ADVERTISEMENT

തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിടിയിൽ സൂപ്പർഹിറ്റായി പ്രേക്ഷകഹൃദയം കീഴടക്കുകയാണ് സൈജു കുറുപ്പും സായികുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭരതനാട്യം. സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ നെഞ്ചോടു ചേർക്കുന്ന കഥാപാത്രങ്ങളിലൊന്ന് ഡബിങ് ആർടിസ്റ്റ് കൂടിയായ ശ്രീജ രവി അവതരിപ്പിച്ച രുഗ്മിണിയാണ്. പ്രേക്ഷകരുടെ ഉള്ളിലൊരു വിങ്ങലും അതിനേക്കാളേറെ ഇഷ്ടവും നിറയ്ക്കുന്നുണ്ട് ശ്രീജ രവിയുടെ രുഗ്മിണി. സിനിമയുടെ റിലീസിനു മുൻപു വരെ സർപ്രൈസ് ആക്കിവച്ച കഥാപാത്രം തിയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടിയിലൂടെ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ ത്രില്ലിലാണ് മലയാളികളുടെ പ്രിയതാരം. വിശേഷങ്ങളുമായി ശ്രീജ രവി മനോരമ ഓൺലൈനിൽ. 

പ്രേക്ഷകരെ കരയിപ്പിച്ച രുഗ്മിണി

കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിനു ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ് ഭരതനാട്യത്തിലേത്. ഇതും ഒടിടിയിൽ എത്തിയപ്പോഴാണ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ച ആകുന്നത്. തിയറ്ററിൽ വർക്ക് ആകാതെ പോയത് വലിയ സങ്കടമായിരുന്നു. എന്റെ കഥാപാത്രം സർപ്രൈസ് ആക്കി വച്ചിരിക്കുകയായിരുന്നു. അതുകൊണ്ട്, തിയറ്റർ റിലീസിനു മുൻപ് പോസ്റ്ററിലോ പ്രമോഷനിലോ ഒന്നും എന്റെ കഥാപാത്രത്തെക്കുറിച്ച് പരാമർശിച്ചില്ല. ഒടിടിയിൽ സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായങ്ങളാണ് പറയുന്നത്. എന്റെ കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെട്ടു. ക്ലൈമാക്സ് എല്ലാവരും എടുത്തു പറഞ്ഞു. പലർക്കും അതു കണ്ട് കണ്ണു നിറഞ്ഞെന്നൊക്കെ പറഞ്ഞു. 

sreeja-ravi-kalaranjini

ആദ്യം സംശയം, ഇപ്പോൾ സന്തോഷം

സംവിധായകൻ കൃഷ്ണദാസ് മുരളി എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. അദ്ദേഹം ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് സംശയമായിരുന്നു. എനിക്ക് യാതൊരു മുന്‍പരിചയം ഉള്ള ആളല്ല സംവിധായകൻ. എനിക്ക് ഇത് ചെയ്യാൻ‌ പറ്റുമോ എന്നൊരു ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. നായികമാർക്ക് ഡബ് ചെയ്തിട്ടുണ്ട് എന്നല്ലാതെ ഏറെ സങ്കീർണമായ കഥാപാത്രങ്ങളെ അഭിനയിച്ചുള്ള പരിചയം എനിക്കില്ല. കൂടുതലും നായികമാർക്കാണ് ഞാൻ ഡബ് ചെയ്തിട്ടുള്ളതും. സിനിമയിൽ ഇപ്പോൾ കാണുന്നത്ര കാമ്പുള്ള കഥാപാത്രമാണെന്ന് സംവിധായകൻ കഥ പറഞ്ഞപ്പോൾ തോന്നിയില്ല. രണ്ടാം ഭാര്യ എന്നു പറയുമ്പോൾ അത്രയൊക്കെയല്ലേ ഉണ്ടാവൂ എന്നായിരുന്നു എന്റെ ചിന്ത. നെഗറ്റീവ് ആയിരിക്കും എന്നും തോന്നി. പിന്നെ, സൈജു കുറുപ്പിന്റെ സിനിമയാണെന്നു പറഞ്ഞപ്പോൾ ചെയ്യാമെന്ന് വിചാരിച്ചു. കൂടാതെ സായി ചേട്ടന്റെ (സായികുമാർ) ഒപ്പം അഭിനയിക്കുക എന്നതും ഇതിലേക്ക് ആകർഷിച്ചു. അദ്ദേഹത്തിനൊപ്പം ഒരു ആക്ടിങ് സ്പെയ്സ് കിട്ടുക എന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമല്ലേ! അങ്ങനെയാണ് ഞാൻ ഓകെ പറയുന്നത്. 

സിനിമയിലെ 'ഒറിജിനൽ' ഫോട്ടോ

സെറ്റിൽ എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു. അത്രയും കംഫർട്ടബിൾ ആയിരുന്നു ഷൂട്ടിങ്. സിനിമയിൽ എന്റെ ഒറിജിനൽ ഫാമിലി ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. ഞാനും രവിയേട്ടനും നിൽക്കുന്ന ചിത്രം. കയ്യിലുള്ളത് എന്റെ മകളാണ്. സിനിമയിൽ ഉപയോഗിക്കാൻ എന്റെ പഴയ ഫാമിലി ഫോട്ടോ അവർ ചോദിച്ചിരുന്നു. അതിൽ സായി ചേട്ടന്റെ മുഖം വച്ച് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു. കുറച്ചു പഴയ ചിത്രങ്ങൾ ഞാൻ അവർക്ക് അയച്ചു കൊടുത്തു. അതിലൊന്നാണ് സിനിമയിൽ ഉപയോഗിച്ചത്. 

sreeja-ravi-family

അവരെ എനിക്കും തെറ്റി

ഇരട്ടകൾക്കൊപ്പമുള്ള അഭിനയം രസകരമായിരുന്നു. സെറ്റിൽ പലപ്പോഴും എനിക്ക് അവരെ തെറ്റിപ്പോകുമായിരുന്നു. അവരുടെ സംസാരം തന്നെ പ്രത്യേക ശൈലിയിലാണ്. അതു കേൾക്കാൻ നല്ല രസമായിരുന്നു. രണ്ടു പേരെയും കാണാൻ അത്രയും സാമ്യമാണ്. തെറ്റുമ്പോൾ അവർ തന്നെ തിരുത്തും. നല്ല മക്കളായിരുന്നു. ആദ്യമായിട്ടാണ് അവർ ഇതുപോലെ മുഴുനീള വേഷം ചെയ്യുന്നത്. അവർ ആ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. അത്രയും ഒറിജിനലും സ്വാഭാവികവുമായിരുന്നു അവരുടെ അഭിനയം. 

English Summary:

Actor and dubbing artist Sreeja Ravi speaks about her role in Bharatanatyam film which is getting good reviews after OTT release.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com