സന്ദേശം സിനിമ; ശ്യാം പുഷ്കരന്റെ വിമർശനത്തിന് ശ്രീനിവാസന്റെ മറുപടി
Mail This Article
ശ്രീനിവാസൻ– സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന സന്ദേശം എന്ന ചിത്രം അരാഷ്ട്രീയ വാദമാണ് പറയുന്നതെന്ന തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ വാദം ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇപ്പോഴിതാ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് ശ്രീനിവാസൻ. മനോരമ ന്യൂസിന്റെ പ്രത്യേക അഭിമുഖ പരിപാടി 'ചിന്താവിഷ്ടനായ ശ്രീനി' യിലാണ് ഇക്കാര്യത്തെക്കുറിച്ച് ശ്രീനിവാസൻ തുറന്നുപറഞ്ഞിരിക്കുന്നത്. സിനിമ മുന്നോട്ട് വക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് വിമർശനമെന്ന് ശ്രീനിവാസന്‍ പറയുന്നു.
'സന്ദേശം എന്ന സിനിമയിൽ തിലകൻ ചേട്ടന്റെ ഡയലോഗുണ്ട്. 'രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകൾ പറയുമ്പോൾ.ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുന്‍പിൽ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല'. ശ്രീനിവാസൻ വ്യക്തമാക്കുന്നു.
'ന്യൂജനറേഷൻ ചിത്രങ്ങളിൽ നല്ല സിനിമകൾ വളരെ കുറവാണ്. ചിലത് സഹിക്കാൻ പറ്റില്ല. നീലക്കുയിൽ ആ കാലത്തെ ന്യൂ ജനറേഷൻ സിനിമയാണ്. അന്ന് ഈ പേര് വന്നിട്ടില്ല എന്ന് മാത്രം. ഈ സിനിമ വേണോ വേണ്ടയോ എന്നറിയാതെയാണ് പല ന്യൂ ജനറേഷൻ സിനിമകളും എടുത്തിരിക്കുന്നതെന്നും' ശ്രീനിവാസൻ പറയുന്നു.
സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് എനിക്ക് സംശയമുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തോട് താത്പര്യമുള്ളയാളാണ് ഞാൻ. പക്ഷേ സിനിമ വിദ്യാർഥി രാഷ്ട്രീയം വേണ്ടെന്നാണ് പറഞ്ഞുവെക്കുന്നത്. അവരെന്തെങ്കിലും രാഷ്ട്രീയം പ്രകടിപ്പിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത് എന്നായിരുന്നു ശ്യാം പുഷ്കരൻ സന്ദേശം സിനിമയെ വിമർശിച്ച് പറഞ്ഞത്.