ബൈജു ചിരിക്കില്ല, പക്ഷേ ‘ആക്കിയ’ നോട്ടം നോക്കും: തഗ്ഗടിച്ച് സിദ്ദിഖും മനോജ് െക.ജയനും
Mail This Article
സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു. വർഷങ്ങൾക്കു ശേഷം ഈ മൂന്ന് നടന്മാർ ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ക്കു വേണ്ടി. ഒരുമിച്ചഭിനയിക്കുന്നതിന്റെ ആവേശത്തെപ്പറ്റിയും പഴയ സിനിമാകാലത്തെപ്പറ്റിയുമെല്ലാം മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ഇവർ മൂന്നു പേരും:–
‘നുണക്കുഴി’ക്ക് യേസ് പറയാനുള്ള കാരണം
സിദ്ദിഖ് : ഞങ്ങൾ അങ്ങനെ നോ പറയാറൊന്നുമില്ല. ഞങ്ങളുടെ ഒക്കെ അവസ്ഥ എന്നു പറഞ്ഞാൽ, ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ എന്താണ് റോൾ എന്നു ചോദിക്കും ആ റോളിനെ പറ്റി പഠിക്കും മനസ്സിലാക്കും പോയി ചെയ്യും. അല്ലാതെ തിരഞ്ഞെടുക്കാനുള്ള അത്ര റോളുകളില്ല. എന്ത് അർഥത്തിലാണ് ഞങ്ങളൊരു റോൾ വേണ്ട എന്നു പറയുക. അല്ലെങ്കിൽ സമയക്കുറവായിരിക്കണം. വേറെ സിനിമ ചെയ്യുന്ന സമയത്താണെങ്കിൽ ആ കാര്യം പറയും. അല്ലാതെ ഒരു റോൾ കേട്ടിട്ട് അത് പറ്റില്ല എന്നു പറഞ്ഞാൽ അതിനർഥം അത് അഭിനയിക്കാൻ അറിയില്ല എന്നതാണ്.
മനോജ് കെ ജയൻ : ജീത്തു ജോസഫിന്റെ ഒരു സിനിമ എന്നത് എന്നെ ആകർഷിച്ചിരുന്നു. ഞാൻ ആദ്യമായാണ് ജീത്തുവിന്റെ ഒരു പടത്തിൽ അഭിനയിക്കുന്നത്.
ബൈജു സന്തോഷ് : എന്റെ മൂന്നാമത്തെ പടമാണ് ജീത്തുവിന്റെ കൂടെ. ഡിറ്റക്ടീവ്, കൂമൻ, പിന്നെ ഇത്. വലിയൊരു റോൾ ചെയ്യുന്നത് ഇതിലാണ്.
സിദ്ദിഖ് : ഞാൻ അഞ്ചാറെണ്ണമായി ജീത്തുവിന്റെ കൂടെ. ദ്യശ്യം 1, ദ്യശ്യം 2, ആദി, നേര്, റാം, പിന്നെ നുണക്കുഴി.
മനോജ് : വലിയൊരു ആകസ്മികത എന്നു പറയുന്നത് ജീത്തു ആദ്യമായി സിനിമയിലേക്കു വരുന്നത് ഞാനഭിനയിച്ച ഒരു സിനിമയിലൂടെയാണ്. ജയരാജിന്റെ ശിഷ്യനായാണ് പുള്ളി അറിയപ്പെടുന്നത്. ജയരാജ് ‘ഭീബത്സ’ എന്നൊരു ഹിന്ദി പടം എടുത്തു. കോവളത്തായിരുന്നു അതിന്റെ ഷൂട്ടിങ്. ആ സിനിമയിൽ ഇദ്ദേഹത്തിന്റെ മൂന്നാമത്തെയോ നാലാമത്തെയോ അസിസ്റ്റന്റ് ആയി ജീത്തു ഉണ്ടായിരുന്നു. അതെനിക്കറിയില്ല. പിന്നീട് ജീത്തു ഡിറ്റക്ടീവും മമ്മി ആന്‍ഡ് മീയും ഒക്കെ കഴിഞ്ഞ് ദ്യശ്യത്തിന്റെ സമയത്താണെന്ന് തോന്നുന്നു, ഒരു അഭിമുഖത്തിൽ ഭീബത്സയുടെ കാര്യം പറഞ്ഞു. അതുകേട്ട് ഞാൻ ഞെട്ടി. ‘ഈ സിനിമയിൽ ഇദ്ദേഹം ഉണ്ടായിരുന്നോ?’ എന്നോർത്ത് എനിക്ക് അഭിമാനം തോന്നി. ഇത്ര വർഷങ്ങൾക്കു ശേഷം ജീത്തുവിന്റെ ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റിയതിൽ സന്തോഷം.
ഒരുമിച്ചൊരു സിനിമ
മനോജ് : റോള്‍ ഏതാണെന്ന ചോദ്യം കഴിഞ്ഞാൽ പിന്നെയുള്ളത് കൂടെ ആരൊക്കെ അഭിനയിക്കുന്നുണ്ട് എന്ന ചോദ്യമാണ്. കൂടെ ആരൊക്കെയാ എന്നു ചോദിച്ചപ്പോൾ, സിദ്ദിഖിക്ക ഉണ്ട്, ബൈജു ഉണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ ഫുൾ ഹാപ്പി.
സിദ്ദിഖ് : പിന്നെ ഞങ്ങൾക്ക് വിഷമം വരുന്നത് കോമ്പിനേഷൻ സീനുകൾ ഇല്ലാതെ വരുമ്പോഴാണ്. എനിക്കും ബൈജുവിനും കോമ്പിനേഷന്‍ കുറവാണ്. ക്ലൈമാക്സിൽ മാത്രമേയുള്ളൂ. ഇവരൊക്കെ ഉണ്ടല്ലോ എന്നു കരുതി അഭിനയിക്കാൻ ചെല്ലുമ്പോൾ ഇന്ന് അവരില്ല, ചേട്ടന്റെ കൂടെ സീൻ ഇല്ല എന്നൊക്കെ പറയുമ്പോൾ സങ്കടമാണ്. എല്ലാവരും കൂടി വന്നാലേ രസമുള്ളൂ. പൊതുവെ ആളുകൾ പറയുമല്ലോ കാരവൻ വന്ന ശേഷം എല്ലാവരും അതിനകത്താണെന്ന്. ഞങ്ങൾ അങ്ങനെയല്ലാട്ടോ. ആ നടുവിലെ ഡോർ അങ്ങ് മാറ്റി ഒരുമിച്ചിരിക്കും. ഭക്ഷണവുമൊക്കെ ഒന്നിച്ചു തന്നെ. സന്തോഷമായിരുന്നു.
ഇപ്പോഴും പേടി ആണ്; സീനിയർ എന്ന ചിന്ത ഒന്നുമില്ല
മനോജ് : ഇപ്പോഴും ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ പേടിയാണ്. ഇത്ര നാളത്തെ എക്സ്പീരിയൻസ്, സീനിയോരിറ്റി ഇതൊന്നും അപ്പോൾ മനസ്സിലില്ല. ഏത് ഷോട്ട് ആണ് വയ്ക്കുന്നത്, ഇത്രയും ഡയലോഗുണ്ടോ, ചെറിയ ഡയലോഗ് ആയിരുന്നു നല്ലത് – എന്നൊക്കെ നമ്മൾക്കും തോന്നും.
ബൈജു : സിനിമയിലേക്ക് കയറാൻ കുറച്ചു സമയമെടുക്കും
സിദ്ദിഖ് : ഒരു അഭിനേതാവിനെ സംബന്ധിച്ച് ആദ്യം ചെയ്യേണ്ട കാര്യം സംവിധായകനെ തൃപ്തിപ്പെടുത്തുക എന്നതാണ്. എത്ര വലിയ ആക്ടറാണെങ്കിലും ശരി. പുതിയ പിള്ളേരുടെ കൂടെ അഭിനയിക്കുമ്പോൾ പേടിയാണ്. ഇവരെ എങ്ങനെ തൃപ്തിപ്പെടുത്തും? സൗബിൻ ആദ്യമായി സംവിധാനം ചെയ്ത പറവയിലേക്ക് എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ‘എടാ നീയൊക്കെ എല്ലാ പടത്തിലും വളരെ നാച്ചുറലായി ബിഹേവ് ചെയ്യുന്ന ആളുകളാണ്. നിങ്ങളുടെ ഗ്യാങ്ങിലെ എല്ലാവരും അങ്ങനെയാണ്. പ്രത്യേകിച്ച് രാജീവ് രവിയുടെ പടത്തിലൊക്കെ അഭിനയിക്കുന്നവർ. എനിക്കൊക്കെ അത്ര നാച്ചുറലായി പറ്റുമോ എന്ന് അറിഞ്ഞൂട. അപ്പോ നീ ഒന്ന് ശ്രദ്ധിക്കണം’. അപ്പോൾ അവൻ പറഞ്ഞു, ഒന്ന് പോ ഇക്കാ അങ്ങനെയൊന്നുമല്ലെന്ന്. പക്ഷേ എന്റെ ഉള്ളിൽ എപ്പോഴും ഒരു ഭയമുണ്ട്. അവരുടെ കൂടെ നിൽക്കണം, ബ്ലെൻഡ് ആകണം എന്നൊക്കെയുള്ള ചിന്ത. നമ്മൾ മാത്രം ആർടിഫിഷ്യൽ ആയിപ്പോകരുതല്ലോ. പറവ പിന്നെ അങ്ങനെയൊരു പടമായിരുന്നു. അതേസമയം ഞാൻ അഭിനയിച്ച നേര് കുറച്ച് ഡ്രാമ വേണ്ട സിനിമയായിരുന്നു. അത് അങ്ങനെ ചെയ്യണം. ഓരോ സിനിമയ്ക്കനുസരിച്ച് ചെയ്യാൻ കഴിയുന്നത് ഭാഗ്യം.
മനോജ് : നമ്മൾ തൊണ്ണൂറുകളിലൊക്കെ എന്ത് ഡ്രാമ ആയിരുന്നല്ലേ?
സിദ്ദിഖ് : അതെ, ഞാനും മനോജും കൂടെ ‘പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല, കുതിച്ച് ചാടാനാ’ എന്ന ഡയലോഗൊക്കെ പറഞ്ഞിട്ടുണ്ട്. ലോകത്ത് ഏതെങ്കിലും മനുഷ്യർ അങ്ങനെയൊക്കെ പറയോ? ഇങ്ങനത്തെ സീനൊക്കെ ചെയ്യുമ്പോൾ ഞങ്ങൾ ഭയങ്കര ചിരിയാണ്. പക്ഷേ സിനിമയിൽ എന്റെയും മനോജിന്റെയും കഥാപാത്രങ്ങൾ ജന്മശത്രുക്കളും. കണ്ടാൽ കൊല്ലാൻ നടക്കുകയാണ്. അപ്പോൾ നേർക്കുനേർ സീനൊക്കെ വരുമ്പോൾ ഞങ്ങൾ പരസ്പരം നോക്കൂല. നോക്കിയാൽ ചിരിക്കും.
മനോജ് : ബൈജുവുമായും ചിരി എനിക്ക് ഭയങ്കര വിഷയമാണ്. നേർക്കുനേർ ഷോട്ട് വന്നാൽ ഞാൻ ചിരിക്കും
ബൈജു : ഞാൻ അങ്ങനെ ചിരിക്കാറില്ല. പക്ഷേ എന്നെ ഇവൻ ചിരിപ്പിക്കും.
സിദ്ദിഖ് : ബൈജു ചിരിക്കില്ല പക്ഷേ ആക്കിയ ഒരു നോട്ടം നോക്കും. ഞങ്ങളും കുറേ ചെയ്തിട്ടുണ്ട് സിനിമകൾ. മിമിക്സ് പരേഡ്, കാസർഗോഡ് കാദർഭായ് ഒക്കെ. നിങ്ങളൊക്കൊ പറയുമ്പോഴാണ് ഇത്രേം സിനിമകൾ ചെയ്തല്ലോ എന്നോർക്കുന്നത് തന്നെ. ഞങ്ങൾ ഇനിയും എത്ര സിനിമയിൽ അഭിനയിക്കാൻ പറ്റും എന്നു നോക്കി നടക്കുന്ന ആൾക്കാരാണ്. കഴിഞ്ഞതിനെ പറ്റി ആലോചിക്കാറേ ഇല്ല. എന്നാലും ചെയ്ത കഥാപാത്രങ്ങളെ പറ്റി ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം.
സോഷ്യൽ മീഡിയ റീലുകളും കമന്റുകളും
മനോജ് : എന്റെ റീലുകളൊക്കെ അറിയാതെ ഹിറ്റ് ആയതാണ്. യുകെയിൽ പമ്പിൽ പോയാൽ നമ്മൾ തന്നെ പെട്രാൾ അടിക്കണം. ആരും അടിച്ചു തരില്ല. അപ്പോൾ പമ്പിൽ ജോലി കിട്ടിയതല്ല എന്നു പറഞ്ഞ് ഞാനൊരു വിഡിയോ ഇട്ടു. അത് ലക്ഷക്കണക്കിനാളുകൾ കണ്ടു. പിന്നെ എയർപോട്ടിൽ വച്ച് ഉണ്ണി മുകുന്ദന്റെ കൂടെ ഫോട്ടോ എടുക്കാന്‍ ഒരു എയർപോട്ട് ജീവനക്കാരി മൊബൈലുമായി ഇങ്ങനെ വന്നപ്പോൾ തട്ടാതിരിക്കാൻ ഞാൻ മാറിപ്പോയി. അത് അവിടെയുള്ള വേറെ കടയിലെ ഒരു പയ്യൻ വിഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. അത് റീച്ച് ആയില്ല. ഇത് കറങ്ങിത്തിരിഞ്ഞ് എന്റെ കയ്യിൽ വന്നപ്പോൾ ഞാൻ എഡിറ്റ് ചെയ്ത് ഒരു പാട്ടൊക്കെ ഇട്ട് പോസ്റ്റ് ചെയ്തു. ഇട്ടപ്പോൾ പിന്നെ തീ പറക്കും പോലെ പറന്നു. ഔരോ ദിവസം ഓരോ മില്യൻ. എട്ട് ദിവസമായപ്പോൾ എട്ട് മില്യൻ. ആളുകളുമായുള്ള ഒരു ആശയവിനിമയം, നമ്മൾ ഇവിടെയൊക്കെ തന്നെയുണ്ട് എന്നറിയിക്കാനുള്ള ഒരു ഉപാധിയായാണ് ഞാൻ സോഷ്യൽ മീഡിയയെ കാണുന്നത്. ഞാൻ എല്ലാ കമന്റുകൾക്കും റിപ്ലൈ കൊടുക്കാറുമുണ്ട്.
സിദ്ദിഖ് : എന്താണ് ആളുകൾ നമ്മളെ പറ്റി പറയുന്നത് എന്നൊക്കെ അറിയാൻ ശ്രമിക്കാറുണ്ട്. നല്ല കമന്റ് കണ്ടാൽ സന്തോഷം തോന്നും ഒരു മോശം കമന്റ് കണ്ടാൽ വേദനിക്കും. ഞാൻ ഒരിക്കൽ ഇങ്ങനെ മോഹന്‍ലാലിനോടു പറഞ്ഞു; നമ്മളെ പറ്റി ഒരാൾ മോശം കമന്റ് പറയുമ്പോൾ വിഷമം തോന്നും ലാലിനങ്ങനെ തോന്നാറുണ്ടോ? അപ്പോൾ ലാൽ പറഞ്ഞു; ‘ ഇല്ല. കാരണം നമ്മൾ ആളുകളെ രസിപ്പിക്കാൻ ജീവിക്കുന്ന ആളുകളാണ്. നമ്മുടെ ജോലി അതാണ്. നമ്മുതെ ഒരു ഫോട്ടോയുടെ താഴെ മോശം കമന്റ് എഴുതി ഒരാൾ രസിക്കുന്നുണ്ടെങ്കിൽ അയാൾ രസിച്ചോട്ടെ. അത് നമ്മള്‍ മൈൻഡ് ചെയ്യേണ്ട കാര്യമില്ല.’ അതിൽ പിന്നെ എനിക്കും അതൊക്കെ കാണുമ്പോൾ അത്ര സങ്കടം തോന്നാറില്ല.
ബൈജു : ഞാൻ സോഷ്യല്‍ മീഡിയയിൽ അങ്ങനെ ആക്ടീവ് ഒന്നുമല്ല. വല്ലപ്പോഴും ഒരു ഫോട്ടോ ഒക്കെ ഇടും ജീവിച്ചിരിപ്പുണ്ടെന്നറിയിക്കാൻ വേണ്ടി. എനിക്ക് റീൽസ് ഒക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഭയങ്കര മെനക്കേടാണ്. ഞാൻ ഒരു അഡ്മിനെ വച്ചിട്ടുണ്ട്. കമന്റ് വരുമ്പോൾ ഒരു ലവ്, ലൈക്ക് ഒക്കെ കൊടുക്കാൻ. ഇല്ലെങ്കിൽ ഇവരിൽ നിന്നൊക്കെ അകന്ന് പോകും.
സോഷ്യൽ മീഡിയയെ പേടിക്കണോ?
സിദ്ദിഖ് : പേടിയല്ല, ഒരു കരുതൽ എപ്പോഴുമുണ്ട്. നമ്മൾ കുറച്ചുകൂടി സൂക്ഷിക്കണം. ഉപയോഗിക്കുന്ന വാക്കുകൾ നല്ലതായിരിക്കണം. ചിലപ്പോൾ നമ്മൾ പെട്ടെന്നു പറഞ്ഞു പോകുന്ന ഒരു കാര്യം ആളുകളെ വേദനിപ്പിക്കും. ചിലപ്പോൾ അബദ്ധമായി പോകും. നമ്മൾ നമ്മളെ ഒന്നു കൂടി സൂക്ഷിക്കണം എന്ന ചിന്തയുണ്ടാക്കിയിട്ടുണ്ട് സോഷ്യൽ മീഡിയ
ബൈജു : കൈവിട്ട് പറയേണ്ടി വന്നാൽ ഞാൻ പ്രതികരിക്കും കേട്ടോ. അതിനെനിക്ക് സോഷ്യൽ മീഡിയയെ ഒന്നും പേടിയില്ല. അതിൽ സഭ്യത ഉണ്ടായിരിക്കും.