അന്ന് കടം വാങ്ങി സിനിമ ചെയ്തു, ഇന്ന് പിന്തുണയ്ക്കാൻ ഒരുപാടു പേർ: രാഹുൽ റിജി നായർ അഭിമുഖം
Mail This Article
ആദ്യ സിനിമയായ ‘ഒറ്റമുറി വെളിച്ചം’ മുതൽ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയ യുവചലച്ചിത്രകാരനാണ് രാഹുൽ റിജി നായർ. എഴുത്തിലും സംവിധാനത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ച രാഹുൽ എപ്പോഴും വൈവിധ്യമാർന്ന പ്രമേയങ്ങളാണ് ചലച്ചിത്രാഖ്യാനത്തിനായി തിരഞ്ഞെടുക്കാറുള്ളത്. സോണി ലിവിൽ സ്ട്രീം ചെയ്യുന്ന ‘ജയ് മഹേന്ദ്രൻ’ എന്ന വെബ്സീരീസാണ് രാഹുലിന്റെ ഏറ്റവും പുതിയ വിശേഷം. സർക്കാർ വകുപ്പുകളിലെ സങ്കീർണമായ വ്യവസ്ഥകളുടെ ഉള്ളുകള്ളികൾ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന ഈ സീരീസിന്റെ കഥയും തിരക്കഥയും രാഹുലാണ് ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും സീരീസിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സീരീസിന്റെ വിശേഷങ്ങളുമായി രാഹുൽ മനോരമ ഓൺലൈനിൽ.
പല തരം ശ്രമങ്ങൾ ഒരൊറ്റ ലക്‌ഷ്യം
ക്രിയേറ്റർ എന്ന നിലയിൽ ഇതൊക്കെ ഒരു അദ്ഭുതമാണ്. ആ ഒരു കൊതി എനിക്കുണ്ട്. ഞാൻ ആദ്യംചെയ്തത് 20 ലക്ഷത്തിന്റെ ഒരു സ്വതന്ത്ര സിനിമ ആണ്. 5–6 വർഷത്തെ കഷ്ടപ്പാടിനൊടുവിൽ റിബലായി ചെയ്തു പോയതാണ് ആ സിനിമ. കാരണം ആ സമയത്ത് എനിക്ക് ആരെയും കൺവിൻസ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. അപ്പോൾ എനിക്ക് കഴിവില്ല എന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങി. ഞാൻ സിനിമ ചെയ്യണമെങ്കിൽ എവിടെ നിന്നെങ്കിലും കടം മേടിച്ചു ചെയ്യേണ്ടി വരും. അന്നെനിക്ക് കടം ചോദിക്കാൻ പറ്റുന്ന ആളുകൾ പോലും അത്രയേ ഉള്ളൂ. അന്ന് ആകെ അത്ര പൈസയിലേ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. ഇന്ന് രണ്ട് പ്ലാറ്റ്ഫോമിന്റെ രണ്ട് വെബ്സീരീസ് ചെയ്യുന്നു. അതൊക്കെ സംഭവിച്ചു പോകുന്നു. എനിക്ക് ശരി എന്നു തോന്നുന്നത് ചെയ്തു. അതിന്റെ വരുംവരായ്കകൾ എനിക്കറിയില്ലായിരുന്നു. ഇപ്പോൾ സന്തോഷമുണ്ട്.
സുഹാസിനി എന്ന താരം
സുഹാസിനി മാഡവുമായി തമിഴ് സാഹിത്യത്തെക്കുറിച്ചും മണിരത്‌നത്തെക്കുറിച്ചുമാണ് കൂടുതലും സംസാരിച്ചിരുന്നത്. ജയ് മഹേന്ദ്രനിലെ ശോഭന എന്ന തഹസിൽദാരുടെ വേഷം അവരെക്കൊണ്ട് ചെയ്യിക്കാം എന്ന് ആദ്യം പറഞ്ഞത് സൈജു ചേട്ടനാണ്. ഞങ്ങൾ വിളിച്ചാൽ വരില്ലെന്നാണ് ആദ്യം കരുതിയത്. ഞങ്ങൾ ഒരു സൂം മീറ്റിങ്ങു വഴിയാണ് ആദ്യം കാണുന്നത്. കഥ പറഞ്ഞപ്പോൾ മാഡം അന്ന് എന്നോട് ഒരു സജഷൻ പറഞ്ഞിരുന്നു. ഒഫീഷ്യൽ ക്യാരക്ടർ പലപ്പോഴും സ്റ്റീരിയോടൈപ്പ് ആകും. അവരുടെ ബാക്കിയുള്ള ജീവിതമൊക്കെ ഒറ്റ ദിശയിൽ മാത്രമായിരിക്കും. അതിൽ അവർക്കു താൽപര്യമില്ല. തിരക്കഥയിൽ അതൊന്നു ശ്രദ്ധിക്കണം എന്നു പറഞ്ഞു. ഇതു പറയുന്ന സമയത്ത് ഞങ്ങൾ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മാഡം പറഞ്ഞ ഈ കാര്യങ്ങൾ പിന്നീടുള്ള എഴുത്തിൽ ഞങ്ങളെ സഹായിച്ചിട്ടുണ്ട്.
ആ കഥാപാത്രമാകാൻ മാഡം നടത്തുന്ന തയാറെടുപ്പുകൾ കാണുമ്പോഴേ നമുക്ക് പേടിയാവും. തലേന്നു തന്നെ എല്ലാം സീനും എഴുതി വാങ്ങി പഠിക്കും. ഫ്രണ്ട് ബഞ്ച് സ്റ്റുഡന്റിനെപ്പോലെയാണ് വരുന്നത്. എല്ലാ ഡയലോഗും അറിയാം. എന്റെ ഡയലോഗു പോലും അറിയാം. എല്ലാ കൗണ്ടറുകളും തമിഴിൽ എഴുതിയെടുക്കും.
'ജയ് മഹേന്ദ്രന്റെ' വിഷയം
നൂറു ശതമാനവും തയ്യാറെടുത്തതിന് ശേഷമാണ് ഷൂട്ട് തുടങ്ങിയത്. എല്ലാത്തിനും വ്യക്തത ഉണ്ടായിരുന്നു. സെറ്റിൽ വന്നപ്പോൾ ഒരു സംശയവും ഇല്ലായിരുന്നു. ടോട്ടൽ പെർഫെക്റ്റ് സ്ക്രിപ്റ്റ് എന്നാണ് എനിക്കു തോന്നിയത്. ഞാൻ ഉണ്ടാക്കിയതുകൊണ്ടല്ല, ആഗ്രഹം കൊണ്ട് പറയുകയാണെങ്കിൽ 'എല്ലാവരും എങ്ങനെയെങ്കിലും കാണണം' എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. എല്ലാവരും വളരെ ശ്രദ്ധയോടു കൂടി തന്നെ കാണണം എന്നാണ് ആഗ്രഹിക്കുന്നത്. പലപ്പോഴും അത് ആഗ്രഹിക്കാനല്ലേ പറ്റാറുള്ളൂ. നമ്മുടെ ഭാഗത്തുനിന്നുള്ള ശ്രമങ്ങളും കഠിനാധ്വാനവുമെല്ലാം ചെയ്തിട്ടുണ്ട്. ഇനി പ്രേക്ഷകരാണ് പറയേണ്ടത്.