പേരു മറന്ന് കണ്ണൻ, ചീത്ത വിളിച്ച് അപ്പു: പൊട്ടിച്ചിരിപ്പിക്കും വിഡിയോ
Mail This Article
കാളിദാസ് ജയറാമും അപർണ ബാലമുരളിയും ഒന്നിക്കുന്ന മിസ്റ്റർ ആൻ മിസ് റൗഡി എന്ന ജീത്തു ജോസഫ് ചിത്രം തീയറ്ററുകളിലെത്തുകയാണ്. ത്രില്ലറുകൾ ഒരുക്കി സുപ്രസിദ്ധി നേടിയ ജീത്തു ജോസഫ് മൈ ബോസ് പോലൊരു കോമഡി ചിത്രവുമായാണ് ഒരു ഇടവേളയ്ക്കു ശേഷം എത്തുന്നത്. സിനിമ പോലെ തന്നെ ചിരിയുണർത്തുന്നതായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാളിദാസന്റെയും അപർണയുടെയും ഒത്തുചേരലും. മനോരമ ഒാൺലൈനിന്റെ പ്രത്യേക അഭിമുഖത്തിനായി ഒന്നിച്ചപ്പോൾ പിറന്നത് നിരവധി നർമ മുഹൂർത്തങ്ങൾ.
കാളിദാസ്: രണ്ട് ആൺഗുണ്ടകൾ. അങ്ങനെയാണ് ഈ സിനിമയിലെ ഞങ്ങളുടെ കഥാപാത്രത്തെപ്പറ്റി പറയാൻ പറ്റുക. അപ്പുവിനെ (അപർണ) ഇതിൽ ഒരു ഹീറോയിനായിട്ട് ഞങ്ങൾക്കു കാണാൻ പറ്റിയിട്ടില്ല. ഞങ്ങളുടെ ഗ്യാങ്ങിലുള്ളൊരു യോ ചെക്കനായിരുന്നു അപ്പു. നല്ല രസമുള്ള സെറ്റായിരുന്നു. ഞാൻ ശരിക്കും അപ്പുവിന്റെ ഒരു ഫാനാണ്. അപ്പുവും ഞാനും ഒരുമിച്ച് ചെയ്യുന്ന ആദ്യ സിനിമയാണ്. ജീത്തു സാർ എന്നെ വിളിച്ച് ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ശരിക്കും ഒരു ത്രില്ലർ ആണെന്നാണ് കരുതിയിരുന്നത്. സാറിന്റെടുത്തു പോയി കഥ കേട്ടപ്പോൾ തന്നെ ഇതിലെ ഹീറോയിൻ അപ്പു ചെയ്താൽ നന്നായിരിക്കുമെന്നു ഞാൻ സാറിനോട് പറഞ്ഞിരുന്നു. സാർ പറഞ്ഞു ആദ്യം അപ്പുവിനെ നോക്കിയിരുന്നു പക്ഷേ ഡേറ്റിൽ എന്തോ പ്രശ്നം ഉണ്ടായി എന്ന്. പക്ഷേ വേറെ ആരെയും ശരിയാകാതെ വന്ന് വീണ്ടും അപ്പുവിനെ തന്നെ ഹീറോയിനായിട്ട് കിട്ടി.
അപർണ: റൗഡിയുടെ ഷൂട്ടിങ് നല്ല രസമായിരുന്നു. പ്രധാന കഥാപാത്രങ്ങളായി ഞങ്ങൾ ആറു പേരായിരുന്നു ഉള്ളത്. ഒരു വീട്ടിൽ എല്ലാവരുടെയും കൂടെ നല്ല രസമായിരുന്നു. നല്ലൊരു എക്സ്പീരിയൻസായിരുന്നു. കണ്ണന്റെ പഴയ സിനിമകളൊക്കെ (എന്റെ വീട് അപ്പൂന്റേയും) കാണുമ്പോൾ അതിൽ എത്ര പാവമാണെന്നു ഒാർക്കും, ജയിലിൽ ഒക്കെ പോയില്ലേ. നേരിൽ പരിചയപ്പെട്ടപ്പോൾ നന്നായേയുള്ളൂ നിനക്കങ്ങനെ തന്നെ വേണം എന്നപോലെയായി.
ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നു വന്നൊരു സിനിമയായിരുന്നു. പത്ത് ദിവസത്തെ ഗ്യാപ്പിലാണ് ഞാൻ ഈ സിനിമ കമ്മിറ്റ് ചെയ്തത്. ഇത് രണ്ടു ഗുണ്ടകളെപ്പറ്റിയുള്ള സിനിമയാണ്. എന്നെ സെറ്റിലെല്ലാവരും ഒരു ഗുണ്ടയായിട്ടാണ് കണ്ടിട്ടുള്ളത്. കാരണം ഈ അഞ്ചു പേരുടെ കൂടെ പിടിച്ചു നിൽക്കാൻ വേണ്ടി അങ്ങനെ ചെയ്യേണ്ടിവന്നു. ഞാനും കണ്ണനും ഷോസിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും പെട്ടെന്ന് ഒരു മൂവി ഒരുമിച്ച് പ്രതീക്ഷിച്ചിരുന്നില്ല.
കാളിദാസ്: പൂമരം കഴിഞ്ഞ് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. പൂമരത്തിൽ സീരിയസായിട്ടുള്ള കാരകട്റായിരുന്നു. അപ്പോൾ എനിക്കും ഇതുപോലൊരു അടിച്ചു പൊളിച്ച് ഒരു കോമഡി കാരക്ടർ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് ജീത്തു സാർ ഈ സിനിമയിലേക്ക് വിളിക്കുന്നത്. സാർ പറഞ്ഞത് ഇതിലെ കഥാപാത്രം ഗുണ്ടയാവാൻ വേണ്ടി ശ്രമിക്കുന്ന ഒരാളാണ് അപ്പോൾ കാഴ്ചയിൽ അങ്ങനത്തെ ഒരു ലുക്ക് വരാൻ പാടില്ല എന്ന്. ഇതിലെ അപ്പു എന്ന കാരക്ടറിന് മാത്രമേ അവനൊരു ഗുണ്ടയാണെന്ന് തോന്നാൻ പാടുള്ളൂ. മറ്റുള്ളവർക്കൊന്നും അങ്ങനെ തോന്നാൻ പാടില്ല. അതാണ് കഥ.
അപർണ: എന്റേതായി അടുത്ത് ഇറങ്ങിയത് രണ്ട് സിനിമകളാണ്. സർവ്വം താളമയം, അള്ള് രാമചന്ദ്രൻ. ഈ രണ്ട് സിനിമകളും ഒരേ ദിവസം റിലീസായി. അടുത്തത് ഈ സിനിമയാണ്. കഴിഞ്ഞ രണ്ടു വർഷമായി എന്റെ സിനിമകളെല്ലാം ഒരുമിച്ചാണ് ഇറങ്ങുന്നത്. ഇതിനു മുൻപ് കാമുകി, ബിടെക്ക്. അതിനുമുൻപ് സർവ്വോപരി പാലാക്കാരൻ, തൃശ്ശിവപേരൂർ ക്ലിപ്തം, സൺഡേ ഹോളിഡേ. എല്ലാം ഒരു മാസമാണ് ഇറങ്ങുന്നത്. അപ്പോൾ ആ കുറച്ച് മാസങ്ങൾ ഞാൻ വളരെ തിരക്കിലായിരിക്കും. പിന്നെ കുറച്ച് മാസങ്ങൾ ഞാൻ ഫ്രീ ആയിരിക്കും. ആ സമയത്ത് ആർക്കിടെക്ചർ പഠിക്കുന്നുണ്ട്. പിന്നെ വീണ്ടും ഷൂട്ട്.
കാളിദാസ്: ഈ സിനിമയുടെ ടെക്നിക്കൽ ടീമിനെപ്പറ്റി പറഞ്ഞാൽ സതീഷേട്ടനാണ് ക്യാമറ. സൗത്തിലെ തന്നെ പ്രശസ്തനായ ക്യാമറാമാനാണ്. ജീത്തു സാറിന്റെ ഹിന്ദി സിനിമയിലും കാമറ ചെയ്തത് സതീഷേട്ടനാണ്. ചേട്ടൻ ഭയങ്കര കൂളായിട്ടുള്ള ആളാണ്. ജീത്തു സാറും വളരെ കംഫർട്ടബിൾ ആണ്. ഇതിന്റെ സ്റ്റോറിയും കോസ്റ്റ്യൂമും ജിത്തു സാറിന്റെ വൈഫ് ലിന്റ ചേച്ചി ആണ് ചെയ്തത്. മ്യൂസിക് അരുൺ വിജയ് ആണ്. അനിൽ ജോൺസണാണ് ബാക്ക് ഗ്രൗണ്ട് സ്കോർ. മൊത്തത്തിൽ നല്ലൊരു ടീമാണ്.
അപർണ: എന്റെ ആദ്യ സിനിമയിൽ വിനീതേട്ടൻ, പിന്നെ ഫഹദിക്ക അങ്ങനെയുള്ളവരുടെ ഒപ്പമായിരുന്നു അഭിനയം. പക്ഷേ ഈ സിനിമയിൽ വന്നപ്പോൾ നമ്മുടെ ഒരു ഏജ് ഗ്രൂപ്പിലുള്ളവരുമായി വർക്ക് െചയ്യാൻ പറ്റി. നല്ലൊരു ഫ്രീഡം കിട്ടി. ഒരു പേഴ്സണൽ അടുപ്പം ആ സെറ്റിനോടു തോന്നിയിരുന്നു. ഭയങ്കരമായി എൻജോയ് ചെയ്തു. പിന്നെ ഇടയ്ക്ക് ജീത്തുസാറിന്റെ കൈയിൽ നിന്ന് നല്ല ചീത്തയും കേട്ടു. ഒരു ഫൈറ്റ് സീനിൽ റിയാക്ഷൻ ശരിക്കും വരാത്തതിന്. രസം വരാത്തതിന് നല്ല രസായിട്ട് ചീത്ത കേട്ടു. ഇൗ ചിത്രത്തിൽ കാളിദാസ് ക്വട്ടേഷനൊക്കെയായിട്ട് നടക്കുന്ന പയ്യനാണ്. ആ കൂടെ പിടിച്ചു നിൽക്കാൻ പാടുപെട്ടു.
കാളിദാസ്: ക്വട്ടേഷൻ എന്നു പറഞ്ഞാൽ വെട്ടും കുത്തുമൊന്നുമല്ല . വലിയ ഗുണ്ടായിസമൊന്നുമില്ല. വളരെ രസകരമായ ചെറിയ പരിപാടികൾ. പിന്നെ ഇങ്ങനെ ഒരു ടീം കിട്ടിയത് തന്നെ വലിയ കാര്യമാണ്. കാരണം കോമഡി ചെയ്യുമ്പോൾ വർക്കൗട്ടായില്ലെങ്കിൽ പോയി. നമ്മൾ എൻജോയ് ചെയ്തില്ലെങ്കിൽ ഓഡിയൻസും എൻജോയ് ചെയ്യില്ല. നമ്മൾ എന്തൊക്കെ ചെയ്താലും പ്രേക്ഷകർക്ക് ഇഷ്ടമാവണം. എനിക്ക് ചെറുപ്പം തൊട്ടേ അഭിനയത്തിലാണ് താൽപര്യം.
സ്കൂളിൽ എനിക്കങ്ങനെ ഒരു സിനിമാ നടന്റെ മകൻ അല്ലെങ്കിൽ സിനിമാ നടൻ എന്നൊരു പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. പ്രശസ്തരായ മാതാപിതാക്കളുടെ മകനാകുമ്പോൾ നമുക്ക് ഉത്തരവാദിത്തം കൂടും. നല്ല രീതിയിൽ ചെയ്തില്ലെങ്കിൽ അവരെക്കൂടി അത് ബാധിക്കും.