ADVERTISEMENT

നവാഗതനായ വിവേക് സംവിധാനം ചെയ്ത അതിരൻ എന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒപ്പം കൂട്ടിയ കഥാപാത്രമാണ് സായ് പല്ലവിയുടെ നിത്യ. ട്രെയിലർ ഇറങ്ങിയതു മുതൽ ചർച്ചയായതും സായ് പല്ലവിയുടെ കളരി അഭ്യാസങ്ങളായിരുന്നു. ചിത്രീകരണസമയത്ത് സംവിധായകൻ ആദ്യ ടേക്കിൽ തന്നെ ഓക്കെ പറഞ്ഞിട്ടും തന്റെ പേടി മാറിയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് സായ് പല്ലവി. മഴവിൽ മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ!

 

കളരി അഭ്യസിക്കാതെ സെറ്റിലെത്തി

 

സിനിമയിൽ കളരി ചുവടുകൾ ഉണ്ടെന്നു സംവിധായകൻ പറഞ്ഞപ്പോൾ തന്നെ ‌പ്രാഥമിക പരിശീലനം നേടണമെന്നു കരുതിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ അതു നടന്നില്ല. ഷോട്ടിന്റെ സമയത്ത് കളരിയുടെ ചുവടുകൾ ചെയ്യുമ്പോൾ അതെനിക്ക് ബുദ്ധിമുട്ടായി തോന്നിയില്ല. ഡാൻസ് ചെയ്യുന്നതുകൊണ്ട് അതെല്ലാം നന്നായി വഴങ്ങുന്നുണ്ടായിരുന്നു. ടേക്ക് ഓകെ എന്നു സംവിധായകൻ പറഞ്ഞപ്പോഴും എനിക്ക് പേടി. ഞാൻ ചെയ്യുന്നത് ശരിയായിട്ടാണോ വന്നിട്ടുണ്ടാകുക എന്ന സംശയം. എന്നെ സംബന്ധിച്ചിടത്തോളം ഒരു നൃത്തം പോലെയാണ് ഞാനത് ചെയ്തത്. ഞാൻ ഗുരുക്കളോട് ചോദിച്ചു, എന്റെ ചുവടുകളും നിലകളും ശരിയാണോ എന്ന്. അദ്ദേഹവും ഓക്കെ പറഞ്ഞു. ആ രംഗങ്ങളിൽ എനിക്കായിരുന്നു കൂടുതൽ പേടി. പ്രേക്ഷകർ കണ്ട് നല്ലതെന്ന് പറയുന്നതു വരെ ആ പേടി മനസിലുണ്ടായിരുന്നു. 

 

നിത്യ എന്നോടൊപ്പം പോന്നു

ചില കഥാപാത്രങ്ങൾ സംവിധായകൻ കട്ട് പറഞ്ഞാലും കൂടെ പോരും. അങ്ങനെയായിരുന്നു അതിരനിലെ നിത്യ. ആ കഥാപാത്രത്തിന്റെ മാനറിസങ്ങൾ ഷൂട്ടിങ് ഇല്ലാത്ത സമയത്തും ഞാൻ ചെയ്തു കൊണ്ടേയിരുന്നു. അതിരന്റെ ഷൂട്ടിനിടയിലായിരുന്നു മാരി–2ന്റെ ഓഡിയോ ലോഞ്ച്. ആ പരിപാടിയിൽ ഞാൻ വേദിയിൽ ഇരിക്കുമ്പോൾ നിത്യ എന്ന കഥാപാത്രം കൈ കൊണ്ടു ചെയ്യുന്ന മാനറിസം ഞാൻ അവിടെ വേദിയിൽ ഇരുന്നു ചെയ്യുകയാണ്. അതു തിരിച്ചറിഞ്ഞപ്പോൾ പിന്നീട് ബോധപൂർവം ഞാൻ നിറുത്തി. 

 

നൃത്തത്തിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു

അതിരനിൽ പല രീതിയിൽ ശരീരം വളയ്ക്കുകയും തിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. കാലിന്റെ ചലനങ്ങൾ... അടവുകൾ... അതെല്ലാം എനിക്ക് സ്വാഭാവികമായി ചെയ്യാൻ കഴിയുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഞാൻ നൃത്തത്തോട് കടപ്പെട്ടിരിക്കുന്നു. അതിലൂടെയാണ് എനിക്കിതെല്ലാം ചെയ്യാൻ കഴിഞ്ഞത്. നിത്യ എന്ന കഥാപാത്രം ചെയ്യുന്ന മാനറിസങ്ങളിൽ ഭൂരിഭാഗവും നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. ഷൂട്ടിങ് സമയത്ത് വന്നു ചേർന്നതാണ്. 

 

ഒരു സെക്കൻഡിൽ ഫഹദ് കഥാപാത്രമാകും

ഫഹദുമായി സൗഹൃദം ഉണ്ടായിരുന്നെങ്കിലും നേരിൽ കണ്ടത് അതിരനിലെ സെറ്റിൽ വച്ചായിരുന്നു. അദ്ദേഹത്തിന് കഥാപാത്രമാകാൻ ഒരു കൈ ഞൊടിക്കുന്ന സമയം മതി. സെറ്റിൽ എല്ലാവരും വർത്തമാനം പറഞ്ഞു ചിരിച്ചിരിക്കുന്നതിന്റെ ഇടയിലാകും പെട്ടെന്ന് ടേക്ക് പറയുക. ഫഹദ് അപ്പോൾ തന്നെ കഥാപാത്രമായി ഡയലോഗ് പറയും. പക്ഷേ, ഞാൻ അപ്പോഴും നേരത്തെ പറഞ്ഞ തമാശയുടെ ചിരിയിൽ നിന്നു പുറത്തു വന്നിട്ടുണ്ടാകില്ല. അവസാനം ഞാൻ പറയും, ആ കഥാപാത്രമാകാൻ എനിക്കൽപം സമയം തരൂ എന്ന്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com