ADVERTISEMENT

തിയറ്ററിൽ എത്തുന്നതിനു മുൻപെ തുടങ്ങുന്ന ചർച്ചകളാണ് അമൽ നീരദ് ചിത്രങ്ങളുടെ പ്രത്യേകത. ഭീഷ്മപർവം എന്ന ഹിറ്റിനു ശേഷം ബോഗയ്ൻവില്ല എന്ന സസ്പെൻസ് ക്രൈം ത്രില്ലർ എത്തുമ്പോൾ സിനിമയ്ക്കുള്ളിലെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മികച്ച കഥാപാത്രങ്ങൾ കൊണ്ട് രണ്ടാം വരവിൽ തകർത്താടുന്ന കു‍ഞ്ചാക്കോ ബോബൻ  ബോഗയ്ൻവില്ലയെപ്പറ്റി സംസാരിക്കുന്നു.

ചോദിച്ചു കിട്ടിയ സിനിമ

അമൽ നീരദ് മുൻപ് ചെയ്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ബോഗയ്ൻവില്ല. കഥയും കഥാപരിസരങ്ങളുമെല്ലാം വിരൽ ചൂണ്ടുന്നത് വ്യത്യസ്തമായ മറ്റൊരു അമൽ നീരദ് ചിത്രത്തെയാണെന്നു കുഞ്ചാക്കോ ബോബൻ പറയുന്നു. എന്റെ ഒരുപാടു നാളത്തെ പരിശ്രമത്തിനും പുറകെ നടക്കലുകളുടെയുമെല്ലാം ഫലമായി കിട്ടിയതാണ് ഈ ചിത്രം. ഒരു അമൽ നീരദ് ചിത്രത്തിൽ അഭിനയിക്കുക എന്നുള്ള എന്റെ ആഗ്രഹം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. അമൽ എന്നെ രണ്ട് കഥകൾ കാണിച്ച്, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇനി ഒരു കഥ കൂടി ബാക്കിയുണ്ട്. 

റൂത്തിന്റെ ലോകവും ബോഗയ്ൻവില്ലയും

ലാജോ ജോസിന്റെ  നോവലായ റൂത്തിന്റെ ലോകമാണ് സിനിമയുെട പ്രമേയമെന്ന ചർച്ചകൾ ഒരുപാട് നടക്കുന്നുണ്ട്. ലാജോയുടെ എല്ലാ നോവലുകളും ഞാൻ വായിച്ചിട്ടുണ്ട്. അവയിലെ പല കാര്യങ്ങളും എനിക്കീ സിനിമയിൽ ഉള്ളതായി തോന്നിയിട്ടുണ്ട്. ഇത് ലാജോയുടെ ഒരു നോവൽ ആണോ എല്ലാ നോവലും ചേർന്ന കഥയാണോ എന്നു തിയറ്ററിൽ കണ്ടു തന്നെ മനസ്സിലാക്കണം. ചിലപ്പോൾ ഒന്നുമായും ബന്ധമില്ലന്നും തോന്നിയേക്കാം. സിനിമയിൽ ഒരുപാട് സസ്പെന്‍സ് എലമെന്റുകൾ ഉള്ളതിനാൽ ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്താൻ പറ്റില്ല.

നിർബന്ധിച്ച് ചേർത്ത പാട്ട്

‘സ്തുതി’ എന്ന ഡാൻസ് പെർഫോമൻസ് ഞാൻ അമലിനെ നിർ‍ബന്ധിച്ച് സിനിമയിൽ ഉൾപ്പെടുത്തിയതാണ്. എന്റെയും ജ്യോതിർമയിയുടെയും കഥാപാത്രങ്ങൾക്ക് അങ്ങനൊരു ഡാൻസ് കളിക്കേണ്ട സാഹചര്യമില്ല. ഒരു പ്രൊമോ പോലെ ചെയ്ത ഡാൻസ് ഒരുപാട് ആളുകളിലേക്കെത്തിയതിൽ വളരെ സന്തോഷമുണ്ട്. ഞങ്ങൾ രണ്ട് പേർക്കും നല്ല പേടി ആയിരുന്നു. ഇതുവരെ ചെയ്തിരുന്ന സ്റ്റെപ്പുകളോ പെർഫോമൻസോ അല്ല ‘സ്തുതി’യിൽ ഉള്ളത്. കൃത്യമായ പരിശീലനത്തിനു ശേഷം മാത്രം ചിത്രീകരിച്ചാൽ മതിയെന്നായിരുന്നു അമലിന്റെ തീരുമാനം. ഒരുപാട് സമയം ഉണ്ടായിരുന്നതിനാൽ നന്നായി റിഹേഴ്സൽ ചെയ്യാനും പെർഫോം ചെയ്യാനും കഴിഞ്ഞു. റിലീസ് ആയപ്പോൾ ആ പാട്ട് ഒരു വിവാദത്തിലേക്കു പോകുന്നതായി കണ്ടു. മറ്റൊരു അർത്ഥത്തിൽ ആ പാട്ട് ഉപയോഗിച്ചിട്ടില്ല. എല്ലാക്കാലത്തും കാര്യങ്ങളെ രണ്ടു രീതിയിൽ കാണുന്ന ആളുകൾ ഉണ്ടല്ലോ?

എനിക്ക് ആവശ്യമായിരുന്ന മാറ്റമാണിത് 

സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല ആദ്യം സിനിമയിലേക്കു വന്നതെങ്കിലും പിന്നീട് ആളുകൾക്ക് എന്നെ വേണമെന്നു മനസിലായപ്പോഴായിരുന്നു ഞാൻ സിനിമയെ സീരിയസ് ആയി കണ്ടു തുടങ്ങിയത്. ആദ്യകാലങ്ങളിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്തുവെങ്കിലും എനിക്കൊരു വ്യത്യസ്തത അവകാശപ്പെടാനില്ലായിരുന്നു. രണ്ടാമത് സിനിമയിലേക്കെത്തിയപ്പോൾ എന്റെ ‘ചോക്ലേറ്റ് ഹീറോ’ പരിവേഷം മാറ്റിയുള്ള കഥാപാത്രങ്ങൾ തന്നെയായിരുന്നു ലക്ഷ്യം. അതിൽ പെടുന്നതാണ് ബോഗയ്ൻവില്ലയിലെ ഈ കഥാപാത്രവും. 

English Summary:

Kunchacko Boban talks about his latest film Bougainvillea directed by Amal Neerad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com