ഇമ്രാൻ അലി എന്ന കൊടൂര വില്ലൻ; നിതിൻ തോമസ് അഭിമുഖം
Mail This Article
നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജമീലാന്‍റെ പൂവന്‍കോഴി'. ടൈറ്റിൽ കഥാപാത്രമായ ജമീലയായി ചിത്രത്തിലെത്തിയത് ബിന്ദു പണിക്കരാണ്. ചിത്രത്തിൽ വില്ലനായ ഇമ്രാൻ അലി എന്ന കഥാപാത്രമായി തിളങ്ങിയത് നിഥിൻ തോമസ് ആയിരുന്നു. ആഹാ, സല്യൂട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിതിൻ തോമസിന്റെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഇമ്രാൻ അലി. അനിമേഷന് പഠിക്കുമ്പോഴാണ് നിതിന് അഭിനയമോഹം തുടങ്ങിയത്. തുടർന്ന് ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിക്കുകയും ഒടുവിൽ തൊഴിൽ ഉപേക്ഷിച്ച് സിനിമയിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ജമീലാന്റെ പൂവൻകോഴിയിലെ വേഷം തനിക്കേറെ സംതൃപ്തി തന്നു എന്നും നിരവധി നല്ല പ്രതികരണങ്ങളാണ് കഥാപത്രത്തിന് ലഭിക്കുന്നതെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ നിതിൻ തോമസ് പറഞ്ഞു.
ഇമ്രാൻ അലി എന്ന കൊടൂര വില്ലൻ
ജമീലാന്‍റെ പൂവന്‍കോഴിയിൽ ഇമ്രാൻ അലി എന്ന വില്ലൻ കഥാപാത്രമാണ് എന്റേത്. ഇതിലെ നായകൻ അല്പസ്വല്പം കോഴിത്തരങ്ങൾ ഒക്കെ ഉള്ള ആളാണ്. നായകന്റെ കോഴിത്തരങ്ങൾക്ക് ഇടക്ക് ഇടക്ക് കൊട്ടുകൊടുക്കുന്ന സർക്കിൾ ഇൻസ്പെക്ടർ ആണ് ഇമ്രാൻ അലി. കുറെ ഫൈറ്റുകളും അടിപിടിയുമൊക്കെയുണ്ടു ചിത്രത്തിൽ. അഷ്റഫ് ഗുരുക്കളുടെ നേതൃത്വത്തിൽ ആണ് സ്റ്റണ്ട് പരിശീലനം ഒക്കെ ലഭിച്ചത്. വളരെ വ്യത്യസ്തമായ സ്റ്റണ്ടുകൾ ആയിരുന്നു എല്ലാം. പരിശീലനം ഒക്കെ വളരെ രസകരവും ആസ്വാദ്യകരവും ആയിരുന്നു.
സംവിധായകനും നിർമ്മാതാവിനും നന്ദി
ഷാജഹാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ജമീലാന്‍റെ പൂവന്‍കോഴി'. ഫസൽ കല്ലറയ്ക്കൽ ആണ് ചിത്രത്തിന്റ നിർമ്മാണം. നായകന്റെ ജീവിതത്തിൽ വിലങ്ങ് തടി ആകുന്ന വില്ലൻ എന്ന വളരെ അഭിനയപ്രാധാന്യമുള്ള ഈ വേഷം എന്നെ ഏൽപ്പിച്ചതിന് ഞാൻ അവരോട് നന്ദി പറയുന്നു. ബിന്ദു പണിക്കർ, മിഥുൻ നളിനി, സൂരജ് പോപ്സ്, കെ ടി എസ് പടന്നയിൽ, അലീഷ ജോർജ്, അഞ്ജന അപ്പുക്കുട്ടൻ, ശശാങ്കൻ മയ്യനാട്, നൗഷാദ് ബക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
തൊഴിൽ ഉപേക്ഷിച്ച് സിനിമയിലേക്ക്
അഭിനയമോഹം വളരെ അപ്രതീക്ഷമായാണ് എന്നിൽ ഉടലെടുത്തത്. ഞാൻ പഠനം കഴിഞ്ഞ് ഒന്നുരണ്ടു മാഗസിനുകളിൽ ഡിസൈനർ ആയി ജോലി നോക്കിയിരുന്നു. ഒരു മൊബൈൽ ആപ്പ് ഡിസൈൻ കമ്പനിയിലും ഞാൻ ജോലി ചെയ്തിരുന്നു . സിനിമകളുടെ ഓൺലൈൻ പ്രൊമോഷൻ ജോലികളും ചെയ്തിരുന്നു. 2013-ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ നടത്തിയ മത്സരത്തിൽ ഞാൻ വിജയി ആയിരുന്നു. ലാൽ ജോസ് സാറായിരുന്നു ജഡ്ജ്. അതിനു ശേഷം ആണ് ഒന്നുരണ്ടു സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചത്. 2012 ല്‍ ലിറ്റില്‍ മാസ്റ്റര്‍ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അതിലൊരു ചെറിയ കഥാപാത്രമായിരുന്നു. നിശബ്ദം (തമിഴ്), ഇന്ദ്രജിത്ത് നായകനായ ആഹാ, മമ്മൂക്കയ്‌ക്കൊപ്പം ക്രിസ്റ്റഫര്‍, ഡ്യൂഡി, ബിജു മേനോൻ നായകനായ തുണ്ട്, ഷൈന്‍ ടോം ചാക്കോ നായകനായ തമി, ജമീലാന്റെ പൂവന്‍കോഴി തുടങ്ങി ഒമ്പത് സിനിമകള്‍ ഇപ്പോള്‍ അഭിനയിച്ച് കഴിഞ്ഞു.
പുതിയ പ്രോജക്ടുകൾ
ഷെയിൻ നിഗം നായകനാകുന്ന ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് കോയമ്പത്തൂരിൽ പുരോഗമിക്കുകയാണ്. ആ ചിത്രത്തിലും നല്ലൊരു കഥാപാത്രം ചെയ്യാൻ ലഭിച്ചിട്ടുണ്ട്. ഒരു തമിഴ് പടം കൂടെ വന്നിട്ടുണ്ട് അതിന്റെ ഷൂട്ടിംഗ് തുടങ്ങാൻ ഇരിക്കുന്നു.