സാറിന്റെ മുന്നിൽ ഭയത്തോടെയാണ് നിൽക്കുന്നത്: മമ്മൂട്ടിയോട് നടൻ ശിവ
Mail This Article
മികച്ച അഭിപ്രായം നേടി പേരൻപ് മുന്നേറുമ്പോൾ മമ്മൂട്ടിയെ വാനോളം പുക്ഴത്തുകയാണ് തമിഴ് സിനിമാ ലോകം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ അവാർഡ്ദാന ചടങ്ങിനെത്തിയ മമ്മൂട്ടി വേദിയിൽ പറഞ്ഞ കാര്യങ്ങൾ സിനിമാ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ചടങ്ങിൽ, കഴിഞ്ഞ വർഷത്തെ മികച്ച സംവിധായകനുള്ള പുരസ്കാരം സമ്മാനിച്ചത് മമ്മൂട്ടിയാണ്. പരിയേരും പെരുമാൾ എന്ന ചിത്രമൊരുക്കിയ മാരി സെൽവരാജിനായിരുന്നു പുരസ്കാരം.
തമിഴ് നടന്മാരായ ശിവയും സതീഷുമായിരുന്നു പരിപാടിയുടെ അവതാരകർ. ഇരുവരുടെയും ചോദ്യങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു മമ്മൂട്ടിയുടെ മറുപടികൾ. ‘സാർ സ്നേഹത്തോടെ നോക്കുമ്പോഴും ദേഷ്യത്തോടെയാണ് ഇരിക്കുന്നതെന്നാണ് എനിക്ക് തോന്നത്. അതുകൊണ്ട് തന്നെ ഞാൻ കുറച്ച് ഭയത്തോടെയാണ് സാറിന്റെ മുന്നിൽ നിൽക്കുന്നത്.’ ഇങ്ങനെയൊരു ആമുഖം നൽകിയാണ് ശിവ തന്റെ ചോദ്യങ്ങളുമായി മമ്മൂട്ടിയുടെ മുന്നിലേക്ക് എത്തിയത്.
എന്തുകൊണ്ടാണ് സാർ തമിഴ് സിനിമയിൽ നിന്ന് പത്ത് വർഷം ഇടവേള എടുത്തത് ? ശിവയുടെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇതായിരുന്നു. ‘ഈ ചിത്രത്തിനായാണ് ഞാൻ പത്ത് വർഷം കാത്തിരുന്നത്. നാൽപത്, നാൽപത്തിയഞ്ച് വയസ്സുള്ള കഥാപാത്രത്തെയാണ് ഞാൻ പേരൻപിൽ അവതരിപ്പിക്കുന്നത്. പത്തുവർഷത്തിന് ശേഷം അഭിനയിക്കണമെന്ന് തീരുമാനിച്ചതിൽ ഇതും ഒരു ഘടകമാണ്. ഈ വയസ്സിലേയ്ക്ക് എത്താൻ വേണ്ടിയാണ് ഇത്രയും വർഷങ്ങൾ കാത്തിരുന്നത്’. മമ്മൂട്ടിയുടെ രസകരമായ മറുപടികൾ കൈയടികളോടെയാണ് പ്രേക്ഷകരും സിനിമാ പ്രവർത്തകരും ഏറ്റെടുത്തത്.
തമിഴ് സിനിമയെ ഗൗനിക്കാറുണ്ടോ ? എന്നതായിരുന്നു അടുത്ത ചോദ്യം. ‘ആരു പറഞ്ഞു തമിഴ് സിനിമയെ ഗൗനിക്കാറില്ലെന്ന്. വെസ്റ്റേൺ ഗാട്ട്സ്, (മേർക് തൊടർച്ചി മലൈ) റിലീസിന് മുമ്പേ കണ്ട സിനിമയാണ്. പരിയേറും പെരുമാൾ, 96 , കൊലമാവ് കോകില, കാല, കബാലി, വിജയ്‌യുടെ സർക്കാർ ഈ ചിത്രങ്ങളെല്ലാം അടുത്ത് കണ്ടിരുന്നു. തമിഴിലുള്ള എല്ലാ താരങ്ങളുടെയും സിനിമ ഞാൻ കാണാറുണ്ട്. എന്നാൽ ഇവരൊക്കെ എന്റെ സിനിമ കാണാറുണ്ടോയെന്ന് അറിയില്ല. ഇപ്പോൾ നമ്മൾ ചോദിച്ചാൽ തന്നെ, ‘സാർ കാണാൻ പറ്റിയില്ല, പക്ഷേ കേട്ടിട്ടുണ്ട്’ എന്ന് അവർ മറുപടിയായി പറയുമായിരിക്കും. സാരമില്ല.’
ദുൽഖറിനെക്കുറിച്ചായിരുന്നു ശിവയുടെ അടുത്ത ചോദ്യം. ദുൽഖർ സൽമാൻ അഭിനയിച്ച തമിഴ് സിനിമകളൊക്കെ കാണാറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി, മകന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ തരക്കേടില്ലെന്നാണ് ശിവയോട് സരസമായി മറുപടി പറഞ്ഞത്. ദുൽക്കറിനോ മമ്മൂട്ടിക്കോ ആരാധികമാർ അധികമെന്ന് ചോദിച്ചപ്പോൾ അത് ദുൽഖറിനോട് ചോദിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
സാധന കൂടെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. ‘സാധനയുടെ കൂടെ ആദ്യമായാണ് ഞാൻ അഭിനയിക്കുന്നത്. തങ്കമീൻകൾ സിനിമ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ അഭിനയവും ശ്രദ്ധിച്ചിരുന്നു. റാമിനോട് ചോദിച്ചിരുന്നു, സാധനയാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു. നല്ല ആത്മസമർപ്പണമുള്ള കുട്ടിയാണ് അവൾ. ഒരുപാട് കഷ്ടപ്പെട്ടാണ് േപരൻപിൽ അഭിനയിച്ചത്.’–മമ്മൂട്ടി പറഞ്ഞു.