ADVERTISEMENT

2016ൽ ആസിഫ് അലി നായകനായ ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. സെറ്റിൽ ആസിഫിനെ കാണാൻ രണ്ടു മൂന്നു ചെറുപ്പക്കാരെത്തി. അവർ ചെയ്ത ‘ഗ്രേസ് വില്ല’ എന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ ലോഞ്ച് ചെയ്യാൻ ആസിഫിനൊപ്പം ഒരു ചിത്രമെടുക്കണമെന്ന ഉദ്ദേശവുമായാണ് അവർ സെറ്റിലെത്തിയത്. ഷോർട്ട് ഫിലിമിനു വേണ്ടി ക്യാമറ ചെയ്ത ചെറുപ്പക്കാരൻ അവരുടെ കൊച്ചു സിനിമ ആസിഫിനെ കാണിച്ചു. സിനിമ ആസിഫിന് ഇഷ്ടപ്പെട്ടു. ഫോട്ടോ എടുത്തു മടങ്ങാൻ നേരം ആ ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് യാത്രയാക്കിക്കൊണ്ട് ആസിഫ് പറഞ്ഞു, ‘ഓക്കെ ടാ... ഇനി നമുക്ക് സിനിമയിൽ കാണാം’! രണ്ടു വർഷങ്ങൾക്കു ശേഷം ആ ചെറുപ്പക്കാരൻ സ്വതന്ത്ര ഛായാഗ്രാഹകനായി മലയാള സിനിമയിലെത്തി. അദ്ദേഹം ചെയ്ത അഞ്ചു സിനിമകളിലും ആസിഫ് അലിയുണ്ടായിരുന്നു. ഒടുവിൽ ആ ചെറുപ്പക്കാരൻ ആദ്യമായ തിരക്കഥ എഴുതിയ ചിത്രത്തിലും ആസിഫ് അലി നായകനായി. ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’. അന്നത്തെ ചെറുപ്പക്കാരനെ ഇന്ന് മലയാളികൾ അറിയും. കിഷ്കിന്ധാ കാണ്ഡം എന്ന ബ്രില്യന്റ് സിനിമയ്ക്കു വേണ്ടി കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്കൊപ്പം ഛായാഗ്രഹണം കൂടി നിർവഹിച്ച ബാഹുൽ രമേഷ്! മലയാളികൾ ചർച്ച ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡത്തിന്റെ എഴുത്തു വിശേഷങ്ങളുമായി ബാഹുൽ രമേഷ് മനോരമ ഓൺലൈനിൽ. 

ആസിഫ് ഇക്കയും ഞാനും തമ്മിൽ

‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ആദ്യമായി ആസിഫ് ഇക്കയെ കാണുന്നത്. ഞങ്ങളുടെ ഷോർട്ട് ഫിലിം കാണിക്കാൻ പോയതാണ്. പിരിയാൻ നേരം അദ്ദേഹം പറഞ്ഞത് ഇനി സിനിമയിൽ കാണാം എന്നായിരുന്നു. അത് പിന്നീട് സത്യമായി. ഞാൻ ഇതുവരെ ക്യാമറ ചെയ്ത എല്ലാ സിനിമകളിലും ആസിഫ് അലിയുണ്ട്. നാലെണ്ണത്തിൽ ലീഡ് ആയിട്ടും ഒന്നിൽ അതിഥി വേഷത്തിലും! മന്ദാരം, കക്ഷി അമ്മിണിപ്പിള്ള, ഇന്നലെ വരെ, കിഷ്കിന്ധാ കാണ്ഡം എന്നീ സിനിമകളിൽ ആസിഫാണ് നായകൻ. മോഹൻകുമാർ ഫാൻസിൽ ആസിഫ് ഇക്ക അതിഥി വേഷത്തിലും എത്തി. ആ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആണല്ലോ നായകൻ. ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ സിനിമയിൽ ആസിഫ് ഇക്ക ഗസ്റ്റ് റോളിൽ എത്തുന്നത്. തുടക്ക സമയത്തെ ചർച്ചകളിലൊന്നും അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിരുന്നില്ല. ഒടുവിൽ, ഷൂട്ടിനായി അദ്ദേഹം സെറ്റിലെത്തിയപ്പോൾ ഞാൻ അവിടെയുണ്ട്. അപ്പോൾ എന്നോടു തമാശയായി പറഞ്ഞു, ‘അങ്ങനെ ഞാനില്ലാതെ നീയൊരു സിനിമ ചെയ്യണ്ട’ എന്ന്. ആദ്യമായി ഒരു എഴുത്ത് ശ്രമം നടത്തിയപ്പോഴും അതിലും നായകൻ ആസിഫ് ഇക്ക തന്നെയായി. അദ്ദേഹവുമായി എന്തോ കോസ്മിക് കണക്‌ഷൻ ഉള്ളതുപോലെയാണ്.

സിനിമ കണ്ട് വിളിച്ചവർ

പടം പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ അതിവൈകാരികമായിട്ടാണ് എല്ലാവരും പ്രതികരിച്ചത്. സന്തോഷം കൊണ്ടു കരഞ്ഞുപോകുമെന്നു പറയില്ലേ? അങ്ങനെയൊരു അനുഭവം! സിനിമ ഇറങ്ങി മൂന്നാം ദിവസം തിരുവനന്തപുരത്തു വച്ചു കണ്ടപ്പോൾ, ആസിഫ് ഇക്ക, ഞാൻ, ദിൻജിത്തേട്ടൻ ഞങ്ങൾ മൂന്നു പേരും കെട്ടിപ്പിടിച്ചു കരഞ്ഞു പോയി. ആ നിമിഷം ഒരിക്കലും മറക്കാൻ പറ്റില്ല. ഈ സിനിമയ്ക്ക് സാധാരണ പ്രേക്ഷകർ നൽകുന്ന പിന്തുണ വളരെ വലുതാണ്. സിനിമ കണ്ടിട്ട് ആത്മാർഥമായ റിവ്യൂ അവർ എഴുതിയിടുന്നു. ഒറ്റവരിയിലല്ല ആ എഴുത്ത്. ഒന്നൊന്നര പേജുള്ള സാഹിത്യമാണ് സിനിമയെക്കുറിച്ച് എഴുതുന്നത്.

baahul

അത്രയും സമയം അവർ ഈ സിനിമയ്ക്ക് തരുന്നുണ്ടല്ലോ. അത് ഞങ്ങൾക്കു തരുന്ന പ്രോത്സാഹനം വലുതാണ്. സിനിമയിലുള്ള സീനിയേഴ്സായ പലരും വിളിച്ച് അഭിനന്ദിച്ചു. വിസ്മയകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കുറച്ചു സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും സിനിമയിൽ അങ്ങനെ പ്രശ്സതിയോ ബന്ധങ്ങളോ ഇല്ല. അങ്ങനെയൊരു ജീവിതമല്ല എന്റേത്. ഇവർ നമ്മെ വിളിച്ചു എന്നു പറയുമ്പോൾ സന്തോഷം തോന്നുന്ന എല്ലാവരും വിളിച്ചിരുന്നു. സിനിമയുടെ ക്രെഡിറ്റിൽ പേരെഴുതി കാണിക്കുമ്പോൾ ആരാധന തോന്നിയിട്ടുള്ളവർ നേരിൽ വിളിച്ചു സംസാരിക്കുമ്പോൾ ബോധം പോയില്ലെങ്കിലെ അദ്ഭുതപ്പെടേണ്ടൂ.  

എഴുത്തിലെ ഓഫിസ് റൂട്ടീൻ

ലോക്ഡൗൺ സമയത്ത് ഒരു പണിയും ഇല്ലാതെ ഇരുന്നപ്പോൾ എഴുതിയ തിരക്കഥ ആണ് കിഷ്കിന്ധാ കാണ്ഠം. ഒന്നു ശ്രമിച്ചു നോക്കാമെന്നു കരുതി എഴുതി തുടങ്ങിയതാണ്. തുടങ്ങുമ്പോൾ ഇതു പൂർത്തിയാക്കാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലായിരുന്നു. കുട്ടേട്ടൻ (വിജയരാഘവൻ) ചെയ്ത കഥാപാത്രത്തിന്റെ ഐഡിയ ആണ് ആദ്യം മനസിൽ വന്നത്. അതൊന്നു വർക്ക് ചെയ്തു നോക്കാമെന്നു തോന്നി. അപ്പോൾ കഥ എന്താകുമെന്നോ, അജയൻ, അപർണ തുടങ്ങിയ കഥാപാത്രങ്ങൾ വരുമെന്നോ എന്നൊന്നും ചിന്തിച്ചിരുന്നില്ല. അപ്പു പിള്ളയെ വച്ച് കഥ തുടങ്ങുകയാണ്. ഒരു സീൻ എഴുതുന്നു. അത് തീരുമ്പോൾ അടുത്ത സീൻ ഇങ്ങനെ ആയാലോ എന്ന് തോന്നും. അങ്ങനെ പരുവപ്പെട്ട തിരക്കഥയാണ്. അല്ലാതെ മുഴുവൻ കഥയും ആലോചിച്ച് ഉണ്ടാക്കിയിട്ടില്ല. വൺലൈനോ സീൻ ഓർഡറോ ഒന്നും തയാറാക്കിയിട്ടല്ല തിരക്കഥ എഴുതിയത്. 

എഴുതി വന്നപ്പോഴാണ് എനിക്കും കഥ വെളിപ്പെട്ടത്. അപർണ കണ്ടു പിടിക്കുമ്പോഴാണ് ഞാനും അതു കണ്ടു പിടിക്കുന്നത്. എഴുതുന്നതിനു മുൻപ് ചിന്തിക്കാറില്ല. എഴുതി കണ്ടു പിടിക്കുക എന്നതായിരുന്നു എന്റെ രീതി. ആലോചിക്കാൻ ശ്രമിച്ചാൽ എനിക്ക് സമ്മർദ്ദം തോന്നും. കോവിഡ് കാലത്ത് വീട്ടിലാണല്ലോ. ഈ എഴുത്തിന്റെ സമ്മർദ്ദം തലയിലെടുത്തു വച്ചാൽ വീട്ടുകാർക്ക് കൊടുക്കേണ്ട ക്വാളിറ്റി ടൈമിനെ ബാധിക്കും. അതുകൊണ്ട്, ഓഫിസിൽ ഇരുന്നു ജോലി ചെയ്യുന്ന പോലെയാണ് ഞാൻ എഴുതാൻ ഇരുന്നത്. രാവിലെ പത്തു മണി മുതൽ അഞ്ചു വരെ ഇരുന്ന് എഴുതും. മനസിൽ തോന്നുന്നത് എഴുതി വയ്ക്കും. അഞ്ചു മണി ആകുമ്പോൾ ലാപ്ടോപ് അടച്ചു വയ്ക്കും. പിന്നെ കഥയെക്കുറിച്ച് ചിന്തിക്കില്ല. അടുത്ത ദിവസം രാവിലെ വീണ്ടും ഇതു തുടരും. ഇങ്ങനെയാണ് എഴുത്ത് പുരോഗമിച്ചത്. 

എഴുത്തിൽ പിന്തുണച്ചവർ

സ്കൂൾ സമയത്തൊക്ക ചെറുകഥാരചന മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. അതാണ് എഴുത്തുമായുള്ള ബന്ധം. അയ്യപ്പനും കോശിയും സിനിമയുടെ ക്യാമറാമാൻ സുദീപ് എളമൺ എന്റെ വലിയ സുഹൃത്താണ്. അതുപോലെ വിഷ്ണു ശർമ... ചെന്നൈയിൽ എന്റെ സീനിയേഴ്സ് ആയിരുന്നു ഇവർ രണ്ടു പേരും. ഞാൻ എഴുതുന്നതിനെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുള്ള വ്യക്തികളാണ് ഇവർ രണ്ടു പേരും. ഇവർക്കു വേണ്ടി ചില ഹ്രസ്വചിത്രങ്ങളുടെ എഴുത്തുപണികൾ ചെയ്യാറുണ്ടായിരുന്നു. അന്നു മുതലെ സിനിമയിൽ എഴുത്ത് ട്രൈ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ, എഴുത്ത് എന്ന് പറയുന്നത് ശരിക്കുമൊരു ചൂതാട്ടം പോലെയാണ്. വലിയ ഉറപ്പൊന്നുമില്ല. അതിനെ മാത്രം നമ്പിയിരുന്നാൽ നല്ല രീതിയിൽ പോകാൻ പറ്റില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ട് ഒരു 'ടെക്നിക്കൽ കൈത്തൊഴിൽ' ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കുമെന്നു തോന്നി. അതുകൊണ്ടാണ് സിനിമാറ്റോഗ്രഫി തിരഞ്ഞെടുത്തത്. എന്നെങ്കിലും എഴുത്തിൽ ഒരു കൈ നോക്കാം എന്നു കരുതി. ലോക്ഡൗൺ വന്നില്ലായിരുന്നെങ്കിൽ എഴുത്ത് ഇപ്പോഴും നടക്കില്ലായിരുന്നു.  

bahul-ramesh2

ക്ഷമയോടെ കണ്ടെടുത്ത ഷോട്ടുകൾ

കുരങ്ങുകളുടെ ഷോട്ടുകളെക്കുറിച്ച് പലരും പ്രത്യേകം പറഞ്ഞു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്സ് പൊതുവെ കാണിക്കാറുള്ള ക്ഷമ മാത്രമാണ് ആ ഷോട്ടുകൾക്ക് പിന്നിലെ രഹസ്യം. ആവശ്യമുള്ളതു കിട്ടുന്നതു വരെ ക്ഷമയോടെ ഇരിക്കുക. മൂന്നോ നാലോ ഇടങ്ങളിലാണ് കുരങ്ങുകളുടെ ഷോട്ടുകൾ ഉള്ളത്. ആകെ നോക്കിയാൽ 12–15 സെക്കൻഡ് ഷോട്ടേ ഉണ്ടാകൂ. പക്ഷേ, അതിനായി മണിക്കൂറുകൾ ചെലവഴിച്ചിട്ടുണ്ട്. കുരങ്ങന്മാരുടെ പല വെർഷനുകൾ എടുത്തു വച്ചിരുന്നു. അതിൽ കുറിക്കു കൊള്ളുന്ന ഭാവങ്ങൾ തിരഞ്ഞുപിടിച്ച് എടുത്തു വച്ചത് എഡിറ്റർ സൂരജ് ആണ്. ആ ക്രെഡിറ്റ് അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. കാരണം, അഞ്ചു മണിക്കൂർ ഫൂട്ടേജാണ് അദ്ദേഹത്തിന് കൊടുത്തത്. അതിൽ നിന്ന് അദ്ദേഹം കണ്ടെടുത്തതാണ് ഇപ്പോൾ സിനിമയിൽ കാണുന്ന ഷോട്ടുകൾ. 

എനിക്ക് സുരജേട്ടനെ (എഡിറ്റർ സൂരജ് ഇ.എസ്) മുൻപെ അറിയാം. ‘കക്ഷി അമ്മിണിപ്പിള്ള’യിലും അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അക്കാദമിക് ബ്രില്യൻസ് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. നന്നായി വായിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ലിറ്ററേച്ചർ ജഡ്ജ്മെന്റ് നല്ലപോലെ ഉള്ള കക്ഷിയാണ്. അത് കക്ഷി അമ്മിണിപ്പിള്ളയിൽ ഞങ്ങൾക്കു ഗുണം ചെയ്തിരുന്നു. അതുകൊണ്ടാണ് ഷൂട്ടിന് മുൻപ് അദ്ദേഹത്തിനൊപ്പം ഞങ്ങൾ ഇരുന്നത്. ചില സീൻ ഓർഡറുകൾ മാറ്റാനും സിനിമ ക്രിസ്പ് ആക്കാനും അദ്ദേഹത്തിന്റെ ഇൻപുട്ട് സഹായിച്ചു. മുഖവുരകൾ ഇല്ലാതെ കാര്യങ്ങൾ പറയാനുള്ള ഇടമുണ്ട്. അതുകൊണ്ട്, പരസ്പര വിമർശനങ്ങളും തിരുത്തലുകളും ഈഗോയില്ലാതെ നടക്കുമെന്ന ഗുണമുണ്ട്.  

ഉപകാരമായ ഉർവശി ശാപങ്ങൾ

കേരളത്തിലെ പല ജില്ലകളിലും തേടി നടന്നിട്ടാണ് ഒടുവിൽ ഇപ്പോൾ സിനിമയിൽ കാണുന്ന വീട് കണ്ടെത്തിയത്. ചെറുപ്ലശേരിയിലെ ഒളപ്പമണ്ണ മനയിലാണ് (വെള്ളിനേഴി മന) സിനിമ ഷൂട്ട് ചെയ്തത്. കാടിന്റെ ഭാഗം ചിത്രീകരിച്ചത് ധോണിയിലായിരുന്നു. പിന്നെ, കുറച്ചു ഭാഗങ്ങൾ ഒറ്റപ്പാലത്തും പാലക്കാടുമായി ചിത്രീകരിച്ചു. ചുരുക്കത്തിൽ പാലക്കാടാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഒരു റിസർവ് ഫോറസ്റ്റിന്റെ അടുത്തെവിടെയോ ആണ് ഈ വീടെന്ന പ്രതീതി ഉണ്ടാകണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. അതിന് പറമ്പിൽ നല്ല തടിയുള്ള മരങ്ങൾ വേണം. തെങ്ങ്, കവുങ്ങ്, വാഴ അല്ലാത്ത മരങ്ങൾ ആകണം. ഇങ്ങനെയൊരു വിവരണമാണ് ലൊക്കേഷൻ മാനേജർമാർക്ക് കൊടുത്തത്. 

കാസർകോട് നീലേശ്വരത്തിന് അടുത്തുള്ള ഒരു വീട് ആദ്യം ഓകെ ആയി അവിടെ ഷൂട്ട് തുടങ്ങാനിരിക്കുമ്പോൾ ചില അനുമതി പ്രശ്നങ്ങൾ വന്നതും വേറെ ഒരു ലൊക്കേഷൻ നോക്കേണ്ടി വന്നതും. അങ്ങനെയാണ് ഒളപ്പമണ്ണ മനയിലേക്ക് ഷൂട്ട് മാറ്റിയതും. അവിടെ എത്തിയപ്പോൾ വേറെ ചില നല്ല കാര്യങ്ങൾ സംഭവിച്ചു. ആ വീടിന് മുന്നിൽ പറമ്പിലേക്ക് ഇറങ്ങുന്ന നീണ്ട പടവുകൾ ഉണ്ട്. അതൊന്നും നീലേശ്വരത്തെ വീട്ടിലുണ്ടായിരുന്നില്ല. ഇതെല്ലാം സിനിമയുടെ പശ്ചാത്തലം സെറ്റ് ചെയ്യുന്നതിന് സഹായിച്ചു. ചുരുക്കത്തിൽ എല്ലാ ഉർവശി ശാപങ്ങളും ഈ സിനിമയിൽ ഉപകാരമായിട്ടാണ് ഭവിച്ചത്. 

ടീം വർക്കിലെ മാന്ത്രികർ

കലാസംവിധായകൻ സജീഷ് താമരശേരിയുടെ മികവ് എടുത്തു പറയണം. കക്ഷി അമ്മിണിപ്പിള്ളയുടെ സമയത്താണ് അദ്ദേഹത്തെ പരിചയം. അന്ന് അദ്ദേഹം ആർട് ഡയറക്ടർ ത്യാഗു ചേട്ടന്റെ കൂടെയായിരുന്നു. അന്നേ ‍ഞങ്ങൾ തമ്മിൽ വലിയ ബന്ധം ഉടലെടുത്തിരുന്നു. ഇതിൽ സജീഷേട്ടൻ വന്നപ്പോൾ സിനിമയുടെ ഫോർമാലിറ്റികൾ ഇല്ലാതെ കാര്യങ്ങൾ പറയാൻ പറ്റുന്ന ബന്ധം വന്നു. അദ്ദേഹത്തിന്റെ ടീം അതുപോലെ ചങ്ക് പറിച്ചു കൂടെ നിന്നിട്ടുണ്ട്. ഒളപ്പമണ്ണ മനയിൽ ഒരുപാട് വർക്കുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ആളുകൾക്ക് കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത അത്രയും ഗംഭീരമായിട്ടാണ് അദ്ദേഹം അതു ചെയ്തത്. ഇപ്പോൾ ഒളപ്പമണ്ണ മനയിൽ പോയാൽ ഈ സിനിമ എവിടെയാണ് ഷൂട്ട് ചെയ്തതെന്നു ചോദിച്ചു പോകും. അതുപോലെ അദ്ദേഹം ആ മനയെ മാറ്റിയെടുത്തു. ഇന്റീരിയറിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. ജനലകളും വാതിലുകളും വരെ മാറ്റി. ആ വീട്ടുകാർക്കു തന്നെ ഈ മാറ്റങ്ങൾ കണ്ടിട്ട് കൗതുകമായിരുന്നു. 

സംഗീതം ചെയ്ത മുജീബ് മജീദ് ഈ സിനിമയ്ക്കു നൽകിയ ഫീൽ വേറെ ലെവലാണ്. ഗ്രേസ് വില്ല മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹം ഈ സിനിമയ്ക്കു നൽകിയിരിക്കുന്ന ഫീലിനെ കുറിച്ച് സമൂഹമാധ്യങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഇനിയും ഒരുപാട് പര്യവേഷണ സാധ്യതയുള്ള കടങ്കഥയാണ് അദ്ദേഹം. പറയുന്നതിന് അപ്പുറത്ത് റിസൾട്ട് തരുന്ന ഒരു കക്ഷി! സൗണ്ട് ഡിസൈനർ രഞ്ജു രാജ്, മിക്സിങ് ചെയ്ത വിഷ്ണു സുജാതൻ എന്നിവരും സൗണ്ട് മികച്ചതാകാൻ സഹായിച്ചിട്ടുണ്ട്. കളർ ചെയ്ത ശ്രീക് വാര്യർ ദൃശ്യങ്ങൾക്കു നൽകിയ ഒരു ഫൈൻ ട്യൂണിങ് ഗംഭീരമായിരുന്നു. മികച്ച ദൃശ്യങ്ങളാണ് സിനിമയുടേതെന്നു പറയുമ്പോൾ അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനും കൂടിയുള്ളതാണ്.

ഇനിയെന്നാണ് സംവിധാനം?

സംവിധാനം തൽക്കാലമില്ല. കാരണം സംവിധാനം ഭയങ്കര ടാസ്കാണ്. ഷൂട്ടിങ് പ്രോസസ് ഇഷ്ടമാണ്. പോസ്റ്റ് പ്രൊഡക്ഷൻ ഇഷ്ടമാണ്. അത് അല്ലാതെ സിനിമയുമായുള്ള പീപ്പിൾ മാനേജ്മെന്റും പോളിറ്റിക്കൽ മാനേജ്മെന്റും എനിക്ക് ബുദ്ധിമുട്ടാണ്. ഏറ്റവും ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഒരു പ്രൊജക്ടിനായി മാറ്റി വയ്ക്കണം. ഒരുപാട് സമയവും ഊർജ്ജവും ആവശ്യമുള്ള പണിയാണ് അത്. നല്ല ക്ഷമ വേണം. അതുകൊണ്ട്, തൽക്കാലം അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കൈത്തൊഴിലുകളുമായി ശ്രമങ്ങൾ തുടരാനാണ് തീരുമാനം. 

English Summary:

Chat With Bahul Ramesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com