നരച്ച മുടിയും മൊട്ടത്തലയുമായി ഒരു നായിക; ചിങ്ങമാസത്തിലെ ആ പഴയ പെൺകൊച്ചല്ല ഞാനിപ്പോൾ: ജ്യോതിർമയി അഭിമുഖം
Mail This Article
ലാൽജോസ് സംവിധാനം ചെയ്ത മീശമാധവനിലെ ‘ചിങ്ങമാസം’ എന്ന ഡാൻസ് നമ്പറിലൂടെ ശ്രദ്ധേയയായ ജ്യോതിർമയി 11 വർഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തുന്നത് മറ്റൊരു ഡാൻസിന്റെ അകമ്പടിയോടെയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത ബോഗയ്ൻവില്ലയിലെ ‘സ്തുതി’ എന്ന ഗാനത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കുന്ന ജ്യോതിർമയി 11 വർഷത്തെ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുന്നു.
സിനിമ മാറി
പതിനൊന്നു വർഷങ്ങൾക്കു ശേഷം എത്തുമ്പോൾ സിനിമ ഒരുപാട് മാറിയിരിക്കുന്നു. ഈ ചിത്രത്തിൽ തന്നെ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഞാൻ ആദ്യമായിട്ടാണ് സിങ്ക് സൗണ്ടിൽ വർക്ക് ചെയ്യുന്നത്. അങ്ങനെ ചെയ്തപ്പോൾ അഭിനയിക്കുമ്പോഴുള്ള ഇമോഷൻ അടങ്ങിയ ശബ്ദം തന്നെ കേൾക്കാൻ സാധിച്ചു. അങ്ങനെ ഒരുപാട് മാറ്റങ്ങൾ എനിക്കു കാണാൻ കഴിഞ്ഞു. ഇപ്പോൾ പുതുതായി സിനിമയിലേക്കെത്തുന്ന ആളുകൾക്ക് കുറച്ചുകൂടെ എളുപ്പമായതായി തോന്നി.
ആ പഴയ പെൺകൊച്ചല്ല ഞാനിപ്പോൾ
പ്രേക്ഷകരെ സംബന്ധിച്ചും ഒരുപാട് മാറ്റങ്ങളുണ്ട്. പണ്ടാണെങ്കിൽ എന്റെ ഈ രൂപത്തിൽ നരച്ച മുടിയും മൊട്ടത്തലയുമായി ഒരു നായികയായി ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു എന്നാൽ പുതുതലമുറ അങ്ങനെയല്ല അവർ എല്ലാത്തിനെയും സ്വീകരിക്കുന്നു. പഴയ ഡാൻസും പുതിയ ഡാൻസുമായി ആളുകൾ താരതമ്യം ചെയ്യുന്നതിലൊക്കെ വലിയ സന്തോഷമാണുള്ളത്. ആളുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ? പരിചയമുള്ള ആളുകൾ എന്നോട് വന്നു അഭിനയത്തെപ്പറ്റിയെല്ലാം പറയുമ്പോൾ എനിക്കു സന്തോഷമാകാറുണ്ട്. ചിങ്ങമാസം ഡാൻസിൽ നിന്നും ഒരുപാട് ഞാൻ മാറിയിട്ടുണ്ട്. ചിങ്ങമാസത്തിലെ ആ പഴയ പെൺകൊച്ചല്ല ഇപ്പോൾ ഞാൻ.
അമൽ എന്ന സംവിധായകൻ
ഒരുപാട് നാളുകൾക്കിപ്പുറം ഒരു കഥാപാത്രം ചെയ്യണമെന്നാഗ്രഹിച്ചപ്പോഴും മികച്ച ഒരു വേഷം തേടിയെത്തുന്നത് ബോഗയ്ൻവില്ലയിലാണ്. അമലാണ് എന്നെ ഈ കഥാപാത്രം ചെയ്യാൻ ക്ഷണിക്കുന്നത്. ഒരു ഭർത്താവ് എന്നതിലുപരി സംവിധായകൻ എന്ന നിലയിൽ ഈ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിനു തൊട്ടു മുൻപും ഞാൻ ചോദിച്ചിരുന്നു, ‘മറ്റാരെയെങ്കിലും കൊണ്ടു അഭിനയിപ്പിച്ചാൽ പോരെ’ എന്ന്. അമൽ നീരദ് എന്ന സംവിധായകന് എന്നിൽ വിശ്വാസം ഉണ്ടായിരുന്നു.