ADVERTISEMENT

റാണി പദ്മിനി ചിത്രത്തിന്റെ പരാജയം ഏറ്റുപറഞ്ഞ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്നങ്ങൾ മൂലവുമാണ് ആ സിനിമ മോശമായതെന്ന് ശ്യാം പറഞ്ഞു. റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിലാണ് ശ്യാമിന്റെ തുറന്നുപറച്ചിൽ. 

 

Syam Pushkaran| Spotlight| Radio Mango

‘റാണി പദ്മിനിയുടെ ക്ലൈമാക്സ് ദാരുണമായിപ്പോയി എന്നു തോന്നിയിട്ടുണ്ട്. എന്റെ കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്നങ്ങൾ മൂലവുമാണ് ആ സിനിമ മോശമായത്. റാണി പദ്മിനിയിൽ നിന്നു പഠിച്ച പാഠങ്ങളാണ് മഹേഷിൽ ഉപയോഗിച്ച് നന്നാക്കിയത്. ആ പരാജയമാണ് എന്നെ നല്ല തിരക്കഥാകൃത്താക്കി മുന്നോട്ട് നയിച്ചതെന്ന് പറയാം.’–ശ്യാം പറയുന്നു.

 

പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സിലെ വിശേഷങ്ങളെക്കുറിച്ചും സിനിമാ ജീവിതത്തെപ്പറ്റിയും അദ്ദേഹം മനസ്സുതുറന്നു. ശ്യാമിന്റെ അഭിമുഖം വായിക്കാം–

 

കുമ്പളങ്ങിയിലെ രാത്രികള്‍ ഇത്ര മനോഹരം 

 

‘സജി നെപ്പോളിയൻ എന്ന എന്റെ സുഹൃത്താണ് കുമ്പളങ്ങിയിലെ രാത്രികൾ ഇത്രമനോഹരമാണെന്ന് എനിക്ക് പരിചയപ്പെടുത്തുന്നത്. ആ പേര് സിനിമയിൽ ഉപയോഗിച്ചിട്ടുമുണ്ട്.  കുറെക്കാലമായുള്ള സൗഹൃദമാണ്. അവന്റെ വീട് കുമ്പളങ്ങിയിലാണ്. അവന്റെ വീട്ടില്‍ പോയിനിന്നാണ് ഞാൻ കുമ്പളങ്ങിയെ അടുത്തറിയുന്നത്. ദാരിദ്ര്യകാലത്ത് വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ പോയിരുന്നത് സജിയുടെ വീട്ടിലായിരുന്നു.’

 

‘അഭിമാനപ്രശ്നം കാരണം അച്ഛനോട് പണം ചോദിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അപ്പോഴൊക്കെ സജിയുടെ വീട്ടിൽ പോയി നന്നായി ഭക്ഷണം കഴിക്കുമായിരുന്നു. മീന്‍ പിടിച്ച്, ചോറൊക്കെ വച്ച് സന്തോഷത്തോടെ കഴിക്കും. ഞണ്ട് ചെമ്മീൻ അങ്ങനെ കിട്ടുന്ന എല്ലാ മീനുകളും ചേർത്താണ് സജി കറി വയ്ക്കുക. അങ്ങനെ സജിയുടെ വീട്ടിൽ നിന്നാണ് കുമ്പളങ്ങിയിലെ രാത്രികൾ ഇത്ര മനോഹരമാണെന്ന് ഞാൻ അറിയുന്നത്.’

 

‘കുമ്പളങ്ങിയിലെ ഫിഷിങ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും സജിയാണ്. ഷെയ്ൻ നിഗം ബേബി മോളുടെ മുന്നിൽ വല എറിയൊന്നൊരു രംഗമുണ്ട്. അത് ഷെയ്നിന്റെ പതിനെട്ടാമത്തെ ടേക്ക് ആണ്. ആ ടേക്ക് കഴിഞ്ഞപ്പോൾ അവന് നടുവെട്ടി. അത്ര പരിശ്രമമെടുത്താണ് വല എറിയുന്നത്.’

 

Syam Pushkaran as "The Porotta Maker"

സജി ആകേണ്ടിയിരുന്നത് അനിൽ പനച്ചൂരാൻ

 

ഏഴ് വർഷമായി കുമ്പളങ്ങയിലെ കഥ മനസ്സിൽ കൂടിയിട്ട്. അന്ന് ചിന്തിക്കുമ്പോൾ സജിയുടെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് അനിൽ പനച്ചൂരാനായിരുന്നു. പരിചയമുള്ള ആളുകളെവച്ച് ചെയ്യാനാണ് അന്ന് തീരുമാനിച്ചിരുന്നത്. സജി നെപ്പോളിയൻ ആയിരുന്നു ബോണി ആകേണ്ടിയിരുന്നത്. ശ്രീനാഥ് ഭാസി ഏറ്റവും ഇളയപയ്യനും. ജോജു എന്നൊരു പഴയ നടനായിരുന്നു ഷെയ്നിന്റെ കഥാപാത്രം. കാലക്രമേണ ഇതൊക്കെ മാറിമറഞ്ഞു.

 

രംഗ് ദേ ബസന്തി ജീവിതം മാറ്റി

 

പ്ലസ് ടു കഴിയുമ്പോൾ നാട് വിടണമെന്ന് ആഗ്രഹിച്ചയാളാണ് ഞാൻ. വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുള്ള എവിടെയെങ്കിലും പോയി എന്തെങ്കിലും പഠിക്കണം എന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് മംഗലാപുരത്ത് എത്തിയത്. ഫൈൻ ആർട്സ് പഠിക്കാൻ ഞാനും സുഹൃത്തും തീരുമാനിച്ചു. എന്നാൽ അവസാനനിമിഷം സുഹൃത്ത് ചതിച്ചതുകൊണ്ട് ഫാഷൻ ഡിസൈനിങ്ങിൽ എത്തി. പിന്നീട് ഡൽഹിയിൽ ആറുമാസം ജോലി ചെയ്തു.

 

പിന്നീട് ബെംഗളുരുവിലെത്തി. അവിടെ ജോലിക്ക് പോകാതെ 'രംഗ് ദേ ബസന്തി' തിയറ്ററിൽ പോയിക്കണ്ടു. മൂന്ന് തവണ ചിത്രം കണ്ടതോടെ എനിക്കും സിനിമ ചെയ്യണമെന്ന് തോന്നി.

 

സാൾട്ട് ആൻഡ് പെപ്പറും ലിജോ പെല്ലിശ്ശേരിയും

 

ബെംഗളൂരു വിട്ടതിന് ശേഷമാണ് സിനിമാ കോഴ്സ് തിരുവനന്തപുരത്ത് പോയി പഠിക്കാൻ തീരുമാനിച്ചത്. അവിടെ വന്ന ശേഷം ഫിലിം ഫെസ്റ്റിവൽ ആയി അങ്ങനെ സിനിമാജീവിതം മുന്നോട്ട്പോയി. അജ്മൽ സംവിധാനം ചെയ്ത റിങ് ടോൺ എന്ന സിനിമയിൽ ആദ്യമായി സംവിധാന സഹായിയായി. അതിനു ശേഷം ഗോവിന്ദൻകുട്ടി സംവിധാനം ചെയ്ത ത്രീ ചാർ സൗ ബീസ് എന്ന ചിത്രം. അതിൽ ഞാനും ദിലീഷ് പോത്തനും സംവിധാനസഹായികളാണ്. പിന്നീടാണ് ആഷിക്ക് അബുവിനെ പരിചയപ്പെടുന്നത്.’

 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്നിലാണ് ആദ്യമായി കഥ പറയാൻ ചെല്ലുന്നത്. സാള്‍ട്ട് ആൻഡ് പെപ്പർ സിനിമയാക്കാൻ വേണ്ടിയാണ് ഞാനും ദിലീഷ് നായരും ലിജോയെ കാണുന്നത്. കഥ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി. ഒരുവർഷം കഴിഞ്ഞ് നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ ഒരുവർഷം കാത്തിരിക്കാനുള്ള സമയം ഞങ്ങൾക്കില്ലായിരുന്നു.

 

അത്ര ലോക്കലല്ല

 

ലോക്കൽ കഥ പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം അതൊരു ലോക്കൽ കഥ ആകരുത് എന്നതാണ്. എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള സിനിമയായിരിക്കണം. ഇടുക്കിയുമായി എനിക്ക് ഒരുബന്ധവുമില്ല. വല്ലപ്പോഴും പോയിട്ടുണ്ട്. റഫീഖ് അഹമ്മദ് ഇടുക്കിയിൽ പോയിട്ടുകൂടിയില്ല. അദ്ദേഹമാണ് ഇടുക്കി പാട്ട് എഴുതിയത്. ഒരു കഥാകാരന് അല്ലെങ്കില്‍ കലാകാരന് എല്ലാ നാടും സ്വന്തമാണ്. അല്ലെങ്കിൽ സ്വന്തമെന്ന് വിചാരിച്ച് ജീവിക്കാൻ പറ്റും.

 

ഉണ്ണിമായ

 

അസി. ഡറക്ടകറായി ജോലി ചെയ്യുന്ന സമയത്താണ് ഉണ്ണി മായയെ പരിചയപ്പെടുന്നത്. അവൾ ആർക്കിടെക്റ്റ് ആയിരുന്നു.

 

ഒറ്റവാചകത്തിൽ സിനിമയുടെ റിവ്യു പറയാൻ അവതാരക പറഞ്ഞപ്പോൾ ശ്യാം പുഷ്ക്കരന്റെ മറുപടികൾ ഇങ്ങനെ–

 

സ്ഫടികം എന്ന മോഹന്‍ലാല്‍ ചിത്രത്തെ ഒരു ഭദ്രൻ മാസ്റ്റര്‍പീസ് എന്നാണ് ശ്യാം പുഷ്‌കരന്‍ വിശേഷിപ്പിച്ചത്. ഒരു തവണ കാണാവുന്ന ചിത്രമാണ് നരസിംഹമെന്ന് വിശേഷിപ്പിച്ച ശ്യാം, വരവേല്‍പ്പ് എന്ന ചിത്രം തനിക്ക് ഇഷ്ടമല്ലെന്നും പറയുന്നു. നായക കഥാപാത്രം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ തന്നെ വിഷമിപ്പിക്കുന്നത് കൊണ്ടാണ് ആ ചിത്രം ഇഷ്ടപ്പെടാത്തതെന്ന് അദ്ദേഹം പറഞ്ഞു.

 

മലയാള സിനിമ കണ്ട എറ്റവും മികച്ച രണ്ടു തിരക്കഥകൾ, സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയാണ്.

 

മിഥുനം എന്ന സിനിമ ഉര്‍വശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കല്‍ കൂടി പറയാന്‍ സ്‌കോപ്പ് ഉണ്ടെന്നും ശ്യാം പറയുന്നു. സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് തനിക്കറിയില്ലെന്നും അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി. 

 

കുമ്പളങ്ങി നൈറ്റ്‌സിനു ശേഷമുളള അടുത്ത ചിത്രത്തെക്കുറിച്ചും അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ സംസാരിച്ചിരുന്നു. ദിലീഷ് പോത്തനൊപ്പം ഒന്നിക്കുന്ന ഒരു സിനിമ കൂടി ഉണ്ടാകുമെന്ന് ശ്യാം വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com