ADVERTISEMENT

ഒരു പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വരാൻ കാരണമായത് മക്കൾ നൽകിയ പിന്തുണയാണെന്ന് നടി വാണി വിശ്വനാഥ്. മക്കളുണ്ടായപ്പോൾ സിനിമയെ കുറിച്ചു ചിന്തിച്ചില്ല. എന്നാൽ, അവർ വലുതായപ്പോൾ അമ്മ എന്തുകൊണ്ട് സിനിമയിൽ അഭിനയിക്കുന്നില്ലെന്ന‌ു ചോദിച്ചു തുടങ്ങിയെന്നും സിനിമയിലേക്കുള്ള തിരിച്ചുവരവിൽ ഏറ്റവും സന്തോഷിക്കുന്നത് മക്കളാണെന്നും വാണി വിശ്വനാഥ് പറഞ്ഞു. ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന പുതിയ ചിത്രത്തിന്റെ ഭാ​ഗമായി മനോരമ ഒാൺലൈനു നൽകിയ അഭിമുഖത്തിലായിരുന്നു വാണി വിശ്വനാഥിന്റെ പ്രതികരണം. 

മക്കളുടെ ചോദ്യം മാറ്റി ചിന്തിപ്പിച്ചു

സിനിമയിൽ നിന്നും പടിയിറങ്ങി കുടുംബം നോക്കി വീട്ടിലിരുന്നപ്പോൾ അമ്മ എന്താണ് അഭിനയം നിർത്തിയത് എന്നായിരുന്നു മക്കളുടെ ചോദ്യം. അവർ കൂടുതലായും തമിഴ് സിനിമകളാണ് കാണുന്നത്. മകൾ ഇപ്പോൾ മെഡിസിന് പഠിക്കുന്നു, മകൻ ചെന്നൈയിൽ പ്ലസ് ടുവിന് പഠിക്കുന്നു. അമ്മ ഇപ്പോൾ അഭിനയിക്കാത്തതിന്റെ കാരണം എപ്പോഴും അവർ തിരക്കും. ഞാൻ സിനിമയേക്കാൾ പ്രാധാന്യം നൽകിയത് എന്റെ മക്കൾക്കാണ്. സിനിമ അവസാനിക്കുന്നില്ല. പക്ഷേ, അവർക്കൊപ്പമുള്ള സമയം നഷ്ടപ്പെടുത്തരുതെന്നാണ് കരുതിയത്. കുട്ടികളെ നോക്കാൻ തന്നെ സമയം തികയുമായിരുന്നില്ല പിന്നെ സിനിമയെക്കുറിച്ചു ചിന്തിച്ചില്ല. അമ്മ സിനിമയിലേക്ക് തിരികെ പോകണം അഭിനയിക്കണം എന്നൊക്കെ മക്കൾ പറയുമ്പോൾ പിന്നീട് എന്റെ പ്രശ്നം മടിയായി. മടി കാരണം പല റോളുകളും വേണ്ടെന്നു വെച്ചു. കാലങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് മക്കളാണ്. അമ്മയെ ബി​ഗ് സക്രീനിൽ കാണാൻ അവർ ത്രില്ലടിച്ചിരിക്കുകയാണ്. 

baburaj-vani-viswanath-family-kids

മലയാള സിനിമയിലെ വലിയ മാറ്റം

മലയാള സിനിമയ്ക്കുണ്ടായത് വലിയ മാറ്റമാണ്. പുതിയ കാലത്തെ ആർട്ടിസ്റ്റുകളുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം അഭിനയിച്ചു. ആഷിഖ് അബുവിന്റെ സിനിമയിൽ അഭിനയിക്കുന്നു. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങിയ നടന്മാരുടെ പ്രകടനങ്ങൾ മികച്ചതാണ്. നീണ്ട ഇടവേളയ്ക്കു ശേഷം ഞാൻ അഭിനയിക്കാനെത്തിയത് പുതിയ പിള്ളേർക്കൊപ്പമാണ്. വീട്ടിലിരുന്നപ്പോൾ അവരുടെ സിനിമകളാണ് കൂടുതലായും കണ്ടത്. സെറ്റിലെത്തി അവരെയൊക്കെ നേരിട്ടു കണ്ടപ്പോൾ സന്തോഷമായി. 

ഞാൻ പൊലീസ് അല്ല

ഗാനരംഗത്തിൽ നിന്ന്.
ഗാനരംഗത്തിൽ നിന്ന്.

അന്വേഷണത്തിന്റെ തുടക്കം എന്നു പറയുമ്പോൾ തന്നെ ഒരു പൊലീസ് സ്റ്റോറിയാണ്. അതിൽ വാണി വിശ്വനാഥ് പൊലീസ് അല്ല എന്നുള്ളതാണ് ആശ്വാസം. എന്നെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് ഈ ക്യാരക്ടർ ഇഷ്ടമാകും. ഏത് കഥാപാത്രമായാലും അതിനു എന്റേതായ ഒരു ടച്ച് കൊടുക്കാൻ ശ്രമിക്കാറുണ്ട്. രണ്ടുമാസത്തിൽ ഒരു സിനിമയുണ്ടെങ്കിൽ ആ രണ്ടു മാസം ഞാൻ ഡയറ്റ് നോക്കും. അതുകഴിഞ്ഞാൽ വീണ്ടും പഴയപടി ആകും. പിന്നെ എത്ര തന്നെ വണ്ണം കുറഞ്ഞിരുന്നാലും സ്ക്രീനിൽ കാണുമ്പോൾ ഭയങ്കര തടിയായിരിക്കിന്നവരുടെ കൂട്ടിത്തിലാണ് ഞാനും. 

അന്ന് കിട്ടിയത് ആക്ഷൻ വേഷങ്ങൾ

റിയലിസ്റ്റിക് മലയാളം പടങ്ങളോട് എനിക്കു പണ്ടു മുതലേ ഇഷ്ടമാണ്. പക്ഷേ എനിക്ക് അങ്ങനെയുള്ള സിനിമകളായിരുന്നില്ല കിട്ടിയിരുന്നത്. പിന്നെയും തെലുങ്കിലാണ് ക്യാരക്ടർ വേഷങ്ങൾ ചെയ്തിട്ടുള്ളത്. ഇവിടെ വന്നപ്പോൾ എനിക്ക് അടിയും ഇടിയും ഒക്കെ തന്നെ. പക്ഷെ അന്നത്തെ കാലത്ത് ആക്ഷൻ രം​ഗങ്ങൾ ചെയ്യുന്ന ഒരു നായികയെ മലയാളികൾ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയാൽ പരീക്ഷിക്കാൻ തയാറാണ്.

English Summary:

Vani Viswanath exclusive interview after her comeback in malayalam films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com