അമൽ നീരദിന്റെ ‘ക്രൂരനായ ഫ്യൂഡൽ മാടമ്പി’; നിസ്താർ സേഠ് അഭിമുഖം
Mail This Article
അമൽ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ തുടർച്ചയായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടൻ നിസ്താർ സേഠ്. വരത്തൻ, ഭീഷ്മപർവം എന്നീ സിനിമകൾക്ക് ശേഷം ഇപ്പോൾ ‘ബോഗയ്ൻ വില്ല’ എന്ന ചിത്രത്തിലും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുകയാണ് താരം. സിനിമയിൽ ഒരു ചെറിയ കഥാപാത്രമാണ് ചെയ്തിരിക്കുന്നതെങ്കിലും അമൽ നീരദിനൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് നിസ്താർ പറയുന്നു. തന്റെ ശരീരപ്രകൃതി മൂലം, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന വേഷങ്ങളാണ് തേടി എത്തുന്നതെന്നും ഒരു നടന്റെ ശരീരത്തിനപ്പുറം കഴിവ് തിരിച്ചറിഞ്ഞു വേഷങ്ങൾ നൽകണമെന്നും നിസ്താർ സേഠ് പറയുന്നു. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി നിസ്താർ സേഠ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.
അമൽ നീരദിനൊപ്പം നിസ്താറിന്റെ ഹാട്രിക്ക്
അമൽ നീരദിന്റെ പടത്തിൽ അടുപ്പിച്ച് മൂന്നാമത്തെ തവണയാണ് അഭിനയിക്കുന്നത്. അദ്ദേഹം അങ്ങനെ എന്നെ വീണ്ടും വീണ്ടും വിളിക്കുന്നത് വലിയ കാര്യമാണ്. ഇത്രയും പ്രശസ്തനായ ഒരു സംവിധായകൻ നമ്മെ വീണ്ടും ഒപ്പം ചേരാൻ വിളിക്കുക എന്ന് പറഞ്ഞാൽ ഒരു നടൻ എന്നതിനേക്കാൾ ഏറെ അത്യാവശ്യം പ്രൊഫഷനലിസം സൂക്ഷിക്കുന്ന അച്ചടക്കമുള്ള ഒരാൾ എന്നല്ലേ അതിന്റെ അർഥം. വീണ്ടും വിളിക്കാൻ തോന്നണമെങ്കിൽ സെറ്റിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ സംവിധായകന് സിനിമ ചെയ്യാൻ കംഫോർട്ടബിൾ ആയ ഒരു സാഹചര്യം ഒരുക്കി കൊടുക്കുന്ന ആർട്ടിസ്റ്റുകൾ ആയിരിക്കണം.
അദ്ദേഹത്തിന് നല്ലൊരു സൗഹൃദം എന്നോടുണ്ട് .അത് അദ്ദേഹം ഭീഷ്മ കഴിഞ്ഞിട്ടുള്ള ഒരു ഇന്റർവ്യൂവിലും പറഞ്ഞിട്ടുണ്ട്. ബോഗയ്ൻവില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ അമൽ നീരദ് പറഞ്ഞു ‘‘എന്റെ അടുത്തടുത്ത മൂന്ന് സിനിമകളിൽ വർക്ക് ചെയ്ത ഒറ്റ ആർട്ടിസ്റ്റേയുള്ളൂ മലയാളത്തിൽ, അയാളാണ് ദേ നിൽക്കുന്നത്.’’ ഇതൊക്കെ കേൾക്കുമ്പോൾ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ സന്തോഷം തോന്നും.
ഫ്യൂഡൽ മാടമ്പി
ബോഗയ്ൻവില്ലയിൽ ഒരു ഫ്ലാഷ്ബാക്കിൽ വരുന്ന ഒരു ചെറിയ കഥാപാത്രമാണ് എന്റേത്. നാല് ദിവസമാണ് ഷൂട്ടിങ് ഉണ്ടായിരുന്നത്. അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞത് ‘‘നമ്മുടെ അടുത്ത പ്രോജക്ടിൽ നിസ്താറിക്ക ഒരു ക്യാരക്ടർ ചെയ്യണം. അത് വന്ന് ചെയ്തേ പറ്റൂ’’. ‘‘പിന്നെന്താ’’ എന്ത് ഞാന്‍ പറഞ്ഞു. പിന്നെ ഒന്നും ചോദിച്ചില്ല. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, പടം ഉണ്ടെന്ന് പറയുമ്പോൾ എല്ലാവരും കഥാപാത്രത്തെപ്പറ്റി ചോദിക്കും, നിങ്ങൾക്ക് കഥാപാത്രത്തെപ്പറ്റി അറിയണ്ടേ. ഞാൻ പറഞ്ഞു, ‘‘എന്നെ ആവശ്യമുണ്ടെങ്കിൽ അല്ലേ അമൽ വിളിക്കൂ, അപ്പൊ എന്നെ ആവശ്യമുള്ളതുകൊണ്ടാണല്ലോ വിളിച്ചത് കൂടുതൽ ഒന്നും എനിക്ക് അറിയേണ്ട’’. അദ്ദേഹം ഒന്നു ചിരിച്ചു, എന്നിട്ട് പറഞ്ഞു ‘‘ഒരു ക്രൂരനായ ഫ്യൂഡൽ മാടമ്പി’’ അതാണ് വേഷം. അത്ര മാത്രമേ പറഞ്ഞുള്ളൂ. കുഞ്ചാക്കോ ബോബൻ പറയുന്നതുപോലെ അമൽ നീരദിന്റെ ഫ്രെയിമിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. എനിക്ക് അവിടെ ചവിട്ടി കയറാൻ കഴിയും എന്ന് ഞാൻ കരുതിയിട്ടേ ഇല്ല. പക്ഷേ അമൽ എന്നെ വിളിച്ചു. വീണ്ടും അമൽ നമ്മളെ സമീപിക്കുമ്പോൾ അതൊരു ബഹുമതി ആയിട്ടാണ് ഞാൻ കാണുന്നത്. അങ്ങോട്ടും ഇങ്ങോട്ടും അർഹിക്കുന്ന ബഹുമാനം കൊടുക്കുന്ന നല്ലൊരു സൗഹൃദമാണ് ഞങ്ങൾ തമ്മിൽ ഉള്ളത്.
ശരീരത്തിനപ്പുറം നടന്റെ കഴിവ് തിരിച്ചറിയണം
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നൊരു സംശയം തോന്നിയപ്പോ ഞാൻ ചില സിനിമകൾ ഏറ്റെടുത്തില്ല, വരുന്നതെല്ലാം ഒരേപോലത്തെ കഥാപാത്രങ്ങൾ ആയിരുന്നു. ടൊവിനോ തോമസ് നായകനായ എആർഎമ്മിൽ കുറച്ചു വ്യത്യസ്തമായ കഥാപാത്രമായിരുന്നു. ജിതിൻ കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ ഈ സംശയം ചോദിച്ചിരുന്നു ജിതിൻ പറഞ്ഞത് അത്തരമൊരു മാടമ്പി അല്ല വാത്സല്യമുള്ള ഒരു അച്ഛനാണ്. സ്ഥിരം പാലാക്കാരൻ അച്ചായൻ, മുണ്ട്, ജുബ്ബ, ബ്രെയ്‌സ്‌ലെറ്റ്, ആ ലൈൻ വിട്ടു ഞാൻ. അതുകൊണ്ട് ഭീഷ്മയ്ക്കു ശേഷം ചെറിയൊരു ബ്രേക്ക് വന്നു, ഇപ്പൊൾ കഥാപാത്രങ്ങൾ മാറി വരുന്നുണ്ട്. വിളിക്കുന്നവർക്ക് കൂടി തോന്നണം നമ്മുടെ ശരീരത്തിനപ്പുറം ഒരു നടൻ കൂടി ഉണ്ട് അയാളിൽ എന്ന്. ശരീരത്തിനപ്പുറം ഒരു നടന്റെ കഴിവ് തിരിച്ചറിയപ്പെടുമ്പോഴാണ് ഒരു അഭിനയേതാവ് വിജയിക്കുന്നത്.
എആർഎമ്മിലെ സ്നേഹനിധിയായ അച്ഛൻ
എആർഎമ്മിൽ വളരെ നല്ല ഒരു കഥാപാത്രമായിരുന്നു. ഒരുപാട് ബഹളവും ഒച്ചപ്പാടും ഒന്നും ഇല്ല, ബഹളം വെക്കാവുന്ന സീനിൽ പോലും ആത്മസംയമനം പാലിച്ച് ഉള്ളിലെ സംഘർഷം അടക്കി നടക്കുന്ന ഒരാൾ. സുജിത്തിന്റെ എഴുത്തിലെ ഒരു സുഖമുണ്ട് ആ സിനിമയ്ക്ക്. ആ ഒരു സീനിന് ഒന്നര പേജ് ഒന്നും എഴുതി വച്ചിട്ടില്ല, ആകെ അഞ്ചു വാചകമേ എഴുതിയിട്ടുള്ളൂ, ആ അഞ്ചു വാചകം രണ്ടു പേജിന്റെ ആഴമുണ്ട്. ഒരുപാട് സംസാരിക്കുന്നതിനേക്കാളും അത്യാവശ്യം വേണ്ടത് സംസാരിക്കുമ്പോഴാണ് കഥാപാത്രം നന്നാവുക. സിനിമയുടെ പിന്നിൽ ഉളളത് ചെറിയ ആളുകൾ ഒന്നുമല്ല, സംവിധായകൻ ജിതിൻ മാത്രമാണ് പുതിയത് ബാക്കിയൊക്കെ ജോമോൻ ടി. ജോൺ തുടങ്ങി വളരെ എക്സ്പീരിയൻസ് ഉള്ള ആളുകൾ ആണ്. അതുകൊണ്ട് കാര്യങ്ങൾ എളുപ്പമായിരുന്നു. ടൊവിനോയോടൊപ്പം മൂന്നാമത്തെ പടമാണ് അത്. ആദ്യം ചെയ്തത് ‘മറഡോണ’, പിന്നെ ‘നീലവെളിച്ചം’ അതുകഴിഞ്ഞാണ് എആർഎം. ടൊവിനോ മിടുക്കനായ ഒരു നടനാണ്.
വാരിവലിച്ച് സിനിമ ചെയ്തിട്ട് കാര്യമില്ല
അനീഷ് ജോസ് മൂത്തേടൻ സംവിധാനം ചെയ്ത ‘ആബേൽ’ ആണ് അടുത്തതായി റിലീസ് ആകുന്ന ചിത്രം. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയും റിലീസിന് തയാറെടുക്കുന്നു. പിന്നെയും കുറെ സിനിമകൾ ചെയ്തുകൊണ്ടരിക്കുകയാണ്. ബോഗയ്ൻ വില്ല നല്ല പ്രതീക്ഷയുള്ള ചിത്രമാണ്. അമൽ നീരദ് ആണ് സംവിധായകൻ എന്നതാണ് പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നത്. പ്രഗത്ഭരായ സംവിധായകരോടൊപ്പം ഒരു സിനിമയിൽ രണ്ടുമൂന്ന് സീൻ ആയാലും മതി അതൊരു സംതൃപ്തിയാണ്. ഒരുപാട് വാരിവലിച്ച് സിനിമകൾ ചെയ്യാതെ നന്നായി തിയറ്ററിൽ ഓടുന്ന ഒരു സിനിമയിൽ ഒരു ചെറിയ കഥാപാത്രമായാലും അതിനു വിലയുണ്ട്. അതാണ് എന്റെ കാഴ്ചപ്പാട്.