ADVERTISEMENT

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായെത്തുന്ന ഇടിയൻ ചന്തു 19നു തിയറ്ററുകളിലെത്തും. ചന്തുവിന്റെയും അമ്മ ഇന്ദുവിന്റെയും വിശേഷങ്ങളുമായി വിഷ്ണുവും ലെനയും സംസാരിക്കുന്നു. 

ഇന്ദുവും ചന്തുവും

വിഷ്ണു ഉണ്ണിക്കൃഷ്ണൻ–എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന അടിപൊളി ആക്​ഷൻ ഫാമിലി ഡ്രാമയാണ് ഇടിയൻ ചന്തു. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു വളരുന്ന ചന്തു ഒരുപാട് ട്രോമകളിലൂടെയാണു കടന്നുപോകുന്നത്. കലഹപ്രിയനായതിനാൽ ചന്തുവിനു നാട്ടുകാർ നൽകിയ വട്ടപ്പേരാണ് ‘ഇടിയൻ’. 22 വയസ്സായിട്ടും പ്ലസ് ടു പാസാകാൻ സാധിക്കാത്ത ചന്തു അമ്മയുടെ നാട്ടിലേക്കു പോകുന്നിടത്തുനിന്നാണു കഥയുടെ ആരംഭം. ശ്രീജിത്ത് വിജയനാണു സംവിധായകൻ. സലിംകുമാർ, ലാലു അലക്സ്, ജോണി ആന്റണി, രമേശ് പിഷാരടി, ബിജു സോപാനം തുടങ്ങി ചിത്രത്തിൽ ഒട്ടേറെ താരങ്ങളുണ്ട്. ശ്രീജിത്ത് രവിയാണ് അച്ഛൻ ചന്ദ്രന്റെ വേഷം ചെയ്യുന്നത്. ലെനയാണ് അമ്മ ഇന്ദു.

ലെന–കഷ്ടപ്പെട്ടു ജോലി ചെയ്തു കുടുംബം പുലർത്തേണ്ടി വരുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഇന്ദു. എന്നു നിന്റെ മൊയ്തീൻ, വിക്രമാദിത്യൻ സിനിമകൾക്കു ശേഷം ശക്തമായ ഒരു അമ്മ കഥാപാത്രമാണ് ഇന്ദുവിലൂടെ എനിക്കു കിട്ടിയത്. അമ്മയും മകനും തമ്മിലുള്ള ഒരുപാട് വൈകാരിക മുഹൂർത്തങ്ങൾ സിനിമയിലുണ്ട്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന കഥയല്ല ഇടിയൻ ചന്തുവിന്റേത്. ഇന്ദുവിന്റെ വിവിധ കാലഘട്ടങ്ങൾ സിനിമയിലുണ്ട്. കഥാപാത്രത്തിന്റെ ലുക്കിനും ഏറെ പ്രാധാന്യമുള്ള സിനിമയായതുകൊണ്ടാണ് തല മൊട്ടയടിക്കാൻ മടിക്കാതിരുന്നത്.

ഇടിയോടിടി

വിഷ്ണു–ആക്​ഷൻ വിസ്മയം പീറ്റർ ഹെയ്നാണ് ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അദ്ദേഹത്തിനോടു സിനിമയെക്കുറിച്ചു പറയുന്നത്. കൽക്കി, പുഷ്പ 2 തുടങ്ങിയ സിനിമകളുടെ തിരക്കിലായിരുന്നിട്ടു കൂടി അദ്ദേഹം ഇടിയൻ ചന്തുവിലേക്കെത്തി. കഥ കേട്ടപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത്, ഇത് അദ്ദേഹത്തിന്റെ ജീവിതവുമായി ഏറെ ബന്ധമുണ്ടെന്നാണ്. ഫൈറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ പരുക്കുകളെല്ലാം പറ്റിയിട്ടുണ്ട്. പക്ഷേ, അതൊന്നും കാര്യമാക്കിയില്ല.

ലെന–എനിക്ക് ഒരൊറ്റ ഫൈറ്റ് സീനാണ് ഉള്ളത്. ശ്രീജിത് രവിയോടൊപ്പമുള്ള കോംപിനേഷൻ സീനാണ്. പീറ്റർ ഹെയ്ൻ മാസ്റ്റർ അത് കൊറിയോഗ്രഫി ചെയ്യുമെന്നൊന്നും തോന്നിയതല്ല. പക്ഷേ, അദ്ദേഹം ആ സീനിലെയും സ്റ്റണ്ട് മാസ്റ്ററാകാൻ മുന്നോട്ടുവന്നു. കുറച്ചു ഷോട്ടുകളെല്ലാം കഴിഞ്ഞപ്പോൾ എന്റെ കൈ ഒടിഞ്ഞു. ഒരു മാസമാണ് പ്ലാസ്റ്ററിട്ടത്. ആ ഫൈറ്റ് സീനിൽ കുറച്ചുകൂടി ഷൂട്ട് ബാക്കിയുണ്ടായിരുന്നു. പക്ഷേ, സിനിമ പൂർത്തിയായപ്പോൾ സംവിധായകൻ പറഞ്ഞു, ‘ഇപ്പോഴുള്ളതു മതി. അതാണ് ആ സീനിന്റെ ഭംഗി’ എന്ന്.

ഇഷ്ടമാണ് സിനിമ

വിഷ്ണു–2003ൽ സിനിമയിലെത്തി. നായകനാകാൻ പിന്നെയും വർ‍ഷങ്ങളെടുത്തു. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തു. ആദ്യം മുതലേ സിനിമയായിരുന്നു എല്ലാം. അതുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചുനിന്നത്. നെഗറ്റീവ് കമന്റുകൾ പറഞ്ഞവരുണ്ടാകാം. പക്ഷേ, ഞാൻ അതൊന്നും ഓർക്കാറില്ല. എന്നെ പിന്തുണയ്ക്കാനും പ്രോത്സാഹനം നൽകാനും ഒട്ടേറെപ്പേരുണ്ടായിരുന്നു. അവരുടെ പോസിറ്റീവ് കമന്റുകൾ മാത്രമേ ഞാൻ സ്വീകരിച്ചിട്ടുള്ളൂ.

ലെന–26 വർഷമായി സിനിമയിൽ എത്തിയിട്ട്. പൂർണ ബോധത്തോടെയും സമർപ്പണത്തോടെയും നമ്മൾ ജോലി ചെയ്യാൻ തയാറായാൽ‍ നമ്മുടെ മേഖലകളിൽ പിടിച്ചുനിൽക്കാനാകും. ഇത്രയും വർഷം സിനിമയിൽ എന്നെ പിടിച്ചുനിർത്തിയതും അതാണ്. ഇൻഡസ്ട്രികളിലേക്കു ചാടിച്ചാടി പോകുകയല്ല, നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുമ്പോഴാണ് ഒരു ഇൻഡസ്ട്രിയിൽ നമുക്ക് നമ്മുടേതായ ഒരിടം കണ്ടെത്താനാകുക. ഇത്രയും വർഷം സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞുവെന്നതു വലിയ ഭാഗ്യമായി കരുതുന്നു.

നല്ലതാണ് മാറ്റങ്ങൾ

വിഷ്ണു–സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നസ് വേണം. തമാശകളിലും പൊളിറ്റിക്കൽ കറക്ട്നസ് വേണം. അടുത്ത തലമുറയ്ക്കുള്ള പാഠപുസ്തകമാകണം സിനിമ. അതുകൊണ്ട് അതിൽ നല്ല മാറ്റങ്ങൾ വരുന്നതു നല്ലതാണ്.

ലെന–സിനിമയിലെ അമ്മമാർ മാറുന്നുണ്ട്. അതു നമ്മുടെ സമൂഹത്തിന്റെ മാറ്റമാണ്. അതിന്റെ പ്രതിഫലനമാണ്. സമൂഹത്തിലെ വിവിധ തരത്തിലുള്ള അമ്മമാരെ അവതരിപ്പിക്കുമ്പോൾ സ്വഭാവികമായും മാറ്റങ്ങൾ സംഭവിക്കും.

പുതിയ പ്രോജക്ടുകൾ

വിഷ്ണു– ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’യാണ് പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.

ലെന–ഗൗതം വാസുദേവ് മേനോന്റെ പുതിയ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ശരത് ചന്ദ്രന്റെ ഔസേപ്പിന്റെ ഒസ്യത്താണ് മറ്റൊരു ചിത്രം.

എഴുത്തിന്റെ ലോകത്ത്

വിഷ്ണു–ബിപിനുമായി ചേർന്നുള്ള എഴുത്ത് പുരോഗമിക്കുന്നു. ഹ്യൂമർ–മാസ് സിനിമയാണ് ഉദ്ദേശിക്കുന്നത്.

ലെന– ‘ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. മലയാള പരിഭാഷ അധികം വൈകാതെ പുറത്തിറങ്ങും. മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ.

പ്രണയവിവാഹമല്ല!

ലെന–ട്രോളുകളിലെല്ലാം നിറഞ്ഞ വൈറലായ എന്റെ ഒരു അഭിമുഖം കണ്ടാണ് പ്രശാന്ത് എന്റെ പുസ്തകത്തെക്കുറിച്ചും എന്നെക്കുറിച്ചും അന്വേഷിക്കുന്നത്. പിന്നെ, സുഹൃത്ത് രജനി ശ്യാം വഴി എന്റെ നമ്പർ സംഘടിപ്പിച്ചു, മെസേജ് ചെയ്തു. 

വീട്ടുകാർ മുൻകയ്യെടുത്തു നടത്തിയ അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടേത്. ആ സമയത്തു ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചിരുന്നില്ല. അതു കഴിഞ്ഞു വിവാഹക്കാര്യം വെളിപ്പെടുത്താമെന്നു കരുതിയാണ് വിവാഹക്കാര്യം പുറത്തുപറയാതിരുന്നത്.

ഗഗൻയാൻ യാത്രാസംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ പാലക്കാട് നെന്മാറ സ്വദേശിയാണ്.

English Summary:

Vishnu Unnikrishnan and Lena starrer Idiyan Chantu will hit the theaters on 19th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com