ADVERTISEMENT

ശക്തമായ കഥാപാത്രങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും ശ്രദ്ധേയയായ അഭിനേതാവാണ് പാർവതി തിരുവോത്ത്. എംടി വാസുദേവൻ നായരുടെ ഒമ്പത് തിരക്കഥകളെ ആസ്ഥാനമാക്കി 8 സംവിധായകർ ഒരുക്കുന്ന 9 സിനിമകൾ ചേർന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സിരീസ് ആണ് പാർവതിയുടെ ഏറ്റവും പുതിയ വിശേഷം. 

കുറച്ചു നാൾ മലയാളത്തിൽ സിനിമകൾ ചെയ്യാതിരുന്നപ്പോൾ ‘നിലപാടുകൾ കൊണ്ട് ഫീൽഡ് ഔട്ട് ആയ നടി’ എന്നതരത്തിലുള്ള കമന്റുകൾ പാർവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കു താഴെ കാണാമായിരുന്നു. എന്നാൽ തെലുഗുവിലും തമിഴിലും ഹിന്ദിയിലുമെല്ലാം സിനിമകളും സിരീസുകളും ചെയ്തുകൊണ്ടിരിക്കുന്ന പാർവതിയെ ഇതൊന്നും ബാധിക്കുന്നേയില്ല. ‘ആളുകൾ അവരുടെ സമയം കളഞ്ഞ് കമന്റിടുന്നു, ഞാൻ അഭിനയിക്കുന്നു’ എന്നാണ് വളരെ ലളിതാമായി ഇതിനു പാർവതി മറുപടി നൽകുന്നത്:–

ഫീൽഡ് ഔട്ട് ആയ നടി എന്ന കമന്റുകളെ എങ്ങനെ കാണുന്നു

അത് ആളുകളുടെ കമന്റുകൾ ആയി മാത്രമാണ് ഞാൻ കാണുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ നിർവചിക്കുന്നില്ല. ആരെയും ആരുടെയും അഭിപ്രായങ്ങൾ നിർവചിക്കുന്നില്ല. അതിനുള്ള സമയം അവർ കണ്ടെത്തുന്നുണ്ട്, അവര്‍ എഴുതുന്നുണ്ട്, ഞാൻ ആ സമയത്ത് അഭിനയിക്കുന്നു, ജീവിക്കുന്നു. ഇതൊന്നും ഒരു പ്രശ്നമല്ല. ആളുകൾ അവർ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കും. ഒരാൾ ഒരു കാര്യം ചെയ്യുമ്പോൾ അത് അവരെ പറ്റിയല്ലേ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത്. അതിൽ അവരുടെ സത്യം മാത്രമല്ലേ ഉള്ളൂ. എന്റെ സത്യം അതിൽ വരുന്നേ ഇല്ല, ആരും അറിയുന്നില്ല. അതിൽ എനിക്ക് കുഴപ്പമില്ല, ഞാൻ എന്റെ ജോലി ചെയ്യുന്നു. 

എന്റെ കഥാപാത്രങ്ങളിൽ ഞാൻ ഇല്ല

എന്റെ കഥാപാത്രങ്ങളിൽ ഞാൻ ഉണ്ടാകാൻ പാടില്ല എന്നു കരുതുന്ന ആളാണ് ഞാൻ. എന്നെത്തന്നെ തേടാൻ ശ്രമിക്കാറില്ല. അതല്ല ഈ ജോലിയുടെ ഉദ്ദേശം. ചെയ്യുന്ന കഥാപാത്രങ്ങളായി മാറുക എന്നു മാത്രമേ ഉള്ളൂ. പിന്നെ സ്ട്രോങ്, ബോൾഡ് എന്നൊക്കെ എന്നെ വിളിക്കേണ്ട കാര്യമില്ല. അതല്ല എന്നെ നിർവചിക്കുന്നത്. ഞാൻ വീക്ക് ആകുന്നതുകൊണ്ടാണ് ഞാൻ സ്ട്രോങ് ആകുന്നത്. നമ്മുടെ ബലഹീനതകൾ കണ്ടെത്തേണ്ടതുണ്ട് എന്നിട്ട് അതിനെ നമ്മൾ എങ്ങനെ തരണം ചെയ്യുന്നു, അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് നാം എന്താണ് എന്നുള്ളത്. കഥാപാത്രങ്ങളിലൂടെ ഞാൻ എന്നെത്തന്നെ കണ്ടെത്തുന്നത് പിന്നീടാണ്. സിനിമ ചെയ്തു കഴിഞ്ഞശേഷം എനിക്കു കിട്ടുന്ന ബോണസാണ് അത്. 

ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ ആദ്യമായി

കടൽ നമ്മളെ വിളിക്കുന്നതു പോലെയാണ് അത്. വളരെ മിതമായി സംസാരിക്കുന്ന സംവിധായകനാണ്. പക്ഷേ ഒരു ഷോട്ട് കഴിഞ്ഞ് സാറിന്റെ മുഖത്തു നോക്കിയാൽ മനസ്സിലാകും ക്ലിക്ക് ആയോ എന്ന്. ഒരേ കടലും അകലെയുമൊക്കെ കണ്ടിട്ട് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ശ്യാം സാറിന്റെ കൂടെ അഭിനയിക്കണമെന്ന്. അത് എംടി സാറിന്റെ തിരക്കഥയായ ‘കാഴ്ച്ച’യിലൂടെ ആയതിൽ ഇരട്ടി സന്തോഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com