നിർദേശിച്ചത് ദുൽഖർ, കൊള്ളാമെന്ന് മമ്മൂക്ക; ‘ലക്കി ഭാസ്കറി’ലെ ആന്റണിക്കു ശബ്ദമായ ടിനി ടോം
Mail This Article
ദുൽഖർ നായകനായെത്തിയ ബഹുഭാഷാചിത്രം ലക്കി ഭാസ്കർ തിയറ്റർ റിലീസിനു ശേഷം ഒടിടിയിലും മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ദുൽഖറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആന്റണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് മലയാളികളുടെ പ്രിയതാരം ടിനി ടോമാണ്. തമിഴ്താരം രാംകിയാണ് സിനിമയിൽ ആ കഥാപാത്രത്തെ അവതരപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷയ്ക്ക് അനുയോജ്യമായ വിധത്തിൽ അതിഗംഭീരമായാണ് ശബ്ദം കൊണ്ടുള്ള ടിനി ടോമിന്റെ പകർന്നാട്ടം. ഡബ്ബിങ് അനുഭവങ്ങളുമായി ടിനി ടോം മനോരമ ഓൺലൈനിൽ.
നിർദേശിച്ചത് ദുൽഖർ, അഭിനന്ദിച്ച് മമ്മൂക്ക
ലക്കി ഭാസ്കർ എന്ന സിനിമയിൽ ആന്റണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകാനാണ് എന്നെ വിളിച്ചത്. ആദ്യം മറ്റൊരാൾ ആ കഥാപാത്രത്തിന് ശബ്ദം നൽകിയിരുന്നു. അത് അവർക്ക് തൃപ്തിയായില്ല. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. വെഫെയറർ ടീമിലെ രഞ്ജു ആണ് എന്നെ സമീപിക്കുന്നത്. അങ്ങനെയാണ് ഞാൻ ശബ്ദം കൊടുക്കുന്നത്. ആ കഥാപാത്രത്തിന് കറക്ട് സിങ്ക് ആയെന്ന് കണ്ടവർ പറഞ്ഞു. മമ്മൂട്ടി അഭിനന്ദനം അറിയിച്ചു. അതെല്ലാം വലിയ സന്തോഷങ്ങളാണ്. മമ്മൂക്കയും പിഷാരടിയും കൂടി ഇരുന്ന് സിനിമ കണ്ടിരുന്നു. സിനിമ കണ്ടിട്ട് ‘കൊള്ളാം’ എന്നൊരു മെസേജ് ആണ് മമ്മൂക്ക എനിക്ക് അയച്ചത്.
തെലുങ്ക് നൽകിയ ചലഞ്ച്
തെലുങ്കു സിനിമ ആയതുകൊണ്ട് ലിപ് സിങ്കിങ് അൽപം പണിയാണ്. മലയാളം ഡയലോഗുകൾ കുറച്ചെങ്കിലും യോജിക്കുന്ന തരത്തിൽ വേണമല്ലോ പറയാൻ! ആ കഥാപാത്രത്തെ അവതരിപ്പിച്ച താരം ചുണ്ടിന് അധികം ചലനങ്ങൾ കൊടുത്തിരുന്നുമില്ല. എന്തായാലും പെട്ടെന്ന് ചെയ്തു തീർക്കാൻ പറ്റി. ശബ്ദം ചെറുതായി മാറ്റിയാണ് ഡബ്ബ് ചെയ്തത്. ദുൽഖർ പറഞ്ഞിട്ടാണ് എന്നെ വിളിച്ചത്. ശരത് ബാലനായിരുന്നു ഡബിങ് സമയത്ത് ഉണ്ടായിരുന്നത്. കൊച്ചിയിൽ വച്ചായിരുന്നു ഡബിങ്. പ്രാഞ്ചിയേട്ടനൊക്കെ ചെയ്ത വിസ്മയയിലെ ഫ്രാൻസിസ് ആയിരുന്നു കൺസോളിൽ.
കുട്ടിസ്രാങ്കിനായി ആദ്യ ഡബിങ്
കുട്ടിസ്രാങ്ക് എന്ന മമ്മൂട്ടിയുടെ സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി ഞാൻ മറ്റൊരാൾക്ക് ശബ്ദം കൊടുക്കുന്നത്. അതിലെ വില്ലന് ശബ്ദം നൽകിയത് ഞാനായിരുന്നു. അമിത്ത് എന്ന പേരുള്ള നടനായിരുന്നു ആ വേഷം ചെയ്തത്. മുംബൈയിൽ നിന്നുള്ള നടനായിരുന്നു അദ്ദേഹം. ആറു ദിവസം പല ആളുകളെക്കൊണ്ട് ഡബ്ബ് ചെയ്തിട്ട് ശരിയാകാതെ വന്നപ്പോഴാണ് എന്നെ വിളിക്കുന്നത്. മമ്മൂക്ക പറഞ്ഞിട്ടാണ് എന്നെ അവർ വിളിക്കുന്നത്.
ശബ്ദത്തിൽ സ്ത്രൈണതയും വേണം, കൊച്ചി സ്ലാങ്ങും വേണം. ഇതായിരുന്നു സംവിധായകൻ ഷാജി എൻ കരുണിന്റെ ആവശ്യം. സ്ത്രൈണതയുള്ള കൊച്ചിക്കാരനായി അതിൽ ശബ്ദം കൊടുത്തു. കൗതുകമുള്ള കാര്യം എന്താണെന്നു വച്ചാൽ, എന്റെ കരിയറിലെ ഡബിങ് അവസരങ്ങൾ എല്ലാം മമ്മൂക്കയുടെ കുടുംബവുമായി ബന്ധപ്പെട്ടാണ് വന്നു ചേർന്നത്. മമ്മൂക്ക കുടുംബം എന്റെ ഐശ്വര്യമാണ്.