‘ഒഴുക്കില്ലാത്ത തമിഴ് തുണയായി’, ബ്ലഡി ബെഗ്ഗറിൽ വില്ലനായി സുനിൽ സുഖദ; അഭിമുഖം
Mail This Article
സിനിമയിലെത്തി 14 വർഷം കഴിഞ്ഞെങ്കിലും സുനിൽ സുഖദയുടെ മുഖഛായയ്ക്കു കാര്യമായ മാറ്റം വന്നിട്ടില്ല. പക്ഷേ തമിഴിലൂടെ തന്റെ പ്രതിഛായ മാറ്റിപ്പണിതു കൊണ്ടിരിക്കുകയാണ് സുഖദ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോർതൊഴിൽ എന്ന ഹിറ്റ് സിനിമയിലെ സൈക്കോ വില്ലൻ വേഷത്തിലൂടെ മറ്റൊരു സുഖദയെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോൾ തിയറ്ററിലുള്ള ബ്ലഡി ബെഗ്ഗർ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ആ മാറ്റം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നു. പുതിയ വേഷങ്ങളെക്കുറിച്ചും തമിഴ് സിനിമാ അനുഭവങ്ങളെ കുറിച്ചും സുഖദ ‘പേശുന്നു’.
തമിഴ് പഠനം
ശിവബാലൻ മുത്തുകുമാറിന്റെ ആദ്യ സിനിമയാണ് ബ്ലഡി ബെഗ്ഗർ. സംവിധായകനുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ കഥ വിശദമായി പറഞ്ഞു തന്നിരുന്നു. തുടർന്നു ഡയലോഗിന്റെ ഒരു ഭാഗം തന്നു. അസി.ഡയറക്ടർ അതിന്റെ ഉച്ചാരണവും അർഥവുമടക്കം കൃത്യമായി വിശദീകരിച്ചു. പിന്നീട് ഡയലോഗ് സ്വന്തമായി പറഞ്ഞു വീട്ടിൽ വച്ച് തന്നെ ആ സീനിന്റെ വിഡിയോ ചെയ്ത് അവർക്ക് അയച്ചു കൊടുത്തു. അത് അവർക്ക് ഓക്കെയായി. ഷൂട്ടിങ് ആരംഭിക്കും മുൻപുതന്നെ ഡയലോഗെല്ലാം പഠിച്ചുകഴിഞ്ഞിരുന്നു. തമിഴർ സംസാരിക്കുന്നതു പോലെ വളരെ ഒഴുക്കുള്ള തമിഴല്ലായിരുന്നു എന്റേത്. അവർക്കു വേണ്ടതും അതുതന്നെയായിരുന്നു. എന്റെ തമിഴിന് ഒരു പ്രത്യേക സുഖം എന്നായിരുന്നു അവരുടെ കമന്റ്. അതുകൊണ്ടു തന്നെ സിനിമയുടെ ട്രെയിലറിലും പല നരേഷനിലും എന്റെ ശബ്ദമാണ് ഉപയോഗിച്ചത്.
തമിഴിലെ വില്ലൻ
ഓരോ സംവിധായകനും നമ്മെ വ്യത്യസ്ത രീതിയിൽ പരുവപ്പെടുത്തുന്നു. എന്റെ ഫോട്ടോ കണ്ടാണ് പോർതൊഴിൽ സിനിമയുടെ സംവിധായകൻ വിഗ്നേഷ് രാജ ക്ഷണിച്ചത്. പിന്നീടാണ് ഞാൻ അഭിനയിച്ച മലയാളം സിനിമകൾ അദ്ദേഹം കാണുന്നത്. പക്ഷേ പോർതൊഴിലിലെ വില്ലനിലേക്കു അദ്ദേഹമെന്നെ മാറ്റിയെടുത്തു.
പുതിയ സിനിമകൾ
മൂന്നെണ്ണം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ആർപിഎം എന്ന സിനിമയിൽ അവയവക്കച്ചവടക്കാരന്റെ വേഷമാണ്. ഷൂട്ട് കഴിഞ്ഞപ്പോഴാണ് സ്റ്റണ്ട് ചെയ്യാനൊക്കെ പറ്റുമെന്ന് എനിക്കു തന്നെ ബോധ്യപ്പെട്ടത്. മൈ ഡിയർ സിസ്റ്റർ എന്ന ചിത്രത്തിൽ തമിഴ് ഗ്രാമങ്ങളിൽ സ്ഥിരം കാണുന്ന, കപ്പടാ മീശയൊക്കെയുള്ള പരമ്പരാഗത ഗ്രാമമുഖ്യന്റെ വേഷത്തിലാണ്. മദ്രാസ് മാറ്റിനിയെന്ന ചിത്രത്തിൽ സർക്കാർ ഉദ്യോഗസ്ഥന്റെ വേഷമാണ്. ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ് ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മലയാളസിനിമ.