എമി ജാക്സണ് ഇതെന്തുപറ്റി; മേക്കോവർ ഓവറായെന്ന് ആരാധകർ
Mail This Article
എമി ജാക്‌സണോ ഓപ്പൺഹൈമറിലെ കിലിയൻ മർഫിയോ? നടി എമി ജാക്സൺ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടിട്ട് ആരാധകരുടെ ചോദ്യമിതാണ്. തകർപ്പൻ ചിത്രങ്ങളും വിഡിയോകളും കൊണ്ട് ആരാധകരെ എല്ലായെപ്പോഴും വിസ്മയിപ്പിക്കാറുള്ള താരമാണ് എമി ജാക്സൺ. എന്നാൽ എമി പങ്കുവച്ച പുതിയ ചിത്രങ്ങൾ ആരാധകർ ആശയക്കുഴപ്പത്തിലാഴ്ത്തുകയാണ്. കാമുകനും ‘ഗോസിപ്പ് ഗേൾ’ താരവുമായ എഡ് വെസ്റ്റ്‌വിക്കുമായുള്ള എമിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ ആശങ്കയ്ക്കു കാരണം
ചിത്രങ്ങളിൽ നടി മുമ്പെങ്ങുമില്ലാത്ത മേക്കോവറിലാണ് കാണുന്നത്. ഇത് ഓപ്പൺഹൈമറിൽ അഭിനയിച്ച ഹോളിവുഡ് നടൻ കിലിയൻ മർഫി പെൺവേഷത്തിലെത്തിയതാണോ എന്ന തരത്തിലാണ് കമന്റുകൾ. ലണ്ടൻ ഫാഷൻ വീക്കിൽ പങ്കെടുത്ത എമി ജാക്‌സൺ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിലാണ് താരം ഇതുവരെ കാണാത്ത മേക്കോവറിൽ എത്തിയത്. മുടി ബോയ്കട്ട് ചെയ്ത് ചുവന്ന വസ്ത്രം ധരിച്ച എമിയുടെ ഉയർന്ന കവിൾത്തടവും നീലക്കണ്ണുകളും തുറന്ന വായയും മർഫി അവതരിപ്പിച്ച 'പീക്കി ബ്ലൈൻഡേഴ്‌സ്' സീരിസിലെ ജനപ്രിയ കഥാപാത്രമായ തോമസ് ഷെൽബിയെ ഓർമിപ്പിച്ചു എന്നാണ് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ എത്തുന്നത്.
എമിക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്നും നിങ്ങൾ നിങ്ങളുടെ മുഖം നശിപ്പിച്ചു എന്നിങ്ങനെയുള്ള അഭിപ്രായമാണ് ആരാധകർ പങ്കുവയ്ക്കുന്നത്. എമിയുടെ മുഖം വളരെ മനോഹരമായിരുന്നു എന്നാൽ ഇപ്പോൾ വികൃതമായിരിക്കുന്നു എന്നും വിമർശനമുണ്ട്.
ബ്രിട്ടിഷ് മോഡലും നടിയുമായ എമി ജാക്സൺ തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. പതിനാറാം വയസ്സിൽ മോഡലിങ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ എമി 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. 2010-ൽ പുറത്തിറങ്ങിയ ‘മദ്രാസ് പട്ടണം’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. 'ഏക് ദീവാന താ' എന്ന ചിത്രത്തിലൂടെ 2012 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച എമി രജനികാന്ത് നായകനായ 2.0 എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ദ് വില്ലൻ, ബൂഗിമാൻ തുടങ്ങിയവയാണ് എമിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.