ADVERTISEMENT

കലാഭവൻ മണി ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങൾ നശിച്ചുപോകുന്നുവെന്ന ആരാധികയുടെ കുറിപ്പിനു മറുപടിയുമായി സഹോദരന്‍ ആർ.എൽ.വി. രാമകൃഷ്ണൻ. വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് താനല്ലെന്നും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണെന്നും രാമകൃഷ്ണൻ പറഞ്ഞു. പാഡിയെക്കുറിച്ചും കലാഭവൻ മണിയുടെ വണ്ടികളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വരുന്ന പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടെന്നും കുപ്രചരണങ്ങൾ ഏറിയ സാഹചര്യത്തിലാണ് പ്രതികരണമെന്നും രാമകൃഷ്ണൻ പറഞ്ഞു.

മണിച്ചേട്ടന്റെ വണ്ടികൾ കുടുംബത്തിന് വേണ്ടെങ്കിൽ ലേലം ചെയ്തുകൂടേയെന്നും എന്തിനാണ് നശിപ്പിച്ച് കളയുന്നതെന്നുമായിരുന്നു ആരാധിക സമൂഹമാധ്യമത്തിലൂടെ എഴുതിയത്. കുറിപ്പിനൊപ്പം പൊടിപിടിച്ചു കിടക്കുന്ന മണിയുടെ വണ്ടിയുടെ ചിത്രങ്ങളും ഇവർ പങ്കുവച്ചിരുന്നു. കൂടാതെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന പേരുള്ള മണിയുടെ ഓട്ടോയെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ വാർത്ത വന്നിരുന്നു.

‘പാഡിയിൽ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങൾക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഞാനല്ല. തീരുമാനിക്കേണ്ടത് തീർച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്.’–രാമകൃഷ്ണൻ പറഞ്ഞു.

ആർ.എൽ.വി. രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–

പ്രിയ സ്നേഹിതരെ, കുറച്ചു നാളായി സമൂഹമാധ്യമങ്ങളിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ പാഡിയെക്കുറിച്ചും മണി ചേട്ടന്റെ വണ്ടികളെക്കുറിച്ചും ഉള്ള പരാമർശങ്ങൾ കാണാനിടയായി. പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപെടുത്തുന്ന രീതിയിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകൾ കണ്ടിരുന്നു. ഈ കാര്യത്തിൽ ഞാൻ നിസ്സഹായനാണ്.

കാരണം ഇതിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് തീർച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് ( തറവാട് ) ഞാൻ താമസിക്കുന്നത്. മറ്റൊരു സ്വത്തും ഞാനല്ല കൈകാര്യം ചെയ്യുന്നത്; അത് അതിന് അർഹതപ്പെട്ട അവകാശികളിൽ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ കുപ്രചരണങ്ങൾ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്.

rlv-mani

മണി ചേട്ടൻ മരിച്ച നാൾ മുതൽ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങൾ. പാഡിയിൽ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങൾക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഞാനല്ല. ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യൽമീഡിയയിൽ ഏറെ കുപ്രചരണങ്ങൾ ഏറിയത്.

ഈ ഓട്ടോറിക്ഷ മണി ചേട്ടൻ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്. ഇത് മണി ചേട്ടൻ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആൽബത്തിൽ ഇത് മണി ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്. മണി ചേട്ടൻ ഉപയോഗിച്ച വണ്ടികൾ പണ്ടത്തെ ലാബർട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വണ്ടിയാണ് മണി ചേട്ടൻ ഓടിച്ചിരുന്നത്. സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടൻ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷയാണ്. അത് ഒരുപാട് നാളുകളായി ഓടിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു.

അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്. പ്രളയത്തിൽ മൂത്ത സഹോദരന്റെ വീട് മുങ്ങുകയും വീട് ഒട്ടും തന്നെ താമസയോഗ്യമല്ലാതാവുകയും ചെയ്തു. അവർ ദുരിതാശ്വാസ ക്യാംപിലായിരുന്നു താമസം. ആ വീടിന്റെ മുൻപിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. എന്നാൽ ആ വീടിന്റെ അവസ്ഥയോ, വീട്ടുകാരെയോ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇന്നും ആ വീട് പുതുക്കി പണിയാൻ സാധിച്ചിട്ടില്ല. മൂത്ത സഹോദരന്റെ കുടുംബം ഇപ്പോൾ മണി ചേട്ടൻ പണിയിച്ച കലാഗൃഹത്തിലാണ് താമസിക്കുന്നത്. അതിനിടയിലാണ് ഈ കുപ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴിനടത്തുന്നത്...

ഒരു കാര്യം തുറന്നു പറയട്ടെ ഞങ്ങൾ സാമ്പത്തികമായി ഏറെ പുറകിൽ നിൽക്കുന്നവരാണ്.മണി ചേട്ടൻ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം. മണി ചേട്ടന്റെ തണലിൽ ആണ് ഞങ്ങൾ ജീവിച്ചത്. കാര്യങ്ങൾ അറിഞ്ഞ് മാത്രം കുപ്രചരണങ്ങൾ നടത്തുക. ചാലക്കുടിയിൽ വന്ന് ഒരു ഫോട്ടോ എടുത്ത് ആളാവാൻ വേണ്ടി അവനവന് തോന്നുന്ന രീതിയിൽ പ്രചാരണം നടത്താതിരിക്കുക...... സത്യം വദ ... ധർമ്മം ചര...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com