അവഞ്ചേർസിന് പ്രചോദനമായ ശങ്കറിന്റെ എന്തിരൻ
Mail This Article
ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേർസും തമിഴ് സൂപ്പർ സംവിധായകൻ ശങ്കറും തമ്മിൽ എന്താണുബന്ധം. തള്ള് ആണെന്ന് പറയാൻ വരട്ടെ, സംഗതി സത്യമാണ്. ഒരുപക്ഷേ ഇന്ത്യൻ സിനിമാപ്രേമികള്‍ പോലും ഇതുകേട്ടാൽ ഞെട്ടും. 2015 ല്‍ പുറത്തിറങ്ങിയ അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന് സംവിധായകർക്ക് പ്രചോദനമായത് ശങ്കറിന്റെ എന്തിരൻ സിനിമയാണത്രേ.
ഇതുവെളിപ്പെടുത്തിയത് മറ്റാരുമല്ല അവഞ്ചേർസ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ സിനിമയുടെ സംവിധായകരിൽ ഒരാളായ ജോ റൂസ്സോ ആണ്. അവഞ്ചേഴ്‌സ് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിമിന്റെ പ്രചരണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
‘റോബോട്ട് (എന്തിരൻ) അവഞ്ചേഴ്‌സിനെ സ്വാധീനിച്ചിട്ടുണ്ട്. ക്ലൈമാക്‌സിലെ സംഘട്ടനരംഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ എനിക്ക് പ്രചോദനമായി- ജോ റൂസ്സോ പറഞ്ഞു. ‘റോബോട്ടിൽ എല്ലാ റോബോട്ടുകളും ചേർന്ന് ഭീമാകാരമായ പാമ്പിന്റെ ആകൃതിയിലാകുന്നൊരു രംഗമുണ്ട്. അതുപോലെ തന്നെ ഏജ് ഓഫ് അൾട്രോണിലും എല്ലാ അൾട്രോണുകളും ചേർന്ന് വലിയൊരു അൾട്രോണായി മാറുന്ന രംഗം ഞങ്ങളും സൃഷ്ടിച്ചിരുന്നു. എന്നാല്‍ സമയദൈർഘ്യം കൂടുതലായതിനാൽ ആ രംഗം സിനിമയിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല.’–ജോ വ്യക്തമാക്കുന്നു.
രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ 2010ലാണ് പുറത്തിറങ്ങിയത്. ഐശ്വര്യ റായ്, ഡാനി ഡെന്‍സ്‌ഗോപ, സന്താനം തുടങ്ങി വലിയ താരനിര തന്നെ അഭിനയിച്ചിരുന്നു. ചിത്രം റോബോട്ട് എന്ന പേരിലാണ് ഹിന്ദിയിൽ റിലീസ് ചെയ്തത്.