തോക്കെടുക്കുന്നത് ഇതാദ്യം, വെടി വയ്ക്കാൻ മാത്രമല്ല, ഞെട്ടാതിരിക്കാനും പരിശീലനം: പൊന്നമ്മ ബാബു പറയുന്നു
Mail This Article
തൃശൂർ പൂരത്തിന് അമിട്ടു പൊട്ടുന്നതിന് ഒരു കണക്കുണ്ട്. അതുപോലെ കണക്കു നോക്കിയുള്ള ഒരു വെടിപ്പൂരമായിരുന്നു ആഷിക്ക് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്. ചിത്രം സമ്മാനിച്ച സർപ്രൈസ് ‘വെടിക്കാരിൽ’ കയ്യടി നേടുന്ന താരമാണ് പൊന്നമ്മ ബാബു. റൈഫിൾ ക്ലബിലെ തലമുതിർന്ന വെടിക്കാരിയായ ‘ശോശ’യുടെ വെടിവയ്പ്പിലും ഡയലോഗിലുമെല്ലാം ഗംഭീര കയ്യടികളാണ് തിയറ്ററുകളിൽ നിന്നുയരുന്നത്. റൈഫിൾ ക്ലബിന്റെ വിശേഷങ്ങളുമായി പൊന്നമ്മ ബാബു മനോരമ ഓൺലൈനിൽ.
ഇതുപോലൊന്ന് ചെയ്തിട്ടില്ല
റൈഫിൾ ക്ലബിലെ എന്റെ കഥാപാത്രം ഞാൻ ഇതുവരെ ചെയ്യാത്ത വേഷമാണ്. എന്റെ കരിയറിൽ ഞാനിതു വരെ തോക്ക് കൈകാര്യം ചെയ്തിട്ടില്ല. അതും കൂടെ എടുത്തപ്പോൾ പൂർണമായി. പ്രേക്ഷകർ ശരിക്കും ആസ്വദിച്ചെന്നാണ് പ്രതികരണങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. അവർ ഇതൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ. പലതരത്തിലുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഞാൻ തോക്കെടുക്കുന്നത്.
പരിശീലനം വെടി വയ്ക്കാനും, ഞെട്ടാതിരിക്കാനും
തോക്കിന്റെ പരിശീലനം നടക്കുന്ന സമയത്ത് വെടി പൊട്ടുമ്പോൾ ആദ്യം ഞെട്ടിയത് ഞാനായിരുന്നു. അതിന്റെ ഒച്ച കേട്ടാൽ ആരും ഒന്നു ഞെട്ടും. പക്ഷേ, ഷോട്ടിൽ ഞെട്ടാൻ പറ്റില്ലല്ലോ. ഞെട്ടൽ കാണിക്കാതെ വേണം ഷോട്ടിൽ പൊട്ടിക്കാൻ! എന്തായാലും ഈ സിനിമ കഴിഞ്ഞപ്പോൾ തോക്കെടുത്ത് ഒരാളെ വെടി വയ്ക്കാൻ പഠിച്ചു. വെടി വയ്ക്കുന്നത് പരിശീലിപ്പിക്കാൻ ഒരാൾ സെറ്റിലുണ്ടായിരുന്നു. ഷൂട്ടിനിടയിൽ പരിശീലനവും ഒരു വശത്ത് നടന്നു. വലിയ തോക്കിനെല്ലാം അത്യാവശ്യം ഭാരമുണ്ട്. ഞാൻ അതെടുത്തു നോക്കിയിരുന്നു. അലമാരിയുടെ ഉള്ളിലിരിക്കുന്ന സീനായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ട്, ചെറിയ തോക്കേ എനിക്ക് ഷൂട്ടിൽ ഉപയോഗിക്കേണ്ടി വന്നുള്ളൂ. പക്ഷേ, വലിയ തോക്കിലും ഞാൻ വെടി വച്ച് പഠിച്ചിരുന്നു.
ടീം നൽകിയ മേക്കോവർ
മുണ്ടക്കയത്തായിരുന്നു ഷൂട്ട്. പൂർണമായും സെറ്റിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. മഞ്ഞുമ്മൽ ബോയ്സിന്റെ പ്രൊഡക്ഷൻ ഡിസൈനർ ആയിരുന്ന അജയൻ ചാലിശ്ശേരിയായിരുന്നു റൈഫിൾ ക്ലബ് ഒരുക്കിയത്. ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, സുഹാസ്, എന്നിവരുടെ ഒരു ടീമിൽ വർക്ക് ചെയ്യാൻ പറ്റിയത് ഏറ്റവും വലിയ സന്തോഷം നൽകിയ കാര്യമായിരുന്നു. ആഷിക്ക് പറഞ്ഞിട്ട് എന്നെ അദ്ദേഹത്തിന്റെ ഡയറക്ഷൻ ടീമിൽ നിന്നാണ് വിളിക്കുന്നത്. വിളിച്ച സമയത്ത് കഥാപാത്രം എന്താണെന്നൊന്നും പറഞ്ഞിരുന്നില്ല. ഒരു 30 ദിവസം വേണം എന്നു മാത്രമെ പറഞ്ഞുള്ളൂ. ഒരു ക്ലബാണ്. അതു ചുറ്റിപ്പറ്റിയാണ് കഥ എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ കരുതി, വല്ല ഹൈ സൊസൈറ്റി ക്ലബ് ആകുമെന്ന്! പക്ഷേ, ഞാൻ ചെന്നപ്പോൾ മുൻപു കണ്ടതോ അറിഞ്ഞതോ ആയ പരിപാടിയൊന്നുമല്ല അവിടെ. ശോശ എന്ന കഥാപാത്രത്തിനായി എന്റെ ലുക്കും രൂപവും എല്ലാം അവർ മാറ്റി. ശരിക്കും എനിക്കൊരു മേക്കോവർ തന്നു. ഇനി വേണമെങ്കിൽ മമ്മിക്ക് ആക്ഷൻ പടങ്ങളിലൊക്കെ അഭിനയിക്കാമല്ലോ എന്നാണ് മക്കൾ എന്നെ കളിയാക്കി പറയുന്നത്.
മാറി ചിന്തിച്ചത് ആഷിക്ക് അബു
ഞങ്ങളിപ്പോൾ കേരളം മുഴുവൻ തിയറ്റർ വിസിറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തു നിന്നും ആർപ്പുവിളികളും കയ്യടികളുമാണ് മൊത്തം ടീമിനു ലഭിക്കുന്നത്. പ്രേക്ഷകരുടെ സന്തോഷം നേരിട്ട് അനുഭവിക്കുകയാണ്. ഇത്തരം അനുഭവങ്ങൾ ഇതിനു മുൻപും എന്റെ കരിയറിൽ സംഭവിച്ചിട്ടുണ്ട്. മമ്മൂക്കയുടെ തുറുപ്പുഗുലാനിലെ വേഷം ഇതുപോലെ കയ്യടി നേടിത്തന്ന ഒന്നായിരുന്നു. റോമൻസ്, താപ്പാന, മേരിക്കുണ്ടൊരു കുഞ്ഞാട്, പോക്കിരിരാജാ തുടങ്ങി ഒരുപാടു സൂപ്പർഹിറ്റുകളുടെ ഭാഗമായിരുന്നല്ലോ ഞാനും. ആ സിനിമകളിലൊക്കെ കയ്യടിയുടെ സുഖം ഞാൻ അറിഞ്ഞിട്ടുണ്ട്. ന്യൂ ജനറേഷൻ സിനിമകളുടെ കാലത്ത് ഇത് എന്റെ ആദ്യ അനുഭവമാണ്. പടങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഇങ്ങനെ കയ്യടി വീഴുന്ന സീനിലൊന്നും അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് കഴിഞ്ഞത് ആഷിക്ക് അബുവിന്റെ ഈ സിനിമയിലൂടെയാണ്. അദ്ദേഹത്തോടാണ് എനിക്ക് നന്ദി പറയാനുള്ളത്. എന്നെ ഇതിലേക്ക് ക്ഷണിച്ച ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, സുഹാസ് എന്നിവരടങ്ങിയ ആ ടീമിനോട് എത്ര നന്ദി പറഞ്ഞാലും അധികമാകില്ല. അവർ എന്നെക്കൊണ്ട് ഇതു ചെയ്യിപ്പിച്ചല്ലോ. ഇങ്ങനെ വ്യത്യസ്തമായ വേഷം കിട്ടണം. എങ്കിലെ എന്തെങ്കിലും ചെയ്യാൻ കഴിയൂ. എന്നെക്കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കാനുള്ള തന്റേടം അവർ കാണിച്ചു. മറ്റാർക്കും അങ്ങനെ തോന്നിയില്ലല്ലോ. തോക്കും ആക്ഷനും ഒക്കെ നേരത്തെയും ഉണ്ടായിരുന്നല്ലോ. ആർക്കും ഇങ്ങനെ ഒരു ആശയം തോന്നിയില്ല. അവർ ഒന്നു മാറി ചിന്തിച്ചു. അവിടെയാണ് വിജയം.