താരങ്ങളുടെ ഡേറ്റ് വാങ്ങിയത് പകുതി സിനിമ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തു കാണിച്ചിട്ട്; പല്ലൊട്ടി ഹിറ്റായതിന് പിന്നിലെ ‘സിനിമാപ്രാന്തന്മാർ’
Mail This Article
ഒരു ഷോർട് ഫിലിമിൽനിന്ന് സിനിമയെടുക്കുക. ആ സിനിമ പുതുമുഖങ്ങളായ സംവിധായകനെയും ക്യാമറാമാനെയും എഴുത്തുകാരനെയും എഡിറ്ററെയും സംഗീത സംവിധായകനെയും ഏൽപ്പിക്കുക. പകുതി ഷൂട്ട് ചെയ്ത സിനിമ എഡിറ്റ് ചെയ്തു കാണിച്ചു ബാക്കി പകുതിയിൽ അഭിനയിക്കേണ്ട താരങ്ങളുടെ ഡേറ്റ് വാങ്ങുക. സിനിമ ചെയ്ത് ഒരു വർഷം വിതരണക്കാരുടെയും ഒടിടിക്കാരുടെയും പിന്നാലെ നടക്കുക. ഒടുവിൽ സാറ്റലൈറ്റ് അവകാശത്തിനു ലഭിച്ച പണം ഉപയോഗിച്ചു തിയറ്ററിൽ സിനിമയിറക്കി ഹിറ്റാക്കുക, കൂടെ 3 സംസ്ഥാന അവാർഡുകളും. ‘പല്ലൊട്ടി’ എന്ന കുഞ്ഞു സിനിമയുടെയും അതിന്റെ നിർമാതാക്കളായ സാജിദ് യഹിയയുടെയും നിതിൻ രാധാകൃഷ്ണന്റെയും കഥയാണിത്.
സിനിമാപ്രാന്തന്മാർ
സാജിദും മറ്റൊരു സുഹൃത്തും ചേർന്നു സമൂഹമാധ്യമങ്ങളുടെ തുടക്കകാലത്ത് ആരംഭിച്ച പ്ലാറ്റ്ഫോമായിരുന്നു ‘സിനിമാപ്രാന്തൻ’. സിനിമയുടെ പ്രമോഷൻ പരിപാടികൾ ചെയ്തിരുന്ന പ്ലാറ്റ്ഫോം പിന്നീടു പുതിയ സിനിമകൾക്കു രൂപം നൽകാൻ തുടക്കക്കാരെ സഹായിക്കുന്ന ഇടമായി മാറി. സി.പി കഫേ എന്ന പേരിൽ പുതുമുഖങ്ങൾക്കു കഥ പറയാൻ ഒരു സ്ഥലം തന്നെ ഇവർ കൊച്ചിയിൽ ഒരുക്കി. ഒപ്പം ഓൺലൈൻ ലോകത്ത് ക്രിയേറ്റീവായി മികവു പുലർത്തുന്നവരെ തിരഞ്ഞു പിടിച്ചു കണ്ടെത്തി അവർക്കു അവസരങ്ങളൊരുക്കാനും ആരംഭിച്ചു. സംവിധായകൻ കൂടിയായ സാജിദ് സ്വയം സിനിമകൾ ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ കൂടി കൈപിടിച്ച് സിനിമാലോകത്തേക്ക് എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ഇതെല്ലാം ചെയ്തത്. അങ്ങനെയാണ് വളരെ യാദൃച്ഛികമായി ‘പല്ലൊട്ടി’ ടീമിനെ കണ്ടുമുട്ടുന്നതും.
ഷോർട് ഫിലിമിൽനിന്ന് മുഴുനീള സിനിമയിലേക്ക്
‘പല്ലൊട്ടി’ സംവിധായകനായ ജിതിൻരാജും സുഹൃത്തുക്കളും ഒരുക്കിയ ഒരു ഹ്രസ്വചിത്രമാണ് ആദ്യം സാജിദിന്റെ കണ്ണിലുടക്കിയത്. അവരെ വച്ചു മറ്റൊരു സിനിമ എന്നതായിരുന്നു ആദ്യ പദ്ധതിയെങ്കിലും പിന്നീട് അതേ ഷോർട് ഫിലിം തന്നെ സിനിമയാക്കാൻ തീരുമാനിച്ചു. സംവിധായകൻ, എഴുത്തുകാരൻ, എഡിറ്റർ, ക്യാമറാമാൻ, സംഗീതസംവിധായകൻ എന്നിവർ പുതുമുഖങ്ങൾ. അതേ സമയം കലാസംവിധാനം, കോസ്റ്റ്യൂം തുടങ്ങിയ ചില മേഖലകൾ പരിചയസമ്പന്നരെ ഏൽപ്പിച്ചു. തൊണ്ണൂറുകളിലെ കഥാപശ്ചാത്തലം ഉണ്ടാക്കുമ്പോൾ ഒരു പിഴവു പോലും വരുത്താതിരിക്കാനായിരുന്നു അത്. സിനിമയിലെ പ്രധാന താരങ്ങളായ കുട്ടികളെ ആദ്യം കണ്ടെത്തി അവർക്ക് 35 ദിവസം നീണ്ടു നിന്ന അഭിനയപരിശീലനവും നൽകി.
കാത്തിരിപ്പ്
3 വർഷമാണ് ഇൗ സിനിമയ്ക്കായി അണിയറപ്രവർത്തകർ നീക്കി വച്ചത്. പാലക്കാട് വച്ച് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി. ഷൂട്ട് ചെയ്തതത്രയും എഡിറ്റ് ചെയ്ത് ഒരു ചെറു സിനിമയാക്കി. അത് കാണിച്ചു കൊടുത്താണ് അർജുൻ അശോകനെയും ബാലു വർഗീസിനെയും പോലെ അടുത്ത ഷെഡ്യൂളിലേക്കുള്ള പ്രധാനപ്പെട്ട താരങ്ങളെ സമ്മതിപ്പിച്ചത്. പൂർണമായ ഷൂട്ടും എഡിറ്റും കഴിഞ്ഞ് ആദ്യം സിനിമ കാണിച്ചതു ലിജോ ജോസ് പെല്ലിശ്ശേരിയെയാണ്. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടെന്നും താൻ തന്നെ ഇത് അവതരിപ്പിക്കാമെന്നും ലിജോ ഇങ്ങോട്ട് പറഞ്ഞു. ഇതിനിടെ 3 സംസ്ഥാന അവാർഡുകൾ സിനിമയെ തേടിയെത്തി. അതോടെ എല്ലാവർക്കും ആത്മവിശ്വാസമായി.
പിന്നീടു സിനിമ പുറത്തിറക്കാനുള്ള യത്നമായിരുന്നു. റിലീസിനെത്തിക്കാനുള്ള അത്ര പണം നിർമാതാക്കളുടെ പക്കൽ ഇല്ലായിരുന്നു. സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾ കൊടുത്ത് പണം കണ്ടെത്താനായി പിന്നീടുള്ള ശ്രമം. ഒരുപാട് ചാനലുകളിലും ഒടിടിക്കാരുടെ അടുത്തുമൊക്കെ പോയി സിനിമ കാണിച്ചു. ഒടുവിൽ മഴവിൽ മനോരമയും മനോരമ മാക്സും ചേർന്നു സിനിമയുടെ സാറ്റലൈറ്റ്, ഒടിടി അവകാശങ്ങൾ സ്വന്തമാക്കി. എല്ലാ വിതരണക്കാരും കയ്യൊഴിഞ്ഞ സിനിമ വിതരണക്കാരുടെ സംഘടനയായ ഫിയോക്ക് ഏറ്റെടുത്തു. അങ്ങനെ ഒടുവിൽ പല്ലൊട്ടി തിയറ്ററുകളിലേക്ക്.
കണ്ണൻ ചേട്ടന്മാർ
പല്ലൊട്ടിയിൽ പ്രധാനകഥാപാത്രമായ ഉണ്ണിക്കുട്ടനെ നിർണായക ഘട്ടങ്ങളിൽ സഹായിക്കുന്ന ഒരു കണ്ണൻ ചേട്ടനുണ്ട്. ഇൗ സിനിമയ്ക്കു പിന്നിലും ഒരുപാട് കണ്ണൻ ചേട്ടന്മാരുണ്ട്. നവാഗതരായ ഒരു കൂട്ടം സിനിമാമോഹികളായ ചെറുപ്പക്കാരുടെ സിനിമയെന്ന സ്വപ്നം പൂർത്തീകരിക്കാൻ സഹായിച്ച സാജിദ് ഒരു ‘കണ്ണൻ ചേട്ടനാണ്’. വലിയ താരങ്ങളില്ലാതിരുന്നിട്ടും സാജിദിനൊപ്പം നിന്ന് പണം മുടക്കിയ നിതിൻ രാധാകൃഷ്ണനും ഒരു റിയൽ ലൈഫ് ‘കണ്ണൻ ചേട്ടനാണ്’. ഇനി മുന്നോട്ടും സിനിമ സ്വപ്നം കാണുന്നവർക്കു മുന്നിൽ അവരുടെ ആഗ്രഹ പൂർത്തീകരണത്തിന് സഹായിക്കുന്ന കണ്ണൻ ചേട്ടന്മാരാകാനാണ് സാജിദും നിതിനും തീരുമാനിച്ചിരിക്കുന്നതും.