മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയുടെ തിരക്കഥയിലായിരുന്നു സിദ്ദിഖ് സർ: സുനീഷ് വാരനാട് അഭിമുഖം
Mail This Article
സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, രാഹുൽ മാധവ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് പൊറാട്ട് നാടകം. ആക്ഷേപഹാസ്യത്തിന് പ്രധാന്യം നൽകിയെത്തിയ ചിത്രം ഇന്ത്യൻ രാഷ്ട്രീയത്തിലെ എല്ലാ കക്ഷി രാഷ്ട്രീയക്കാരെയും നിർദ്ദയം വിമർശിച്ചുകൊണ്ടാണ് എത്തിയത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുനീഷ് വാരനാടാണ് പൊറാട്ട് നാടകത്തിന്റെ കഥ രചിച്ചത്. ദീർഘകാല സുഹൃത്തും സംവിധായകനുമായ അകാലത്തിൽ അന്തരിച്ച സിദ്ദിഖ് ആണ് പൊറാട്ട് നാടകം എന്ന കഥ ചലച്ചിത്രമാക്കുന്നതിൽ സജീവമായി ഒപ്പമുണ്ടായിരുന്നത് എന്ന് സുനീഷ് പറയുന്നു. സിദ്ദിഖിന്റെ ശിഷ്യനായ നൗഷാദ് സാഫ്രോൺ ആണ് പൊറാട്ട് നാടകത്തിന്റെ സംവിധായകൻ. ‘പൊറാട്ട് നാടകം’ രചിച്ചത് മുതൽ ഒപ്പമുണ്ടായിരുന്ന സിദ്ദിഖ് തിയറ്ററിൽ ചിത്രം എത്തുന്നത് കാണാൻ കൂടെയില്ലാത്ത ദുഃഖം പങ്കുവയ്ക്കുകയാണ് എഴുത്തുകാരൻ സുനീഷ് വാരനാട്.
ബാങ്ക് തട്ടിപ്പ് പ്രവചനം ഫലിച്ചു
ഒരു പത്രവാർത്തയിൽ നിന്നാണ് ഈ സിനിമയുടെ ത്രെഡ് ഉണ്ടാകുന്നത്. പണ്ട് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിചിത്രമായ ഒരു കേസ് വന്നു. പശുവിന്റെ ചാണകത്തിൽ നിന്ന് ഒരു മാല കിട്ടി. അത് ഏതോ പത്രത്തിൽ വായിച്ചത് എന്റെ മനസ്സിൽ കിടന്നു. അതുകഴിഞ്ഞ് മംഗലാപുരത്ത് ഒരു കല്യാണപ്പെണ്ണിന്റെ മാല പശുവിന്റെ വയറ്റിൽ പോയി, നാലഞ്ച് മാസം കഴിഞ്ഞാണ് അത് കിട്ടിയത്. ഈ വാർത്തയും മനസ്സിൽ കയറി. കഥ എഴുതിയപ്പോൾ ഒരു ബാങ്ക് തട്ടിപ്പും മറ്റു പല സംഭവങ്ങളും ഉൾപ്പെടുത്തി. ഞാൻ കഥ എഴുതുമ്പോൾ കരുവന്നൂർ ബാങ്കിന്റെ ഇഷ്യൂ ഉണ്ടായിട്ടില്ല. ഈ കഥ ഞാൻ എഴുതിക്കഴിഞ്ഞതിന് ശേഷമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പുറത്തുവന്നത്. അത് ഒരു പ്രവചനം പോലെ ആയിപോയി.
ഹിന്ദിയിൽ എടുക്കാൻ വേണ്ടി എഴുതിയ കഥ
ഞാൻ ഈ സിനിമ ഹിന്ദിയിൽ ചെയ്യാൻ വേണ്ടിയാണ് എഴുതിയത്. ഈശോ, മോഹൻലാൽ എന്നീ രണ്ടു സിനിമകളും മലയാളത്തിൽ ആണല്ലോ എടുത്തത്. പൊളിറ്റിക്കൽ സറ്റയർ എഴുതണം എന്ന് മുൻകൂട്ടി വിചാരിച്ചിട്ടില്ല പക്ഷെ ഒരേ തരത്തിൽ എഴുതുന്നതിനോട് എനിക്ക് ജോയിപ്പില്ല. ഒരുപോലെ എഴുതിയാൽ എനിക്ക് ബോറടിക്കും. സിദ്ദിഖ് സാറും ഞാനും തമ്മിൽ വലിയ സൗഹൃദമുണ്ടായിരുന്നു. ഞങ്ങൾ മിക്കവാറും സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല ഇവന്റുകളിലും ഞാൻ അസ്സിസ്റ്റന്റായിരുന്നു. അദ്ദേഹം നന്നായി വായിക്കുകയും സിനിമ കാണുകയും ചെയ്യും. അങ്ങനെ ഒരിക്കൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഇങ്ങനെ ഒരു ത്രെഡ് ഉണ്ട് നമുക്ക് അത് ഹിന്ദിയിൽ ചെയ്താലോ. അദ്ദേഹം വിചാരിച്ചാൽ പല ഹിന്ദി താരങ്ങളെയും കിട്ടും. ഉത്തർ പ്രദേശിലുള്ള ഒരു ബുച്ചറുടെ കഥയാണ് ഞാൻ അന്ന് പറഞ്ഞത്, അയാളുടെ ജീവിതത്തിൽ കഷ്ടപ്പാട് വരികയും അയാൾ പശുവിന്റെ പിന്നാലെ നടക്കുകയും മുസ്‌ലിം ആയതുകൊണ്ട് ആൾക്കാർക്ക് സംശയം ഉണ്ടാവുകയും ഒക്കെ ചെയ്യുന്നു.
ഉത്തരേന്ത്യയിൽ പശു രാഷ്ട്രീയം പറഞ്ഞാൽ എങ്ങനെയിരിക്കും എന്നാണ് സാറിനോട് പറഞ്ഞത്. അദ്ദേഹം പറഞ്ഞു സുനീഷ് കഥ ഡെവലപ് ചെയ്യൂ നമുക്ക് നോക്കാം. ഞാൻ എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം വിളിച്ചു ചോദിച്ചു സുനീഷേ നമുക്ക് അത് മലയാളത്തിൽ ചെയ്താലോ. കാസർഗോഡ് പശ്ചാത്തലമാക്കി എഴുതി നോക്കൂ, ഒരു ബോർഡർ സാധനം പിടിക്കാൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ കഥ ഇങ്ങനെ എഴുതിയത്. അദ്ദേഹം പറഞ്ഞു എന്റെ ഒരു ശിഷ്യനുണ്ട് അവനു പ്രൊഡക്‌ഷനുണ്ട് നമുക്ക് ഇത് അവനെക്കൊണ്ട് ചെയ്യിക്കാം. അങ്ങനെയാണ് നൗഷാദ് ഈ സിനിമയിലേക്ക് വരികയും സിനിമ ഓൺ ആവ്കയും ചെയ്യുന്നത്. സിദ്ദിഖ് സർ പല തിരുത്തലുകൾ പറഞ്ഞു ഞാൻ അതൊക്കെ ചെയ്തിട്ടുണ്ട്. ഇങ്ങനെ ചെയ്യൂ എന്ന് അദ്ദേഹം ഒരിക്കലും പറയില്ല, ഇങ്ങനെ ചെയ്‌താൽ നന്നായിരിക്കും എന്ന് പറയും. ഇത് ഒരു കാരിക്കേച്ചർ സിനിമയാണ് ആ രീതിയിലായിരിക്കണം ഇത് ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സിദ്ദിഖ് എഴുതിയിരുന്നു
ആദ്യത്തെ ഒരാഴ്ച ഷൂട്ടിങ്ങിന് സിദ്ദിഖ് സർ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഞങ്ങളുടെ ഷൂട്ട് നടക്കുമ്പോൾ അദ്ദഹത്തിന് ശ്വാസംമുട്ട് ഉണ്ടായിരുന്നു. കോവിഡ് വന്നതിന്റെ ഭാഗമായി ചില സൈഡ് ഇഫക്ടുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. രണ്ടുപ്രാവശ്യം കോവിഡ് വന്നിരുന്നു എന്ന് തോന്നുന്നു. ഞങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ വലിയ പൊടിക്കാറ്റ് ആണ്, ഞങ്ങൾക്കൊക്കെ നല്ല ബുദ്ധിമുട്ട് തോന്നി, അദ്ദേഹം ഒരാഴ്ച കഴിഞ്ഞു മടങ്ങി. ഷൂട്ടിങ് പൂർത്തിയായി ഡബ്ബിങ് ഒരു റൗണ്ട് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് വയ്യാതെ ആയി ആശുപത്രിയിൽ ആയി. അത് ഞങ്ങൾക്കെല്ലാം വലിയ ഷോക്ക് ആയി. എന്നെ ഒരുദിവസം വിളിച്ചിട്ട് പറഞ്ഞു ‘‘സുനീഷേ, ഇതുവരെ നന്നായിട്ടുണ്ട്, ഇനി മ്യൂസിക് ഒക്കെ വരുമ്പോ കൂടുതൽ നന്നാകും, എല്ലാം നന്നായി നടക്കട്ടെ ഞാൻ വരാൻ വൈകും’’. പിന്നീട് ഒരിക്കലും അദ്ദേഹം വന്നില്ല.
അദ്ദേഹത്തിന് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആയിരുന്നു. ഭക്ഷണം സമയത്ത് കഴിക്കില്ല, ഷുഗർ ഉണ്ടായിരുന്നു, അങ്ങനെ പല ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുകയായിരുന്നു. എനിക്ക് അദ്ദേഹം ഒരു ചേട്ടനെപോലെ ആയിരുന്നു, ഞങ്ങൾ മിക്ക ദിവസവും സംസാരിക്കും. അദ്ദേഹത്തിന് ചക്ക വലിയ ഇഷ്ടമാണ്. വീട്ടിൽ ചക്ക പഴുക്കുമ്പോൾ ഞാൻ കൊണ്ട് കൊടുക്കും. തുടക്കക്കാരെയൊക്കെ കൈപിടിച്ച് ഉയർത്തുന്ന ആളായിരുന്നു സർ. അദേഹത്തിന്റെ വേർപാട് ഞങ്ങളെ വല്ലാതെ ബാധിച്ചു. ഞങ്ങൾക്ക് ഒരു ശക്തിയാണ് ഇല്ലാതായത്. മമ്മൂക്കയെ വച്ച് ഒരു പടം ചെയ്യാൻ തിരക്കഥ എഴുതിക്കൊണ്ടു ഇരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അടുത്ത പടം അതായിരുന്നു. നല്ല രസമുള്ള കഥയായിരുന്നു അത്. എല്ലാം പാതിയിൽ ഉപേക്ഷിച്ച് അദ്ദേഹം യാത്രപറഞ്ഞു.
മികച്ച കാസ്റ്റിങ്
സൈജു കുറുപ്പ്, അബു എന്ന കഥാപത്രം വളരെ ഭംഗിയായി ചെയ്തു. കേരളത്തിൽ നൂറുപേരെ എടുത്താൽ എൺപതു ശതമാനവും ജീവിക്കാൻ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ്. ആ മലയാളിയുടെ പ്രതിനിധിയാണ് സൈജുവിന്റെ കഥാപത്രം. സൈജുവിന്റെ കണ്ണുകളിൽ ഒരു നിസ്സഹായതയുണ്ട്, ഏതു കഥാപത്രവും സൈജു ഭംഗിയായി ചെയ്യും. ധർമജൻ, പിഷാരടി, രാഹുൽ മാധവ്, ചിത്ര ഷേണായി, സുനിൽ സുഗത, ചിത്ര നായർ തുടങ്ങി എല്ലാ ആർട്ടിസ്റ്റുകളും വളരെ ഭംഗിയായി ചെയ്തു. തുടക്കക്കാർക്ക് അവസരം കൊടുക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു, സിദ്ദിഖ് സാറാണ് പറഞ്ഞത് വടക്കൻ കേരളത്തിൽ ഉള്ള പുതിയ ആൾക്കാർക്ക് അവസരം കൊടുക്കാൻ. അനിൽ ബേബി എന്ന നടൻ ആണ് സഖാവ് നാരായണൻ എന്ന കഥാപാത്രം ചെയ്തത്. വടക്കൻ കേരളത്തിലുള്ള മിമിക്രിക്കാരെയും നാടകക്കാരെയുമൊക്കെ തെരഞ്ഞെടുത്തത് സിദ്ദിഖ് സാറായിരുന്നു. അവിടെ ഷൂട്ട് ചെയ്തതുകൊണ്ട് അവർക്കും പങ്കെടുക്കാൻ എളുപ്പമായിരുന്നു.
എല്ലാം ഒരു നാടകമല്ലേ
രാഷ്ട്രീയക്കാര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പൊറാട്ട് നാടകം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇപ്പൊ അൻവർ ആ ആരോപണം ഉന്നയിച്ചിട്ടുണ്ട്, ഇവരെല്ലാം രാത്രിയിൽ ഒന്നാണ് ജനങ്ങൾ മാത്രമാണ് പറ്റിക്കപ്പെടുന്നത്. മാധ്യമപ്രവർത്തകർ ഒരുപാട് ഉപയോഗിക്കുന്ന വാക്കാണ് പൊറാട്ട് നാടകം. ഞാൻ വടക്കൻ കേരളത്തിൽ പൊറാട്ട് നാടകം കണ്ടിട്ടുണ്ട്. സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആളുകളുടെ കലാരൂപം എന്നാണ് ഇതിനെ പറയപ്പെടുന്നത്. ഇതിനു നിയതമായ ഒരു കഥാഗതി അല്ല ഉള്ളത്, പല പല സംഭവങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. പരിപാടി കാണാൻ ഒരുപാട് ആളുവരും. ആ ഒരു ഘടനയാണ് ഈ സിനിമയുടെ കഥയ്ക്ക്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പല പല സംഭവങ്ങൾ ആണ് പറയുന്നത്. പടത്തിന്റെ ഒടുവിൽ വിപ്ലവകരമായ ഒരു മാറ്റം കാണിക്കുന്നുണ്ട്. പൊറാട്ട് നാടകം കളിക്കുന്നത് സാധാരണ പുരുഷന്മാരാണ് , ഇവിടെ ഒടുവിൽ ഒരു സ്ത്രീ പൊറാട്ട് നാടകക്കാരി ആകുന്നു, ഞങ്ങളെല്ലാം അത് ഇരുന്നു കാണുന്നുണ്ട്. ഇത് മുഴുവൻ ഒരു നാടകമാണ് എന്നാണ് കാണിക്കുന്നത്.
അഭിനയത്തിലും ഒരു കൈ നോക്കി
ഞാൻ ഒരു ചെറിയ വേഷത്തിൽ സിനിമയിൽ ഉണ്ട്. എന്റെ സുഹൃത്തുക്കളുടെ സിനിമകളിലൊക്കെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പഞ്ചവർണ്ണ തത്തയിൽ ഒരു മാധ്യമ പ്രവർത്തകനായിട്ട് ഉണ്ട്, യമണ്ടൻ പ്രേമകഥയിൽ ഉണ്ട്, കാൽക്കുലേറ്ററിൽ കണക്കു കൂട്ടി തെറ്റിച്ചു പറയുന്ന ആ കഥാപാത്രം വൈറലായിരുന്നു. അടുത്തിടെ വയനാട് ദുരിതാശ്വാസ നിധിയുടെ വിവാദത്തിലും എന്റെ ആ വിഡിയോ ആളുകൾ ട്രോൾ ആയി ഉപയോഗിക്കുന്നത് കണ്ടു. പിന്നെ തെളിവ്, മൈ നെയിം ഈസ് അഴകൻ, അങ്ങനെ കുറെ സിനിമകളിൽ മുഖം കാണിച്ചു, ഞാൻ ഏറ്റവും കൂടുതൽ സ്‌ക്രീനിൽ വന്നത് ഈ സിനിമയിലാണ്. സിദ്ദിഖ് സാർ പറഞ്ഞു ആ കഥാപാത്രം സുനീഷ് തന്നെ ചെയ്താൽ മതി എന്ന്.
പ്രതികരണങ്ങൾ സമ്മിശ്രം
മുൻ എംപി ആരിഫ് സിനിമ കണ്ടിട്ട് ഗംഭീരമായിട്ടുണ്ട് എന്ന് പറഞ്ഞു. സിനിമയെ സിനിമയായി കാണുക എന്നതാണ് വേണ്ടത്. ഞാൻ പണ്ട് ചാനലിൽ പൊളിറ്റിക്കൽ സറ്റയർ ഷോ ആയ പൊളിട്രിക്സ് ചെയ്യുമ്പോൾ ചില എപ്പിസോഡ് വരുമ്പോൾ ഫോൺ കാൾ വരാൻ തുടങ്ങും. ഭീഷണി ഒന്നും അല്ല ‘‘ശരിയായില്ല, ഒന്ന് കുറക്കാം’’ എന്നൊക്കെ ആയിരിക്കും പറയുക. അതൊരു പത്ത് വർഷം മുൻപാണ്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ എല്ലാവരും രാഷ്ട്രീയക്കാരെയും മതത്തെയുമെല്ലാം വിമർശിക്കുന്നുണ്ട്. ഒരു ട്രോൾ വായിക്കുന്നതുപോലെ ആണ് ഈ സിനിമ, സിനിമ മുഴുവൻ ട്രോൾ ആണ് അതിനെ ആ രീതിയിൽ കാണണം. സമ്മിശ്ര പ്രതികരണമാണ് കിട്ടുന്നത്. ചിലർക്ക് ഇഷ്ടപ്പെട്ടു ചിലർക്ക് പിടിച്ചില്ല. രാഷ്ട്രീയം അറിയാവുന്നവർക്കായിരിക്കും ഈ സിനിമ വർക്ക് ആവുക.
വാരനാടൻ കഥകൾ സിനിമയാകുന്നു
ഞാൻ രമേഷ് പിഷാരടിയുമൊത്ത് കുറെ നാളായി ഒരു സിനിമ ചെയ്യാൻ ഇരിക്കുകയായിരുന്നു അത് ഉടനെ ഉണ്ടാകും. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വാരനാടൻ കഥകൾ എന്ന എന്റെ പുസ്തകത്തിലെ കുറെ കഥകൾ കൂട്ടിചേർത്ത് ഒരു സിനിമ സംവിധാനം ചെയ്യാൻ തയാറെടുക്കുന്നുണ്ട്. രണ്ടുകുട്ടികൾ പ്രധാന കഥാപാത്രമാകുന്ന ഒരു ചെറിയ സിനിമയുടെ എഴുത്ത് ഇപ്പൊ നടക്കുന്നുണ്ട്. സംവിധാനം ചെയ്യാൻ ആണ് തയ്യാറെടുക്കുന്നത്. നമ്മൾ എഴുതുന്ന കഥ നമ്മൾ തന്നെ ചെയ്യുമ്പോൾ അത് കുറച്ചുകൂടി എളുപ്പമാകും. ഒരു നോവൽ എഴുതാനും പ്ലാനുണ്ട്. വളരെ ചുരുങ്ങിയ ജീവിത സമയത്തിൽ നമ്മുടെ കയ്യൊപ്പ് പതിപ്പിക്കുക, ഇടയ്ക്കിടെ ചില ശാരീരിക അസ്വസ്ഥതകൾ വരാറുണ്ട് അത് ജീവിതം ചെറുതാണ് നമുക്കിനിയും പല കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ്.