ADVERTISEMENT

തിരുവനന്തപുരം ∙ മികച്ച ചിത്രത്തെയും സംവിധായകനെയും തിരഞ്ഞെടുത്തത് അടക്കം സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ജൂറി അധ്യക്ഷൻ കുമാർ ഷഹാനിയും അംഗങ്ങളും തമ്മിൽ കടുത്ത അഭിപ്രായഭിന്നത. തർക്കത്തിനൊടുവിൽ, പുരസ്കാര നിർണയം ‘നിങ്ങൾ നടത്തിയാൽ മതിയെന്നും ‍ഞാൻ ഒപ്പിട്ടുനൽകാമെ’ന്നും അറിയിച്ചു ക്ഷുഭിതനായി പുറത്തിറങ്ങിയ അദ്ദേഹത്തെ ചലച്ചിത്ര അക്കാദമി ഭാരവാഹികൾ അനുനയിപ്പിച്ചു തിരികെ കൊണ്ടുവരികയായിരുന്നു.

 

കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന കുമാർ ഷഹാനി അവസാന റൗണ്ടിലെത്തിയ ഏതാനും ചിത്രങ്ങൾ മാത്രമാണു കണ്ടതെന്നും ആക്ഷേപമുണ്ട്. മികച്ച ചിത്രത്തിന്റെ സംവിധായകനു തന്നെ മികച്ച സംവിധായകനുള്ള പുരസ്കാരം നൽകണമെന്ന് അദ്ദേഹം വാദിച്ചപ്പോൾ, രാജ്യാന്തര ചലച്ചിത്ര പുരസ്കാരങ്ങളിലടക്കം ഇതു നിർബന്ധമില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

 

state-award-jury-members
ജൂറി അംഗങ്ങൾ

ഒഴിവാക്കാൻ നിർദേശിച്ച കാർബണും ആമിക്കും പുരസ്കാരത്തിളക്കം

 

ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണമെന്നു സാംസ്കാരിക മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ട 2 ചിത്രങ്ങൾക്ക് 8 അവാർഡുകൾ. ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമലിന്റെ ‘ആമി’ 2 അവാർഡും ഉപാധ്യക്ഷ ബീന പോളിന്റെ ഭർത്താവ് വേണു സംവിധാനം ചെയ്ത ‘കാർബൺ’ 6 അവാർഡുമാണ് നേടിയത്. കാർബണിന്റെ ചിത്രസംയോജനം നിർവഹിച്ചതു ബീന പോളായിരുന്നു. മികച്ച സംഗീതസംവിധായകനും (പശ്ചാത്തല സംഗീതം) മികച്ച പിന്നണി ഗായികയ്ക്കുമുള്ള പുരസ്കാരങ്ങളാണ് ആമി സ്വന്തമാക്കിയത്.

 

മികച്ച ക്യാമറാമാൻ, സംഗീത സംവിധായകൻ, സിങ്ക് സൗണ്ട്, ശബ്ദമിശ്രണം, ശബ്ദഡിസൈൻ, ലബോറട്ടറി / കളറിസ്റ്റ് അവാർഡുകളാണ് കാർബൺ‍ നേടിയത്. അവാർഡുകളിൽ നിന്ന് ആമി, കാർബൺ എന്നിവ പിൻവലിക്കണമെന്നു മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതു വിവാദങ്ങൾ ഒഴിവാക്കാനായിരുന്നു. അക്കാദമി അംഗങ്ങൾ ജോലി ചെയ്ത ചിത്രങ്ങൾ അവാർഡിനായി നൽകരുതെന്ന നിയമം കണക്കിലെടുത്തായിരുന്നു ഈ നിർദേശം. എന്നാൽ ഇവർ ഭാഗമായ സിനിമകൾ മറ്റ് അവാർഡുകൾക്കായി പരിഗണിക്കുന്നതിൽ തെറ്റില്ലെന്നു കണ്ടാണു പിൻവലിക്കേണ്ടെതില്ലെന്ന തീരുമാനത്തിലേക്ക് പിന്നീടെത്തിയത്.

 

അക്കാദമി ഉപാധ്യക്ഷയുടെ ഭർത്താവിന്റെ ചിത്രം സുപ്രധാന അവാർഡുകൾ നേടിയതിനു പിന്നിൽ സ്വജനപക്ഷപാതമില്ലേ എന്ന ചോദ്യത്തിന്, ഈ സർക്കാർ ഇരിക്കുന്നിടത്തോളം അങ്ങനെയൊന്നുണ്ടാകില്ല എന്നായിരുന്നു അവാർഡ് പ്രഖ്യാപനം നടത്തിയ മന്ത്രി എ.കെ. ബാലന്റെ പ്രതികരണം. സാങ്കേതിക വിഭാഗത്തിൽ വിധിനിർണയം നടത്തിയതു കേരളത്തിനു പുറത്തുള്ള വിദഗ്ധരാണെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു ചൂണ്ടിക്കാട്ടി. അക്കാദമി ഭാരവാഹിയെന്ന നിലയിൽ മാറിനിന്നെങ്കിലും സിനിമയുടെ മറ്റു മേഖലകളിൽ പ്രവർത്തിച്ചവർക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് ബീന പോൾ പ്രതികരിച്ചു.

 

ജൂറി ചെയർമാനും മറ്റും പങ്കെടുത്തില്ല

 

ജൂറി ചെയർമാൻ കുമാർ ഷഹാനിയും ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമലും ഉപാധ്യക്ഷ ബീന പോളും പുരസ്കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തില്ല. ശാരീരികാസ്വാസ്ഥ്യം മൂലം കുമാർ ഷഹാനി വിശ്രമിക്കുകയാണെന്ന് മന്ത്രി ബാലൻ അറിയിച്ചു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമൽ ലക്ഷദ്വീപിലാണ്; ബീന പോൾ ബെംഗളൂരുവിലും. ചലച്ചിത്ര വിഭാഗം ജൂറി അംഗമായ നടി നവ്യ നായരും രചനാ വിഭാഗം ജൂറി ചെയർമാൻ ഡോ. പി.കെ. പോക്കറും സന്നിഹിതരായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com