയത്. കഴിഞ്ഞ അഞ്ചു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. കൽക്കിയുടെയും സലാറിന്റെയും ഭാഗമാകാൻ സാധിച്ചു. ഇപ്പോൾ മലയാളം കൽക്കി കണ്ടാലും ഡബ്ബിങ് സിനിമയാണെന്ന് തോന്നില്ല എന്ന് പലരും അഭിപ്രായം പറഞ്ഞുകേട്ടു. 

പുരാണം പഠിക്കേണ്ടിവന്നില്ല 

രാമായണം, മഹാഭാരതം, ഭാഗവതം, ബൈബിൾ, ഖുർആൻ തുടങ്ങിയ പുരാണങ്ങളൊക്കെ ചെറുപ്പം മുതൽതന്നെ വായിച്ചിട്ടും കേട്ടിട്ടുമുള്ളതാണ്. മോട്ടിവേഷനൽ ട്രെയിനിങ് ചെയ്യാറുണ്ട്. അപ്പോൾ സംസാരിക്കാനുള്ള കഥകൾക്കായും ഇത്തരം ഇതിഹാസങ്ങൾ റെഫർ ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് കൽക്കിക്ക് വേണ്ടി പ്രത്യേകം പുരാണങ്ങൾ പഠിക്കേണ്ടിവന്നില്ല. കൽക്കിയിലെ അശ്വത്ഥാമാവിന്റെ കഥ വളരെ ചെറിയൊരു ഭാഗത്തു മാത്രമാണല്ലോ വരുന്നത്. എങ്കിലും മുഴുവൻ കഥയും അറിഞ്ഞിരുന്നത് ആ കഥാപാത്രം ആരാണെന്നും അദ്ദേഹത്തിന് സംഭവിച്ചതെന്താണെന്നും വ്യക്തമായി മനസിലാക്കാൻ സഹായിച്ചു. ഈ ചെറിയ സമയത്തിനുള്ളിൽ ഇതൊന്നും പഠിക്കാനുള്ള സമയമില്ല.

kalki-3

കൽക്കി മലയാളത്തിൽ കണ്ടാൽ... 

ഈ ജോലിയുടെ 'ഹാപ്പി എൻഡിങ്' പ്രേക്ഷകർ പറയുന്ന അഭിപ്രായം തന്നെയാണ്. ‘‘ഡബ്ബിങ് മൂവി കാണുന്ന ഫീല്‍ ഇല്ല. ആസ്വദിക്കാൻ പറ്റി’’ എന്ന് ഒരു പ്രേക്ഷകൻ പറയുന്നിടത്തേക്ക് എത്തിക്കാൻ പറ്റുക എന്നതാണ് ഞങ്ങളുടെ ജോലി. പരിഭാഷപ്പെടുത്തിയ സിനിമ കാണുമ്പോൾ ആ കാര്യം മുഴുവനായും പ്രേക്ഷകർ മറന്ന്, ഏതു ഭാഷയിലാണോ കാണുന്നത്, അത് തന്നെയാണ് ഈ സിനിമയുടെ യഥാർഥ ഭാഷയെന്ന് തോന്നിപ്പിക്കാനാകണം. 

ഇങ്ങനെയുള്ള പ്രോജക്റ്റുകളെക്കുറിച്ച് സംസാരിക്കുമ്പോൾ മിക്കവാറും ആളുകൾ ചോദിക്കാറുണ്ട്  ‘‘ഓ ഇത് ട്രാൻസ്‌ലേഷൻ അല്ലേ?’’ എന്ന്. ഇത് യഥാർഥത്തിൽ ട്രാൻസ്‌ലേഷൻ അല്ല. സംവിധായകൻ നിർമിച്ച കലയെ ഏറ്റവും നല്ല രീതിയിൽ ആസ്വദിക്കാവുന്ന രൂപത്തിൽ പ്രേക്ഷകന്റെ മുൻപിലേക്ക് എത്തിക്കുക എന്നതാണ് പരിഭാഷയുടെ ലക്ഷ്യം. അത് പൂർത്തീകരിക്കാനായെന്നു തോന്നുന്നു. 

ട്രോളുകളും ഭാഷയും

നമ്മൾ എഴുതിയ ചെറിയ വാക്കു പോലും പ്രേക്ഷകന് അരോചകമായി തോന്നിയാൽ അത് ട്രോളാകും. ഡബ്ബിങ് സിനിമകൾക്കു അങ്ങനെയൊരു വിധി കൂടിയുണ്ട്. അതിൽനിന്നു രക്ഷപ്പെടാൻ ഈ കലയെ പരിഭാഷയാണെന്നു ധരിക്കാതെ ചെയ്തുതീർക്കുക എന്നതാണ്. അതിനു പ്രത്യേകം പരിശ്രമം ആവശ്യമാണ്.കൽക്കി പോലൊരു സിനിമ എഴുതാൻ രണ്ടു ദിവസം മാത്രമാണ് ലഭിക്കുന്നതെങ്കിൽ പെട്ടുപോകും. കൽക്കിയിൽ തെലുങ്കിൽ ഉപയോഗിച്ചിരിക്കുന്ന ചില ഡയലോഗുകൾ ഒരു കാരണവശാലും മലയാളത്തിൽ ഉപയോഗിക്കാൻ പറ്റാത്തതാണ്. അതിനെ ഏതു രീതിയിൽ ക്രിയേറ്റീവായി മാറ്റിയെടുക്കുന്നു എന്നതാണ് കാര്യം. അതുകൊണ്ട് ആ കഥയും കഥാപാത്രങ്ങളും അതിന്റെ പിന്നാമ്പുറ കഥകളും എല്ലാം മുന്നിൽ കണ്ട് എല്ലാ വശങ്ങളെക്കുറിച്ചും വളരെ വിശാലമായി മനസ്സിലാക്കി മാത്രമേ എഴുതാനും ഡബ്ബ് ചെയ്യാനും പാടുള്ളൂ. നൂറു ശതമാനം എഫർട്ട് ഇട്ടു ചെയ്താലും ഏതെങ്കിലും ഒരു സ്ഥലം പ്രേക്ഷകന് മോശമായി എന്ന് തോന്നിയാൽ അത് ട്രോളാകും. ‘കൽക്കി’യിൽ അങ്ങനെയുള്ള റിസ്ക് എനിക്ക് അനുഭവപ്പെട്ടിരുന്നു. പക്ഷേ അതിനെ വേണ്ട രീതിയിൽ മലയാളി പ്രേക്ഷകർക്കു വേണ്ടി മേക്കപ്പ് ചെയ്തു കൊണ്ടു വരാൻ പറ്റി എന്നാണ് എന്റെ വിശ്വാസം. 

ശോഭന
ശോഭന

കഥകൾ പറഞ്ഞും കേട്ടും പരിഭാഷ എളുപ്പമാക്കാം 

ഞാനൊരു മോട്ടിവേഷനൽ സ്പീക്കർ കൂടിയാണ്. ഒരുപാട് കഥകൾ എന്റെ ഉള്ളിൽ തന്നെയുണ്ട്. മനുഷ്യരുമായി ബന്ധപ്പെടുമ്പോൾ ഈ ഭൂമിയിലുള്ള എല്ലാ വിഷയങ്ങളിലൂടെയും നമ്മൾ കടന്നുപോകും. പുതിയ പുതിയ കാര്യങ്ങൾ അറിയാനും എപ്പോഴും ഇഷ്ടമുള്ള ഒരാളാണ് ഞാൻ. എങ്കിലും മനസ്സിലുള്ള പുതിയ ഒരു സബ്ജക്റ്റ് ചെയ്യുന്നതു പോലെയല്ല പരിഭാഷകരുടെ പണി. പലരും ചിന്തിച്ചുതയ്യാറാക്കിയ സംഭവമാണ് നമ്മൾ ഇൻവോൾവ് ചെയ്ത് എഴുതാൻ പോകുന്നത്. നമ്മുടെ അറിവ് അതിനെ ബാധിക്കും. അറിവുണ്ടെങ്കിൽ ആ എഴുത്ത് നന്നായി വരും. 

malavika-nair-kalki

ഇതുവരെ എഴുതിയ സിനിമകളിൽ പലതും പല രീതിയിലുള്ള സബ്ജക്റ്റുകളാണ്. കൽക്കി സയൻസ് ഫിക്‌ഷനാണ്. അത് എനിക്ക് പരിചിതമായതുകൊണ്ട് ഒരുപാട് റിസർച്ചുകള്‍ ചെയ്യേണ്ടി വന്നിട്ടില്ല. അതിനുളള സമയവും ഉണ്ടായിരുന്നില്ല. സാധാരണ ഒരു സ്ക്രിപ്റ്റെഴുതാൻ 5 ദിവസം വേണമെങ്കിൽ കൽക്കി എഴുതാൻ രണ്ടു ദിവസമേ സമയം ഉണ്ടായിരുന്നുള്ളൂ. ടോട്ടൽ പത്തു ദിവസമാണ് സ്ക്രിപ്റ്റിങ്ങിനും ‍ഡബ്ബിങ്ങിനും ഉണ്ടായിരുന്നത്. എന്നാൽ ചില സിനിമകളിൽ തമാശ, പഴഞ്ചൊല്ലുകൾ, ജനറലായി പറയുന്ന ചില വാചകങ്ങൾ (ഉദാഹരണമായി 'പോ മോനെ ദിനേശാ') വരുമ്പോൾ അതിനു പകരം എങ്ങനെ ക്രിയേറ്റീവായി അതാതു ഭാഷകളിലെ വാചകങ്ങൾ എഴുതാം എന്ന് റിസർച്ച് ചെയ്ത് എഴുതാൻ ശ്രമിക്കാറുണ്ട്. ക്രിയേറ്റ് ചെയ്യുമ്പോൾ ഒരിക്കലും അത് അരോചകമാകാനോ കഥയിൽ നിന്നോ കഥാപാത്രത്തിൽ നിന്നോ കഥാപാത്രത്തിന്റെ ഭാഷയിൽ നിന്നോ മാറിപ്പോകാനും പാടില്ല. കഥയുടെ പ്ലോട്ട് മാത്രമല്ല ഓരോ കഥാപാത്രത്തിനും ഓരോ ഭാഷാ ശൈലിയുണ്ട്. പ്രത്യേകിച്ചും കൽക്കിയിൽ  ഓരോ കഥാപാത്രത്തിലും ഓരോ ഭാഷാ ശൈലിയാണ്. അത് മനസ്സിലാക്കി ചെയ്യുമ്പോഴാണ് ഒറിജിനൽ സിനിമയുടെ ഫീൽ കൊടുക്കാൻ പറ്റുന്നത്. 

നീരജയെന്ന ഹീലിങ് തെറാപ്പിസ്റ്റ് 

കഴിഞ്ഞ 19 വർഷമായി ഞാൻ ഒരു ബിസിനസ് കോച്ചാണ്. സ്കിൽ ‍ഡവലപ്മെന്റ് ട്രെയിനറാണ്. മെന്റൽ ഹെൽത്ത് പ്രഫഷനലാണ്.സൈക്കോ തെറാപ്പി, എനർജി ഹീലിങ് പോലുള്ള സർവീസസും ചെയ്യുന്നുണ്ട്. പക്ഷേ സിനിമയോടുള്ള ഇഷ്ടം മനസ്സിലുണ്ടായിരുന്നു. എഴുത്ത് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഉണ്ടായിരുന്നു. കഥകളും കവിതകളും എഴുതുമായിരുന്നു. ഒരു ട്രെയിനറായതു കൊണ്ടു തന്നെ ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും ഒരുപാട് ഭാഷകളും സംസ്കാരങ്ങളും പഠിക്കുകയും ചെയ്തു. ഇതൊരു പാഷനായി കൊണ്ടു പോയിരുന്നതു കൊണ്ട് സിനിമയിൽ വരണമെന്നൊന്നും നേരത്തേ തീരുമാനിച്ചിരുന്നില്ല. വെബ് സീരീസിനുവേണ്ടി സ്വന്തമായി സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. ഞാനൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. വെബ്സീരീസും ഷോർട്ട് ഫിലിമുകളും െചയ്തിട്ടുണ്ട്. രണ്ട് സിനിമകളിൽ അഭിനയിച്ചു. സ്ക്രിപ്റ്റ് എഴുതാനും ‍ഡയറക്റ്റ് ചെയ്യാനും താൽപര്യമുണ്ട്. 5 ഭാഷകൾ അനായാസമായി കൈകാര്യം െചയ്യാനും 7 ഭാഷകൾ കേട്ടാൽ മനസ്സിലാവുകയും ചെയ്യുന്നതു കൊണ്ട് സിനിമയിൽ നിന്ന് പലവിധ പ്രോജക്റ്റുകളുമായി പലരും സമീപിച്ചിട്ടുണ്ട്. ഇതിനു മുൻപ് സലാറിലും ഖുഷിയിലും ശങ്കര്‍ രാമകൃഷ്ണന്റെ കോ റൈറ്റർ ആയിരുന്നു. ആ പരിചയം കൂടിയാണ് ഈ ജോലി ചെയ്യാനുള്ള കരുത്ത്.

ദുൽഖർ സല്‍മാൻ, പ്രഭാസ്
ദുൽഖർ സല്‍മാൻ, പ്രഭാസ്

ഡബ്ബിങ് തിയറ്റർ നൽകിയ കൂട്ടുകാർ 

അന്ന ബെന്നിന് തെലുങ്കിൽ കുറച്ച് തിരുത്തലുകൾ ഉണ്ടായിരുന്നു. ഡബ്ബിങ് ‍ഡയറക്ടേഴ്സ് അജിത്തും അരുണും ഞാനും ചേർന്നാണ് ഡബ്ബിങ് നോക്കിയിരുന്നത്. ഡബ്ബിങ് ചെയ്യുന്ന ആളുകളുടെ ഫേസും അവരുടെ ടോണും ചില വാക്കുകള്‍ പറയാനുള്ള ബുദ്ധിമുട്ടുകളോ അനുസരിച്ച് ഡബ്ബിങ് സമയത്ത് ചില വാക്കുകൾ  മാറ്റി എഴുതാറുണ്ട്. ചില വാക്കുകൾ ചേർക്കാറുമുണ്ട്. അതിന്റെയൊക്കെ പെർഫക്‌ഷൻ എന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കാൻ വേണ്ടി ഡബ്ബിങിൽ മുഴുവനായും ഇരിക്കാറുണ്ട്. കീര്‍ത്തി സുരേഷിനോടോപ്പം സൂം കോളിൽ കുറച്ച് ഡബ്ബിങ് ഡയറക‌്ഷൻ ചെയ്തു. ദുൽഖറും ശോഭന മാമും പ്രത്യേകം സ്ഥലങ്ങളിലാണ് ഡബ്ബിങ് പൂർത്തിയാക്കിയത്. അവരോടൊപ്പം ഇരിക്കേണ്ടി വന്നിട്ടില്ല. 

ടീസറിൽ നിന്നും
ടീസറിൽ നിന്നും

കൽക്കി അദ്ഭുതപ്പെടുത്തി 

ഇത്രയും വലിയൊരു കാര്യം മറ്റുള്ളവരെ പറഞ്ഞ് മനസിലാക്കാൻ സംവിധായകൻ ചെയ്ത അധ്വാനമാണ് എനിക്ക് അദ്ഭുതമായി തോന്നിയത്. നമ്മൾ എഴുതുമ്പോൾ പോലും ഗ്രീൻ മാറ്റിൽ ഷൂട്ട് ചെയ്ത് ഫൂട്ടേജസ് കണ്ടിട്ടാണ് എഴുതുന്നത്. ഇതിന്റെ ഔട്ട് വരുമ്പോഴാണ് സംവിധായകൻ മനസ്സിൽ എന്താണ് കണ്ടതെന്ന് അറിയാനാകൂ. ഇത്രയും വലിയൊരു സ്റ്റാർ കാസ്റ്റിനെ പറ‍ഞ്ഞു മനസ്സിലാക്കുക എന്നത് വലിയ ചാലഞ്ച് ആണ്. എന്റെ ഉള്ളിലുള്ള മേക്കർ മൈൻഡ് ആദ്യം ഫാസിനേറ്റഡ് ആയത് അതിനെ ഓർത്താണ്. പിന്നെ വരുന്നത് മിത്തോളജിയാണ്. ജീവിക്കുന്ന കാലവും, 874 വർഷം കഴിഞ്ഞതിനു ശേഷമുള്ള കാലഘട്ടവും തമ്മിലുള്ള ബന്ധമാണ് അതിഭാവുകത്വമില്ലാതെ കാണിക്കേണ്ടത്. ഈ രണ്ടു കാലഘട്ടങ്ങളിലും ജീവിക്കുന്ന കഥാപാത്രങ്ങളുടെ ഭാഷയിലും ശ്രദ്ധ വേണമല്ലോ. പ്രേക്ഷകർക്ക് പുരാണത്തിലെ അർജുനൻ, കൃഷ്ണൻ, കർണൻ, അശ്വത്ഥാമാ, പാണ്ഡവർ, കുരുക്ഷേത്രയുദ്ധം എല്ലാം ഏറെക്കുറെ പരിചിതമായിരിക്കും. പക്ഷേ ഇത്രയും വർഷം കഴിഞ്ഞിട്ട് ഓരോ കഥാപാത്രവും എങ്ങനെ സംസാരിക്കും, സ്വഭാവത്തിലെ താളം എന്നിവയെല്ലാം നമ്മൾ ഫിക്സ് ചെയ്യണമല്ലോ. എഴുതുമ്പോൾ ഓരോരുത്തരുടെയും ഭാഷ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പലരും അതിലെ ഓരോ ഡയലോഗുകളും പ്രത്യേകം എടുത്ത് കമന്റിടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.

English Summary:

How Neeraja Arun Brought Kalki 2898 AD to Life in Malayalam - An Exclusive Manorama Online Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com