ADVERTISEMENT

സുരേഷ് ഗോപി അഭിനയരംഗത്തേയ്ക്കു തിരിച്ചെത്തിയെന്ന വാർത്ത ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തത്. പ്രേക്ഷകരെപ്പോലെ തന്നെ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനും ഇത് സന്തോഷത്തിന്റെ വാർത്തയായിരുന്നു. തന്റെ ആഹ്ലാദം അച്ഛനോട് നേരിട്ട് പ്രകടിപ്പിക്കാനും ഗോകുൽ മറന്നില്ല. കഴിഞ്ഞ ദിവസം സിനിമയുടെ ലൊക്കേഷനിൽ സുരേഷ് ഗോപിയുടെ മക്കളായ ഗോകുലും ഇളയമകൾ ഭാവ്നിയും (ഭാവ്ന) എത്തുകയുണ്ടായി.  അവിടെവച്ച് മകന്‍ പറഞ്ഞ വാക്കുകളാണ് സുരേഷ് ഗോപിയുടെ ഉള്ളിൽ തട്ടിയത്.

 

suresh-gopi-bhaavni-gokul-1

സുരേഷ് ഗോപി തന്നെയാണ് ഈ വിശേഷം പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘സെറ്റിലെത്തിയ ഗോകുൽ, എന്റെ അടുത്തുനിന്നും കുറച്ചുമാറി കൈകെട്ടി നിൽക്കുകയായിരുന്നു. പെട്ടന്ന് ‘അച്ഛാ’ എന്ന് വിളിച്ചതിനു ശേഷം അവൻ പറഞ്ഞു, ‘ലൈറ്റുകളെയും അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും  അച്ഛൻ വീണ്ടും അഭിമുഖീകരിക്കുന്നതിൽ ഒരുപാട് സന്തോഷം. അച്ഛാ ഒത്തിരി സന്തോഷം തോന്നുന്നു. അച്ഛനെ എന്നും ഇങ്ങനെ കാണാനാണ് എനിക്ക് ആഗ്രഹം.’

suresh-gopi-bhaavni-gokul-wife-5

 

suresh-gopi-bhaavni-gokul-wife-1
ഭാഗ്യയും മാധവും പ്രധാനമന്ത്രിക്കൊപ്പം

‘അവന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽതട്ടി. എന്നാൽ സാമൂഹിക പ്രവർത്തകനെന്ന നിലയിൽ എന്നില്‍ ഭരമേൽപിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിൽ എനിക്ക് അവബോധമുണ്ട്. മാതൃരാജ്യത്തിനായി അത് നിറവേറ്റാൻ എന്തുവിലകൊടുക്കാനും ഞാൻ തയാറാണ്.’–സുരേഷ് ഗോപി പറഞ്ഞു. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ‘തമിഴരശന്‍’എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചുവരവ്. 

suresh-gopi-bhaavni-gokul-wife-3
ഗോകുൽ സുരേഷും ഭാവ്നയും പ്രധാനമന്ത്രിക്കൊപ്പം

 

suresh-gopi-bhaavni-gokul-wife-4

മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയതോടെ അദ്ദേഹം സിനിമയിൽനിന്ന് അകന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെക്കുറിച്ച് ഇടയ്ക്ക് പലവട്ടം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതൊന്നും താരം സ്ഥിരീകരിച്ചിരുന്നില്ല. 

 

കഴിഞ്ഞ നാലു വർഷമായി സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചിട്ടില്ല. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. അതേ വർഷം തന്നെയായിരുന്നു ഐ യും റിലീസ് ചെയ്തത്. ചിത്രത്തിൽ ഡോ. വാസുദേവൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് സുേരഷ് ഗോപി അവതരിപ്പിച്ചത്. സിനിമയിലെ സുരേഷ് ഗോപിയുടെ ‘അതുക്കും മേലെ’ എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ‘ഐ’യ്ക്കു ശേഷം അദ്ദേഹം തമിഴിൽ സിനിമ ചെയ്തില്ല. 

 

പുതിയ ചിത്രം തമിഴരശനിൽ വിജയ് ആന്റണിയാണ് നായകന്‍. ലൊക്കേഷന്‍ ചിത്രങ്ങൾ സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.  ഡോക്ടർ ആയാണ് താരം ചിത്രത്തിൽ എത്തുന്നത്. ഇതിനു മുമ്പ് അഭിനയിച്ച ശങ്കർ ചിത്രം ‘ഐ’ യിലും സുരേഷ് ഗോപി ഡോക്ടർ ആയിരുന്നു.

 

‘ദാസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗേശ്വരന്‍ ഒരുക്കുന്ന ‘തമിഴരശന്‍’ ഒരു ആക്‌ഷന്‍ എന്റര്‍ടെയ്നര്‍ ആണ്. രമ്യാ നമ്പീശനാണ് നായിക. ആര്‍. ഡി. രാജശേഖര്‍ ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിർമാണം എസ്എന്‍എസ് മൂവീസ് ആണ്. 

 

ഇതിനിടെ മലയാളത്തിൽ ലേലം 2 –വിലൂടെയും നവാഗതൻ ഒരുക്കുന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിലൂടെയും താരം ശക്തമായ തിരിച്ചുവരവിന് തയാറെടുക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ട്. 'കസബ'യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2വിൽ ആനക്കാട്ടിൽ ചാക്കോച്ചിയുടെ മകൻ ‘കൊച്ചു ചാക്കോച്ചി’യായി ഗോകുൽ സുരേഷ് അഭിനയിക്കുന്നു.

 

വമ്പൻ താരനിരയുമായാണ് ലേലം 2 ഒരുങ്ങുന്നതെന്ന് സൂചന. ലേലത്തിലെ പഴയ കഥാപാത്രങ്ങള്‍ക്കു പുറമെ മക്ബൂൽ സല്‍മാന്‍, അജു വര്‍ഗീസ്, റായ് ലക്ഷ്മി, അര്‍ച്ചന കവി, നിരഞ്ജന അനൂപ്, പൂനം ബജ്‌വ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. രഞ്ജി പണിക്കര്‍ പ്രൊഡക്‌ഷൻസും ആസിഫ് അലിയുടെ ആദംസ് വേൾഡും ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com