നമ്മളൊരു സർക്കാർ ജോലിക്കാരൻ: സൗബിൻ ഷാഹിർ അഭിമുഖം
Mail This Article
കുമ്പളങ്ങി നൈറ്റ്സ് എന്ന പുതിയ ചിത്രം മികച്ച അഭിപ്രായം നേടുന്നതിന്റെ സന്തോഷത്തിലാണു നടൻ സൗബിൻ ഷാഹിർ. തനിക്കു കോമഡി മാത്രമല്ല വഴങ്ങുകയെന്നു സൗബിൻ ചിത്രത്തിലൂടെ തെളിയിക്കുന്നു. സൗബിൻ കൊട്ടകയോടു സംസാരിക്കുന്നു.
സജി എന്ന ഞാൻ
തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും സംവിധായകൻ മധു സി.നാരായണനും ദിലീഷ് പോത്തനും ചേർന്ന് രൂപപ്പെടുത്തിയ ചിത്രമാണു കുമ്പളങ്ങി നൈറ്റ്സ്. ശ്യാമിന് ഏറെ പരിചയമുളള സ്ഥലമാണിത്. അവിടുത്തെ സംസ്കാരവും മൽസ്യത്തൊഴിലാളികളുടെ ജീവിതവുമൊക്കെ ചിത്രത്തിലും കടന്നു വരുന്നുണ്ട്. ഹ്യൂമർ മാത്രമല്ല ഇതിൽ കൈകാര്യം ചെയ്യുന്നതെന്നതാണു പ്രത്യേകത. കൂടുതൽ വൈകാരികമായ ഒരു വേഷമാണ്. പാർട്ണർഷിപ്പിൽ തേപ്പ് കടയും ഇടയ്ക്കു മീൻപിടിത്തവുമായി നടക്കുന്ന കഥാപാത്രമാണു സജിയുടേത്. ഞാൻ ചെയ്തിട്ടുളള വേഷങ്ങളിൽ ഏറെ ബുദ്ധിമുട്ടുളള കഥാപാത്രമാണു സജി. കഥാപാത്രങ്ങൾ കുറവാണെങ്കിലും കഥ കൂടുതലാണ് ഈ ചിത്രത്തിൽ. ഫഹദ്, ഷെയ്ൻ നിഗം, മാത്യു എല്ലാവർക്കും അവരുടേതായ കഥകളുണ്ട്.
സൗബിൻ–ലിജോമോൾ കോംബിനേഷൻ
നമ്മൾ വിചാരിച്ചിട്ടു മാത്രം കാര്യമില്ലല്ലോ. ഏതെങ്കിലും സംവിധായകനും എഴുത്തുകാരനും വിചാരിക്കണം.
പതിവു കോമഡി ട്രാക്ക് വിടുമോ
വരുന്നതെല്ലാം ചെയ്യണമെന്നാണ് എന്റെ ലൈൻ. ജോലി ചെയ്യുക എന്നതാണു പ്രധാനം. ഏതു നന്നാവും ഏതു നന്നാവില്ലെന്നു നേരത്തെ തീരുമാനിക്കാൻ കഴിയില്ല. വന്നതിൽ മിക്കതും നന്നായി. അതിൽ നന്നാവാത്ത ക്യാരക്ടേഴ്സുമുണ്ട്. പക്ഷേ എനിക്ക് എല്ലാം ഒരേ പോലെ തന്നെയാണു തോന്നിയിട്ടുളളത്. നമ്മൾ ശരിക്കും സർക്കാർ ജോലിക്കാരനെ പോലെയാണ്. പണിയെടുക്കുക. വെറുതേ വീട്ടിലിരുന്നിട്ട് കാര്യമില്ലല്ലോ. സന്തോഷമായി അതു ചെയ്യുന്നു.
വീണ്ടും സംവിധാനം
സെക്കൻഡ് മൂവി പ്ലാനുണ്ട്. പറവയ്ക്കു വേണ്ടി അഭിനയിക്കാനുളള ഒട്ടേറെ പടങ്ങൾ മാറ്റി വച്ചിരുന്നു. അവ ഓരോന്നുമാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. സമയം കിട്ടുമെങ്കിൽ ഈ വർഷം അവസാനത്തോടെ രണ്ടാമത്തെ ചിത്രത്തിന്റെ വർക്ക് തുടങ്ങും.
പുതിയ ചിത്രങ്ങൾ
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ്, അൻവർ റഷീദ് – ഫഹദ് ഫാസിൽ ചിത്രം ട്രാൻസ്, ദുൽക്കർ നായകനാകുന്ന ഒരു യമണ്ടൻ പ്രണയകഥ എന്നിവയാണു റിലീസിനു തയാറെടുക്കുന്ന ചിത്രങ്ങൾ. വേറെ കുറച്ചു സിനിമകൾ കൂടി വരാനുണ്ട്.