ADVERTISEMENT

സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘പണി’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നടൻ ജോജു ജോർജ്

'പണി’യുടെ തുടക്കം

ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചുകൊടുക്കുന്നതുമായ സംഭവങ്ങളാണ് ഈ സിനിമ. കണ്ടതും കേട്ടതുമായ ഒരുപാട് സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ കഥയാണ്. എന്റെ നാട് തൃശൂരാണ്. അതുകൊണ്ടുതന്നെ തൃശൂരിൽ എനിക്കു പരിചിതമായ സ്ഥലങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞുപോകുന്നത്. 24ന് ആണ് റിലീസ്

സംവിധാനം എന്ന സ്വപ്നം

മുൻപു സഹസംവിധായകനായിരുന്ന കാലം മുതൽ ഒരു സിനിമ ചെയ്യണമെന്ന അതിയായ ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള പഠനവും പരിശ്രമവുമെല്ലാം ഒരുവശത്ത് നടക്കുന്നുണ്ടായിരുന്നു. ഒരിക്കൽ സംവിധാനമോഹവുമായി ഇറങ്ങിത്തിരിച്ച സമയത്താണ് ‘ജോസഫ്’ എന്ന ചിത്രം സംഭവിക്കുന്നത്. . പിന്നീടാണ് ഈ കഥ ഉണ്ടാകുന്നത്. ഒരു വർഷത്തോളം അഭിനയത്തിൽനിന്ന് ഇടവേള എടുത്താണ് സംവിധാനത്തിലേക്ക് ഇറങ്ങിയത്.

നായകനാകാനുള്ള തീരുമാനം

പ്രധാന കഥാപാത്രം അഭിനയിക്കാനായി ചില നടന്മാരെ സമീപിച്ചെങ്കിലും ആരിൽനിന്നും അനുകൂലമായ ഒരു മറുപടി ലഭിച്ചില്ല. ഒരു നടനായ ഞാൻ സംവിധാനത്തിലേക്ക് ഇറങ്ങുമ്പോൾ അത് എത്രകണ്ട് ഗൗരവത്തോടെയാണെന്ന് അവർക്കു തോന്നിക്കാണാം. അതോടെയാണ് പ്രധാന കഥാപാത്രം ഞാൻ തന്നെ ചെയ്യാൻ തീരുമാനിച്ചത്.

സംസാരിക്കാനും കേൾക്കാനും സാധിക്കാത്ത അഭിനയയാണ് ചിത്രത്തിലെ നായിക

മറ്റു പല നടിമാരെയും ആദ്യം സമീപിച്ചിരുന്നു. പക്ഷേ, ഒന്നും ഫൈനൽ ആയില്ല. ഒടുവിലാണ് അഭിനയയെ കണ്ടെത്തുന്നത്. എന്നെ ശരിക്കും അമ്പരപ്പിച്ച അഭിനേത്രിയാണ് അവർ. സംസാരിക്കാനോ കേൾക്കാനോ സാധിക്കില്ലെന്ന് അവരുടെ അഭിനയം കാണുമ്പോൾ ഒരിക്കൽ പോലും തോന്നില്ല. എന്റെ കൈ ചലനങ്ങൾ കണ്ടാണ് അവർ ഓരോ ഷോട്ടിലും അഭിനയിച്ചിരിക്കുന്നത്.

5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്

കഥ എഴുതിയപ്പോഴോ ഷൂട്ട് ചെയ്തപ്പോഴോ ഒന്നും ഇതു മറ്റു ഭാഷകളിലേക്കു മൊഴിമാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. സിനിമ പൂർത്തിയായപ്പോൾ ജോഷി സാറിനെയും തമിഴിൽ എന്റെ സുഹൃത്തുക്കളായ ചില സംവിധായകരെയും കാണിച്ചു. അവർ നൽകിയ പ്രചോദനമാണ് മറ്റു ഭാഷകളിലേക്കു മൊഴിമാറ്റാനുള്ള ധൈര്യം തന്നത്. മലയാളം റിലീസിനു പിന്നാലെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിക്കാനാണ് ശ്രമം.

60ൽ അധികം പുതുമുഖങ്ങൾ

കഥാപാത്രത്തിന് ഞാൻ മനസ്സിൽ കണ്ട രൂപത്തോടു ചേർന്നുവന്ന പലരെയും തിരഞ്ഞെടുത്ത് 3 മാസത്തോളം പരിശീലനം നൽകിയാണ് അഭിനയിപ്പിച്ചത്. രൂപസാദൃശ്യം അന്വേഷിച്ചുപോയതോടെയാണ് 60ൽ അധികം പുതുമുഖങ്ങളെ കണ്ടെത്തിയത്. ചിത്രത്തിൽ എടുത്തുപറയേണ്ട രണ്ടുപേർ സാഗർ, ജുനൈസ് എന്നീ യുവനടന്മാരാണ്. സിനിമയുടെ പ്രിവ്യൂ ഷോ കണ്ട കമൽഹാസൻ സാറും മണിരത്നം സാറും ഉൾപ്പെടെയുള്ളവർ ഏറ്റവും പ്രശംസിച്ചത് ഇവരുടെ പ്രകടനത്തെയാണ്.

ഇടവേളയിൽ നഷ്ടപ്പെട്ട കഥാപാത്രങ്ങൾ

ഒരുപാടുണ്ട്. പലതും മികച്ച കഥാപാത്രങ്ങളും സിനിമകളുമായിരുന്നു. പക്ഷേ, സംവിധാനത്തിനായി സമയം മാറ്റിവച്ചേ മതിയാകൂ. ഈ സമയത്താണ് കമൽഹാസൻ– മണിരത്നം ടീമിന്റെ തഗ് ലൈഫിലേക്ക് അവസരം ലഭിക്കുന്നത്. അത് ഒഴിവാക്കാൻ തോന്നിയില്ല. ബാക്കി പല ചിത്രങ്ങളുടെയും കഥപോലും കേൾക്കാതെ ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. കാർത്തിക് സുബ്ബരാജ്– സൂര്യ ടീമിന്റെ ഒരു ചിത്രം ഇപ്പോൾ ചെയ്യുന്നുണ്ട്. മറ്റു ചില അന്യഭാഷാ ചിത്രങ്ങളുടെയും ചർച്ച പുരോഗമിക്കുകയാണ്.

English Summary:

This is 'Pani'! Joju George making his directorial debut; Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com