ആ അവകാശം വിട്ടു കളയരുത്; തിരക്കഥാകൃത്തുക്കൾ ശ്രദ്ധിക്കണം: മഹേഷ് നാരായണൻ
Mail This Article
സിനിമയുടെ റീമേക്ക് റൈറ്റ്സ് അടക്കമുള്ള അവകാശങ്ങളെപ്പറ്റി എഴുത്തുകാരും സംവിധായകരും ബോധവാന്മാരാകണമെന്നും അതു നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സംവിധായകൻ മഹേഷ് നാരായണൻ. മലയാള മനോരമയുടെ കലാ സാഹിത്യ ഉൽസവം ഹോർത്തൂസിൽ ‘തിരയെഴുത്ത്: കലയും കച്ചവടവും’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിൽ വളരെ സജീവമായി നിൽക്കുന്ന ആളുകൾ പോലും കരുതുന്നത്, സിനിമയുടെ ബിസിനസൊക്കെ നിർമാതാവ് നോക്കിക്കോളും എന്നാണ്. പക്ഷേ എന്തൊക്കെയാണ് ഇതിൽ കൈമാറ്റം ചെയ്യപ്പെടുന്നത് എന്നറിയണം. സിനിമയുടെ മൂല്യം ഇപ്പോഴുള്ളതായിരിക്കില്ല ഭാവിയിൽ. അതു കണക്കാക്കി റീമേക്ക് റൈറ്റ്സ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ കരാർ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹേഷ് നാരായണന്റെ വാക്കുകൾ:
ഞാൻ തിരക്കഥയെ ഒരു ലിറ്റററി വർക്കായല്ല, സിനിമയ്ക്കു വേണ്ട ബ്ലൂപ്രിന്റായാണു കാണുന്നത്. അക്കാദമിക് ആയ സിനിമകളും കച്ചവട സിനിമകളും ഞാൻ ചെയ്യാറുണ്ട്. അവയ്ക്കിടയിലുള്ള അതിർവരമ്പ് നേർത്തു വരികയാണ്. കലാമൂല്യമുള്ള സിനിമകൾക്കും ഇപ്പോൾ വാണിജ്യ വിജയമുണ്ടാകുന്നുണ്ട്. ഒരുപാടു കോടികളുടെ കണക്കു പറയാനുണ്ടാവില്ലെങ്കിലും അവ വാങ്ങാനുള്ള ആളുകളും ഇടങ്ങളുമുണ്ട്. അതു നമ്മളെങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് പ്രധാനം. കാനോ ബുസാനോ ലൊക്കാർണോയോ ഉൾപ്പെടെ ഏതു ഫെസ്റ്റിവലിൽ പോയാലും അവിടെ സിനിമകളുടെ ഒരു മാർക്കറ്റ് ഉണ്ട്. പ്രീമിയറിന് എത്തുന്ന സിനിമകൾക്ക് മേഖല തിരിച്ചുള്ള ഡിസ്ട്രിബ്യൂഷന് അവിടെ സംവിധാനമുണ്ട്. അത് ഇന്ത്യയിലും വന്നുകഴിഞ്ഞു. എൻഎഫ്ഡിസി ലാബ് എന്ന പേരിൽ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ തുടങ്ങിയ സംവിധാനം വലിയ വിജയമല്ലെങ്കിൽ പോലും ഐഎഫ്എഫ്കെയിൽ അടക്കം നിരവധി വിതരണക്കാർ സിനിമകൾ കാണുകയും വിതരണാവകാശം ആവശ്യപ്പെടുകയും അതുസംബന്ധിച്ച ചർച്ചകൾ തുടങ്ങി വയ്ക്കുകയും ചെയ്യുന്നുണ്ട്. അപ്പോൾ അത്തരം ശ്രമങ്ങൾ വിജയിച്ചില്ലെങ്കിലും പിന്നീട് അതു നടക്കാറുണ്ട്.
പലരും വിചാരിക്കുന്നത് തിയറ്ററിൽ റിലീസ് ചെയ്യുന്നതു മാത്രമാണ് കച്ചവട സിനിമ എന്നാണ്. അതു തെറ്റാണ്. സിനിമയുണ്ടാക്കുന്നത് തിയറ്ററിലേക്കാണ്. അതേസമയം കുമ്മാട്ടി പോലുള്ള സിനിമകളുടെ റീസ്റ്റോർഡ് വേർഷൻ ഇപ്പോൾ വലിയ ചലച്ചിത്ര മേളകളിൽ സ്വീകരിക്കപ്പെടുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കമേഴ്സ്യൽ സിനിമ ഏതെന്നു ചോദിച്ചാൽ ഷോലെ എന്നാവും നമ്മുടെ ഉത്തരം. അതിന്റെ റൈറ്റ്സ് കൊണ്ടാണ് സിപ്പി കുടുംബം ഇന്നും ജീവിക്കുന്നത്. ബൗദ്ധിക സ്വത്തവകാശം (ഇന്റലക്ച്വൽ പ്രോപ്പർട്ടി - ഐപി) ആരാണ് കൈവശം വയ്ക്കുന്നത് എന്നത് എഴുത്തുകാരും മറ്റും ചർച്ച ചെയ്യേണ്ടതാണ്. മലയാള സിനിമാനിർമാണ രംഗത്തേക്ക് വലിയ സ്റ്റുഡിയോകൾ ഇതുവരെ വന്നിട്ടില്ല. പക്ഷേ വരാൻ സാധ്യത കൂടുതലാണ്. നമ്മളൊരു സ്റ്റുഡിയോയ്ക്കു വേണ്ടി സിനിമ ചെയ്യുമ്പോൾ, അതിന്റെ ഐപി ആർക്കാണ് എന്ന ചോദ്യമുണ്ട്. അതിന്റെ ഒരു ഭാഗം എഴുത്തുകാരൻ കൈവശം വയ്ക്കണം എന്നാണ് എന്റെ അഭിപ്രായം. അതു വിട്ടുകൊടുക്കരുത്. ഇന്ന് എംടി സാർ സജീവമായി സിനിമയെഴുതുകയാണെങ്കിൽ അദ്ദേഹം വയ്ക്കുന്ന ആദ്യത്തെ നിബന്ധന അതായിരിക്കും. എഴുത്തുകാരന്റെ ആർജവം ഒരിക്കലും നഷ്ടപ്പെടുത്താത്ത ചലച്ചിത്രകാരനാണ് അദ്ദേഹം.
ആർട്ട് ഹൗസ് സിനിമകളും വാങ്ങാൻ ആളുണ്ട്. അവ പക്ഷേ കൃത്യമായ സ്ഥലങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് പ്രശ്നം. അതിന് ക്യൂറേറ്റർമാരോ മാർഗനിർദേശം കൊടുക്കാൻ ആളുകളോ ഇല്ല. അതിന്റെ കച്ചവടത്തെപ്പറ്റി ധാരണയുണ്ടായിരിക്കണം.
പിന്നെയൊരു പ്രശ്നം ഡേറ്റിനെ പിന്തുടരുന്നതാണ്. ഒരു റിലീസ് ഡേറ്റ് തീരുമാനിച്ചാൽ, തിരക്കഥയെഴുത്തോ ഷൂട്ടിങ്ങോ വൈകിയാലും ആ ഡേറ്റ് മാറില്ല. ഓണമോ വിഷുവോ ക്രിസ്മസോ, അങ്ങനെ ഡേറ്റാണ് പ്രശ്നം. അതു കഴിഞ്ഞാൽ പിന്നെ സിനിമ തിയറ്ററിലേക്ക് ഇറക്കിയാൽ അതിന്റെ ലൈഫ് എന്താണ്? അതിനെപ്പറ്റി ആരും ആലോചിക്കുന്നില്ല.
ഒടിടി പ്ലാറ്റ്ഫോമുകൾ വന്ന ശേഷമാണ് മലയാള സിനിമയ്ക്ക് ഉത്തരേന്ത്യയിലും ലോകമാകെയും വലിയ സ്വീകാര്യത കിട്ടിയത് എന്നു നമ്മൾ പറയുന്നു. കോവിഡിന് മൂന്നോ നാലോ കൊല്ലം മുമ്പ് റൈറ്റ്സ് എങ്ങനെ വിൽക്കണമെന്ന് നമ്മുടെ നിർമാതാക്കൾക്ക് വലിയ പിടിയുണ്ടായിരുന്നില്ല. അവർക്കു വേണ്ടിയിരുന്നത് അത് എത്രയും പെട്ടെന്ന് വിറ്റ് ഒഴിവാക്കുകയായിരുന്നു. പലിശയ്ക്ക് എടുത്ത പണം കൊണ്ടു പിടിക്കുന്ന സിനിമയാണല്ലോ. അങ്ങനെ അവസാനനിമിഷം വിറ്റ് ഒഴിവാക്കുമ്പോൾ, കരാർ വായിച്ചു പോലും നോക്കാതെ ഒപ്പിട്ടു വിടുകയാണ്. അതിൽ ഐപി ആരുടെ പേരിലാണ്, ഏതൊക്കെ പ്ലാറ്റ്ഫോമിലാണ് തുടങ്ങിയ കാര്യങ്ങളൊന്നും പലരും ശ്രദ്ധിക്കാറുപോലുമില്ല. ചില കോർപറേറ് കമ്പനികളുടെ കരാർ നോക്കിയാൽ, ഈ പ്രപഞ്ചത്തിൽ മാത്രമല്ല, മറ്റേതെങ്കിലും ഗാലക്സിയുണ്ടെങ്കിൽ അവിടുത്തെ റൈറ്റ്സും ചേർത്താണ് അവർ കരാറുണ്ടാക്കുന്നത്. എഴുത്തുകാരന്റെ ഐപി അവകാശം കൂടി ചേർത്താണ് അത് പോകുന്നത്. അതാരും മനസ്സിലാക്കുന്നില്ല.
ഒരിക്കൽ മുംബൈയിൽ വച്ച് വിധു വിനോദ് ചോപ്രയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, എന്റെ സിനിമകളുടെ ഐപി കൊടുക്കുന്നത് രണ്ടു വർഷത്തേക്കാണ്. അതു കഴിഞ്ഞാൽ അവകാശം തിരിച്ചെടുക്കുമെന്നാണ്. അതു പിന്നെ അദ്ദേഹത്തിന്റെ കമ്പനിക്കാണ്. അതിന്റെ നിശ്ചിത ശതമാനം എഴുത്തുകാരനും സംവിധായകനും കൊടുക്കും. ഇപ്പോഴല്ല നിങ്ങൾക്കിതിന്റെ മൂല്യം മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പുസ്തകത്തിന്റെ മൂല്യം പതിയെപ്പതിയെയാണ് വളരുന്നത്. അതുപോലെയാണ് സിനിമയും. അത്തരമൊരു ചിന്ത ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല. എനിക്ക് അദ്ദേഹത്തോടു ബഹുമാനം തോന്നി.
എഴുത്തിലേക്കു വരാനാഗ്രഹിക്കുന്നവരോട് എനിക്കു പറയാനുള്ളത്, ഇത്തരം കാര്യങ്ങളെപ്പറ്റി മനസ്സിലാക്കണമെന്നാണ്. എഴുത്തിൽ വളരെ സജീവമായി നിൽക്കുന്ന ആളുകൾ പോലും കരുതുന്നത്, സിനിമയുടെ ബിസിനസൊക്കെ നിർമാതാവ് നോക്കിക്കോളും എന്നാണ്. പക്ഷേ എന്തൊക്കെയാണ് ഇതിൽ കൈമാറ്റം ചെയ്യപ്പെടുന്നത് എന്നറിയണം. ഉദാഹരണത്തിന് റീമേക്ക്. റീമേക്ക് റൈറ്റ്സിൽ എത്ര ശതമാനമാണ് എഴുത്തുകാരന്റെ വിഹിതം? സാധാരണയായി ഈ കണക്ക് തിരക്കഥാകൃത്തിനും സംവിധായകനും നിർമാതാവിനും 33 ശതമാനം വീതം എന്നാണ്. തിരക്കഥാകൃത്തും സംവിധായകനും ഒരാളാണെങ്കിൽ നിർമാതാവുമായി 50 ശതമാനം വീതം. ഇത് പണ്ടത്തെ കണക്കാണ്. ഇപ്പോൾ പക്ഷേ ഒരു സ്റ്റുഡിയോ ഒരു സിനിമയുടെ റീമേക്ക് അവകാശം വാങ്ങിയാൽ വാങ്ങിയാൽ അതിന്റെ പത്തുശതമാനം മാത്രമേ കരാർ ഒപ്പിടുമ്പോൾ തരൂ. ഇത് എന്നെങ്കിലും സിനിമയായി പണമുണ്ടാക്കിയാലേ ബാക്കി തരൂ എന്നാവും അവർ പറയുക. അവിടെ തീർന്നു.
അതങ്ങനെ പോരാ എന്നാണു ഞാൻ പറയുന്നത്. റീമേക്കിനായി തിരക്കഥ വാങ്ങുമ്പോൾ, ഒരു എഡിറ്റഡ് സിനിമയുടെ തിരക്കഥയാണത്. പൂർണമായ ഒരു ഉൽപന്നം. ട്രാഫിക് എന്ന സിനിമ എല്ലാ ഭാഷയിലും എഡിറ്റ് ചെയ്തത് ഞാനാണ്. അതിന്റെ ഹിന്ദി ചെയ്യുന്ന സമയത്ത് അതിന്റെ സംവിധായകൻ ഇത്തരം കുരുക്കിൽപെട്ട് ബുദ്ധിമുട്ടി. അതിന്റെ തിരക്കഥ നോൺ ലീനിയറാണ്, അതു ലീനിയറാക്കണം എന്നായിരുന്നു നിർമാണക്കമ്പനിയുടെ വാദം. ഞാനവരോടു തർക്കിച്ചു. നോൺ ലീനിയറായി എഴുതപ്പെട്ട, ചിത്രീകരിക്കപ്പെട്ട ഒരു സിനിമയാണത്, അത് ഒരു ഭാഷയിൽ വിജയിച്ചു. അതിനു ശേഷമാണ് ട്വന്റിയത്ത് സെഞ്ചറി ഫോക്സ് എന്ന കമ്പനി അതിന്റെ ഹിന്ദി അവകാശം വാങ്ങിയത്. അതിന്റെ തിരക്കഥ എഡിറ്റഡാണ്. അതു വച്ചാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അതിനെ ലീനിയർ ആക്കാൻ പറ്റില്ല. അങ്ങനെ ചെയ്താൽ ആ സിനിമ നശിച്ചുപോകും. അവിടെ കൺട്രോൾ വേണം.
എല്ലാക്കാലത്തും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം, സ്റ്റുഡിയോകൾ വന്നാൽ എഴുത്തുകാരനോ സംവിധായകനോ സിനിമയുടെ റൈറ്റ്സിൽ അവകാശം നഷ്ടമാകാം എന്നതാണ്. ഏതുസമയത്തും അവരെ എടുത്തുകളയാം. ഇതിനെതിരെ ഞങ്ങൾ ഇന്നും ഫൈറ്റ് ചെയ്യുന്നുണ്ട്. ഇതിനെപ്പറ്റി സ്റ്റുഡിയോകളോടു പറയുമ്പോൾ അവരുടെ മറുപടി, ‘ഇത് നിർബന്ധമാണ്, എല്ലായിടത്തും ഇങ്ങനെയാണ്, നിങ്ങൾ വേണമെങ്കിൽ വലിയ സംവിധായകരോടു പോലും ചോദിച്ചോളൂ, അവരും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്’ എന്നാണ്. അതുകൊണ്ടുതന്നെ മലയാള സിനിമയിലടക്കം ഇതെല്ലാം വ്യക്തമായ കരാറുകളുടെ അടിസ്ഥാനത്തിലേക്കു വരണം. കരാറുകൾ ചർച്ച ചെയ്യപ്പെടുകയും വേണം. നിങ്ങൾക്ക് എത്ര കിട്ടും എന്നതിനു കൃത്യത വേണം, അതിനു കരാറുകൾ വച്ചിരിക്കണം. അതിനു വേണ്ടിയാണ് ഞാനടക്കമുള്ളർ ഫൈറ്റ് ചെയ്യുന്നത്. ഏതു തരം സിനിമയും–. ആർട്ട് ഹൗസ് ആയാലും കമേഴ്സ്യൽ ആയാലും– കച്ചവടം തന്നെയാണ്. പലരും പറയാറുണ്ട് ‘ഇതൊരു ചെറിയ സിനിമയാണ്, അധികം പൈസയില്ല’ എന്ന്. ഞാൻ അവരോടു പറയാറുള്ളത്, ‘പൈസയുണ്ടാവുന്ന സമയത്ത് തന്നാൽമതി. പൈസയുണ്ടാവുമെന്ന് എനിക്കു വിശ്വാസവുമുണ്ട്. നിങ്ങൾ ഒരു കരാറെഴുത്’ എന്നാണ്. എഴുത്തുകാരായാലും സംവിധായകരായാലും അവർക്ക് അവകാശപ്പെട്ടതു കിട്ടണം. ഭാവിയിലാണ് അതിന്റെ മൂല്യം തിരിച്ചറിയപ്പെടുക. ഇന്ത്യയിലെതന്നെ വലിയ നിർമാണക്കമ്പനികളിലൊന്നാണ് ധർമ സ്റ്റുഡിയോ. അതിന്റെ 50 ശതമാനം ഓഹരി അദാർ പൂനാവാലെയ്ക്കു വിറ്റു. എങ്ങനെയാണ് ധർമ സ്റ്റുഡിയോസിന് ഇത്രയും മൂല്യം വരിക? അവർ മുൻപു ചെയ്ത സിനിമകളുടെ ഐപി മൂല്യമാണത്. അല്ലാതെ ഇപ്പോൾ നിർമിക്കുന്ന സിനിമകളുടെ മൂല്യം കണക്കാക്കിയല്ല.
സാഹിത്യകൃതികൾ സിനിമയാക്കുന്നിടത്താണ് മറ്റൊരു പ്രശ്നം. നമ്മുടെ പ്രമുഖ എഴുത്തുകാർക്കു പോലും ഒരു കഥയെഴുതിയാൽ കിട്ടുന്നത് പതിനായിരമോ പതിനയ്യായിരമോ രൂപയാണ്. അവരിൽ ചിലർ ചില കഥാരൂപങ്ങൾ അയച്ചുതന്നിട്ട്, ഇത് തിരക്കഥയാക്കാനുള്ളതുണ്ടോ? എന്നു ചോദിക്കാറുണ്ട്. അങ്ങനെയാണെങ്കിൽ അതു തിരക്കഥയാക്കാം. അതിനു മൂല്യം കൂടുതലാണ്. ഇനി വരുന്ന എഴുത്തുകാരടക്കം ശ്രദ്ധിക്കേണ്ടത്, നിങ്ങൾ ചെയ്യുന്നത് ഒരു ഷോർട്ട് ഫിലിമാകട്ടെ, അത് ഇടുന്നത് യുട്യൂബിലാകട്ടെ, അതിനൊരു മൂല്യമുണ്ടെന്നു മനസ്സിലാക്കണം. അതെന്നാണു മാറാൻ പോകുന്നതെന്ന് പ്രവചിക്കാനാവില്ല. അതു നിങ്ങളുടേതാണെങ്കിൽ അതിന്റെ ഉടമസ്ഥാവകാശം നിങ്ങൾ എടുത്തിരിക്കണം.