ADVERTISEMENT

എൺപത് തൊണ്ണൂറ് കാലഘട്ടങ്ങളിൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കട്ടയ്ക്കു നിന്നഭിനയിച്ച കുട്ടിത്താരം. ‘അനുബന്ധം’ എന്ന ചിത്രത്തിൽ സീമയുടെ മകനായെത്തിയ കുറുമ്പൻ ചെക്കൻ, ഹരി. കൂടുതലും ദു:ഖ ഭാവത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട ആ കുട്ടിയെക്കുറിച്ചോർക്കുമ്പോൾ ഒരു കുഞ്ഞു വേദന പ്രേക്ഷകരുടെ മനസിലും മിന്നിമാഞ്ഞുപോകും.  ചെന്നൈ സ്വദേശി വിമലാണ് അനുബന്ധത്തിലെ ഹരിയെയും ആരൂഢത്തിലെ ഉണ്ണിയെയും അവതരിപ്പിച്ച് സംസ്ഥാന, ദേശിയ പുരസ്കാരങ്ങൾ നേടിയെടുത്ത കുട്ടി സൂപ്പർ സ്റ്റാർ. ആട്ടക്കലാശം, എന്റെ കാണാക്കുയിൽ, കരിമ്പിൻ പൂവിനക്കരെ, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ മലയാള സിനിമകൾക്കു പുറമേ തമിഴ്, കന്നട ഭാഷകളിലായി 75 ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരത്തിനുശേഷം അഭിനയം നിർത്തിയ താരം ഇപ്പോൾ ബെംഗളൂരിൽ ഐടി പ്രൊഫഷണലായി ജോലി ചെയ്യുകയാണ്. കൊടുങ്ങല്ലൂർ സ്വദേശിയായ ധന്യയെയാണ് വിവാഹം ചെയ്തത്. ബെംഗളൂരിൽ ബാങ്ക് ജീവനക്കാരിയാണ്. മകൻ വിഹാൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു.  മനോരമ ഓൺലൈനിന്റെ 'ഓർമയുണ്ടോ ഈ മുഖം' എന്ന പരിപാടിയിലൂടെ തന്റെ സിനിമാ ഓർമകൾ പങ്കുവയ്ക്കുകയാണ് മാസ്റ്റർ വിമൽ.

സിനിമ വിട്ടു, ഇപ്പോൾ ഐടി ഫീൽഡിൽ

അച്ഛനും അമ്മയും ഗുരുവായൂർ സ്വദേശികളാണെങ്കിലും ജനിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. ഇപ്പോൾ  ഫാമിലിയുമായി ബാംഗ്ലൂരിൽ സെറ്റിലാണ്.   പഠനവും കരിയറുമൊക്കെ ആയപ്പോൾ സിനിമയിൽ ചെറിയൊരു ബ്രേക്ക് വന്നു. പക്ഷേ അഭിനയിക്കാനുള്ള പാഷന്‍ ഇപ്പോഴും ഉണ്ട്. അനുബന്ധത്തിലെ ആ കഥാപാത്രത്തെ ഇന്നും ആളുകൾ മനസില്‍ സൂക്ഷിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. അതുപോലെയുള്ള നല്ല നല്ല കഥാപാത്രങ്ങളൊക്കെ കിട്ടിയത് എന്റെ ഭാഗ്യമാണ്. മനോരമ ഓൺലൈൻ ഉണ്ണികളേ ഒരു കഥ പറയാം  റീയൂണിയന്‍ വയ്ക്കുന്നുണ്ടെന്നും എന്നെ അന്വേഷിക്കുന്നുണ്ടെന്നും ഖത്തറിൽ നിന്ന് എന്റെ കസിൻ വിളിച്ചു പറഞ്ഞപ്പോഴാണ് അറിയുന്നത് . അപ്പോൾ ആരെ വിളിക്കണം എന്നൊന്നും എനിക്കറിയില്ലായിരുന്നു. കമൽ സാറിനെ മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ. ഒടുവിൽ അദ്ദേഹത്തിന്റെ നമ്പർ തപ്പിയെടുത്ത് കോൺടാക്ട് ചെയ്യുകയായിരുന്നു. 

വിമൽ അല്ല വിപിൻ

ഞാൻ ആദ്യം ഒരു തമിഴ് പടത്തിലാണ് അഭിനയിച്ചത്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ ജനിച്ചിട്ട് ആറുമാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. പിന്നീട് ഒന്നു രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു. എവിഎം പ്രൊഡക്ഷന്റെ ‘അമ്മ’ എന്ന തമിഴ് സിനിമയിലൂടെയാണ് ഞാൻ അറിയപ്പെട്ടു തുടങ്ങിയത്. വിപിൻ എന്നാണ് ശരിക്കുള്ള പേര്. ആ സിനിമയിലാണ് എന്റെ പേര് വിമൽ എന്നുമാറ്റിയത്. പിന്നീടാണ് ഐ വി ശശി അങ്കിൾ ആരൂഢത്തിലേക്ക് വിളിക്കുന്നത്. ആ സിനിമയ്ക്കു ശേഷം മലയാളത്തിലും അറിയപ്പെട്ടു തുടങ്ങി.

സിനിമ ഇഷ്ടമാണ്, തിരിച്ചു വരും

എന്റെ ഫാമിലിയിൽ ആരും സിനിമയുമായി ബന്ധമുള്ള ആൾക്കാരല്ല. ഫാമിലിയിൽ നിന്ന് സിനിമയിലേക്ക് വന്ന ആദ്യത്തെ ആൾ ഞാനാണ്. അച്ഛന്റെ സുഹൃത്ത് വഴിയാണ് ഞാൻ സിനിമയിലേക്ക് വന്നത്. ആ കാലഘട്ടത്തിൽ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി കുറേ സിനിമകൾ വന്നിരുന്നു. അതിൽ ചില നല്ല സിനിമകളിൽ അഭിനയിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു. ഡയറക്ടേഴ്സ് പറഞ്ഞു തന്നതു പോലെയാണ് ഞാൻ ഓരോ സിനിമയിലും അഭിനയിച്ചത്. ഡയലോഗൊക്കെ നേരത്തേ തന്നെ തന്നു പഠിപ്പിക്കുമായിരുന്നു. എനിക്ക് മലയാളം അത്ര നന്നായി അറിയില്ലായിരുന്നു. അമ്മയാണ് എന്നെ ഡയലോഗൊക്കെ പഠിപ്പിച്ചു തന്നിരുന്നത്. ഞാൻ നന്നായി അഭിനയിച്ചതിന്റെ ക്രെഡിറ്റ് ഡയറക്ടേഴ്സിനുള്ളതാണ്. അവർ ഒരുപാട് സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പെരുമാറിയത്. ലാലേട്ടനും മമ്മൂക്കയുമൊക്കെ ഫാമിലി പോലെയാണ് ഇടപെട്ടിരുന്നത്. പക്ഷേ അഭിനയം അവസാനിപ്പിച്ച ശേഷം സിനിമയിലെ ആരെയും കണ്ടിട്ടില്ല. ഉണ്ണികളെ ഒരു കഥപറയാം റീയൂണിയനിലൂടെ വീണ്ടും അവരെയൊക്കെ കാണാൻ പറ്റിയതിലുള്ള എക്സൈറ്റ്മെന്റിലാണ് ഞാൻ. 

2014ൽ ഐവി ശശി സാറിന്റെ ‘അനുവാദമില്ലാതെ’ എന്ന പടത്തിൽ അഭിനയിച്ചിരുന്നു. പക്ഷേ ആ സിനിമ ചില കാരണങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനുശേഷം ഞാൻ പിന്നീട് ശ്രമിച്ചിട്ടുമില്ല. സിനിമയിലേക്ക് തിരിച്ചു വരണമെന്ന് എപ്പോഴും തോന്നാറുണ്ടെങ്കിലും ആരെ കോണ്ടാക്ട് ചെയ്യണം എന്നറിയില്ലായിരുന്നു. നല്ല ക്യാരക്ടേഴ്സ് കിട്ടിയാൽ അഭിനയിക്കാൻ ഇഷ്ടമാണ്. വീണ്ടും തിരിച്ചു വരാൻ കഴിയുമെന്നാണ് പ്രതീക്ഷ. 

English Summary:

'Unnikale oru kadha parayam' fame Master Vimal Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com