രാജ 2 എന്തിനെന്ന് ചോദ്യം; മമ്മൂട്ടിയുടെ മറുപടി ഇഷ്ടപ്പെട്ടെന്ന് പൃഥ്വിരാജ്
Mail This Article
രാജ 2 പോലുളള തട്ടുപൊളിപ്പൻ സിനിമകളുടെ ആവശ്യമെന്തിനെന്നുളള ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടിയിൽ കൈയടികളുമായി പൃഥ്വിരാജ്. രാജ 2 പോലുള്ള സിനിമയുടെ ആവശ്യകത എന്തെന്നും മലയാളിയുടെ ആസ്വാദനിലവാരത്തെ ചോദ്യം ചെയ്യുകയാണോ ഉദ്ദേശമെന്നുമായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. ഈ സിനിമ നന്മയുടെ ഭാഗത്തു നില്‍ക്കുന്ന ചിത്രമാണ്. തിന്മയെ നന്മ ജയിക്കുന്നതു തന്നെയാണ് കഥ. ഫ്രാഞ്ചൈസി ചിത്രങ്ങള്‍ ലോകസിനിമയില്‍ എത്രയോ കാലങ്ങളായി വരുന്നുണ്ട്. അവഞ്ചേഴ്‌സിന്റെ പതിനാലാം ഭാഗമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതെല്ലാം ഒരു ചോദ്യവും കൂടാതെ കാണുന്നുണ്ട്. പിന്നെ ഈ പാവം രാജയോടെന്തിനാ ഇങ്ങനെ?' –ഇതായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ഈ ഉത്തരമാണ് പൃഥ്വിരാജിനെപ്പോലും കൈയടിപ്പിച്ചത്. മമ്മൂട്ടിയുടെ ഈ മറുപടി ട്രോള്‍ രൂപത്തിലും ആളുകൾ പുറത്തിറക്കിയിരുന്നു. അതിലൊന്നാണ് ‘ഇഷ്ടപ്പെട്ടു’ എന്ന അടിക്കുറിപ്പോടെ പൃഥ്വി ട്വീറ്റ് ചെയ്തത്.
അതേസമയം, പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പൃഥിരാജ് എത്താത്തതിന്റെ കാരണവും മമ്മൂട്ടി വിശദീകരിക്കുകയുണ്ടായി. 'പോക്കരിരാജയില്‍ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.' അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു. മധുരരാജയിലെ മറ്റ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.