സെറ്റിൽ ഉള്ളതിനെക്കാൾ ജോലി വീട്ടിൽ, എല്ലാവർക്കും അറിയേണ്ടത് മണിരത്നത്തെപ്പറ്റി: സുഹാസിനി അഭിമുഖം
Mail This Article
1983ലാണ് സുഹാസിനി ഹാസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. കൂടെവിടെ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അരങ്ങേറുമ്പോൾ തമിഴിലും തെലുങ്കിലും കഴിവ് തെളിയിച്ച നടിയും സഹഛായാഗ്രാഹകയുമായിരുന്നു അവർ. ജീവിതത്തിലും ജോലിയിലും 'മിടുക്കി' എന്ന് തോന്നിപ്പിക്കുന്ന വിധം തന്നെ അവതരിപ്പിക്കാൻ സുഹാസിനി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു എന്ന് തോന്നുന്നതായി പ്രേക്ഷകർ പറഞ്ഞപ്പോൾ 'അതാണ് തന്റെ മിടുക്ക്' എന്ന് മറുപടി പറഞ്ഞയാളാണ് സുഹാസിനി മണിരത്നം. സുഹാസിനി എന്ന അഭിനേത്രിയും സംവിധായികയും ഭാര്യയും അമ്മയുമെല്ലാം എങ്ങനെയാണു ഭംഗിയായി അവതരിക്കുന്നത് എന്ന് സുഹാസിനി സ്പഷ്ടമായ വാക്കുകളിലൂടെ വ്യക്തമാക്കുന്നു. മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന 'ജയ് മഹേന്ദ്രൻ' എന്ന വെബ് സീരീസാണ് സുഹാസിനിയുടെ പുതിയ വിശേഷം. സുഹാസിനി മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
കഥ പറച്ചിലുകാരി
എന്റെ കുടുംബത്തിലെ തീൻമേശയിൽ നിന്നാണ് ഞാൻ കഥ പറയാൻ പഠിച്ചത്. അമ്മൂമ്മയും അച്ഛനും ചെറിയച്ഛനും മാമിയുമെല്ലാം പറഞ്ഞ കഥ കേട്ടും പഠിച്ചുമാണ് ഞാൻ കഥയിലേക്ക് ആകർഷിക്കപ്പെട്ടത്. ജീനിൽ നിന്നും കിട്ടുക എന്ന് പറയുന്ന അത്രയും എളുപ്പത്തിൽ എനിക്ക് കിട്ടിയ കഴിവാണ് അത്. ഇപ്പോൾ പുറത്തിറങ്ങുന്ന 'ജയ് മഹേന്ദ്രൻ' എന്ന വെബ് സീരിസിലും അങ്ങനെ കഥ പറയുന്ന രംഗമുണ്ട്. അണിയറപ്രവർത്തകർ അങ്ങനെയൊരു രംഗം എനിക്ക് തന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് തമാശയ്ക്ക് ഞാൻ ഓർക്കുന്നുണ്ട്.
'സുഹാസിനി ഹാസൻ' അഥവാ 'സുഹാസിനി മണിരത്‌നം'
സെറ്റിൽ എനിക്ക് ഒരു പ്രാധാന്യവുമില്ലേ എന്ന് കളിയായി ഞാൻ ചുറ്റുമുള്ളവരോട് ചോദിക്കാറുണ്ട്. 'മണിരത്നം എങ്ങനെ? സെറ്റില്‍ അവര് വളരെ വേഗത്തിലാണോ എല്ലാകാര്യങ്ങളും ചെയ്യുന്നത്? മണിരത്നം എങ്ങനെയാണു കഥകൾ തിരഞ്ഞെടുക്കുന്നത്?' തുടങ്ങിയ ചോദ്യങ്ങളായിരുന്നു സെറ്റിലുള്ളവർക്ക് അറിയേണ്ടിയിരുന്നത്. ആ ചോദ്യങ്ങൾക്ക് ഞാൻ സന്തോഷത്തോടെ ഉത്തരം പറയാറുമുണ്ട്.
ഞാനും മണിയുമായുള്ള ജീവിതവും സിനിമ പോലെയാണ്. ജീവിതത്തിൽ തമാശയും സംഗീതവും ഒരുപോലെ ചേർന്നിരിക്കണം എന്നാണ് എന്റെ അഭിപ്രായം. ഞാൻ ഇപ്പോൾ അഭിനയിച്ച 'ജയ് മഹേന്ദ്രൻ' എന്ന വെബ് സീരീസിലും വളരെ സങ്കീർണ്ണമായ വിഷയം തമാശയിലൂടെയാണ് പറഞ്ഞുവച്ചിരിക്കുന്നത്.
മലയാളത്തിലേക്കുള്ള വരവ്
ഞാൻ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ അഭിനിയിക്കുമ്പോൾ അണിയറക്കാരൊക്കെ പുതിയ ആളുകളാണ്. അവർക്ക് ഞാൻ എന്ത് ചെയ്താലും 'ഓകെ മേഡം, വെരിഗുഡ് മേഡം' എന്നേ തോന്നുകയുള്ളൂ. 'ഒന്നു കൂടി എടുക്കണോ?' എന്നു ചോദിച്ചാൽ 'വേണ്ട, ഇതു മതി' എന്നേ പറയൂ. പക്ഷേ ഈ വെബ് സീരിസിന്റെ സംവിധായകൻ ശ്രീകാന്ത് അങ്ങനെയല്ല. ഞാൻ എന്തു ചെയ്താലും 'അങ്ങനെയല്ല മേഡം നമുക്ക് ഒന്നുകൂടി എടുക്കാം' എന്നാണ് പറയാറുള്ളത്. അതുകൊണ്ട് തന്നെ ഇതൊരു പഠനം കൂടിയായിരുന്നു എനിക്ക്.
പിന്നെ എന്റെ അഭിനയപാടവം കൊണ്ടുന്നുമല്ല പുതിയ അഭിനയ സാധ്യതകൾ കിട്ടുന്നത് എന്ന് എനിക്ക് തോന്നാറുണ്ട്. എന്നെപ്പോലുള്ള ആളുകളെ ക്ഷണിക്കുമ്പോൾ അവർക്കും മെച്ചമുണ്ട്. വളരെ സമയമെടുത്ത് കഥാപാത്രത്തെ മനസിലാക്കിക്കേണ്ടുന്ന സന്ദർഭങ്ങളിൽ എന്നെപ്പോലെയുള്ളവർ മുൻപ് ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസിലേക്ക് കടന്നുവരുമല്ലോ. അങ്ങനെ സുഹാസിനിയെ വച്ചാൽ ഒരു ഇരുപതു ശതമാനം 'ക്യാരക്ടർ ഡെഫിനിഷൻ' എളുപ്പമാകും. അത് ഞാൻ മനസിലാക്കുന്നുണ്ട്.
അഭിനയത്തിൽ 'മരണാവസ്ഥ' ഉണ്ട്
അഭിനയിക്കുമ്പോൾ നമ്മൾ ഇത്ര കാലമായി നടി ആണോ എന്നതോ, താരമായിരുന്നു എന്നതോ ഫലത്തിൽ ഇല്ല. താരമായതു കൊണ്ട് വ്യത്യസ്തമായി ഭക്ഷണം കഴിക്കാൻ പറ്റില്ലല്ലോ. സാധാരണക്കാരുടേതു പോലെ തന്നെയല്ലേ താരങ്ങൾക്കും വിശപ്പും ദാഹവും. അതുപോലെ തന്നെയാണ് അഭിനയവും. അതൊരു ജോലിയാണ്.
ക്യാമറ സ്റ്റാർട്ട് എന്നു പറഞ്ഞാൽ മനുഷ്യനാണ് ആക്ട് ചെയ്യുന്നത് താരമല്ല. സ്റ്റാർട്ട് ആൻഡ് കട്ട് ഇതിനിടയിലുള്ള അവസ്ഥയെ 'മരണാവസ്ഥ' എന്നു ഞാൻ പറയും. തമിഴിൽ അങ്ങനെയാണ് പറയുന്നത്. പകുതിക്കു വച്ച് കട്ട് എന്നു പറഞ്ഞാൽ അത് ആ കഥാപാത്രത്തിന്റെ താത്കാലികമായ മരണം ആണല്ലോ.
ഇഷ്ടം സൂക്ഷിക്കുന്നതിന്റെ മായാജാലം
എനിക്ക് പാഷൻ ഇപ്പോഴും ഉണ്ടോ ഇല്ലയോ എന്ന് ഈ പുതിയ 'ജയ് മഹേന്ദ്രൻ' എന്ന വെബ് സീരീസ് കണ്ടിട്ട് പ്രേക്ഷകരാണ് പറയേണ്ടത്.
ഈ സീരീസിൽ തഹസിൽദാർ ശോഭന എന്ന കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. ഷൂട്ടിങ് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരാണ്. ഇങ്ങനെ ഒരു പ്രിവിലേജ് വേറെ ഒരു ജോലിയിലും കിട്ടില്ല. ആ ടേബിളിൽ ഇരുന്ന് ഫയൽ നോക്കുമ്പോൾ ഞാൻ സുഹാസിനി ആണെന്നോ ചാരുഹാസന്റെ മകളാണെന്നോ മണിരത്നത്തിന്റെ ഭാര്യ ആണെന്നോ നന്ദന്റെ അമ്മയാണെന്നോ ഒന്നും ഓർക്കാറില്ല. ആ സീറ്റിലിരിക്കുമ്പോൾ ഞാൻ ശോഭനയാണ്. അത്തരം ചിന്തയിൽ നിന്നാണ് പാഷൻ വരുന്നത്.
നന്ദന്റെ അമ്മ
വളരെ കാർക്കശ്യത്തോടെയാണ് നന്ദനെ വളർത്തിയത്. പക്ഷേ അതൊന്നും വർക്ക് ആയില്ല. അവൻ അവന്റെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യും. പിന്നെ അവന്റെ ഇഷ്ടത്തിന് വളർത്തി. അത് ശരിയായ രീതി ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഞാൻ ഓരോ ഷൂട്ടും കഴിഞ്ഞ് മടങ്ങുമ്പോൾ അഭിനയിച്ച കഥാപാത്രത്തെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. അപ്പോൾ അവൻ പറയുന്നത് 'അമ്മ ഇത്രയും ഹാർഡ് ആയിട്ടൊന്നും വർക് ചെയ്യേണ്ട. നല്ലവണ്ണം എൻജോയ് ചെയ്ത് ചെയ്തോ' എന്ന്. കാരണം സെറ്റിലുള്ളതിനേക്കാൾ ജോലി എനിക്ക് വീട്ടിൽ വന്നാൽ ഉണ്ട് എന്ന് അവനു അറിയാം. അപ്പോൾ ഷൂട്ടിങ് സെറ്റിൽ നന്നായി ആസ്വദിക്കണം എന്നാണ് അവന്റെ അഭിപ്രായം.
സ്ത്രീയും ജോലിയും
കംപാർട്ട്െമന്റലൈസേഷൻ ആണ് എന്റെ മാർഗം. അതാണ് പ്രധാനം. ഞാൻ ഇപ്പോൾ അഭിമുഖങ്ങൾ ചെയ്യാറുണ്ട്. അപ്പോൾ ഞാൻ അഭിനേത്രി സുഹാസിനി അല്ലല്ലോ. ഓരോ ജോലിയിലും ഓരോ ആളുകളെ പോലെയിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.
ഒരിയ്ക്കൽ എന്റെ ഗൈനക്കോളജിസ്റ്റ് എന്നോട് ചോദിച്ചു 'സുഹാസിനി അഭിനയിക്കുമ്പോൾ എങ്ങനെയാണ്? സംവിധാനം ചെയ്യുമ്പോൾ എങ്ങനെയാണ്'? എന്ന്. എന്റെ ഉത്തരം 'അഭിനയിക്കുമ്പോൾ ഞാൻ സ്ത്രീയും, സംവിധാനം ചെയ്യുമ്പോൾ മൃഗവും' എന്നായിരുന്നു. വീട്ടിൽ ചിലപ്പോൾ നമ്മൾ പൂച്ചയോ നായയോ പോലെ ആയിരിക്കും. അങ്ങനെ അല്ലല്ലോ ജോലിയിൽ.
ഓരോന്നിനെയും അതിന്റെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ വക തിരിച്ച് ജീവിച്ചാൽ വളരെ എളുപ്പമാണ്.