ADVERTISEMENT

തിരക്കഥയിൽ വലിയ കാര്യമൊന്നുമില്ലെന്ന് ശ്യാം പുഷ്കരൻ പറയുമ്പോൾ, ‘ഇതെന്തു പ്രഹസനമാണ് സജീ’ ...എന്ന ലൈനിലായിരുന്നു കേൾവിക്കാരായ 17 ചെറുപ്പക്കാർ. കച്ചവട സിനിമയുടെ ആളാണ് താനെന്നും കാശിനു വേണ്ടിയാണ് എഴുതിത്തുടങ്ങിയതെന്നും തുടർന്നു പഞ്ച് ഡയലോഗുകൾ.  കഥ പറച്ചിൽ ക്ലൈമാക്സിലെത്തിയപ്പോൾ ശ്യാംപുഷ്കരൻ സിനിമാക്കഥയോളം സിംപിളായി.

 

ലാൽ ജോസ് പറഞ്ഞത്

 

റിയലിസ്റ്റിക് സിനിമകൾ തട്ടിപ്പാണെന്നു ലാൽ ജോസ് പറഞ്ഞതു ശരിയാണ്. മഹേഷിന്റെ പ്രതികാരം നോക്കൂ. വളരെ ഡ്രാമയുള്ളൊരു സിനിമയാണത്. ഒരു ശപഥത്തിന്റെ കഥ. അതിലും വലിയ ഡ്രാമയുണ്ടോ?. ഞങ്ങളൊക്കെ എഴുതുന്നതു സിനിമ ഹിറ്റാക്കാനാണ്. കാണുന്നവർ അവയെ ന്യൂ ജനറേഷൻ, റിയലിസ്റ്റിക് എന്നൊക്കെ വിളിക്കുന്നു. അതു ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടൊന്നുമല്ല. എന്തെങ്കിലും വിളിക്കട്ടെ.

 

നിമിർ സിനിമ (മഹേഷിന്റെ പ്രതികാരം–തമിഴ് റീമേക്ക്) കണ്ടിട്ടുണ്ടോ ?

syam-lal-jose

 

നിമിർ സിനിമ ഞാൻ കണ്ടിട്ടില്ല. കാണണ്ടെന്ന് പലരും പറഞ്ഞു. എനിക്ക് ധൈര്യമില്ലാത്തതുകൊണ്ടാണ് കാണാൻ സാധിക്കാതിരുന്നത്. പ്രിയൻ സാറിന്റെ സിനിമയിൽ നമ്മുടെ ടൈറ്റിൽ കാർഡ് വരുന്നത് രസമുളള കാര്യമാണ്. എനിക്ക് ഏറെ ഇഷ്ടമുളള സംവിധായകനാണ് പ്രിയദർശൻ സാർ.

 

എന്റെ സിനിമ ടിവിയിൽ  കണ്ടാൽ എണീറ്റോടും

 

ഞാനെഴുതിയ സിനിമകൾ കാണുമ്പോൾ മിക്കപ്പോഴും ‘ഖേദം’ തോന്നാറുണ്ട്. ടിവിയിൽ കണ്ട് ഇറങ്ങി ഓടാറുണ്ട്. മാറ്റം വരുത്താമായിരുന്നു എന്നൊക്കെ തോന്നും. ചിലപ്പോൾ സിനിമ ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞാണു കൂടുതൽ നല്ല ആശയം കിട്ടുക. 

 

ഫെയ്സ്ബുക്ക് തെറി വിളി പേടിയാണ്, അക്കൗണ്ട് പൂട്ടി ‘കണ്ടംവഴി ഓടാറുണ്ട്’

 

വിവാദങ്ങൾ കുറച്ചു മാത്രമേ എന്നെ ബാധിച്ചിട്ടുള്ളൂ. വിവാദങ്ങളെ പേടിയാണ്. തകർന്നു പോകും. അപ്പോൾ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ ഡിലീറ്റ് ചെയ്യും. വർഷങ്ങളായി എന്തു പോസ്റ്റ് ചെയ്താലും തെറി കേൾക്കുന്നവരെ ഓർക്കുമ്പോൾ സങ്കടം തോന്നും.

 

ഇന്റർവ്യൂ ഒന്നും അധികം കൊടുക്കേണ്ടെന്നാണ് ദിലീഷ് പോത്തനെപ്പോലുള്ള സുഹൃത്തുക്കൾ പറയാറുള്ളത്. ഞാനെന്തെങ്ങിലും പറയും. ആളുകൾ ഫെയ്സ്ബുക്കിൽ പൊങ്കാലയിടും. അടുത്തിടെ എനിക്കെതിരെ ഫെയ്സ്ബുക്കിൽ പൊങ്കാല പൊട്ടിപ്പുറപ്പെട്ട വിവരം ഞാനറിയുന്നത് വീട്ടിനടുത്തുള്ള ഒരു ക്ഷേത്രത്തിലെ പൊങ്കാല ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ്.

 

ശ്രീനിവാസനാകേണ്ട, ലോഹിതദാസ് മതി

 

ശ്രീനിവാസന്റെ സംഭാഷണങ്ങൾ കുറിക്കു കൊള്ളുന്നതാണ്. പക്ഷേ അദ്ദേഹം എഴുതിയതാണെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലാകും. ലോഹിതദാസിനെപ്പോലെ ഒരു  എഴുത്തുകാരനാകാനാണ് ഇഷ്ടം. എഴുത്തുകാരന്റെ പ്രതിഭയോ, കഥാപാത്രം ഇങ്ങനെ ചിന്തിച്ചതോ എന്നു തിരിച്ചറിയാൻ കഴിയാത്ത എഴുത്താണത്.

 

കഞ്ചാവ് വേണ്ടായിരുന്നു...

 

‘ഇടുക്കി ഗോൾഡ്’ കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുമെന്ന ആക്ഷേപമുണ്ടായി. മോശം ഫലമുണ്ടാക്കിയെങ്കിൽ ദുഃഖമുണ്ട്. സിനിമയിലൂടെ സമൂഹത്തിൽ മാറ്റമുണ്ടാക്കാമെന്നൊന്നും പ്രതീക്ഷിക്കുന്നില്ല. ജാതിയും മതവും നോക്കാതെ പ്രേമിക്കാൻ ഇപ്പോൾ സിനിമയിലല്ലേ കഴിയൂ. 

 

ഹിറ്റ് മാത്രമാണ് എന്റെ ലക്ഷ്യം

 

ഉദ്ബോധിപ്പിക്കാൻ ഒന്നുമില്ല. ഹിറ്റ് സിനിമയുണ്ടാക്കലായിരുന്നു ലക്ഷ്യം. പണ്ട് ചില സിനിമകൾ കാണുമ്പോൾ എനിക്കു തോന്നുമായിരുന്നു; ഇതിലും നന്നായി എനിക്കു പറ്റുമല്ലോ എന്ന്. അങ്ങനെയാണ് എഴുതിത്തുടങ്ങിയത്. പകലത്തെ പണി കഴിഞ്ഞു വരുന്നവർക്കു സന്തോഷിക്കാൻ പറ്റുന്ന സിനിമയുണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അടുത്തതായി ഒരു ത്രില്ലർ സിനിമ ചെയ്യാനാണ് ശ്രമം. 

 

ചില ഹിറ്റ് സിനിമകൾ കാണുമ്പോൾ അതു എഴുതാൻ പറ്റിയില്ലല്ലൊ എന്നു വിഷമം തോന്നും. 1983, ഞാൻ സ്റ്റീവ് ലോപ്പസ്  തുടങ്ങിയവയൊക്കെ  ഞാൻ എഴുതിയെങ്കിൽ ‘കൂടുതൽ തകർത്തേനെ’ എന്നാണ് എന്റെ വിനീതവും ശക്തവുമായമായ വിശ്വാസം. 

 

അടൂർ മുതൽ അൽഫോൺസ് പുത്രൻ വരെ

 

അടൂർ ഗോപാലകൃഷ്ണനെയും അരവിന്ദനെയുമൊക്കെ  ശ്രദ്ധയോടെ കണ്ടിട്ടുണ്ട്. സിദ്ദീഖ് ലാൽ പ്രചോദനമായിട്ടുണ്ട്.  മുഹ്സിൻ പാലേരി, ബോബി – സഞ്ജയ് തുടങ്ങിയവരൊക്കെ കഴിവുള്ള തിരക്കഥാകൃത്തുക്കളാണ്. അൽഫോൻസ് പുത്രന്റെ തിരക്കഥയെഴുത്ത് ഭ്രമിപ്പിക്കുന്നതാണ്. എല്ലാ കഴിവും ഒറ്റ സിനിമയിൽ കാണിക്കേണ്ടതില്ല. വേറേ അവസരം വരും. സിനിമ പാണ്ഡിത്യ പ്രകടനത്തിനുള്ള സ്ഥലമേയല്ല.

 

തിരക്കഥയിൽ ‘മസിലുണ്ടായിരുന്നു’

 

ചില അഭിനേതാക്കളെ മനസ്സിൽ വച്ച് സിനിമ എഴുതാറുണ്ട്. ‘സാൾട്ട് ആൻഡ് പെപ്പറി’ലെ ബാബുരാജിന്റെ കഥാപാത്രം അങ്ങനെയായിരുന്നു. നല്ല മസിലുള്ള, ഹനുമാൻ ഭക്തനായ ആൾ എന്നു തിരക്കഥയിൽ എഴുതിവച്ചിരുന്നു. ഇമേജ് തകർക്കുന്ന ചില കഥാപാത്രങ്ങൾ അങ്ങനെ ഉണ്ടായിട്ടുണ്ട്. ‘കിരീട’ത്തിലെ കൊച്ചിൻ ഹനീഫയുടെ കഥാപാത്രം അങ്ങനെയല്ലേ? 

 

ആണുങ്ങളുടെ സിനിമയും മീടൂവും 

 

മീടൂ നല്ല നീക്കം. ഗൗരവമായി കാണുന്നു. സിനിമ ചൂഷണത്തിനു വലിയ സാധ്യതയുള്ള രംഗമാണ്. പക്ഷേ, പുതിയ ആളുകൾ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഡബ്ല്യുസിസി അക്കാര്യത്തിൽ നാഴികക്കല്ലാണ്. പുരുഷാധിപത്യം സിനിമയ്ക്കകത്തും പുറത്തുമുണ്ട്.  വിക്രമാദിത്യൻ എന്ന സിനിമയിൽ നമിതപ്രമോദ് അവതരിപ്പിച്ച നായികാ കഥാപാത്രം രണ്ടു നായകന്മാരിൽ ആരോടൊപ്പം പോകാനും തയാറായി നിൽക്കുന്നവളാണ് എന്ന തരത്തിലാണ്. വേണ്ടപോലെ പരിഗണിക്കുകയും എഴുതുകയും ചെയ്യാതെപോയ കഥാപാത്രത്തിനുദാഹരണമാണത്. 

 

ബോണിയും ഷമ്മിയും പിന്നെ ഫഹദും

 

ബോണിയാണ് കുമ്പളങ്ങിയിലെ ഇഷ്ടകഥാപാത്രം. അനിയനോടുള്ള അയാളുടെ സ്നേഹമൊക്കെ റിയലാണ്. സദാചാര സൈക്കോ എന്നാണു ഷമ്മിയെ ഞാൻ വിളിച്ചത്. സദാചാരം കൂടിപ്പോയി, എല്ലാം കയ്യിൽനിന്നു പോയ മട്ടിലാണയാൾ. അത്രയ്ക്കു സൈക്കോ ആക്കാതിരിക്കാമായിരുന്നു. പക്ഷേ, ക്ലൈമാക്സിന് അതു വേണ്ടിവന്നു. ഫഹദും ഞാനും സിനിമയിൽ ഒന്നിച്ചു വളർന്നു വന്നവരാണ്. നല്ല നടൻ. പെട്ടെന്ന് ആശയവിനിമയം നടത്താം. അഭിഷേക് ബച്ചനെപ്പോലെയുള്ള താരപുത്രൻമാർക്കു മേൽ നടനെന്ന നിലയിൽ വലിയ സമ്മർദമുണ്ടായിരുന്നു. ആദ്യ വരവിൽ പരാജയപ്പെട്ടതിനാൽ ഫഹദിന് ആ പ്രശ്നമില്ല. 

 

മാത്തൻ, അവനിൽ അൽപം ഞാനുണ്ടായിരുന്നു

 

മായാനദിയിലെ മാത്തനാണ് സ്വ​ഭാവം കൊണ്ട് എന്നോട്  ഏറ്റവും അടുത്തുനിൽക്കുന്ന കഥാപാത്രം. ഞാൻ  സൃഷ്ടിച്ച മിക്ക കഥാപാത്രങ്ങളിലും 20 മുതൽ 30 ശതമാനം വരെയൊക്കെ ഞാനുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com