ജാഫർ ഇടുക്കിയുടെ ഗംഭീരപ്രകടനം; മോഹൻലാലിന്റെ ശബ്ദം; ‘കുട്ടിച്ചനു’മായി കോട്ടയം നസീർ
Mail This Article
ജാഫർ ഇടുക്കിയുടെ ഗംഭീര അഭിനയപ്രകടനവുമായി കോട്ടയം നസീർ സംവിധാനം െചയ്ത കുട്ടിച്ചൻ എന്ന ഹ്രസ്വചിത്രം. പൈലി പാപ്പനും കുട്ടിച്ചനും തമ്മിലുള്ള ഈറനണിയിക്കുന്ന സൗഹൃദത്തിന്റെ കഥ ഒറ്റ ഫ്രെയിമിൽ അതിമനോഹരമായി ആവിഷ്കരിക്കുകയാണ് കോട്ടയം നസീർ.
ഒരേയൊരു ഫ്രെയിം മാത്രമാണ് ഹ്രസ്വചിത്രത്തിനായി കോട്ടയം നസീർ ഉപയോഗിച്ചിരിക്കുന്നത്. കുട്ടിച്ചനെന്ന കഥാപാത്രത്തിന്റെ കാഴ്ചയിലൂടെ മുന്നോട്ടുപോകുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി ഗംഭീരപ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രായമേല്‍പ്പിച്ച ആരോഗ്യപ്രശ്‌നങ്ങളിലൂടെ മരണനാളുകളെണ്ണിക്കിടക്കുന്ന കുട്ടിച്ചന്‍ ആരെയാണ് കാത്തു കിടന്നതെന്ന് ചിത്രം പറയാതെ പറയുന്നു.
മാലാ പാർവതിയാണ് ഹ്രസ്വചിത്രത്തിലെ മറ്റൊരുതാരം. ക്ലൈമാക്സിൽ ശബ്ദസാനിധ്യമായി മോഹൻലാലും എത്തുന്നു.
മിമിക്രിയും അഭിനയവും മാത്രമല്ല, സംവിധാനവും തനിക്കു വഴങ്ങുമെന്ന് തെളിയിക്കുകയാണ് 'കുട്ടിച്ചന്‍' എന്ന കുഞ്ഞു ചിത്രത്തിലൂടെ നസീര്‍. ചിത്രത്തിന്റെ തിരക്കഥയും കോട്ടയം നസീർ ആണ് പശ്ചാത്തലസംഗീതം ഗോപിസുന്ദർ. മനീഷ് കുരുവിളയും കണ്ണനും ചേർന്നാണ് നിർമാണം.