ADVERTISEMENT

ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വിനീത് കുമാർ എന്ന നടനെക്കുറിച്ചോർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന കഥാപാത്രം ദേവദൂതനിലെ മഹേശ്വർ ആകും. ചെമ്പൻ തലമുടിയും പൂച്ചകണ്ണുകളുമുള്ള സുന്ദരനായ സംഗീതജ്ഞൻ! 'കരളെ നിൻ കൈ പിടിച്ചാൽ' എന്ന ഗാനരംഗത്തിലെ ഓരോ ഫ്രെയിമും ആ ഗാനം പോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞു കിടപ്പുണ്ട്. 

സിനിമയിൽ ജയപ്രദയുടെ കഥാപാത്രം പറയുന്നൊരു ഡയലോഗുണ്ട്. 30 വർഷങ്ങൾക്കു ശേഷം മഹേശ്വർ തിരികെ എത്തുകയാണെങ്കിൽ കാണാൻ എങ്ങനെയുണ്ടാകും എന്ന് മഹേശ്വറിന്റെ ഫോട്ടോ വിശാൽ കൃഷ്ണമൂർത്തിയെ കാണിച്ചുകൊണ്ട് അലീന പറയുന്നത് ഇങ്ങനെയാണ്. "ഈ ചിത്രത്തിലേക്ക് നോക്കി ഞാൻ ഇന്നത്തെ മഹേശ്വറിനെ സങ്കൽപിക്കും. മുൻവശത്തെ മുടി കുറെ കൊഴിഞ്ഞിട്ടുണ്ടാകും. മുഖത്ത് ചുളിവുകളുണ്ടാകും. എന്നാലും കണ്ണുകളിലെ ആ തിളക്കം പോയിക്കാണില്ല!" 

സത്യത്തിൽ 24 വർഷങ്ങൾക്കിപ്പുറം ആ കഥാപാത്രത്തെ അവതരിപ്പിച്ച വിനീതിന് കാഴ്ചയിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ദേവദൂതനിൽ കണ്ടതു പോലെ തന്നെയുണ്ടെന്നു പറഞ്ഞാലും അതിശയോക്തിയില്ല. ദേവദൂതൻ വീണ്ടും പ്രേക്ഷകരിലേക്കെത്തുമ്പോൾ ആ ചിത്രത്തെക്കുറിച്ചുള്ള ഓർമകളുമായി വിനീത് കുമാർ മനോരമ ഓൺലൈനിൽ. 

ആ റോൾ നഷ്ടമായെന്നു കരുതി

ഷൂട്ടിങ് തുടങ്ങി കുറച്ചു കഴിഞ്ഞതിനു ശേഷമാണ് എന്നെ പ്രൊഡക്ഷനിൽ നിന്നും രഞ്ജിത്തേട്ടൻ വിളിക്കുന്നത്. അതിനു മുൻപ് ഞാൻ സിബി മലയിൽ സാറിനെ പോയി കണ്ടിരുന്നു. ഞാൻ അദ്ദേഹത്തിനൊപ്പം മുദ്ര, ദശരഥം, ഭരതം തുടങ്ങിയ സിനിമകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു. നേരിൽ കണ്ടപ്പോൾ കോസ്റ്റ്യൂം ഇട്ട് ചില ഫോട്ടോകൾ എടുത്തിരുന്നു. പക്ഷേ, കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാൻ അന്ന് ഇട്ട കോസ്റ്റ്യൂം ധരിച്ച് ശരത് ദാസ് നിൽക്കുന്ന ചില ലൊക്കേഷൻ സ്റ്റിൽ ഞാൻ ഒരു മാസികയിൽ കണ്ടപ്പോൾ കരുതി എന്നെ ആ കഥാപാത്രത്തിൽ നിന്നും മാറ്റിയെന്ന്! അങ്ങനെയിരിക്കെയാണ് എന്നെ രഞ്ജിത്തേട്ടൻ വിളിക്കുന്നത്. സെറ്റിൽ ചെന്നപ്പോഴാണ് എന്റെ കഥാപാത്രത്തെക്കുറിച്ചൊക്കെ മനസിലായത്. 

nirmala-shyam-devadoothn

അച്ഛന് കണ്ടിട്ട് എന്നെ മനസിലായില്ല

വീട്ടിൽ നിന്ന് എന്റെ നോർമൽ ലുക്കിലാണ് ഇറങ്ങിയത്. അവിടെ എത്തിയപ്പോഴാണ് സിബി സാറിന് എന്റെ ലുക്കിൽ ഒരു മാറ്റം വേണമെന്നു പറയുന്നത്. ഇന്നത്തെപ്പോലുള്ള ഹെയർ കളറിങ് സാധ്യതകൾ അന്നില്ല. അതിനാൽ മുടിയും പുരികവും താടിയുമെല്ലാം ബ്ലീച്ച് ചെയ്താണ് ആ കളർ വരുത്തിയത്. കുറെ കാലം ആ കളർ അങ്ങനെ നിൽക്കും. ഷൂട്ടിന്റെ ഒരു ബ്രേക്കിൽ ഞാൻ നാട്ടിൽ വന്നപ്പോൾ വീട്ടിലേക്ക് പോകുന്നതിനു മുൻപ് അച്ഛന്റെ സ്റ്റുഡിയോയിൽ പോയി. അച്ഛനെ കണ്ടിട്ടു പോകാമെന്നു കരുതി കയറിയതാണ്. ഡോർ തുറന്ന് എന്നെ നോക്കിയ അച്ഛൻ കുറച്ചു നേരം അങ്ങനെ നിന്നു. വേറെ ആരെയോ കണ്ടപോലെ ആയിരുന്നു അദ്ദേഹത്തിന്റെ മുഖഭാവം. ശരിക്കും ഒരു അപരിചിതനെ കാണുന്ന പോലെയായിരുന്നു അച്ഛൻ. അത്രയ്ക്ക് മാറ്റമുണ്ടായിരുന്നു. കുറെ നാൾ ആ ലുക്കിലായിരുന്നു ഞാൻ. 

എന്റെ കൂടെ അഭിനയിച്ച നടി

ഞാൻ ആദ്യമായി ലിപ് സിങ്ക് ചെയ്തു പാടിയത് ഭരതത്തിന്റെ ക്രെഡിറ്റ് സ്ക്രോൾ ചെയ്തു പോകുമ്പോഴുള്ള ഒരു പാട്ടായിരുന്നു. അതിനു ശേഷം എനിക്കു കിട്ടിയ പാട്ടാണ് 'കരളെ നിൻ കൈ പിടിച്ചാൽ'! എന്റെ കൂടെ ജയപ്രദ മാഡത്തിന്റെ ചെറുപ്പകാലം അഭിനയിച്ചത് നിർമല എന്ന നടിയാണ്. ജയപ്രദ മാഡത്തിന്റെ മുഖഛായ ഉള്ള ഒരു നടിയെ അന്വേഷിച്ചു നടന്ന് ഒടുവിലാണ് ഈ കുട്ടിയിലേക്ക് എത്തുന്നത്. തമിഴ് ഇന്‍ഡസ്ട്രിയിൽ നിന്ന് വന്ന കുട്ടിയായിരുന്നു നിർമല. 

റിസ്കെടുത്ത് ചെയ്ത രംഗം

പട്ടികൾ കടിയ്ക്കുന്ന രംഗം ഷൂട്ട് ചെയ്ത ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്. ഒരു സോങ് ഷൂട്ട് ഉണ്ടെന്നാണ് എന്നോടു പറഞ്ഞിരുന്നത്. ആ ധാരണയിലാണ് ഞാൻ തയാറായി പോകുന്നത്. അവിടെ എത്തിയപ്പോൾ പട്ടികൾ റെഡിയായി നിൽക്കുന്നു. ഡ്യൂപ്പ് ഉണ്ടായിരുന്നു. പക്ഷേ, മേജർ സീക്വൻസ് ഞാൻ തന്നെയാണ് ചെയ്തത്. സിനിമ എന്നു പറയുമ്പോൾ ഉണ്ടാകുന്ന ഒരു എനർജിയും ധൈര്യവും ഇല്ലേ! അതിന്റെ പുറത്താണ് ഇത്തരം രംഗങ്ങൾ ചെയ്യുന്നത്. സത്യത്തിൽ ആ സമയത്ത് എനിക്ക് പട്ടികളെ ശരിക്കും പേടിയാണ്. ഫസ്റ്റ് ടേക്ക് ഓകെ ആയിരുന്നു. പക്ഷേ, ആ സമയത്ത് ഫ്രെയിമിൽ ആരോ കേറി വന്നു. അതുകൊണ്ട് രണ്ടാമതും അത് എടുക്കേണ്ടി വന്നു. രണ്ടാമത് എടുത്തപ്പോൾ പട്ടി കയ്യിൽ കടിച്ചു. പിന്നെ, ഇൻജക്ഷൻ ഒക്കെ എടുക്കേണ്ടി വന്നു. 

murali-3

മുരളി ചേട്ടൻ വഴക്ക് പറഞ്ഞപ്പോൾ

പട്ടികളുമായുള്ള സീൻ ഷൂട്ട് ചെയ്തതിനു അടുത്ത ദിവസം മുരളി ചേട്ടനെ കണ്ടു. അദ്ദേഹം ആ സീനിനെക്കുറിച്ച് നല്ലതു പറയുമെന്ന് ഞാൻ കരുതി. പക്ഷേ, അദ്ദേഹം എന്നോട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്. "നീയാരാണ്? ജയനാണോ? ആ പട്ടി ഏതെങ്കിലും ഒരെണ്ണം നിന്റെ മുഖത്തു കടിച്ചിരുന്നെങ്കിലോ? പിന്നെ നീയെങ്ങനെ അഭിനയിക്കും? പിന്നെ എന്താണ് നിന്റെ ഭാവി? അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?" എന്നൊക്കെ പറഞ്ഞ് എന്നോടു ചൂടായി. ഒരു ചേട്ടനെപ്പോലെ എന്നെ വഴക്കു പറയാൻ സ്വാതന്ത്യമുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. അങ്ങനെ ചില സംഭവങ്ങൾ ദേവദൂതനുമായി ബന്ധപ്പെട്ട് ഉണ്ടായി. 

ആ എഡിറ്റുകൾ ആരും അറിഞ്ഞില്ല

നാട്ടിലെ തിയറ്ററിലാണ് ഞാൻ അന്ന് പടം ഞാൻ കണ്ടത്. അതൊരു വല്ലാത്ത ഫീലായിരുന്നു. കാരണം, മഹേശ്വർ ആയാണ് ഞാൻ ആ പടം കാണുന്നത്. സിനിമയിൽ 'എൻ ജീവനെ' എന്ന പാട്ടിൽ 'കരളെ നിൻ കൈ പിടിച്ചാൽ' എന്ന പാട്ടിന്റെ ഒരു ഭാഗം ഹമ്മിങ് ആയി വരുന്നുണ്ട്. അതു തിയറ്ററിൽ കേട്ടപ്പോഴുള്ള അനുഭവം വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതല്ല. ആ കഥാപാത്രത്തെ ശരിക്കും ഫീൽ ചെയ്യുന്ന നിമിഷമായിരുന്നു അത്. രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം ഞാൻ വീണ്ടും സുഹൃത്തുക്കളുമായി സിനിമ കാണാൻ പോയപ്പോൾ ഈ ഗാനരംഗം സിനിമയിൽ ഉണ്ടായിരുന്നില്ല. അന്ന് സിനിമയ്ക്ക് ദൈർഘ്യം കൂടുതലാണെന്നു പറഞ്ഞ് ഓപ്പറേറ്റർമാർ ആ പാട്ട് നീക്കം ചെയ്തിരുന്നു. ഇക്കാര്യം ഞാൻ ഈയടുത്ത് സിബി സാറിനോടും സിയാദ് സാറിനോടും പറഞ്ഞപ്പോഴാണ് അവർ‌ അറിയുന്നത്. അന്ന് നടന്ന ഇത്തരം എഡിറ്റുകളൊന്നും അവർ അറിഞ്ഞിരുന്നില്ല. എന്തായാലും സിനിമ വീണ്ടും റിലീസ് ചെയ്യുന്നതിൽ അതിയായ സന്തോഷം. തീർച്ചയായും നല്ലൊരു തിയറ്റർ അനുഭവമാകും ഈ സിനിമ.  

English Summary:

Chat with Vineeth Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com