പുതിയ ആളുകൾ സൈജു കുറുപ്പിനെ കണ്ട് കൃത്യനിഷ്ഠ പഠിക്കണം: ‘പൊറാട്ട് നാടകം’ സംവിധായകൻ അഭിമുഖം
Mail This Article
പൊറാട്ട് നാടകം എന്ന ആക്ഷേപഹാസ്യ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുകയാണ് നൗഷാദ് സാഫ്രോൺ. സമീപകാല സംഭവങ്ങളെ ഒരു പൊറാട്ട് നാടകത്തിന്റെ രൂപത്തിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് നൗഷാദ് പറയുന്നു. ആക്ഷേപഹാസ്യം എന്നതിനപ്പുറം ആരെയും വേദനിപ്പിക്കാൻ അല്ല ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു. മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് പൊറാട്ട് നാടകം. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കരയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ നൗഷാദ് മനോരമ ഓൺലൈനിൽ
● സിദ്ദിഖ് അവതരിപ്പിക്കുന്നു എന്ന ബാനറിൽ ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ?
ഏതൊരു തുടക്കക്കാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കണമെന്നത്. എന്നെ സംബന്ധിച്ചിടത്തോളം തുടക്കം മുതൽ സിദ്ദിഖ് സാറിനൊപ്പം ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ഗൈഡൻസുകളും എനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തോളം അദ്ദേഹവുമായി നിരവധി കഥകൾ ചർച്ച ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അത് വലിയ അനുഭവ സമ്പത്ത് തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്.
● പൊറാട്ട് നാടകത്തിലേക്ക്?
ഇൻഡിപെൻഡന്റ് ആവണം, തനിയെ സിനിമ ചെയ്യണം എന്നൊക്കെ സാറ് തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത്. ആദ്യ സിനിമ വരുമ്പോൾ അതിന് വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം തന്നെയാണ് എനിക്ക് ചെയ്തു തന്നത്. ആദ്യം കുറച്ച് കഥകൾ ഞങ്ങൾ തമ്മിൽ ചർച്ച ചെയ്തെങ്കിലും അതൊന്നും വേണ്ട എന്ന് തോന്നിയ സമയം സർ രണ്ട് കഥകൾ എന്നോട് പറയുകയും അത് ചെയ്യാൻ തീരുമാനമെടുക്കുകയും ചെയ്തു. എന്റെ വലിയ ആഗ്രഹമായിരുന്നു അദ്ദേഹം തന്നെ ചിത്രത്തിനു വേണ്ടി സ്ക്രിപ്റ്റ് ചെയ്യണമെന്നത്. എന്നാൽ അദ്ദേഹത്തിന്റെ രണ്ട് സിനിമകളുടെ പണിപ്പുരയിലും ഒക്കെ ആയതുകൊണ്ട് സ്ക്രിപ്റ്റ് ചെയ്യാൻ മറ്റൊരാളെ കണ്ടെത്താൻ സാറ് തന്നെ തീരുമാനിക്കുകയായിരുന്നു.
അങ്ങനെയാണ് സുനീഷിനെ സ്ക്രിപ്റ്റ്റൈറ്റർ ആയി തീരുമാനിക്കുന്നത്. കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടെങ്കിലും സ്ക്രിപ്റ്റ് ചെയ്യുമ്പോൾ സിദ്ദിഖ് സാർ കൂടെ ഇരിക്കണമെന്ന് സുനീഷും ആവശ്യപ്പെട്ടു. സമയക്കുറവ് പറഞ്ഞപ്പോൾ സുനീഷ് അദ്ദേഹത്തിന്റെ കയ്യിലുള്ള സീൻ ഓർഡർ ആയ ഒരു കഥ സാറിന്റെ അടുത്ത് പറഞ്ഞു. അത് സാറിന് ഇഷ്ടപ്പെടുകയും സാർ എന്നെ വിളിച്ച് ആ കഥ കേൾപ്പിക്കുകയും ചെയ്തു. പിന്നീട് ഞങ്ങൾ മൂന്നുപേരും കൂടെ ഇരുന്ന് ആ സ്ക്രിപ്റ്റിനെ പൂർണരൂപത്തിലേക്ക് എത്തിക്കുകയായിരുന്നു. സാർ എനിക്ക് വേണ്ടി നല്ലതു മാത്രമേ ചെയ്യുകയുള്ളൂ എന്ന എന്റെ വിശ്വാസം അതേപോലെ പാലിക്കപ്പെട്ടു. സാറിന്റെ ഹ്യൂമർ ടച്ച് ചിത്രത്തിൽ വർക്ക് ഔട്ട് ആയിട്ടുണ്ട്. സ്ക്രിപ്റ്റ് ഓർഡർ ആക്കാൻ അദ്ദേഹം വളരെയധികം സഹായിച്ചു.
ഒരു പ്രൊഡ്യൂസർ സിനിമയ്ക്കായി പണം മുടക്കുമ്പോൾ അദ്ദേഹത്തെ കൂടി നമ്മൾ പരിഗണിക്കണം എന്ന് സർ തുടക്കം മുതൽ പറഞ്ഞിരുന്നു. സ്ക്രീനിൽ കാണുന്നതിനു മാത്രം കാശ് മുടക്കിയാൽ മതിയെന്നും അതിനുവേണ്ടി ശ്രമിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രൊഡ്യൂസർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാത്ത തരത്തിൽ വേണം ബാക്കി കാര്യങ്ങളുമായി മുന്നോട്ടു പോകാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതിനുവേണ്ടി ചെലവ് ചുരുക്കാനുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ തുടക്കം മുതൽ ശ്രദ്ധിച്ചിരുന്നു. ആദ്യം 40 ദിവസത്തെ ഷൂട്ട് ആണ് പറഞ്ഞിരുന്നത്. എന്നാൽ കൃത്യം 27 ദിവസം കൊണ്ട് എനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞു. അക്കാര്യത്തിൽ സാറിന് ഒരുപാട് സന്തോഷവും ഉണ്ടായിരുന്നു. എന്നെ അഭിനന്ദിക്കാനും സർ മറന്നില്ല.
സത്യത്തിൽ അതൊക്കെ വലിയ അനുഗ്രഹത്തിന്റെ ഭാഗമായി എന്നെക്കൊണ്ട് സാധിച്ചതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു പ്രൊഡ്യൂസർ സിനിമയ്ക്കായി പണം മുടക്കുമ്പോൾ അത്യാവശ്യത്തിനു മാത്രം ചിലവാക്കുക എന്ന പോളിസി കൃത്യമായി പാലിക്കപ്പെട്ട അതിലൂടെ നല്ല ഒരു സംവിധായകന്റെ എല്ലാ ലക്ഷണവും നീ കാണിക്കുന്നുണ്ട് എന്നാണ് സർ പറഞ്ഞത്. അതിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നി. അങ്ങനെ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ കൂടി തന്നെയാണ് ഈ പ്രോജക്ട് വരുന്നത് എന്നതാണ് ഏറ്റവും വലിയ സന്തോഷം. സാറിന്റെ പരിശ്രമത്തിൽ ഒരു പടം വരുമ്പോൾ അത് കാണാൻ സാർ ഇല്ല എന്ന് പറയുന്നതാണ് ഏറ്റവും വലിയ സങ്കടവും.
● ഈ പേരിലേക്ക്?
പൊറാട്ട് നാടകം എന്ന പേര് സാറ് തന്നെയാണ് നിർദേശിച്ചത്. പൊറാട്ട് നാടകം എന്നു പറയുന്നത് വടക്കൻ കേരളത്തിലെ സജീവമായി ഉണ്ടായിരുന്ന എന്നാൽ ഇപ്പോൾ പലയിടങ്ങളിലും നിലനിൽക്കുന്നതുമായ ഒരു കലാരൂപമാണ്. പൊറാട്ട് രൂപം എന്നു പറഞ്ഞാൽ അതിന് പ്രത്യേകിച്ച് സ്ക്രിപ്റ്റ് ഒന്നുമില്ല. പാലക്കാടും കണ്ണൂരുമുള്ള ചില സ്ഥലങ്ങളിൽ പൊറാട്ട് നാടകം ഇപ്പോഴും അവതരിപ്പിക്കാറുണ്ട്. നാട് ഭരിക്കുന്ന ഭരണാധികാരികളെക്കൊണ്ട് ജനങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടാവുമ്പോൾ അവർ പ്രതിഷേധിക്കുന്ന രീതിയിലുള്ള ഒരു കലാരൂപമാണ് പൊറാട്ടുനാടകം. പൊറാട്ട് നാടകത്തിന്റെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നാണ് ഞങ്ങൾ ഈ കഥ പറയുന്നത്. ഫാമിലി ബാഗ്രൗണ്ടിൽ പറയുന്ന ഒരു പൊളിറ്റിക്കൽ സറ്റയറാണ് ഈ ചിത്രം. മാറി മാറി വരുന്ന രാഷ്ട്രീയക്കാരുടെ ഭരണങ്ങൾ ജനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. ആരെയും പരിഹസിക്കാൻ അല്ല ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പകരം ആക്ഷേപഹാസ്യം മാത്രമാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രം.
● ആക്ഷേപഹാസ്യത്തിന്റെ മാതൃകയിൽ ചിത്രം ഒരുങ്ങുമ്പോൾ?
കാലാകാലങ്ങളിൽ മാറിവരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പല രീതികളും നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഭവിഷ്യത്തുകളും ഒക്കെ ഓർമ്മപ്പെടുത്തുന്നതിനായാണ് ചിത്രം ജനങ്ങളിലേക്ക് എത്തിക്കുന്നത്. ആരെയും അടച്ചാക്ഷേപിക്കുന്നതിനോ ആരെയും നന്നാക്കുന്നതിനോ വേണ്ടിയല്ല. പകരം ചില ഓർമപ്പെടുത്തലുകൾ നടത്തുന്നതിനു വേണ്ടിയാണ്. നമ്മളിൽ ആരെങ്കിലും ഒരാൾ തെറ്റ് ചെയ്യുമ്പോൾ അത് മറ്റൊരാൾ പറയുമ്പോൾ മാത്രമല്ലേ ആ തെറ്റ് നമ്മൾ തിരിച്ചറിയുന്നത്. അതപ്പോൾ തന്നെ തിരുത്താൻ നമ്മൾ ശ്രമിക്കുകയും ചെയ്യും. പഞ്ചവടി പാലവും സന്ദേശവും ഒക്കെ അങ്ങനെ വന്ന ആക്ഷേപഹാസ്യങ്ങൾ തന്നെയാണ്. സിദ്ദിഖ് സാറിന്റെ പല ചിത്രങ്ങളും അങ്ങനെ തന്നെയാണ്. കുറെയേറെ നമ്മെ ചിരിപ്പിക്കുകയും അതിനോടൊപ്പം തന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും ഈ സിനിമയിലും പറഞ്ഞു പോകുന്നുണ്ട്. ചില അബദ്ധങ്ങൾ എപ്പോഴും ഓർത്ത് ചിരിക്കാവുന്നതാണ്. അതോടൊപ്പം തന്നെ നമ്മെ ചിന്തിപ്പിക്കുന്നതുമായ അബദ്ധങ്ങളെ ഒന്ന് കോർത്തിണക്കി എന്ന് മാത്രം.
● സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ക്രിപ്റ്റ്?
സ്ക്രിപ്റ്റിൽ ഞങ്ങൾ എഴുതിവച്ചിരുന്ന ഒരുപാട് കാര്യങ്ങൾ യാഥാർഥ്യമാകുന്നത് കണ്ടപ്പോൾ സത്യത്തിൽ അദ്ഭുതം തോന്നി. അതിൽ ഒന്നാണ് കരിവെള്ളൂർ കേസ്. ആരെയും ഉദ്ദേശിച്ചൊന്നും ചെയ്തതല്ല. അവയൊക്കെ യാദൃച്ഛികമായി വന്നതാണ്. സാധാരണ ജനങ്ങൾ ചിന്തിക്കുന്ന അവർ ചർച്ച ചെയ്യുന്ന വിഷയങ്ങളെ ഞങ്ങൾ ഒന്ന് ക്രോഡീകരിച്ചു എന്ന് മാത്രം. ചിലയാളുകളുടെ ഇടപെടലുകൾ എങ്ങനെയാണ് സമൂഹത്തെ ബാധിക്കുന്നത് അവ എങ്ങനെയൊക്കെയാണ് സമൂഹത്തിൽ ചർച്ചചെയ്യുന്നത് എന്നൊക്കെ ചിത്രം പറഞ്ഞുപോകുന്നു
●കാസ്റ്റിങ്ങിലെ മിതത്വം
കാസ്റ്റിങ്ങിന്റെ സമയത്ത് പല ആർട്ടിസ്റ്റുകളെയും തുടക്കത്തിൽ മുഖ്യ കഥാപാത്രങ്ങൾക്കായി ഞങ്ങൾ തീരുമാനിച്ചിരുന്നു എന്നാൽ അവരുടെയൊക്കെ ഡേറ്റിന്റെ പ്രശ്നം മൂലം അവയൊക്കെ മാറുകയായിരുന്നു. പിന്നീടാണ് നായക കഥാപാത്രം സൈജുവിലേക്ക് എത്തുന്നത്. നമ്മുടെ തൊട്ടടുത്തുള്ള ഒരാളെപ്പോലെ ആണ് സൈജുവിന്റെ പെരുമാറ്റവും അഭിനയവും ഒക്കെ. അത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. രമേശ് പിഷാരടി, സുനിൽ സുഗത, ധർമ്മജൻ ബോൾഗാട്ടി, തുടങ്ങിയവരൊക്കെ ഈ ചിത്രത്തിലേക്ക് പിന്നീട് നമ്മൾ കാസ്റ്റ് ചെയ്തു. കർണാടക, കാസർഗോഡ് ബോർഡിൽ നടക്കുന്ന ഒരു കഥയാണിത്. കാഞ്ഞങ്ങാട് ആയിരുന്നു ഷൂട്ട്.
മറ്റ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ വേണ്ടി സാറിന്റെ നിർദ്ദേശത്തോട് കൂടി ഞങ്ങൾ കാഞ്ഞങ്ങാട് ഒരു കളരി നടത്തിയിരുന്നു. പ്രൊഡ്യൂസർ കാഞ്ഞങ്ങാട്ടുകാരനാണ്. അദ്ദേഹത്തിൻറെ ഹോട്ടലിലാണ് ഓഡിഷൻ നടത്തിയത്. സാറിൻറെ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യമുള്ള ഒരുപാട് പേർ അവിടെ എത്തി എന്നത് എന്നെ അത്ഭുതപ്പെടുത്തി. അവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഈ സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളും. കഥയ്ക്കാണ് മൂല്യം കഥാപാത്രങ്ങൾക്ക് അല്ല എന്നത് തുടക്കം മുതൽ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു. നല്ല കണ്ടന്റ് ചെയ്തു വച്ചാൽ മലയാളികൾ സ്വീകരിക്കും എന്ന് ഉറപ്പാണ് അതിനു പിന്നിൽ ഉണ്ടായിരുന്നത്.
● നായകനായ സൈജു കുറുപ്പ്?
പുതിയ സംവിധായകർക്ക് ഏറ്റവും ഉചിതമായിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ഒരു ഡയറക്ടോറിയൽ നടനാണ്. സെറ്റിൽ കൃത്യസമയം പാലിച്ച് അദ്ദേഹത്തിന് കൃത്യനിഷ്ഠ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. പുതിയ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ കണ്ടുപിടിക്കേണ്ട ഒരു കാര്യം തന്നെയാണത്. എട്ടുമണിക്ക് ഷോട്ട് വയ്ക്കും എന്ന് പറഞ്ഞു കഴിഞ്ഞാൽ ഏഴരമണിക്ക് തന്നെ സെറ്റിൽ എത്തുകയും കൃത്യം 7:45 ഓടുകൂടി മേക്കപ്പിട്ട് റെഡിയായി നിൽക്കുന്ന അദ്ദേഹത്തെയാണ് ഞാൻ പലപ്പോഴും കണ്ടിട്ടുള്ളത്. ചുറ്റുമുള്ള വ്യക്തികളോട് അദ്ദേഹം ഇടപഴകുന്ന രീതിയും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. വളരെ കംഫർട്ട് ആയി തന്നെ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. മിതത്വത്തോടെയുള്ള അദ്ദേഹത്തിന്റെ അഭിനയം പടത്തിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. പുതിയ താരങ്ങളായ ഐശ്വര്യ ജിജിന തുടങ്ങിയവരും ധർമ്മജൻ ബോൾഗാട്ടി, ഷുക്കൂർ വക്കീല്‍, സുനിൽ സുഗത തുടങ്ങിയവരൊക്കെ വലിയ സപ്പോർട്ട് ആണ് തന്നത്. അതും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.
●സിദ്ദിഖിനെക്കുറിച്ചുള്ള ഓർമകൾ
ഷൂട്ടിങ് തുടങ്ങിയ ആദ്യ നാലുദിവസങ്ങളിൽ സാറ് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ദുബായിലേക്ക് പോയി. അതിനുശേഷം ഓരോ ദിവസവും ഷൂട്ടിങ് കഴിയുമ്പോൾ സീനുകൾ ഞങ്ങൾ സാറിന് അയച്ചുകൊടുക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു. മാറ്റം വരുത്തേണ്ടത് അപ്പോൾ തന്നെ മാറ്റം വരുത്തുകയും ചെയ്തു. ഷൂട്ടിങ് പൂർത്തിയായപ്പോൾ സാർ അത് നേരിൽ കാണുകയും ചെയ്തു. പിന്നീട് ഡബ്ബിങ് സമയത്ത് അദ്ദേഹം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഡബ്ബിങ് കൂടി പൂർത്തിയായപ്പോൾ ഇനി നിങ്ങൾ സേഫ് ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പടം നന്നായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് പ്രൊഡക്‌ഷന്റെ ഫൈനൽ സ്റ്റേജിലാണ് അദ്ദേഹം ആശുപത്രിയിൽ ആവുന്നതും നമ്മളെയെല്ലാം വിട്ടു പോകുന്നതും. അത് വലിയൊരു ഷോക്ക് ആയിരുന്നു. മുന്നോട്ട് ഒരു സ്റ്റെപ്പ് പോലും വയ്ക്കാൻ പറ്റാത്ത അത്ര സ്റ്റക്കായി പോയി.
സർ ഇല്ല എന്ന കാര്യം മാനസികമായി പൊരുത്തപ്പെട്ട് വരാൻ സമയമെടുത്തു. അതിനുശേഷം ആണ് വർക്ക് കംപ്ലീറ്റ് ചെയ്തത്. സർ സ്വർഗ്ഗത്തിലിരുന്ന് ഈ ചിത്രം കാണും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ചിത്രത്തിന്റെ വിജയവും സാർ അവിടെ ആഘോഷിക്കും എന്ന് എനിക്ക് ഉറപ്പാണ്. 25 വർഷത്തോളം സാറുമായി വലിയ ആത്മബന്ധം പുലർത്തിയ ഒരാളാണ് ഞാൻ. സാറിന്റെ മനസ്സറിയുന്നതുപോലെ ഞാൻ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അത്രയും ആത്മബന്ധം ഉള്ളതുകൊണ്ട് തന്നെ ചിത്രം പുറത്തിറങ്ങുമ്പോൾ സർ അതിൽ സന്തോഷിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. വർക്ക് കംപ്ലീറ്റ് ആയപ്പോൾ പ്രൊഡ്യൂസറും ഫാമിലിയും ചിത്രം കണ്ടു. ഒരു നല്ല സിനിമയ്ക്ക് വേണ്ടി പണം മുടക്കിയതിൽ സന്തോഷം മാത്രമാണ് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നിയെങ്കിലും അത് കേൾക്കാൻ സാർ ഇവിടെയില്ല എന്നോർത്തപ്പോൾ അതിലേറെ സങ്കടമാണ് തോന്നിയത്.
●ശുഭ പ്രതീക്ഷകൾ?
ഒരു വടവൃക്ഷമാണ് സിദ്ദിഖ് സർ. ഒരു പുരുഷായുസ്സ് കൊണ്ട് സാർ നേടിയെടുത്ത പേര് അതേപോലെ സൂക്ഷിക്കാൻ ഞാൻ വളരെയേറെ ശ്രദ്ധിച്ചിട്ടുണ്ട്. പ്രോജക്ട് ഡിസൈൻ ചെയ്തത് സാർ തന്നെയാണ്. അതുമായി മുന്നോട്ടു പോകുമ്പോൾ ആ പേരിൽ ഒരു കളങ്കം വരാതിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഓരോ കാര്യത്തിലും സൂക്ഷ്മതയും മിതത്വവും പുലർത്തി എന്നാണ് വിശ്വസിക്കുന്നത്. സാറിൻറെ ഒരു ചിത്രം വരുമ്പോൾ അദ്ദേഹത്തിന്റെ സിനിമ കണ്ടു ശീലിച്ച മലയാളികൾ ഈ ചിത്രത്തെയും സപ്പോർട്ട് ചെയ്യും എന്നാണ് വിശ്വസിക്കുന്നത്. ഒരു പുതുമുഖ സംവിധായകനോടുള്ള കരുതലും കിട്ടുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.