‘അതുക്കും മേലെ’: സുരേഷ് ഗോപി തിരിച്ചുവരുന്നു
Mail This Article
നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിൽ. ‘തമിഴരശന്‍’എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ഡോക്ടർ ആയാണ് താരം ചിത്രത്തിൽ എത്തുന്നത്. ഇതിനു മുമ്പ് അഭിനയിച്ച ശങ്കർ ചിത്രം ‘ഐ’ യിലും സുരേഷ് ഗോപി ഡോക്ടർ ആയിരുന്നു.
കഴിഞ്ഞ നാലു വർഷമായി സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചിട്ടില്ല. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. അതേ വർഷം തന്നെയായിരുന്നു ഐ യും റിലീസ് ചെയ്തത്. ചിത്രത്തിൽ ഡോ. വാസുദേവൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് സുേരഷ് ഗോപി അവതരിപ്പിച്ചത്. സിനിമയിലെ സുരേഷ് ഗോപിയുടെ ‘അതുക്കും മേലെ’ എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ‘ഐ’യ്ക്കു ശേഷം അദ്ദേഹം തമിഴിൽ സിനിമ ചെയ്തില്ല.
മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയതോടെ അദ്ദേഹം സിനിമയിൽനിന്ന് അകന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെക്കുറിച്ച് ഇടയ്ക്ക് പലവട്ടം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതൊന്നും താരം സ്ഥിരീകരിച്ചിരുന്നില്ല. ലേലം 2 –വിലൂടെ താരം ശക്തമായ തിരിച്ചുവരവിന് തയാറെടുക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ട്.
‘ദാസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗേശ്വരന്‍ ഒരുക്കുന്ന ‘തമിഴരശന്‍’ ഒരു ആക്‌ഷന്‍ എന്റര്‍ടെയ്നര്‍ ആണ്. രമ്യാ നമ്പീശനാണ് നായിക. ആര്‍. ഡി. രാജശേഖര്‍ ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിർമാണം എസ്എന്‍എസ് മൂവീസ് ആണ്.