ദുൽക്കറിന്റെ ഷോ ഓഫ്, ഈ കളി വേറെ ലെവൽ; ലക്കി ഭാസ്കർ റിവ്യു
Mail This Article
ഒരു സാധാരണക്കാരന്റെ അക്കൗണ്ടിൽ 100 കോടി രൂപയോ? ആ പണത്തിനു പിന്നിൽ ഒരാളുടെ കഠിനാധ്വാനം ആണോ കുശാഗ്രബുദ്ധിയാണോ എന്നത് വെളിപ്പെടുത്തുകയാണ് വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ലക്കി ഭാസ്കർ. ദുൽക്കർ സൽമാൻ നായകനായെത്തിയ ഈ ബഹുഭാഷാ ചിത്രം പൂർണമായും ദുൽക്കർ ഷോ തന്നെയാണ്. മസിൽ പെരിപ്പിച്ചും പത്തു നൂറാളുകളെ ഒറ്റ ഇടിക്ക് പറപ്പിച്ചും കാണിക്കുന്ന ഷോ ഓഫ് അല്ല. ഇത് കളി വേറെയാണ്. ബുദ്ധി കൊണ്ടുള്ള കളി!
എൺപതുകളുടെ പകുതിയിൽ തുടങ്ങി തൊണ്ണൂറുകളുടെ തുടക്കം വരെയാണ് കഥയുടെ കാലഘട്ടം. ആ കാലഘട്ടത്തെ ഭംഗിയായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി ഉണ്ടായിട്ടും കുടുംബപ്രാരാബ്ധം മൂലം കയ്യിൽ നയാ പൈസ ഇല്ലാതെ ജീവിക്കേണ്ടി വരുന്ന ഒരു സാധാരണക്കാരൻ ആണ് ദുൽക്കർ അവതരിപ്പിക്കുന്ന ഭാസ്കർ. ബാങ്കിൽ ഒരു പ്രൊമോഷൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ പലതും മാനേജ് ചെയ്ത് ജീവിച്ചു പോരുന്ന ഭാസ്കറിന്റെ പ്രതീക്ഷകളെ കാറ്റിൽ പറത്തി ആ ജോലിക്കയറ്റം മറ്റൊരാൾക്ക് ലഭിക്കുന്നു. കടം കൊണ്ടു പൊറുതി മുട്ടിയ ഭാസ്കർ ഏതു വിധേനയും പണം സമ്പാദിക്കാൻ ഇറങ്ങുന്നതോടെയാണ് സിനിമയുടെ ഗതിവേഗം വർധിക്കുന്നത്.
സിനിമയുടെ ആദ്യ പകുതി ഭാസ്കർ എന്ന കുടുംബസ്ഥനിൽ ഫോക്കസ് ചെയ്യുമ്പോൾ രണ്ടാം പകുതിയിലാണ് സാമ്പത്തിക കുറ്റകൃത്യത്തിന്റെ ചതുരംഗ കളികൾ മുറുകുന്നത്. ഹർഷദ് മെഹ്ത എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റവാളിയുടെ ഫിനാൻഷ്യൽ ഗെയിം ബ്രില്യന്റ് ആയി സിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആ പേരിന്റെ പവർ നന്നായി പ്രയോജനപ്പെടുത്തുന്ന സംവിധായകൻ ഒരിക്കലും ആ മുഖം സിനിമയിൽ കാണിക്കുന്നില്ല. സിനിമയ്ക്ക് രണ്ടാം ഭാഗം ഉള്ളതായി പറയുന്നില്ലെങ്കിലും ഇത്തരം രസകരമായ കൗതുകങ്ങൾ സിനിമ അവശേഷിപ്പിക്കുന്നുണ്ട്. പ്രേക്ഷകർക്ക് 'ഹൈ' നൽകുന്ന ചില ദുൽക്കർ മോമെന്റുകൾ സമ്മാനിച്ചുകൊണ്ടാണ് രണ്ടാം പകുതി മുൻപോട്ട് പോകുന്നത്.
എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും അന്തിമവിജയം നായകന്റെത് എന്ന ഫോർമുല തന്നെയാണ് ലക്കി ഭാസ്കറിലും ഉള്ളത്. എന്നാൽ അതൊരു രസകരമായ കാഴ്ചയാക്കുന്നത് ദുൽക്കർ തന്നെയാണ്. അടിമുടി സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ദുൽക്കർ. എന്നാൽ ആ കഥാപത്രത്തിന്റെ സങ്കടങ്ങൾ പ്രേക്ഷകരുമായി കണക്ട് ആകുന്നില്ല എന്നതാണ് ഒരു പോരായ്മയായി അനുഭവപ്പെട്ടത്. സാധാരണക്കാരൻ ആണെന്ന് പലയാവർത്തി ഡയലോഗുകൾ വഴി പറയുന്നുണ്ടെങ്കിലും ആ ഇമോഷൻ സിനിമയിൽ വല്ലാതെ വർക്ക് ആകുന്നില്ല. എങ്കിലും കയ്യടികൾക്ക് വേണ്ടിയൊരുക്കിയ പല സീനുകളും തിയറ്ററിൽ വർക്ക് ആയിട്ടുണ്ട്. അതിനു കാരണം മുൻപ് പറഞ്ഞ ദുൽക്കർ ഫാക്ടർ തന്നെയാണ്. മീനാക്ഷി ചൗധരി ആണ് നായിക. ഓർമയിൽ നിൽക്കുന്ന പ്രകടനത്തിന് സാധ്യതയൊന്നും ആ കഥാപാത്രത്തിന് സിനിമയിൽ ഇല്ല.
സിനിമയെ ആവേശകരമാക്കുന്നത് ജി വി പ്രകാശിന്റെ സംഗീതമാണ്. പാട്ടുകളെക്കാൾ പശ്ചാത്തലസംഗീതം ശരിക്കും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. മലയാളിയായ നിമിഷ് രവിയാണ് ക്യാമറ. സിനിമ ആവശ്യപ്പെടുന്ന കാഴ്ചയൊരുക്കുന്നതിൽ നിമിഷ് വിജയിച്ചിട്ടുണ്ട്. എഡിറ്റർ നവീൻ നൂലി. സിനിമയുടെ മേക്കിങ്ങിൽ ഏറ്റവും രസകരമായി തോന്നിയത് അതിന്റ നരേഷൻ ആണ്. കുറച്ചെങ്കിലും പുതുമയായി തോന്നിയത് കാണികളുമായി നേരിട്ട് സംവദിക്കുന്ന നരേഷൻ ആണ്. അക്കാര്യത്തിൽ സംവിധായകൻ കയ്യടി അർഹിക്കുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം കൗതുകം തോന്നുന്ന ചില ശബ്ദസാന്നിധ്യങ്ങൾ സിനിമയിലുണ്ട്. സിനിമയുടെ മലയാളം പതിപ്പ് ആണ് കാണുന്നതെങ്കിൽ തീർച്ചയായും അവ ആസ്വാദ്യകരമായി അനുഭവപ്പെടും. ചുരുക്കത്തിൽ, റിലാക്സ്ഡ് ആയി കണ്ടിരിക്കാവുന്ന ഒരു ഫാമിലി ചിത്രം ആണ് ലക്കി ഭാസ്കർ.