ADVERTISEMENT

‘രുധിരം ഇന്നു വരെ ചോരയുടെ മറ്റൊരു പേരായിരുന്നു. എന്നാലിപ്പോൾ ചോര മരവിപ്പിക്കുന്ന ഒരു ത്രില്ലറിന്റെ പേരായി അത്’– ഐഎഫ്എഫ്കെ വേദിയിൽ പ്രദർശിപ്പിക്കപ്പെട്ട രുധിരം സിനിമയുടെ പ്രത്യേക ഷോ കഴിഞ്ഞതിനു ശേഷം കാണികളിലൊരാൾ സിനിമയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. സാങ്കേതികമായും പ്രമേയപരമായും ഉന്നതനിലവാരം പുലർത്തുന്ന സിനിമ സംവിധാനം ചെയ്തത് നവാഗതനായ ജിഷോ ലോൺ ആന്റണിയാണ്. സർവൈവർ ത്രില്ലർ എന്ന പ്രതീതി സൃഷ്ടിച്ചു മുന്നേറിയ ചിത്രം മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത റിവഞ്ച് ഡ്രാമയിലേക്കാണ് പിന്നീട് ചുവടു മാറുന്നത്. ശരിക്കും ആരോടാണ് പ്രതികാരം ചോദിക്കേണ്ടത് എന്ന ചോദ്യവും സിനിമ ഉയർത്തുന്നു. ആദ്യ സിനിമ ആയിട്ടും അനുഭവപരിചയമുള്ള ഒരു സംവിധായകനെപ്പോലെ അത്രയും സാങ്കേതികത്തികവോടെയാണ് ജിഷോ രുധിരം ഒരുക്കിയിരിക്കുന്നത്. സിനിമ ഇറങ്ങി വിജയകരമായി ഒരാഴ്ച പിന്നിട്ടു കഴിഞ്ഞു. രുധിരത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ ജിഷോ ലോൺ ആന്റണി മനോരമ ഓൺലൈനിൽ. 

ചലച്ചിത്രോത്സവത്തിൽ കയ്യടി

ഐഎഫ്എഫ്കെയിലേക്ക് സിനിമ അയയ്ക്കുന്ന ഡേറ്റിൽ രുധിരത്തിന്റെ വർക്ക് പൂർത്തിയായിരുന്നില്ല. അതിനാൽ, ഫെസ്റ്റിവലിൽ പുതുതായി ഒരുക്കിയ ‘ഫിലിം മാർക്കറ്റ്’ എന്ന സാധ്യത പ്രയോജനപ്പെടുത്തിയാണ് രുധിരം പ്രദർശിപ്പിച്ചത്. പ്രത്യേക തുക നൽകിയാൽ സ്ക്രീനുകൾ വാടയ്ക്ക് ലഭിക്കുന്ന സംവിധാനമാണ് ‘ഫിലിം മാർക്കറ്റ്’. രുധിരത്തിന്റെ മൂന്ന് പ്രദർശനങ്ങൾ ഇത്തരത്തിൽ നടന്നു. മനസ്സു നിറയ്ക്കുന്ന പ്രതികരണങ്ങളാണ് ചിത്രത്തിനു പ്രേക്ഷകരിൽ നിന്നു ലഭിച്ചത്. സിനിമയുടെ ഭാഗമായ സാങ്കേതികപ്രവർത്തകരെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ടാണ് പലരും സിനിമയെക്കുറിച്ചു പറഞ്ഞത്. ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ സിനിമയുടെ ഓരോ ഡിപ്പാർട്ട്മെന്റിനെക്കുറിച്ചും ആളുകൾ എടുത്തു പറയുന്നത് വളരെ സന്തോഷം പകരുന്ന കാര്യമാണ്. ഹൃദയം നിറയ്ക്കുന്ന അനുഭവം എന്നു പറയില്ലേ... അങ്ങനെയാണ് എനിക്ക് ഈ പ്രതികരണങ്ങളെക്കുറിച്ചു തോന്നുന്നത്. ഐഎഫ്എഫ്കെ വേദിയിൽ മാത്രമല്ല, മറ്റിടങ്ങളിൽ നിന്നും നല്ല കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. പ്രേക്ഷകരുമായി സംവദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ കൃത്യമായി അവരിലേക്ക് എത്തിയെന്നു തിരിച്ചറിയുമ്പോൾ സന്തോഷം. 

രാജ് ബി.ഷെട്ടി ഫാക്ടർ

രാജ് ബി.ഷെട്ടി ആദ്യമായി മലയാളത്തിൽ സൈൻ ചെയ്ത ചിത്രം രുധിരം ആയിരുന്നു. സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ വഴിയാണ് അദ്ദേഹത്തിലേക്ക് എത്തുന്നത്. ബെംഗളൂരുവിൽ വച്ചാണ് ഞാനും സഹതിരക്കഥാകൃത്തായ ജോസഫ് കിരണും ചേർന്ന് അദ്ദേഹത്തെ നേരിട്ടു കാണുന്നത്. തിരക്കഥ പൂർണമായും എഴുതിയതിനു ശേഷമാണ് അദ്ദേഹത്തെ സമീപിക്കുന്നത്. നരേഷൻ പൂർണമായും കേട്ടതിനു ശേഷം അദ്ദേഹം മുറിയ്ക്കകത്തേക്കു പോയി. ഒരുപാട് തവണ തിരസ്കാരങ്ങൾ ലഭിച്ച അനുഭവം ഉള്ളതുകൊണ്ട് എന്തും വരട്ടെ എന്നു മനസ്സിൽ വിചാരിച്ചായിരുന്നു ആ കാത്തിരിപ്പ്. എന്നാൽ, അദ്ദേഹം സിനിമ ചെയ്യാമെന്നു പറഞ്ഞു. ആ നിമിഷം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹം മികച്ചൊരു ടെക്നീഷ്യൻ ആണ്. അതുകൊണ്ടു തന്നെ അദ്ദേഹവുമായി കാര്യങ്ങൾ സംവദിക്കാൻ എളുപ്പമായിരുന്നു. പ്രത്യേകിച്ചും ഈ സിനിമയിൽ ഡയലോഗുകൾ അധികം ഇല്ല. സിനിമാ സങ്കേതങ്ങളിലൂടെയാണ് കഥ പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം നല്ല അറിവുള്ള വ്യക്തിയാണ് രാജ് ബി.ഷെട്ടി. രാജ് ബി.ഷെട്ടി സിനിമയിലേക്ക് ഇൻ ആയപ്പോൾ തന്നെ സിനിമയുടെ ക്യാൻവാസ് വലുതായി. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ അദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുള്ള പെരുമയുണ്ട്. അതു മോശമാകാതെ നോക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണെന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ റേഞ്ച് ഉപയോഗപ്പെടുത്തുന്ന ഒരു കഥാപാത്രമാണ് ഡോ.മാത്യു റോസി. 

നിർമാതാവ് നൽകിയ ബലം

jisho-raj-b-shetty-vs-lalan
സംവിധായകൻ ജിഷോ, രാജ് ബി.ഷെട്ടി, നിർമാതാവ് വി.എസ് ലാലൻ

രുധിരം സംഭവിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം നിർമാതാവ് വി.എസ് ലാലനാണ്. പുതുമുഖം ആയിട്ടു പോലും എന്റെ വിഷനെ വിശ്വസിച്ച് എനിക്കൊപ്പം ഈ സിനിമയുടെ എല്ലാ ഘട്ടത്തിലും എനിക്കൊപ്പം നിന്ന വ്യക്തിയാണ് അദ്ദേഹം. രുധിരം എന്ന സാധ്യമായതിൽ ഞാനേറ്റവും കടപ്പെട്ടിരിക്കുന്നതും അദ്ദേഹത്തോടാണ്. ഈ പ്രമേയം ആവശ്യപ്പെടുന്ന എല്ലാ സാങ്കേതികവശങ്ങളും ഉറപ്പാക്കാൻ അദ്ദേഹം 100 ശതമാനവും ഒപ്പം നിന്നു. ഇത് സിനിമ ആവേണ്ട കഥയാണെന്ന് മനസ്സിലാക്കി ഈ പ്രൊജക്ടിന്റെ നട്ടെല്ലായി നിന്നത് അദ്ദേഹവും റൈസിങ് സൺ സ്റ്റുഡിയോസും ആണ്. രാജ് ബി.ഷെട്ടി ഈ സിനിമയിൽ സൈൻ ചെയ്യുന്നതിനു മുൻപെ ഈ കഥയുടെ വലിപ്പം മനസ്സിലാക്കി വി.എസ് ലാലൻ ഇത് നിർമിക്കാൻ തീരുമാനിച്ചിടത്താണ് ശരിക്കും ഈ സിനിമ സംഭവിക്കുന്നത്. 

എന്തുകൊണ്ട് വയലൻസ്?

സിനിമയിൽ കാണിച്ചിരിക്കുന്ന വയലൻസ് വലിയ ചർച്ചയായത് ശ്രദ്ധിച്ചിരുന്നു. സത്യത്തിൽ രാജ് ബി.ഷെട്ടിയുടെയും അപർണ ബാലമുരളിയുെടയും കഥാപാത്രങ്ങളുടെ മാനുഷിക വികാരങ്ങളിലൂടെ സിനിമ യാത്ര ചെയ്യാൻ ശ്രമിക്കുന്നതാണ് കാണിച്ചത്. ആ വികാരങ്ങളിൽ വയലൻസ് ഉണ്ടാകാം. ചെറുത്തുനിൽപ്പ് ഉണ്ടാകാം. അതെല്ലാം അതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. അല്ലാതെ വയലൻസിനു വേണ്ടി വയലൻസ് കാണിച്ചതല്ല. അതിനായി മാത്രം ഒരു സീക്വൻസ് പോലും എഴുതിച്ചേർത്തിട്ടില്ല. പറയാൻ ശ്രമിച്ച കാര്യങ്ങൾ പച്ചയായി കാണിച്ചു എന്നേയുള്ളൂ. മാത്യു കാണിക്കുന്ന വയലൻസ് അയാൾക്കുണ്ടായ മെന്റൽ ട്രോമയിൽ നിന്നു വരുന്ന കാര്യങ്ങളാണ്. ആ രഹസ്യം സൂക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും. അത്രയേ സിനിമയിൽ കാണിച്ചിട്ടുള്ളൂ. 

ചലഞ്ചായ കാസ്റ്റിങ് 

നായ്ക്കുട്ടിയുടെയും എലിയുടെയും കാസ്റ്റിങ് ആയിരുന്നു ശരിക്കും സിനിമയുടെ ചലഞ്ച്. മികച്ച സാങ്കേതികപ്രവർത്തകരുടെ പിന്തുണ കൊണ്ടു മാത്രമാണ് അവയെല്ലാം ചിത്രീകരിക്കാൻ കഴിഞ്ഞത്. ജിജീഷ് ആയിരുന്നു ഡോഗ് ട്രെയിനർ. സിനിമയിൽ പീക്കൂ ആയി അഭിനയിച്ച നായ്ക്കുട്ടിയുടെ യഥാർഥ പേര് ജോ എന്നാണ്. പീക്കു എലിയെ ഓടിക്കുന്ന രംഗമുണ്ട് സിനിമയിൽ. ഒരു ദിവസം മുഴുവനായും ചെലവഴിച്ചാണ് ആ സീക്വൻസ് ഷൂട്ട് ചെയ്തെടുത്തത്. ഇത്തരം സീനുകൾ ചിത്രീകരിക്കുമ്പോൾ എഡിറ്ററോടും സെറ്റിൽ വരാൻ ഞാൻ അഭ്യർത്ഥിക്കാറുണ്ട്. എഡിറ്റർ ബവൻ ശ്രീകുമാർ എന്റെ സുഹൃത്താണ്. ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും സഹകരിച്ചു. ആർട് ഡയറക്ഷൻ ഡിപ്പാർട്മെന്റ്, ക്യാമറ, ഡയറക്ഷൻ ഡിപ്പാർട്മെന്റ് എന്നിങ്ങനെ എല്ലാവരുടെയും ഇൻപുട്ടുകൾ അത്തരം രംഗങ്ങൾ ചിത്രീകരിക്കാൻ സഹായിച്ചു. യഥാർഥ ഫൂട്ടേജിനൊപ്പം വിഫ്എക്സ്, ആനിമട്രോണിക്സ് എന്നീ സങ്കേതങ്ങൾ സംയോജിപ്പിച്ചാണ് സിനിമയിലെ എലിയുടെ രംഗങ്ങൾ ചിത്രീകരിച്ചത്. 

jisho-lon-director

ആദ്യ സിനിമ എന്ന സ്വപ്നം

ത്രില്ലർ, റിവഞ്ച് ഡ്രാമ, ക്രൈം തുടങ്ങിയ ജോണറിൽപ്പെടുന്ന സിനിമകൾ എനിക്കു വളരെ ഇഷ്ടമാണ്. അത്തരം സിനിമകൾ ഒരുപാടു ഞാൻ കാണാറുമുണ്ട്. ആ കാഴ്ചകളുടെയും വായനയുടെയും സ്വാധീനം തീർച്ചയായും എന്റെ ദൃശ്യങ്ങളിലുണ്ടാകും. അങ്ങനെയുള്ള അന്വേഷണങ്ങളിലെപ്പോഴോ എന്റെ മനസ്സിൽ പതിഞ്ഞു പോയ ഒന്നാണ് ‘Axe forgets, But Tree Remembers’ എന്ന ആഫ്രിക്കൻ പഴഞ്ചൊല്ല്. അത് എന്നെ സ്വാധീനിച്ചു. അവിടെ നിന്നാണ് ഈ കഥ ഉണ്ടാകുന്നത്. അതു സ്വാഭാവികമായി വികസിച്ചു വരികയായിരുന്നു. ഞാനും ജോസഫ് കിരണും ഇരുന്ന് അതിനെ ഒരു തിരക്കഥയാക്കി. പൂർണമായും എഴുതി കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾ ആർടിസ്റ്റുകളെ സമീപിക്കുന്നത്. 

കുടുംബത്തിന്റെ പിന്തുണ

പഠിക്കുന്ന കാലം മുതൽ സിനിമയായിരുന്നു മനസ്സിൽ. ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേണലിസത്തിൽ ഡിപ്ലോമ നേടിയതിനു ശേഷം പൂർണമായും ഇതിലേക്ക് ഇറങ്ങി. ആദ്യ കാലങ്ങളിൽ ചില സിനിമകളിൽ സഹായി ആയി പ്രവർത്തിച്ചു. അതിനു ശേഷം ക്ലെവർ ഫോക്സ് സ്റ്റുഡിയോസ് എന്ന പേരിൽ അഡ്വർടൈസിങ് സ്ഥാപനം തുടങ്ങി. പരസ്യചിത്രങ്ങളും കോർപ്പറേറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയ ക്യാംപെയ്നുകളും രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി പൊളിറ്റിക്കൽ സ്ട്രാറ്റജി പ്ലാനിങ് ഒക്കെ ചെയ്തു. തിരഞ്ഞെടുപ്പുകാലത്ത് ചില രാഷ്ട്രീയപാർട്ടികളുടെ ക്യാംപെയ്നുകളും ചെയ്തിരുന്നു. ഇതെല്ലാം ചെയ്യുമ്പോഴും സിനിമ തന്നെയായിരുന്നു മനസ്സിൽ. എന്റെ സ്വപ്നത്തിന് എല്ലാ പിന്തുണയും കുടുംബം തന്നു. വിവാഹശേഷം ഭാര്യയും. രുധിരം കുടുംബം ഒന്നിച്ച് കൊച്ചിയിലാണ് കണ്ടത്. അതെനിക്ക് വളരെ ഇമോഷനൽ ആയിരുന്നു. വലിയ സ്ക്രീനിൽ എന്റെ സിനിമ എത്തുന്നത് അവരെ കാണിക്കാൻ അത്രയും ഞാൻ ആഗ്രഹിച്ചിരുന്നു. കാരണം, എന്റെ യാത്ര അത്രയും അടുത്തു നിന്ന് കണ്ടവരാണ് അവർ. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ ഈ മേഖലയിൽ എത്തിപ്പെട്ട വ്യക്തിയാണ് ഞാൻ. സിനിമയോടുള്ള പാഷൻ മാത്രമായിരുന്നു എന്റെ കൈമുതൽ. എന്നെ ആദ്യം വിശ്വസിക്കുന്നത് എന്റെ കുടുംബമാണ്. അവരാണ് എന്റെ ബലവും.

English Summary:

Go behind the scenes of "Rudhiram," the acclaimed Malayalam thriller directed by Jisho Lon Antony and starring Raj B. Shetty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com