'തഗ് ലൈഫു'മായി താരപുത്രിയുടെ വരവ്; അലീഷാ റഹ്മാൻ അഭിമുഖം
Mail This Article
ആരാണ് അലീഷ റഹ്മാൻ? നടൻ റഹ്മാന്റെ ഇളയ മകൾ. എ.ആർ. റഹ്മാന്റെ ഭാര്യാസഹോദരിയുടെ മകൾ. പക്ഷേ, ആ ചിറകുകൾക്കിടയിൽ നിന്നും സ്വപ്നം നെയ്തു പറക്കാനൊരുങ്ങുകയാണ് അലീഷ. ഇപ്പോൾ മണിരത്‌നം സിനിമ തഗ് ലൈഫിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. പുതിയ സിനിമകളിൽ അഭിനേതാവാകാൻ തയാറെടുക്കുന്നു. വലിയ ഇഷ്ടങ്ങളും ഒരുപാടു നിശ്ചയദാർഢ്യവുമുള്ള പെൺകുട്ടി മനോരമ ഓൺലൈനിനോട് മനസു തുറക്കുന്നു.
മണിരത്നം എന്ന ബ്രാൻഡ്
മണിസർ എന്റെ ഗുരുവാണ്. അദ്ദേഹത്തിന്റെ കൂടെനിന്ന് സിനിമ പഠിക്കണമെന്നത് എന്നത്തേയും ആഗ്രഹമായിരുന്നു. ഒരുപാട് പ്രാർത്ഥിച്ചിട്ടാണ് ആ അവസരം കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്നു. 'തഗ് ലൈഫ്' ഗംഭീര സിനിമയാണ്. മറ്റൊരു 'നായക'നാണു തഗ് ലൈഫ്. 'ബിഗർ ആൻഡ് ബെറ്റർ' എന്നു പറയാറില്ലേ? അതാണ് ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക.
വളരെ നിർണായകമായ ഒരു രംഗത്തിൽ മണി സർ എന്നെ ക്ലാപ്പ്ബോർഡ് ചെയ്യാൻ പഠിപ്പിച്ചു. ആ തിരക്കിലും എന്നെ പരിഗണിച്ചത് എനിക്ക് വലിയ കാര്യമായി. എന്നോട് വളരെ വാത്സല്യമായിരുന്നു. സെറ്റുകളിൽ കർക്കശക്കാരനാണ് മണിരത്നം. അത്രയും വലിയ ഉത്തരവാദിത്തങ്ങളിൽ ചിരിച്ചു കളിച്ചിരുന്നാൽ ശരിയാകില്ലല്ലോ. അഭിപ്രായങ്ങളിലും കലയിലും ഉറച്ചുനിൽക്കാനാകുന്നതാണ് അദ്ദേഹത്തിന്റെ സിനിമകൾ മികച്ചു നിൽക്കാൻ കാരണം.
അദ്ദേഹത്തിനൊപ്പം ഓഫിസിൽ വെറുതെ ഇരിക്കുന്നത് പോലും വലിയ സന്തോഷമായിരുന്നു. മദ്രാസ് ടാക്കീസ് വീടു പോലെ ആയിരുന്നു എനിക്ക്. ഷൂട്ടിനിടെ ഒരു ചെറിയ കാർ അപകടമുണ്ടായി. അപ്പോൾ അമ്മയെയും അച്ഛനെയും പോലെ എന്റെ കൂടെ നിന്നു അവർ. ഇതെല്ലാമാണ് ജീവിതഭാഗ്യങ്ങളിൽ ചിലത്. തഗ് ലൈഫിൽ അഭിനയിക്കാൻ അവസരമുണ്ടായിരുന്നില്ല. എന്നാൽ മണിരത്നം നായികയാകണമെന്നു ആർക്കാണ് ആഗ്രഹമില്ലത്തത്. പക്ഷേ, അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കുമ്പോൾ അങ്ങനെയൊന്നും ചിന്തിക്കാൻകൂടി നേരമുണ്ടാകാറില്ല.
കമൽ ഹാസനും ഞാനും
ചേച്ചിയുടെ കല്യാണത്തിന് ക്ഷണിക്കാൻ ചെന്നപ്പോളാണ് കമൽഹാസൻ സാറിനെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം പറഞ്ഞു തന്ന ഓരോ വാചകവും ഞാൻ മനസിൽ സൂക്ഷിക്കുന്നുണ്ട്. സെറ്റിൽ കമൽഹാസൻ എന്ന ലെജൻഡ് ഉള്ളത് വലിയൊരു സന്തോഷവും അഭിമാനവുമാണ്. ഓരോ ദിവസവും അദ്ദേഹത്തിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. ഇടയ്ക്കൊക്കെ ജീവിതാനുഭവങ്ങൾ പറയാറുണ്ട് അദ്ദേഹം. അത് കേൾക്കാനാകുന്നതുതന്നെ ഭാഗ്യമാണ്. അറിവും വിവേകവും ഒരു മനുഷ്യനെ എങ്ങനെ മഹാനാക്കുന്നു എന്നതിന് ഉദാഹരണമാണ് അദ്ദേഹം.
അസിസ്റ്റന്റ് ഡയറക്ടായ നടി
വെയിലും മഴയും പൊടിയുമൊന്നും വക വയ്ക്കാതെ ചെയ്യേണ്ട ജോലിയാണ് അസിസ്റ്റന്റ് ഡയറക്ടറുടേത്. ആ ജോലിയിൽ ചെന്നുകഴിഞ്ഞാൽപ്പിന്നെ നമ്മുടെ രൂപവും ക്ഷീണവുമൊന്നും ശ്രദ്ധിക്കാൻ പോലും നേരമുണ്ടാകാറില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും പൊടി പിടിച്ച് ഗ്രേ നിറമായിട്ടുണ്ടാകും. അഭിനേതാവിന്റെ ടൂൾ ആണല്ലോ ശരീരം. ആരോഗ്യം നോക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എത്ര തിരക്കാണെങ്കിലും സ്കിൻ കെയർ റുട്ടീൻ തെറ്റിക്കാറില്ല. അങ്ങനെയാണ് വർക്ക് ലൈഫ് ഞാൻ ബാലൻസ് ചെയ്യുന്നത്. ചിലപ്പോഴൊക്കെ അഭിനയം മറന്ന്, സംവിധായികയായാലോ എന്നൊക്കെ ആലോചിച്ചിരുന്നു.
സിനിമയെന്ന കിനാവ്
മൃഗഡോക്ടർ ആകണമെന്നായിരുന്നു കുട്ടിക്കാലത്ത് എന്റെ ആഗ്രഹം. പല കാരണങ്ങൾകൊണ്ട് അത് നടന്നില്ല. അപ്പോൾ ആകെ നന്നായി അറിയാവുന്ന 'അഭിനയം' ജോലിയായി ചെയ്യാമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കാമെന്നു കരുതുന്നത്. സിനിമയിൽ വെറുതെ വന്നുപോകുന്ന അഭിനേതാവാകനല്ല, മറിച്ച് സിനിമയെന്ന കലയുടെ ഓരോ മുക്കും മൂലയും പഠിച്ചു സിനിമ ചെയ്യാനാണ് എന്റെ പ്ലാൻ. ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ സിനിമയെ മുഴുവനായും അറിയുന്നത് നല്ലതാണല്ലോ.
സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഓരോ യാത്രയിലും കണ്ടതും കേട്ടതുമെല്ലാം ഞാൻ കുറിച്ചു വച്ചിട്ടുണ്ട്. അതെല്ലാം ചേർത്ത്, സാഹചര്യമുണ്ടായാൽ ഒരു ത്രില്ലർ സിനിമ ചെയ്യും. എന്റെ അച്ഛനെ സംവിധാനം ചെയ്യാൻ ഇഷ്ടമാണെങ്കിലും, ഈ സിനിമ കുറച്ചു ചെറുപ്പക്കാരുടെ കഥയാണ്. നല്ലൊരു സ്ക്രിപ്റ്റിൽ അച്ഛനു വേണ്ടി വലിയൊരു സിനിമ വേറെ ഒരുക്കും.
അച്ഛനാണ് റോൾമോഡൽ
അച്ഛന്റെ വിജയങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. ഞാൻ മുൻപ് അഭിനയിച്ച രണ്ടു ഷോർട് ഫിലിമുകൾക്കുവേണ്ടിയും അച്ഛൻ എന്നെ ഗ്രൂം ചെയ്തിട്ടുണ്ട്. തിരക്കഥ മനസിലാക്കാൻ സഹായിച്ചത് അച്ഛനാണ്. സ്ക്രിപ്റ്റിലെ വരികളല്ല, വികാരമാണ് അഭിനേതാവ് ആദ്യം മനസിലാക്കേണ്ടത് എന്നാണ് അച്ഛൻ പറഞ്ഞുതന്നത്.
മലയാളസിനിമയിൽ അഭിനയിക്കണം
ആദ്യമായി അഭിനയിക്കുന്നത് മലയാളം സിനിമയിലായിരിക്കണമെന്നു ആഗ്രഹമുണ്ട്. ആരും ഇതുവരെ കാണുകയും കേൾക്കുകയും ചെയ്യാത്ത പുത്തൻ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. മലയാളത്തിൽ പുറത്തിറങ്ങുന്ന ഓരോ സിനിമകളും കാണുമ്പോൾ അദ്ഭുതപ്പെടാറുണ്ട്.
എ.ആർ.റഹ്മാൻ ഞാൻ പാടുന്നത് കേട്ടിട്ടില്ല
ഞാൻ സിനിമയിലേക്ക് വരികയാണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി. എനിക്ക് പാടാൻ ഇഷ്ടമാണ്. പിയാനോ വായിക്കുന്നതാണ് ചില നേരത്തെ സമാധാനം. ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനിൽ നിന്നാണ് പിയാനോ പഠിച്ചത്. അങ്കിൾ എ.ആർ.റഹ്മാൻ നേരിട്ടു കാണുമ്പോഴൊക്കെ എന്നോടു പാട്ടു പാടാൻ പറയാറുണ്ട്. എന്തുകൊണ്ടൊക്കെയോ അതു നടന്നിട്ടില്ല. പക്ഷേ, പിയാനോ വായിക്കുന്നത് കേൾക്കാൻ അങ്കിളിനു ഇഷ്ടമാണ്.
കുടുംബമാണ് സ്വർഗം
ഞാൻ എന്ത് ആഗ്രഹം പറഞ്ഞാലും ഒപ്പം നിൽക്കുന്നവരാണ് അച്ഛനും അമ്മയും ചേച്ചിയും. അവരാണ് ഏറ്റവും വലിയ കരുത്ത്. സ്വപ്‌നങ്ങൾ നിറവേറ്റാനുള്ള ഊർജ്ജമാണ് അവർ. ഏറ്റവും നല്ല വിമർശകരും അവർ തന്നെയാണ്.